തിരുസന്ദർശനത്തെയും (സിയാറത്) തവസ്സുലിനെയും (ഇടതേട്ടം) നിഷേധിക്കുന്നവർ യഥാർത്ഥത്തിൽ സത്യത്തിൽ നിന്നും എത്രയോ വഴിദൂരമാണ്. ഈ നിഷേധത്തിലൂടെ മുസ്‌ലിം ഉമ്മത്തിലെ ബഹുഭൂരിഭാഗം ജനങ്ങളെയും ഇത്തരക്കാർ കുഫ്ർ കൊണ്ട് ചാപ്പ കുത്തി.
അവരുടെ രക്തം ചൊരിക്കപ്പെടുന്നതും, സമ്പത്ത് കൊള്ളയടിക്കപ്പെടുന്നതും അനുവദനീയമാക്കി. എന്തിനേറെ! തിരുനബി ﷺ യുടെ കാലത്ത് ജീവിച്ചിരുന്ന ബഹുദൈവ വിശ്വാസികളോട് ഈ ബഹുഭൂരിഭാഗം മുസ്‌ലിമീങ്ങളെ അവർ സാദൃശ്യപ്പെടുത്തുകയും, ഇരു വിഭാഗത്തിന്റെയും വിശ്വാസം ഒന്നാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.
ഇബ്നു അബ്ദുൽ വഹാബും അനുയായികളും അടക്കമുള്ള തവസ്സുൽ, സിയാറത് നിഷേധികൾ പ്രഖ്യാപിച്ച മുസ്‌ലിം ഉമ്മത്തിലെ ബഹുദൈവ വിശ്വാസികൾ ആരൊക്കെയെന്ന് നോക്കാം:
(1) തിരുനബി ﷺ യെ കൊണ്ട് ഇടതേട്ടം നടത്തിയവർ
(2) മറ്റ് പ്രവാചകന്മാർ, സജ്ജനങ്ങൾ, ഔലിയാക്കൾ എന്നിവരെ കൊണ്ട് ഇടതേട്ടം നടത്തിയവർ
(3) ''തിരുനബി ﷺ യെ.. അങ്ങയോട് ഞങ്ങൾ ശുപാർശ ചെയ്യാൻ ആവശ്യപ്പെടുന്നു''
ഇത് പോലോത്ത സഹായ വാചകങ്ങൾ കൊണ്ട് സംബോധന ചെയ്തവർ
വിശുദ്ധ ഇസ്‌ലാമിന് അന്യമായ ഈ വാദങ്ങൾക്ക് അവരുടെ പ്രമാണങ്ങളിൽ ചിലത് വായിക്കാം:
(a)
(١) وَأَنَّ ٱلْمَسَٰجِدَ لِلَّهِ فَلَا تَدْعُوا۟ مَعَ ٱللَّهِ أَحَدًا
(٢) وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَٰمَةِ وَهُمْ عَن دُعَآئِهِمْ غَٰفِلُونَ.
وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءً وَكَانُوا۟ بِعِبَادَتِهِمْ كَٰفِرِينَ
(٣) فَلَا تَدْعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتَكُونَ مِنَ ٱلْمُعَذَّبِينَ
(٤) لَهُۥ دَعْوَةُ ٱلْحَقِّۖ وَٱلَّذِينَ يَدْعُونَ مِن دُونِهِۦ لَا يَسْتَجِيبُونَ لَهُم بِشَىْءٍ إِلَّا كَبَٰسِطِ كَفَّيْهِ إِلَى ٱلْمَآءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَٰلِغِهِۦۚ وَمَا دُعَآءُ ٱلْكَٰفِرِينَ إِلَّا فِى ضَلَٰلٍ
(٥) إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْۖ وَيَوْمَ ٱلْقِيَٰمَةِ يَكْفُرُونَ بِشِرْكِكُمْۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ
(٦) قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِهِۦ فَلَا يَمْلِكُونَ كَشْفَ ٱلضُّرِّ عَنكُمْ وَلَا تَحْوِيلًا.
