Site-Logo
POST

തൗഹീദും ശിർക്കും

കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ

|

25 Jul 2023

feature image

അല്ലാഹുവിന്റെ അടുക്കൽ ഒരു മനുഷ്യൻ രക്ഷപ്പെടണമെങ്കിൽ തൗഹീദുണ്ടായിരിക്കണം. അത് കൊണ്ട് തന്നെ അതിന്റെ പഠനവും അധ്യാപനവും നിരന്തരം നടക്കണം. പ്രസ്തുത വിഷയത്തിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാൻ മുന്നോട്ടു വന്ന ചിലരുടെ ഇടപെടൽ കാരണം ഏകദൈവത്വത്തിന്റെയും ബഹുദൈവത്വത്തിന്റെയും വ്യത്യസ്ത ഭാഗങ്ങൾ ചർച്ച ചെയ്യൽ നിർബന്ധമായ സാഹചര്യമുണ്ടായി എന്നതൊഴിച്ചാൽ മതത്തിൽ ഒരു തർക്കത്തിനും പഴുതില്ലാത്തതാണ് തൗഹീദ്.

എന്താണ് തൗഹീദ് അഥവാ ഏകദൈവ വിശ്വാസം?. അബ്ദുൽ ഖൈസിന്റെ പ്രതിനിധി സംഘത്തോട് തിരുനബി ﷺ നടത്തുന്ന സംഭാഷണത്തിൽ നിന്ന് ഇത് ഗ്രഹിക്കാവുന്നതാണ്. “എന്താണ് അല്ലാഹുവിന്റെ ഏകത്വത്തിലുള്ള വിശ്വാസം എന്ന് നിങ്ങൾക്കറിയുമോ’ എന്നു ചോദിച്ചതിന് ശേഷം നബി ﷺ തന്നെ വിവരിക്കുന്നത് ഇപ്രകാരമാണ്. “അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല എന്നും മുഹ
മ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതരാണ് എന്ന വിശ്വാസവും പ്രഖ്യാപനവുമാണത്”. തൗഹീദിന്റെ പ്രബോധകനായി നിയോഗിക്കപ്പെട്ട റസൂൽ ﷺ യാണ് ഇത് വിശദീകരിക്കാൻ ഏറ്റവും യോഗ്യനെന്നത് കൊണ്ട് തന്നെ ഇതിൽ സംശയങ്ങളൊന്നും ശേഷിക്കുന്നില്ല.

ഇമാം ബുഖാരി(റ) ഉഖ്ബത്തുബ്നു ആമിറിൽ നിന്നുദ്ധരിക്കുന്ന ഒരു ഹദീസിൽ, ഉഹ്ദ് രണാങ്കണത്തിൽ ശഹീദായ 70ഓളം പേരെ പ്രതിപാദിക്കുന്നത് കാണാം. നബി ﷺ തങ്ങൾ പുറത്തിറങ്ങി അവർക്ക് വേണ്ടി, മയ്യിത്ത് നിസ്കാരത്തിൽ നടത്തുന്ന പ്രാർത്ഥന നടത്തിയതിന് ശേഷം “നിങ്ങൾ ഏറെ ത്യാഗം വരിച്ചിട്ടുണ്ട്, നിങ്ങളുടെ ത്യാഗത്തിന്റെ ഫലമായി ഹൗളുൽ കൗസറിനടുത്ത് ഞാൻ നിങ്ങളെ കാത്തിരിക്കും. ഭൗതികമായ എല്ലാം എന്റെ
വാക്കാലും പ്രവർത്തിയാലും നൽകപ്പെട്ടിരിക്കുന്നു. നിശ്ചയം ഞാൻ ആ ഹൗളിനെ ഇപ്പോൾ തന്നെ കാണുന്നുണ്ട്” എന്ന് പറയുന്നത് കാണാം. ഈ അമാനുഷികതകളെല്ലാം വിവരിച്ചതിന് ശേഷം പറയുന്ന വാചകങ്ങളാണ് നാം ഏറെ മുഖവിലക്കെടക്കേണ്ടത്. “എന്റെ ശേഷം വിശ്വാസികളിൽ ബഹുദൈവാരാധനയെ ഞാൻ ഭയക്കുന്നേയില്ല” എന്ന് പറയുന്നു.
തിരുനബിയുടെ ഒരു അമാനുഷിക സിദ്ധിയാണിത്. തൗഹീദിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച ഇബ്റാഹിം നബി(അ)പോലും വിയോഗാനന്തരം പ്രതിമയായി ആരാധിക്കപ്പെട്ടുവെന്നതാണ് ചരിത്രം. അതുപോലെ ഈസാ നബി(അ)ക്ക് ആകാശാരോഹണത്തിന് ശേഷം ജനത ദൈവികത കൽപിച്ചു. ഒരു വിഭാഗത്തിന്റെ മൂർത്തിയായി ഇന്നും അദ്ദേഹം ആരാധിക്കപ്പെടുന്നു.

