വിശുദ്ധ ഖുര്‍ആനും തിരുഹദീസുകളും വളച്ചൊടിച്ച് സുന്നത്തായ പല കര്‍മങ്ങളും ബിദ്അത്തുകളാക്കി പ്രിതീകരിക്കുന്നത് വഹാബികളുടെ പതിവാണ്. വിശ്വാസികളുടെ കര്‍മങ്ങള്‍ നിഷ്ഫലമാക്കുകയാണ് അവരുടെ ലക്ഷ്യം. റമളാനിലെ പ്രത്യേകമായ സുന്നത്ത് നിസ്‌കാരമായ തറാവീഹ് ഇത്തരത്തില്‍ മുജാഹിദുകള്‍ വക്രീകരിച്ച ഇബാദത്താണ്. പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ട ഈ കര്‍മം നിഷ്ഫലമാക്കാന്‍ കൊണ്ടുപിടിച്ച പരീക്ഷണങ്ങളാണ് അവര്‍ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. അബൂസലമ(റ) പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു. തിരുനബി ﷺ പറഞ്ഞു: നിശ്ചയം റമളാനിലെ നോമ്പ് അല്ലാഹു നിങ്ങളുടെ
മേല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു, റമളാനിലെ നിശാ നിസ്‌കാരം നിങ്ങള്‍ക്കു ഞാന്‍ സുന്നത്താക്കിയിരിക്കുന്നു.
ഇതേ ആശയം വ്യക്തമാക്കുന്ന ഹദീസുകള്‍ ഇബ്‌നു അബീശൈബ ﵀ മുസ്വന്നഫിലും ഇബ്‌നു ഖുസൈമ(റ) സ്വഹീഹിലും കൊണ്ടുവന്നിട്ടുണ്ട്. മുകളില്‍ കൊടുത്ത ഹദീസില്‍ പരാമര്‍ശിച്ച ‘സനന്‍തു’ എന്ന വാക്കും ഇബ്‌നു ഖുസൈമ(റ)യുടെ റിപ്പോര്‍ട്ടിലുള്ള ജഅല എന്ന പദവും നിയമ നിര്‍മാണത്തെ കാണിക്കുന്നതാണ്. അതിനാല്‍ ഖിയാമു റമളാന്‍ പുതിയൊരു നിസ്‌കാരമാണെന്നും അല്ലാതെ പുത്തന്‍ വാദികള്‍ ജല്‍പിക്കുന്നത് പോലെ വിഷയം തഹജ്ജുദും ഖിയാമുല്ലൈലും തറാവീഹുമെല്ലാം ഒന്നാണെന്ന വിചിത്ര വാദം ശരിയല്ലെന്നുമാണ് ഈ ഹദീസുകളെല്ലാം തെര്യപ്പെടുത്തുന്നത്.
വഹാബികള്‍ തന്നെ ഇതംഗീകരിച്ചിരുന്നു. കിതാബുൽ അവ്വലു ഫില്‍ അമലിയ്യാത്ത് എന്ന അവരുടെ പഴയ മദ്‌റസാ പാഠപുസ്തകത്തില്‍ സുന്നത്ത് നിസ്‌കാരങ്ങള്‍ എണ്ണിപ്പറയുന്ന കൂട്ടത്തില്‍ മൂന്നാമതായി ഇങ്ങനെ കാണാം: ”തറാവീഹ്. ഇതും ഇശാഇന്റെ ശേഷമാണ്. എന്നാല്‍ റമളാനില്‍ മാത്രമേയുള്ളു. ഇത് ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ട് റക്അത്തിലും സലാം വാജിബുണ്ട്.
എത്ര വ്യക്തമാണിത്. എന്നാല്‍ അവരെഴുതിവെച്ച ഈ സത്യം പിന്നീട് അവര്‍ക്ക് അസത്യവും ബിദ്അത്തുമായി മാറുകയാണുണ്ടായത്. അത് ബഹുരസമാണ്. ഗവേഷണ പടുക്കളെന്നവകാശപ്പെടുന്ന മൗലവിമാര്‍ ഗവേഷണം ചെയ്ത് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് റമളാനില്‍ മാത്രമുള്ളതല്ല’ എന്ന് നിലപാട് മാറ്റിയത്.
1988 സംപ്തംബറിലെ അല്‍മനാര്‍ കാണുക: ‘വിത്‌റ് നമസ്‌കാരം തന്നെയാണ് തറാവീഹ് (റമളാനിലാകുമ്പോള്‍) ഖിയാമുല്ലൈല്‍ (ഒന്നുറങ്ങിയ ശേഷം ഉണര്‍ന്നെഴുന്നേറ്റാകുമ്പോള്‍) തഹജ്ജുദ് (രാത്രിയുടെ മധ്യയാമങ്ങളില്‍ ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടാകുമ്പോള്‍) എന്നീ പേരുകളില്‍ അറിയപ്പെടുന്നതും ഒറ്റയാക്കി നമസ്‌കരിക്കുന്നത് കൊണ്ടാണ് വിത്‌റ് (ഒറ്റ) എന്ന പേരിട്ടത്.