أُو۟لَٰٓئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا
തുടങ്ങിയ ഖുർആനിക വചനങ്ങളെ അവകളുടെ താല്പര്യത്തിൽ നിന്നും മാറ്റി, സൂക്തങ്ങളിൽ പരാമർശിച്ച ബഹുദൈവ വിശ്വാസികളുടെ അല്ലാഹു അല്ലാത്തവരോടുള്ള ''പ്രാർത്ഥനകളും'' മുഅ്മിനീങ്ങൾ ചെയ്യുന്ന ''തിരുനബിയെ.. അങ്ങയുടെ ശഫാഅത്തിലാണ് പ്രതീക്ഷ'' തുടങ്ങിയ ഇടതേട്ടവും, സഹായ തേട്ടവും ഒന്നാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ആദ്യത്തേത്. തുടർന്ന് മുസ്‌ലിം ഉമ്മത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും ഈ സൂക്തങ്ങളുടെ പരിധിയിൽ പെടും എന്ന് പ്രഖ്യാപിച്ചു. അഥവാ, അല്ലാഹു നൽകിയ മുഅ്ജിസത്/ കറാമത് കൊണ്ട് സഹായിക്കും എന്ന് വിശ്വസിച്ചു കൊണ്ട് ഒരുവൻ തിരുനബി ﷺ യെ, മറ്റു പ്രവാചകന്മാരെ അല്ലെങ്കിൽ സജ്ജനങ്ങൾ, ഔലിയാക്കളെ വിളിച്ചു സഹായം തേടിയാൽ ആ വ്യക്തിയും മേൽ സൂക്തങ്ങൾ അവതരിച്ച ബഹുദൈവ വിശ്വാസികളെ പോലെയാണെന്നാണ് വാദം.
(b)
أَلَا مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ
എന്ന് പറഞ്ഞ ബഹുദൈവാരാധകരും പ്രവാചകന്മാർ, സജ്ജനങ്ങൾ, ഔലിയാക്കൾ എന്നിവരോട് സഹായം തേടുന്നവരും/അവരെ ഇടയാളരാക്കുന്നവരും തുല്യരാണ്.
കാരണം, ബഹുദൈവാരാധകർ അവരുടെ ആരാധ്യ വസ്തുക്കൾക്ക് സ്വയം കഴിവ് ഉണ്ടെന്നോ ,സൃഷ്ടി കർമ്മം നിർവ്വഹിക്കുമെന്നോ വിശ്വസിച്ചിരുന്നില്ല. മറിച്ച്, സൃഷ്ടാവ് അല്ലാഹു ആണെന്നാണ് അവരുടെ വിശ്വാസം. അല്ലാഹു പറയുന്നു:
وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ خَلَقَهُنَّ ٱلْعَزِيزُ ٱلْعَلِيمُ
എന്നിട്ടും അവരെ ബഹുദൈവാരാധകർ എന്ന് ഖുർആൻ പ്രഖ്യാപിക്കാൻ ഒരു മുഖ്യ കാരണമുണ്ട്. അത് അല്ലാഹുവിലേക്ക് മാധ്യമങ്ങളെ നിശ്ചയിച്ചതാണ്.
أَلَا مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ
(c)
അല്ലാഹുവിന്റെ ഏകത്വം (തൗഹീദ്) അംഗീകരിച്ചവർ രണ്ട് വിധമുണ്ട്
1: തൗഹീദ് റുബൂബിയ്യയെ (അല്ലാഹു മാത്രമാണ് റബ്ബ് എന്ന വിശ്വാസം) അംഗീകരിച്ചവർ. ഈ തൗഹീദ് വിശ്വാസം ഖുർആൻ പരാമർശിച്ച തിരുനബി ﷺ യുടെ കാലത്തെ ബഹുദൈവ വിശ്വാസികളും വെച്ചു പുലർത്തിയിരുന്നു.
2: തൗഹീദ് ഉലൂഹിയ്യയെ അംഗീകരിച്ചവർ.
ഈ തൗഹീദിലൂടെയാണ് ഒരു വ്യക്തി മുഅ്മിനായി തീരുന്നത്. അഥവാ, മുഅ്മിനായിത്തീരാൻ തൗഹീദ് റുബൂബിയ്യ മാത്രം പോരാ.
..... (അവരുടെ വാദങ്ങൾ ഹൃസ്വമായി അവസാനിക്കുന്നു)....
മേൽ പറഞ്ഞ വാദങ്ങളൊക്കെയും നിരർത്ഥകമാണ്.
(a)
മേൽ ഉദ്ധരിച്ച സൂക്തങ്ങളിലെ "ദുആഅ്" കൊണ്ടുള്ള താല്പര്യം ആരാധനയിലൂന്നിയ പ്രാർത്ഥനകളാണ്. അങ്ങനെയിരിക്കെ, സൂക്തങ്ങളുടെ താല്പര്യങ്ങളിൽ നിന്നും മാറ്റി സമൂഹത്തെ തെറ്റുദ്ധരിപ്പിക്കുകയും, ആ പ്രാർത്ഥനകളെ ഭൂരിഭാഗം മുസ്‌ലിമീങ്ങൾ ചെയ്യുന്ന ഇസ്തിഗാസയായി (സഹായാർത്ഥനയായി) ചിത്രീകരിക്കുകയും ചെയ്തു.
(b)
അല്ലാഹുവിന്റെ ഏകത്വം രണ്ട് വിധമോ?