പല പ്രവാചകന്മാരും അനുഭവിച്ച ഇത്തരം സാഹചര്യങ്ങളിൽ നിന്നെല്ലാം തിരുനബി ﷺ ഒഴിവാണ് എന്നത് ശ്രദ്ധേയമാണ്. തന്റെ സമുദായത്തിൽ ശിർക്ക് ഭയപ്പെടേണ്ടതില്ല എന്നതാണ് നബിയുടെ ആശ്വാസം. മറിച്ച്, സാമ്പത്തിക ക്രമക്കേടുകളെയാണ് ഞാൻ ഭയക്കുന്നത് എന്നും നബി ﷺ പറഞ്ഞു. തൗഹീദിന് വേണ്ടി പരിശ്രമിച്ചവരിൽ രക്തസാക്ഷികളുടെ പങ്ക് മുഖ്യമാണെന്നത് കൊണ്ട് തന്നെ അവർക്ക് വേണ്ടി പ്രാർത്ഥിച്ച ഉടനെ പറയുന്ന ഈ വാക്കുകൾക്ക് വലിയ പ്രാധാന്യം കൽപിക്കേണ്ടതുണ്ട്.

നിഷ്പക്ഷമായി ചിന്തിക്കുമ്പോൾ നിരീശ്വരവാദികളും യുക്തി വാദികളുമായ ഒരു വിഭാഗം ഇവിടെയുണ്ട്. വിശ്വാസിയായി പ്രഭാതമാകുന്നവൻ വൈകുന്നേരമാകുമ്പോഴേക്ക് സത്യനിഷേധിയായി മാറുന്ന ഒരു സാഹചര്യം നബി ﷺ പരിചയപ്പെടു ത്തിയതു കാണാം. വൻ കുറ്റങ്ങൾ ചെയ്യുന്ന വിശ്വാസികൾ ഇവി ടയുണ്ടെങ്കിലും രണ്ട് ആരാധ്യരുണ്ടെന്ന വിശ്വാസമുള്ള ഒരാളും നമുക്കിടയിലില്ല. അതാണ് ശിർക്കിനെ തൊട്ടുള്ള നബിയുടെ നിർഭയത്വത്തിന് കാരണമെന്ന് മനസ്സിലാക്കാം. ഒറ്റപ്പെട്ട ആളുകൾ അങ്ങനെയുണ്ടാകാം എന്നു വാദിച്ചാലും വിരളമായത് തീരെ ഇല്ലാത്തത് പോലെയാണ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ മുഹമ്മദീയ സമുദായത്തിൽ ശിർക്കിനെ ഭയക്കേണ്ടതില്ല എന്ന് വ്യക്തം. കാരണം, മുഹമ്മദ് നബി ﷺ യെ ദൈവമായി കണക്കാക്കാത്ത ഒരു സമൂഹം പിന്നെ മറ്റേത് സൃഷ്ടിക്കാണ് ദൈവത്വം കല്പിക്കുക?