തിരുഹദീസുകളെയും മഹാന്മാരായ ഇമാമുകളെയും തള്ളിക്കളഞ്ഞാണ് ഈ വിചിത്ര വാദം സ്ഥാപിക്കാന്‍ അവർ ശ്രമിച്ചത്. അവര്‍ അവലംബമാക്കിയ ഹദീസ് നമുക്ക് പരിശോധിക്കാം. അബൂസലമ(റ) യില്‍ നിന്ന് നിവേദനം. അദ്ദേഹം ആഇശ ബീവി ﵂ യോട് ചോദിച്ചു: റമളാനില്‍ റസൂലുല്ലാഹി ﷺ യുടെ നിസ്‌കാരം എങ്ങനെയായിരുന്നു?. ആഇശ ﵂ പറഞ്ഞു: ‘റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനെക്കാള്‍ തിരുദൂതര്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ല.
ഈ ഹദീസ് ഉയര്‍ത്തിക്കാണിച്ച് നബി ﷺ തറാവീഹ് എട്ടും വിത്‌റ് മൂന്നും അങ്ങനെ പതിനൊന്നാണ് നിസ്‌കരിച്ചതെന്ന് അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ ‘റമളാനില്ലാത്ത കാലത്തും’ എന്ന ഹദീസിലെ പരാമര്‍ശം കൊണ്ട് ഇതില്‍ പറഞ്ഞ പതിനൊന്ന് തറാവീഹ് അല്ലെന്ന് ബോധ്യപ്പെട്ടു. പക്ഷേ ഗവേഷണത്തില്‍ പറ്റിയ ജാള്യത മറക്കാന്‍ മറ്റൊരു ഗവേഷണം നടത്തി അവര്‍. അങ്ങനെയാണ് തഹജ്ജുദും വിത്‌റും തറാവീഹുമെല്ലാം ഒന്നാക്കിയത്, പിടിച്ചതിനേക്കാള്‍ വലിയതാണ് മടയിലെന്നു പറഞ്ഞതുപോലെ രണ്ടാമത്തെ ഗവേഷണം ആദ്യ ത്തേക്കാള്‍ വലിയ കുഴിയിലേക്കാണ് വഹാബിസത്തെ തള്ളിയിട്ടത്. തറാവീഹും വിത്റും തഹജ്ജുദുമെല്ലാം പ്രത്യേക അധ്യായങ്ങളായി പഠിപ്പിച്ച മഹാന്മാരായ ഇമാമുകളെ തള്ളുകയാണ് ഈ ഗവേഷണത്തിലൂടെ ഇവര്‍ ചെയ്തത്. പ്രമാണികനായ ഒരു ഇമാം പോലും ഇവരുടെ വിചിത്ര വാദത്തിനു കൂടെയില്ലെന്നതാണ് സത്യം.
ഈ ഹദീസില്‍ പരാമര്‍ശിച്ച 11 റക്അത്ത് നിസ്‌കാരം വിത്‌റാണെന്നാണ് ഇമാമുമാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ഇര്‍ശാദുസാരിയില്‍ പറയുന്നു. ആഇശ ബീവി ﵂ യുടെ പ്രസ്താവനയെ നമ്മുടെ അസ്വ്ഹാബ് വിത്‌റിന്റെ മേലില്‍ ചുമത്തിയിരിക്കുന്നു (3/426). ഇമാം ഇബ്‌നു ഹജര്‍ ﵀ തുഹ്ഫയിലും ഈ ഹദീസ് വിത്റിനെ കുറിച്ചാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആഇശ ﵂ യില്‍ നിന്ന് ഉദ്ധരിക്കുന്ന പ്രസ്തുത ഹദീസ് ഇമാം മാലിക് ﵀ മുഖേനയാണ് ഇമാം ബുഖാരി ﵀ ക്കും ഇമാം മുസ്‌ലിം ﵀ നും ലഭിച്ചിട്ടുള്ളത്. ഇമാം മാലിക് ﵀ വിശ്വപ്രസിദ്ധമായ മുവത്വയില്‍ വിത്‌റിന്റെ അധ്യായത്തിലാണ് ഈ ഹദീസ് ഉദ്ധരിച്ചിട്ടുള്ളത്. വിവേക ബുദ്ധിയുള്ളവര്‍ക്ക് തെളിവായി