ഒരടിസ്ഥാനവുമില്ലാത്ത വിശദീകരണമാണിത്. കാരണം തൗഹീദ് റുബൂബിയ്യ തന്നെയാണ് തൗഹീദ് ഉലൂഹിയ്യ. അവകളെ രണ്ടായി കാണേണ്ടതല്ല.
ഈ ഖുർആൻ വചനം നോക്കൂ:
أَلَسْتُ بِرَبِّكُمْۖ قَالُوا۟ بَلَىٰۛ
''ഞാൻ നിങ്ങളുടെ റബ്ബല്ലയോ?"
ഇവിടെ ''ഞാൻ നിങ്ങളുടെ ഇലാഹല്ലയോ?'' എന്ന് അല്ലാഹു പറഞ്ഞില്ല. മറിച്ച്, അവരിൽ നിന്നും ''തൗഹീദ് റുബൂബിയ്യ'' മാത്രമാണ് ഉണ്ടായത്. കാരണം, തൗഹീദ് റുബൂബിയ്യയെ അംഗീകരിച്ചാൽ തൗഹീദ് ഉലൂഹിയ്യ കൊണ്ട് അംഗീകരിക്കൽ കൂടിയാണത്.
(c)
ഖബ്റിലെ ചോദ്യം സംബന്ധിയായി നിവേദനം ചെയ്യപ്പെട്ട ഹദീസിലെ വാചകം നോക്കൂ:
''ഖബ്റിൽ ചോദ്യം ചെയ്യാനായി രണ്ട് മലക്കുകൾ വരും, അടിമയോട് ചോദിക്കും:
നിന്റെ റബ്ബ് ആരാണ്?''
ഈ ചോദ്യത്തിൽ ''നിന്റെ ഇലാഹ് ആരാണ് എന്നല്ല ചോദിക്കുന്നത്.
അഥവാ, നിന്റെ ഇലാഹ്, നിന്റെ റബ്ബ് എന്നീ രണ്ട് പ്രയോഗങ്ങളുടെയും താല്പര്യം ഒന്നായതു കൊണ്ടാണ് ഇങ്ങനെ.
(d)
നടേ പറഞ്ഞതനുസരിച്ച്, ''അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദു റസൂലുല്ലാഹ്'' എന്നൊരു മുസ്‌ലിം വന്നു പറഞ്ഞാൽ ഇക്കൂട്ടർ പ്രതികരിക്കും:
"നീ തൗഹീദ് ഉലൂഹിയ്യ മാത്രമാണ് അംഗീകരിച്ചത്. തൗഹീദ് റുബൂബിയ്യയിൽ നിന്നും നീ വിദൂരത്താണ്.''!!
മൗഢ്യമാണിത്!
(e)
ഇസ്‌ലാമിലെ അംഗത്വം ആഗ്രഹിച്ചു കൊണ്ട് തിരുനബി ﷺ യുടെ ചാരത്ത് അനേകം അറബികൾ വരാറുണ്ടാലോ? അങ്ങനെ വന്നവർക്ക് ഏതെങ്കിലും ചരിത്രത്തിൽ തൗഹീദ് റുബൂബിയ്യ, ഉലൂഹിയ്യ എന്നിങ്ങനെ അവിടുന്ന് വിശദീകരിച്ചതായി കാണാൻ സാധിക്കുമോ?
അതോ, രണ്ട് ശഹാദത് കലികയും, അവയുടെ ബാഹ്യാർത്ഥവും പരിഗണിച്ചു കൊണ്ട് അവരെ മുസ്‌ലിമായി പരിഗണിക്കുകയാണോ ചെയ്തത്?
അപ്പോൾ, ചരിത്രപരമായും തീർത്തും മുസ്‌ലിം സമുദായത്തിന് മാന്യമായ വാദമാണ് തൗഹീദിന്റെ ഈ വേർതിരിവ്.
അല്ലാഹുവിന്റെയും, തിരുനബി ﷺ യുടെയും മേൽ എത്ര ഗൗരവമേറിയ കളവുകളാണ് ഇക്കൂട്ടർ വെച്ചു കെട്ടുന്നത്?!
യഥാർത്ഥത്തിൽ അല്ലാഹു മാത്രമാണ് റബ്ബ് എന്ന് അംഗീകരിക്കുന്ന ഒരുവൻ അല്ലാഹു മാത്രമാണ് ഇലാഹ് എന്നും വിശ്വസിക്കുന്നുണ്ട്. അതു പോലെത്തന്നെ ഒന്നിൽ കൂടുതൽ റബ്ബ് ഉണ്ടെന്ന് ആരെങ്കിലും വിശ്വസിച്ചാൽ ഒന്നിൽ കൂടുതൽ ഇലാഹ് ഉണ്ടെന്നാണ് അതിനെ അർത്ഥം. ''റബ്ബല്ലാത്ത ഇലാഹ്'' എന്നൊരു വിശ്വാസം മുസ്‌ലിം സമുദായത്തിന് തീർത്തും പരിചയമില്ലാത്തതാണ്.