തരുനബി ﷺ യെ വാനോളം പുകഴ്ത്തിയ ഇമാം ബൂസ്വീരി(റ), ഏതൊരു വിശേഷണങ്ങളും നിങ്ങൾക്ക് നബിയിൽ കാണാമെ ങ്കിലും ക്രിസ്ത്യാനികൾ വാദിക്കും പോലെ ദൈവികത്വം കൽപ്പിക്കരുത് എന്ന് ഓർമപ്പെടുത്തുന്നുണ്ട്. ഇത് മുസ്‌ലിം ലോകം അംഗീകരിക്കുന്നതാണ്. സ്വദഖത്തുല്ലാഹിൽ ഖാഹിരിയുടെ ഖുതുബിയ്യത്തിൽ മുഹ്‌യിദ്ദീൻ ശൈഖിന്റെ മഹത്വങ്ങൾ പറഞ്ഞതിനിടക്ക് അദ്ദേഹം കഴിവിന്റെ പരമാവധി അല്ലാഹുവിന് വഴിപ്പെട്ട അടിമയാണ് എന്നാണ് പറയുന്നത്. ഇവിടെ തിരുനബി യായാലും മുഹ്‌യിദ്ദീൻ ശൈഖായാലും മുസ്‌ലിംകളുടെ വിശ്വാസം ഒന്നു തന്നെയാണ്.

സത്യസാക്ഷ്യ വചനത്തെ അംഗീകരിക്കുന്ന വിശ്വാസികളാണ് ഇവിടെയുള്ളത് എന്ന ബോധം പുത്തനാശയക്കാർക്കും ഉണ്ട് എന്ന് തന്നെയാണ് നാം തിരിച്ചറിയേണ്ടത്. കാരണം, തിരുനബിയുടെ തൗഹീദിനുള്ള വിശദീകരണം ഒഴിവാക്കി പകരം മറഞ്ഞ വഴിയിലൂടെ ഗുണം പ്രതീക്ഷിച്ച് കൊണ്ട് വിനയം പ്രകടിപ്പിക്കുക എന്നതിനെ ആരാധനയായി നിർവചിക്കാൻ അവരെ പ്രേരിപ്പിക്കു ന്നത്, മുസ്‌ലിം സമുദായത്തെ ബഹുദൈവാരാധകരാക്കി ചിത്രീകരിക്കാനുള്ള ഏക പോംവഴിയാണ് അതെന്ന നിലക്ക് മാത്രമാണ്. റശീദ് രിള മുതൽ ഉമർ മൗലവി അടക്കം പലരും അതെഴുതി വെച്ചിട്ടുണ്ട്. ലോകത്ത് ഒരു പ്രാമാണിക പണ്ഡിതനും നൽകാത്ത നിർവചനവും വിശദീകരണവും നൽകിയാണ് ഇവരീ പാതകം പ്രവർത്തിക്കുന്നത്.

വിശ്വാസശാസ്ത്രം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിലെല്ലാം അല്ലാഹു മാത്രമാണ് അനാദിയായ, നിർബന്ധമായ ഉണ്മയുടെ വക്താവ് എന്ന വിശ്വാസമാണ് വിശദീകരിക്കുന്നത്. ആരാധനക്കർഹൻ എന്നോ നിർബന്ധമായ ഉണ്മ എന്നോ ഉള്ള അടിസ്ഥാനത്തിൽ അല്ലാഹുവിനോട് പങ്ക്കാരനെ ചേർക്കലാണ് ബഹുദൈവാരാധന. ഈ വിശ്വാസമുള്ള ഒരു മുസ്‌ലിമും ലോകത്തുണ്ടാകില്ല. ബദ്ർ ശുഹദാഇന്റെ സ്മരണ ദിനത്തിലായാലും നോമ്പിന്റെ നിയ്യത്തിൽ അല്ലാഹുവിന് സമർപ്പിക്കുന്ന രീതിയിലായാലും അങ്ങനെയാണ് നാം മനസ്സിലാക്കേണ്ടത്. നിസ്കരിക്കാത്തവരും നോമ്പനുഷ്ഠിക്കാത്തവരും ഉണ്ടാകാമെങ്കിലും അല്ലാഹുവല്ലാത്ത ഒരുത്തന് വേണ്ടി അവ ചെയ്യുന്നവരായി ലോകത്ത് ഒരു ഇസ്‌ലാം മതവിശ്വാസിയും ഉണ്ടാവില്ല. കാരണം ഇത് തിരുനബി ﷺ യുടെ അമാനുഷിക സിദ്ധിയുടെ ഭാഗമാണ്. അനിഷേധ്യമായ സത്യവുമാണ്.

