സൽകർമങ്ങൾ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്. ഇലാഹീ വിശേഷണങ്ങൾ, അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങിയ മഹാരഥന്മാർ, നാം നിർവ്വഹിച്ച കർമങ്ങൾ തുടങ്ങിയവ തവസ്സുലിന് മാധ്യമമായി സ്വീകരിക്കാറുണ്ട്. പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാനുള്ള എളുപ്പ വഴിയായായാണ് പണ്ഡിതന്മാർ അതിനെ പരിചയപ്പെടുത്തിയത്.
ഇമാം സുലൈമാനുൽ കുർദി ﵀ പറയുന്നു: പ്രവാചകന്മാർ, മഹാരഥന്മാർ എന്നിവരെ കൊണ്ട് തവസ്സുൽ ചെയ്യുന്നത് സത്കർമവും പ്രബലമായ ഹദീസുകളാൽ സ്ഥിരപ്പെട്ടതുമാണ്(ഫതാവൽ കുർദി: 259). മഹാന്മാരെ മധ്യവർത്തികളാക്കി പ്രാർത്ഥിക്കുന്നത് സുന്നത്തായ കർമമായാണ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി ﵀ വിവരിച്ചിട്ടുള്ളത് (ഗുൻയതു ത്വാലിബീൻ 2: 87). തിരുനബി ﷺ സിയാറത് ചെയ്യുന്ന വേളയിൽ തവസ്സുൽ സുന്നതാണെന്ന് ഇമാം നവവി ﵀ യും രേഖപ്പെടുത്തിയിട്ടുണ്ട് (ശർഹ് മുസ്ലിം, പേ, 2: 353).
സലഫി പണ്ഡിതനായ മുഹമ്മദ് ബ്ൻ അലി അൽ ശൗകാനിയുടെ അഭിപ്രായം ഇങ്ങനെ വായിക്കാം. “സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ജീവിത കാലത്തും മരണശേഷവും തിരുനബി ﷺ തവസ്സുൽ ചെയ്യാവുന്നതാണ്. ജീവിത കാലത്ത് നബിയെക്കൊണ്ടും വിയോഗാനന്തരം മറ്റുള്ളവരെ കൊണ്ടുമുള്ള ഇടതേട്ടം സ്വഹാബത് ഐക്യകണ്ഠേന അംഗീകരിച്ചതാണ്”(തുഹ്ഫതുൽ അഹ്വദി 10:35).
തവസ്സുലിന് തെളിവായി നിരവധി ഖുർആനിൽ നിരവധി സൂക്തങ്ങളുണ്ട്. “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും അവനോടടുക്കാനുള്ള വഴികള് തേടുകയും അവന്റെ മാര്ഗത്തില് ധര്മസമരമനുഷ്ഠിക്കുകയും ചെയ്യുക, നിങ്ങള് വിജയം വരിക്കാന് വേണ്ടി(5: 35). ഈ സൂക്തത്തിലെ വസീല എന്ന പ്രയോഗത്തിൽ അല്ലാഹു ഇഷ്ടപ്പെടുന്ന എല്ലാ കാര്യങ്ങളും മഹാരഥന്മാരും ഉൾപ്പെടുമെന്ന് അല്ലാമാ സ്വാവി ﵀ യും (തഫ്സീർ സ്വാവി, വാ. 1. പേ. 25) ഇസ്മാഈൽ ഹിഖ്ഖി ബറൂസവി ﵀ യും(റൂഹുൽ ബയാൻ 59) അഭിപ്രായപ്പെട്ടിട്ടുണ്ട്.