''ലാ ഇലാഹ ഇല്ലല്ലാഹ്'' എന്ന് മൊഴിയുമ്പോൾ അല്ലാഹു മാത്രമാണ് അവരുടെ റബ്ബും എന്നു കൂടി മൊഴിഞ്ഞവൻ വിശ്വസിക്കുന്നുണ്ട്. ഈ വിശുദ്ധ കലിമയിലൂടെ ''ഉലൂഹിയ്യത്ത്'' മറ്റാർക്കും ഇല്ലാ എന്ന് പ്രഖ്യാപിക്കുന്നതോടൊപ്പം ''റുബൂബിയ്യത്തും'' മറ്റാർക്കുമില്ലെന്ന് പ്രഖ്യാപിക്കപ്പെടുകയും, അല്ലാഹുവിന്റെ ദാതിലും, സ്വിഫാതിലും, അഫ്ആലിലും ഏകത്വം സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.
(f)
അപ്പോൾ
أَلَا مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ.
ഈ സൂക്തമോ?
അക്കാലത്തെ അവിശ്വാസികൾ, ഈ സൂക്തത്തിലെ വിശ്വാസം വെച്ചു പുലർത്തിയത് കൊണ്ട് മാത്രമല്ല ബഹു ദൈവ വിശ്വാസികളും നിഷേധികളുമായത്.
അങ്ങനെയാണ് ഇക്കൂട്ടർ വാദിക്കുന്നത്.
മറിച്ച്, സൃഷ്ടാവും പ്രതിഫലങ്ങളെ ഉടമപ്പെടുത്തുന്നവനും ''അല്ലാഹു'' ആണെങ്കിലും, ആരാധനക്കുള്ള അർഹത മറ്റു ചിലർക്കും /ചിലതിനും ഉണ്ടാവാം എന്ന് കൂടി അവർ വിശ്വസിച്ചിരുന്നു. അല്ലാഹു അല്ലാത്തതിന് ഉലൂഹിയ്യത്ത് വകവെച്ചു കൊടുത്തപ്പോൾ, അല്ലാഹു അല്ലാത്ത ഇലാഹുകൾ (അവരുടെ വാദ പ്രകാരം) ഉരുപകാരമോ, ഉപദ്രവമോ, സൃഷ്ടി കർമ്മമോ എന്നും ചെയ്യുന്നില്ലെന്നും, അവർ തന്നെ സൃഷ്ടിക്കപ്പെട്ടതാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ടപ്പോൾ അവർ പറഞ്ഞു:
مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ
''അല്ലാഹുവിലേക്കുള്ള മാധ്യമങ്ങളായാണ് അവരെ ഞങ്ങൾ ആരാധിക്കുന്നത്''.
ഇത്തരത്തിൽ സൃഷ്ടാവും പ്രതിഫലങ്ങളെ ഉടമപ്പെടുത്തുന്നവനും ''അല്ലാഹു'' ആണെങ്കിലും, ആരാധനക്കുള്ള അർഹത മറ്റു ചിലർക്കും /ചിലതിനും ഉണ്ടാവാം എന്ന് കൂടി വിശ്വസിച്ചപ്പോയാണ് വലിയ അപകടത്തിൽ അവരെത്തിപ്പെട്ടത്.
ഇവർ ആക്ഷേപിക്കുന്ന ഭൂരിപക്ഷം മുസ്‌ലിം സമൂഹമോ? ഈ പിഴച്ച വിശ്വാസത്തോട് അവർക്ക് യാതൊരു ബന്ധവും ഇല്ല. ഉലൂഹിയ്യതോ, ആരാധനക്കുള്ള അർഹതയോ അല്ലാഹു അല്ലാത്ത ആർക്കെങ്കിലും ഉണ്ടെന്ന് അവർ വിശ്വസിക്കുന്നില്ല. ബഹുദൈവാരാദകരുടെയും, ഇവർ ആക്ഷേപിക്കുന്ന ഭൂരിപക്ഷം മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസവും തമ്മിൽ എത്ര അന്തരമാണ്!
വിഷയത്തെ കൃത്യമായി മനസ്സിലാക്കാതെയാണ് പലരും വിമർശിക്കുന്നതും, തൗഹീദിനെ രണ്ടായി തിരിച്ചതും.
സയ്യിദ് അഹ്‌മദ് ബിൻ സൈനീ ദഹ്‌ലാന്റെ (റ) ''അദുററു സ്സനിയ്യ ഫിറദ്ദി അലാ വഹാബിയ്യ'' എന്ന ഗ്രന്ഥത്തിൽ നിന്നും
വിവ: നഫ്സീർ അഹ്‌മദ്