വിശ്വാസികൾ നടത്തുന്ന തവസ്സുലും ഇസ്തിഗാസയും ശിർക്കിന്റെ പരിധിയിൽ പെടുമോ എന്നു മാത്രമേ നാം നോക്കേണ്ടതുള്ളൂ. അല്ലാതെ പുത്തനാശയക്കാർ എങ്ങനെ പ്രചരിപ്പിക്കുന്നു എന്നതല്ല. മുസ്‌ലിംകൾ ചെയ്തു വരുന്ന ഈ രണ്ട് കർമങ്ങൾക്കും സമാനമായ പ്രവർത്തനങ്ങൾ മക്കാ മുശ്‌രിക്കുകൾ ചെയ്തിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പുത്തൻ വാദികൾ നമ്മെ മതത്തിന് പുറത്ത് നിർത്തുന്നത്. ഇവിടെ മക്കാ മുശ്‌രിക്കുകളുടെ സ്വഭാവമെന്താണെന്ന് നിർവചിക്കപ്പെടണം. വർഷങ്ങൾക്ക് മുമ്പ് പൂനൂരിൽ ശംസുൽ ഉലമയുമായി നടന്ന വാദപ്രതിവാദത്തിൽ, മക്ക മുശ്‌രിക്കുകൾ പാർട്ട് ടൈം മുശ്‌രിക്കുകളും സുന്നികൾ ഫുൾ ടൈം മുശ്‌രിക്കുകളുമാണ് എന്ന് അബ്ദുൽ ഖാദിർ മൗലവി പറയുകയുണ്ടായി.

എന്നാൽ, മക്കാ മുശ്‌രിക്കുകൾക്ക് വിശ്വാസത്തിന്റെ ആറ് കാര്യങ്ങളും ഇല്ലെന്ന് വ്യക്തമാണ്. ആദ്യമായി തൗഹീദ് പരിശോധിക്കുമ്പോൾ, തിരുനബി ﷺ സത്യമതത്തിലേക്ക് ക്ഷണിക്കാൻ പോയപ്പോൾ മക്കാ മുശ്‌രിക്കുകൾ പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്. അഥവാ, ഞങ്ങൾക്ക് മുന്നൂറിൽ പരം ദൈവങ്ങളുണ്ടായിട്ടും ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുന്നില്ല. അപ്പോൾ പിന്നെ നീ ഒരു ദൈവമേ ഉള്ളൂ എന്നു പറയുമ്പോൾ തീർത്തും അദ്ഭുതമാണെന്നായിരുന്നു അവരുടെ അഭിപ്രായം. ഇത് പരിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തിയത് കൊണ്ട് തന്നെ മറ്റാരുടെയും വാക്കുകൾക്ക് ഇനി പ്രസക്തിയില്ല. ഇതിനെ പാർട്ട്ടൈം എന്നു വിളിക്കുന്നതിന്റെ അർത്ഥമെന്താണ്?. അവിശ്വാസികൾ തിരുനബിയെ വെറുമൊരു മാരണക്കാരനും കള്ളം പറയുന്നവനുമായി ചിത്രീകരിക്കുന്നതിന്റെ ന്യായമെന്താണ് എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.