തവസ്സുലിനെ അംഗീകരിക്കുന്ന നിരവധി ഹദീസുകളും ലഭ്യമാണ്. ഇമാം ബുഖാരി ﵀ ഉദ്ധരിക്കുന്നു. “തിരുനബി ﷺ യുടെ വിയോഗാനന്തരം ഉമറു ബ്നു ഖത്വാബ് ﵁ അബ്ബാസ് ﵁ നെ മധ്യവർത്തിയാക്കി ഇങ്ങനെ പ്രാർത്ഥിച്ചു. യാ അല്ലാഹ്, ഞങ്ങൾ മുമ്പ് ഞങ്ങളുടെ നബിയെ കൊണ്ട് തവസ്സുൽ ചെയ്യാറുണ്ടായിരുന്നു. അപ്പോൾ നീ ഞങ്ങൾ മഴ വർഷിപ്പിച്ച് നൽകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഞങ്ങൾ തിരുനബി ﷺ യുടെ പിതൃവ്യനെ മുൻനിർത്തി നിന്നോട് ചോദിക്കുന്നു. നീ ഞങ്ങൾക്ക് മഴ നൽകി അനുഗ്രഹിക്കണേ (സ്വഹീഹുൽ ബുഖാരി 1: 137).
ഉസ്മാനുബ്നു ഹുനൈഫിൽ നിന്ന് നിവേദനം. “അന്ധനായ ഒരു സ്വഹാബി തിരുസന്നിധിയിലെത്തി. അദ്ദേഹം നബിയോട് തനിക്ക് കാഴ്ച തിരിച്ചുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. “നിനക്കു വേണമെങ്കിൽ ഞാൻ പ്രാർത്ഥിക്കാം. നീ ഉദ്ദേശിക്കുന്നെങ്കിൽ ക്ഷമിക്കുക. അതാണ് ഉത്തമം”. തിരുനബി ﷺ പ്രതികരിച്ചു. കാഴ്ച തിരിച്ചു ലഭിച്ചെങ്കിൽ എന്ന് തന്നെയായിരുന്നു ആഗതന്റെ ആഗ്രഹം. അപ്പോൾ അദ്ദേഹത്തോട് അംഗശുദ്ധി നിർവ്വഹിച്ചു വരാൻ നബി ﷺ നിർദേശിച്ചു. ശേഷം ഇങ്ങനെ പ്രാർത്ഥിക്കാൻ കൽപിച്ചു.
“അല്ലാഹുവേ, അനുഗ്രഹത്തിന്റെ പ്രവാചകനായ നിന്റെ നബി മുഹമ്മദി ﷺ കൊണ്ടു ഞാൻ നിന്നിലേക്കു മുന്നിടുകയും നിന്നോട് ചോദിക്കുകയും ചെയ്യുന്നു. മുഹമ്മദ് നബിയേ! അങ്ങയെ കൊണ്ട് എന്റെ നാഥനിലേക്കു എന്റെ ഈ ആവശ്യം നിർവഹിച്ചുതരാൻ വേണ്ടി ഞാൻ മുന്നിടുന്നു. അല്ലാഹുവേ, ആയതുകൊണ്ട് നബിയെ എനിക്കു നീയൊരു ശുപാർശകനായി സ്വീകരിക്കേണമേ. അബൂഇസ്ഹാഖ് ഈ ഹദീസ് സ്വഹീഹാണെന്ന് പറഞ്ഞിരിക്കുന്നു. (ഇബ്നുമാജ: പേ: 100).
അല്ലാഹുവും തിരുനബി ﷺ പരിചയപ്പെടുത്തുകയും നൂറ്റാണ്ടുകളായി വിശ്വാസികൾ അനുധാവനം ചെയ്യുകയും ചെയ്ത പുണ്യ കർമ്മമാണ് തവസ്സുൽ. അത് നിർവ്വഹിക്കുന്നതിന്റെ പേരിൽ സമൂഹം വഴികേടിലായെന്ന് ചിത്രീകരിക്കുന്നത് ന്യായീകരിക്കാനാവാത്ത പാതകമാണ്. മഹാന്മാരെ മധ്യവർത്തികളാക്കി പ്രാർത്ഥിക്കുന്നതിന് ഉന്നയിക്കുന്ന തെളിവുകളെ നിരാകരിക്കാൻ നാളിതു വരെ വിമർശകരിൽ ആർക്കും സാധിച്ചിട്ടില്ല. അത്രയും ദൃഢമാണ് തവസ്സുലിന്റെ അടിത്തറ.