പരിശുദ്ധ ഖുർആൻ പണ്ടുള്ളവരുടെ കെട്ടുകഥകളുടെ സമാഹാരമാണെന്നാണ് അവരുടെ വിശ്വാസം. മലക്കുകളെ കുറിച്ചുള്ള അവരുടെ വിശ്വാസം പെൺകുട്ടികളാണെന്നാണ്. പരലോകത്തിലും വിശ്വാസമില്ലാത്തവരാണവർ. മണ്ണാകുന്ന ഞങ്ങൾ പുനർജീവിപ്പിക്കപ്പെടുകയോ എന്നവർ ചോദിക്കാൻ കാരണമിതാണ്?. ഖദ്ർ ഖളാഇലും അവർക്ക് വിശ്വാസമില്ലായിരുന്നു. സ്രഷ്ടാവിന് ഖദ്റ് ഖളാഅ് ഉണ്ടെങ്കിൽ ഞങ്ങൾ ഈ ബിംബങ്ങൾക്ക് ആരാധിക്കുമായിരുന്നില്ല എന്നു പറഞ്ഞ് ആറ് വിശ്വാസകാര്യങ്ങ ളെയും പരിപൂർണമായി നിഷേധിക്കുകയാണ് മക്കാ മുശ്‌രിക്കുകൾ ചെയ്തത്. ഇങ്ങനെ പൂർണ ബഹുദൈവാരാധകരായ മക്കാ മശ്‌രിരിക്കിന് സുന്നികളേക്കാൾ മഹത്വം കൽപ്പിക്കുന്ന വഹാബികളുടെ വിഡ്ഢിത്തമാണ് നാം തിരിച്ചറിയേണ്ടത്.

തവസ്സുൽ, ഇസ്തിഗാസ എന്നീ കർമങ്ങൾ ആരാണ് പഠിപ്പിച്ചത് എന്ന അന്വേഷണം വളരെ പ്രസക്തമാണ്. തവസ്സുലും ഇസ്തിഗാസയും സമൂഹത്തിൽ വന്നത് എങ്ങനെയാണെന്ന് നോക്കാം. അല്ലാഹുവും റസൂലും പഠിപ്പിച്ചത് കൊണ്ടാണ്, സ്വഹാബിമാർ അത് പഠിച്ചതും ചെയ്തതും. യുദ്ധം ഘോരമായപ്പോൾ ശത്രുക്കൾ മേൽക്കൈ നേടവെ അല്ലാഹുവിന്റെ റസൂൽ പ്രാർത്ഥിക്കുകയുണ്ടായി; മുഹാജിറുകളുടെ ബറകത്ത് കൊണ്ട് ഞങ്ങളെ സഹായിക്കണേ എന്ന്. മുഹമ്മദ് നബി ﷺ യുടെ ഈ ദുആ, ഹദീസിന്റെ ഗ്രന്ഥങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. ഇത് ശിർക്കാകുമോ?. ഇങ്ങനെയൊരു റിപ്പോർട്ട് നബിയിലേക്കു ചേർത്തി വന്നാൽ പോലും അതിലെ പ്രതിപാദ്യം മതവിരുദ്ധമായിരുന്നെങ്കിൽ മുഹദ്ദിസുകൾ അത് രേഖപ്പെടുത്തുമോ?. ശിർക്ക് എങ്ങനെ നബിയുടെ ഭാഗത്ത് നിന്നുണ്ടാകും. അതിനാൽ ഇത് വ്യാജ നിർമിതമായ (മൗളൂആയ ഹദീസാണെന്ന്) വിധിയെഴുതി അവർ തള്ളുമായിരുന്നില്ലേ?

നബി ﷺ യെ തവസ്സുലാക്കുന്നത് ഖുർആൻ പഠിപ്പിച്ചത് കൊണ്ടാണ്. ഖുർആനിൽ വിശ്വാസികളെ പ്രത്യേകം അഭിസംബോധന ചെയ്ത് പറഞ്ഞത് അല്ലാഹുവിലേക്ക് നിങ്ങൾ വസ്വീലയെ തേടണമെന്നാണ്. പ്രമുഖനായ സ്വഹാബീവര്യൻ ഉമർ(റ) അബ്ബാസ്(റ) നെ വസ്വീലയാക്കി മഴക്ക് വേണ്ടി ദുആ ചെയ്തത് ബുഖാരിയിലുണ്ട്. ഈ തവസ്സുലേ മുസ്‌ലിംകൾക്കുള്ളൂ. അബ്ബാസ്(റ) അല്ലാഹുവല്ലാത്ത ഒരു ഇലാഹാണെന്ന് ഉമർ(റ)ന് അഭിപ്രായമുണ്ടായിരുന്നോ?. മുഹാജിറുകളെ കുറിച്ച് നബി തങ്ങൾക്കുണ്ടായിരുന്നോ?. മുസ്‌ലിംകൾക്കുണ്ടോ?. ഇല്ലല്ലോ. അതേ സമയം അവരെ കൊണ്ട് തവസ്സുൽ ചെയ്തു. റസൂലിന്റെ അറിവോടെ നടക്കുന്ന, അവിടുന്ന് ചെയ്ത്, നബിശിഷ്യർ ചെയ്ത ഈ തവസ്സുൽ ശിർക്കാണെന്ന് പറയാമോ?.

പിന്നെ പറയാനുള്ള ന്യായം വസ്വീലയാക്കപ്പെട്ടവരെല്ലാം ജീവിച്ചിരിക്കുന്നവരാണല്ലോ എന്നായിരിക്കും. അതേ പറ്റി ഖുർആൻ മറ്റൊരു ആയത്തിലൂടെ വ്യക്തമാക്കുന്നത്. മഹാന്മാരുടെ ജീവിതവും മരണവും ഒരു പോലെയാണെന്നാണ്. മരണത്തിനു ശേഷവും അവർ ജീവിക്കുകയാണ്. അത് കൊണ്ടാണ് നമ്മൾ ഈ മഹാന്മാരെ തവസ്സൽ ചെയ്യുന്നത്. അവരുടെ കറാമത്ത് മരണ ശേഷവും ഉണ്ടാകുമെന്ന് ഖുർആൻ പറയുന്നു. സ്വഹാബിമാരിൽ പ്രധാനിയായിരുന്നല്ലോ അബ്ദുല്ലാഹിബ്നു ഉമർ(റ). നബി ﷺ തങ്ങൾ ജീവിച്ചതു പോലെ തന്നെ തനിക്കു ജീവിക്കണമെന്ന് നിർബന്ധം പിടിച്ചയാളാണദ്ദേഹം. ഹജ്ജിന് പോകു മ്പോൾ തിരുനബി ﷺ നിസ്കരിച്ചിടത്ത് തന്നെ നിസ്കരിക്കണമെന്നും അവിടുന്ന് മലമൂത്ര വിസർജ്ജനം നടത്തിയിടത്തു വെച്ചു അതെല്ലാം സാധിക്കണമെന്നും വരെ കരുതിയിരുന്ന മഹാൻ. നബി തങ്ങളുടെ സുന്നത്തിൽ നിന്ന് ഒരൽപം പോലും മാറാനിഷ്ടമില്ലാത്ത അബ്ദുല്ലാഹി ബ്നു ഉമർ(റ)വിന് കാലിൽ വേദന വന്നപ്പോൾ അദ്ദേഹം വിളിച്ച് പറഞ്ഞതെന്താണെന്നോ?. യാ മുഹമ്മദു’ എന്ന്. ഇമാം ബുഖാരി(റ) അദബുൽ മുഫ്റദിൽ പ്രസ്തുത ഹദീസ് കൊണ്ടുവന്നു.

ഈ ഹദീസ് തെറ്റാണെങ്കിൽ ലോകത്തിലേറ്റവും വലിയ ഹദീസ് പണ്ഡിതനായ ഇമാം ബുഖാരി(റ) തന്റെ കിതാബിൽ ഇത് പരാമർശിക്കുമോ?. ശിർക്കിനെ പ്രേരിപ്പിക്കലാകില്ലേ അത്?. മാത്രമല്ല ഈ ഹദീസ് ഉദ്ധരിക്കാൻ ബുഖാരി(റ) എന്ത് പേരാണ് ആ അധ്യായത്തിന് കൊടുത്തതെന്ന് നോക്കൂ. ‘ബാബു മാ യഖൂലുർ റജുലു ഇദാ ഖദറത് രിജ്‌ലുഹു (കാൽ വേദന വന്നാൽ ചൊല്ലേണ്ടത്). തലവാചകം ഏതായാലും ദുർബല(ളഈഫ്)മാകില്ലല്ലോ?. ലോക മുസ്‌ലിംകൾക്ക് ഇമാം ബുഖാരി(റ) നൽകുന്ന സന്ദേശം കണ്ടില്ലേ. ഇബ്നു ഉമർ(റ)നുണ്ടായതു പോലുള്ള അവസ്ഥയിൽ മുസ്‌ലിംകൾ വിളിക്കേണ്ടത്/ചൊല്ലേണ്ടത് ‘യാ മുഹമ്മദു…’ എന്നാണെന്ന്.

സമാനമായ ഇമാം നവവി ﵀ അദ്ദേഹത്തിന്റെ അദ്കാറിലും കാണാം. ബുഖാരി ﵀ പറഞ്ഞത് ശരിയല്ലെങ്കിൽ നവവി ﵀ അത് തുടരുമായിരുന്നോ?. അദ്കാർ എന്ന ഗ്രന്ഥം തന്നെ ഏറ്റവും ശ്രേഷ്ടമായ ദിക്റുകൾ ചൊല്ലാൻ പ്രോത്സാഹിപ്പിച്ചു രചിച്ചതാണെന്നും ഓർക്കുക. അതിനാൽ ഇസ്തിഗാസയും തവസ്സുലും പൂർവകാലം മുതൽ തർക്കമുള്ള വിഷയമേ അല്ല. ഇതിൽ എന്തെങ്കിലും സംശയത്തിന് പഴുതുമില്ല. ഉണ്ടെങ്കിൽ ഇമാം നവവി ﵀ അത് ഉദ്ധരിക്കുമായിരുന്നില്ല. മഹാന്മാരെ വിശ്വാസികൾക്ക് സഹായിയായി അല്ലാഹു നിശ്ചയിച്ചതാണ്. അല്ലാഹും അവന്റെ റസൂലും നിങ്ങളുടെ സഹായിയാണ്. ഭക്തരായ അടിമകളും. മറ്റൊരിടത്ത് നബിയുടെ പത്‌നിമാരോട് അല്ലാഹു പറഞ്ഞു: ‘നിങ്ങൾ മുഹമ്മദ് നബിക്ക് എതിരായാൽ നബിയെ അല്ലാഹു സഹായിക്കും, ജിബ്രീൽ സഹായിക്കും. വിശ്വാസികളിലെ സച്ചരിതരും സഹായിക്കും’.

മുസ്‌ലിംകൾ ബറകത്തിൽ വിശ്വസിക്കുന്നവരാണ്. എന്തുകൊണ്ടാണിങ്ങനെ? അത് മുഹമ്മദ് നബി ﷺ യുടെ ആജ്ഞയാണ്. കഴിഞ്ഞു പോയ അമ്പിയാക്കളുടെ കൽപനയുമാണ്. യൂസുഫ് നബി ﵇ നോട് സഹോദരങ്ങൾ വന്ന് ബാപ്പയുടെ കണ്ണിന്റെ കാഴ്ച പോയ കാര്യം പറഞ്ഞപ്പോൾ തന്റെ കുപ്പായം കൊണ്ടുപോയി അവിടുത്തെ മുഖത്തിടാൻ പറഞ്ഞു. കാഴ്ച തിരിച്ചു കിട്ടുമെന്നായിരുന്നു വാഗ്ദാനം. തെളിഞ്ഞ വഴിയല്ലല്ലോ ഇത്. മറഞ്ഞ വഴിയല്ലേ?. ഖുർആൻ തുടർന്ന് പറയുകയാണ്; ‘നബിയുടെ ഖമീസ് മുഖത്തിട്ടതും കാഴ്ച തിരിച്ചുകിട്ടി’.

മഹാന്മാരെ കൊണ്ട് ദുആ ചെയ്യിപ്പിക്കുമ്പോൾ നമുക്ക് കിട്ടുന്ന സമാധാനമുണ്ടല്ലോ, അതാണ് നമ്മുടെ ബറകത്ത്. ഇത് റസൂലിന്റെ ജീവിതത്തിലും മുമ്പുള്ള അമ്പിയാഇന്റെ ജീവിതത്തിലുമെല്ലാം ഉണ്ടായതാണ്. തന്റെ മകൾ മരിച്ച വേളയിൽ മയ്യിത്ത് കുളിപ്പിക്കാൻ ഉമ്മു അത്വിയ്യ(റ)യെയാണ് തിരുനബി ﷺ നിയോഗിച്ചത്. കുളിപ്പിച്ച് കഴിഞ്ഞാൽ വിവരമറിയിക്കാനും അവരെ ഏൽപിച്ചു. മഹതി പറയുന്നു: ‘കുളിപ്പിച്ച് ദേഹം തോർത്തിക്കഴിഞ്ഞപ്പോൾ ഞങ്ങൾ നബി തങ്ങളെ വിവരമറിയിച്ചു. അപ്പോൾ അവിടുത്തെ ശരീരത്തിൽ ഒട്ടിക്കിടന്നിരുന്ന ഒരു വസ്ത്രമെടുത്ത് ഞങ്ങൾക്ക് തന്നു. എന്നിട്ടു പറഞ്ഞു; ഈ വസ്ത്രം മകളുടെ ശരീരത്തിൽ തട്ടും വിധം കഫൻ പുടവക്കകത്ത് വെക്കുക. അങ്ങനെ ചെയ്യൂ എന്ന കൽപനയായിരുന്നു അത്. എന്തായാലും ഇത് സുന്നത്താകുമെന്നതിൽ തർക്കമില്ലല്ലോ. ഈ സംഭവത്തിലെ ബറകത്ത് മരണത്തിന് ശേഷമുള്ള ജീവിതത്തിലേക്കാണ് ഉപകാരപ്പെടുന്നത് എന്നതു ശ്രദ്ധേയമാണ്. തവസ്സുലും ഇസ്തിഗാസയുമെല്ലാം ഈ ബറകത്തിന്റെയും അമാനുഷിക കഴിവിന്റെയും പേരിലാണ് മുസ്‌ലിംകൾ ചെയ്യുന്നത്. അത് ശിർക്കാണെന്നാണ് മുജാഹിദുകാരുടെ വാദം. ഈ വാദത്തിന് അവർക്ക് ഒരു പ്രമാണവുമില്ല.

ഇപ്പോൾ മുജാഹിദ് പ്രസ്ഥാനം തകർന്ന് തരിപ്പണമാവുകയാണ്. ഖുർആൻ പറഞ്ഞു: ‘സത്യമേ നിലനിൽക്കൂ. ബാത്വിൽ പരാ ജയപ്പെടുക തന്നെ ചെയ്യും’. പാറപ്പുറത്ത് വീണ പളുങ്കു പോലെ ആയിട്ടുണ്ട് ഇന്നാ പ്രസ്ഥാനം. ഇവരേക്കാൾ വലിയ ബുദ്ധി രാക്ഷസന്മാരെന്ന് നടിക്കുന്നവർ ചരിത്രത്തിൽ വന്നിട്ടുണ്ട്. ഖവാരിജുകൾ, മുഅ്തസിലിയാക്കൾ. എന്നിങ്ങനെ എത്രയെത്ര പാർട്ടികൾ. എല്ലാം സത്യ ത്തിനു മുമ്പിൽ പിടിച്ചുനിൽക്കാനാകാതെ നശിച്ചതാണു ചരിത്രം. ഇവരെത്ര ഐക്യപ്പെട്ടാലും ലയിച്ചാലും അഹ്‌ലുസ്സുന്നക്ക് പോറലേൽപ്പിക്കാൻ അവർക്കാകില്ല.

 

Related Posts