ഇതുതന്നെ ധാരാളം. ഉമര്‍ ﵁ ന്റെ വഫാത്തിന് ശേഷമാണ് ആഇശ ﵂ യുടെ വഫാത്ത്. അതിനാല്‍ തന്നെ മദീന പള്ളിയില്‍ ഉമര്‍ ﵁ ന്റെ നിര്‍ദേശപ്രകാരം ഉബയ്യുബ്‌നു കഅബ് ﵁ വിന്റെ നേതൃത്വത്തില്‍ സ്വഹാബത്ത് ഇരുപത് റക്അത്ത് നിസ്‌കരിച്ചത് ബീവിയുടെ ജീവിത കാലത്താണ്. മഹതിക്കറിവുള്ളതുമാണ്. നബി ﷺ തറാവീഹ് എട്ടാണ് നിസ്‌കരിച്ചതെന്നും ബാക്കി ഉമര്‍ ﵁ വും മറ്റും കൂട്ടിച്ചേര്‍ത്തതായിരുന്നുവെങ്കില്‍ ബീവി ഇത് ചോദ്യം ചെയ്യുകയും നബി ﷺ തറാവീഹ് നിര്‍വഹിച്ചതു പോലെ നിസ്‌കരിക്കാന്‍ സമുദായത്തോട് കല്‍പ്പിക്കുകയും ചെയ്യുമായിരുന്നുവെന്നത് ഉറപ്പാണ്. പക്ഷേ അതുണ്ടായില്ല. മറ്റൊരു സ്വഹാബിയും ഇരുപത് റക്അത്തിനെതിരെ നിന്നില്ല. പ്രത്യുത അവരൊന്നടങ്കം അതില്‍ പങ്കെടുക്കുകയാണുണ്ടായത്. ഇതുകൊണ്ടെല്ലാം ആഇശ ﵂ ഉദ്ധരിച്ച പതിനൊന്നിന്റെ ഹദീസ് വിത്‌റാകാനേ തരമുള്ളു. മാത്രമല്ല, ലോകം അംഗീകരിച്ച വൈജ്ഞാനിക സാഗരങ്ങളായ മദ്ഹബിന്റെ നാലു ഇമാമീങ്ങള്‍ ഈ ഹദീസ് കണ്ടവരും മനസ്സിലാക്കിയവരുമാണ്. അവരില്‍ ഒരാള്‍ പോലും തറാവീഹ് പതിനൊന്നാണെന്ന് പറഞ്ഞില്ലെന്ന് മാത്രമല്ല 20 റക്അത്താണ് തറാവീഹെന്ന് രേഖപ്പെടുത്തുകയും ചെയ്തു. ഇരുപതിന്റെ ഓരോ നാലു റക്അത്തിലും വേറെയും നിസ്‌കരിക്കുന്നതാണ് മാലികീ മദ്ഹബിന്റെ രീതി എന്നിട്ടാണ്, വഹാബി കള്‍ തറാവീഹിനെ ഇരുപതില്‍ തളച്ചിടാന്‍ ശ്രമിക്കുന്നത്.
അവരുടെ മുഖപത്രം എഴുതിയത് കാണുക ‘നാലു മദ്ഹബുകളുടെ ഇമാമീങ്ങളും ക്വിയാമു റമളാന്‍ വിത്‌റിന് പുറമെ ഇരുപത് റക്അത്താണെന്ന് അഭിപ്രായപ്പെട്ടവരാണ്. ഈ വിഷയത്തില്‍ ആഇശ ﵂ യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഏറ്റവും പ്രബലമായ ഹദീസ് ലഭ്യമാകാതെ പോയത് കൊണ്ടാകാം അവര്‍ ഇരുപതിനെ സ്ഥിരപ്പെടുത്തിയത്’ (വിചിന്തനം 2009 ജൂലായ് 3).
എങ്ങനെയുണ്ട് തമാശ!? മദ്ഹബിന്റെ ഇമാമീങ്ങള്‍ക്ക് ആഇശ ﵂ യുടെ ഹദീസ് കിട്ടിയില്ലത്രെ, കിട്ടിയതോ ഈ മാലവിമാര്‍ക്കും! അപാരമായ തൊലി കട്ടി തന്നെ!!
ഇമാം മാലിക് ﵀ ലൂടെയാണ്. ആഇശ ബീവി ﵂ യുടെ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് തന്നെ. അദ്ദേഹമാണെങ്കിലോ മദ്ഹബിന്റെ ഇമാമീങ്ങളിലൊരാളും. എന്നിട്ടും അദ്ദേഹം ഈ ഹദീസ് കണ്ടില്ലത്രെ. ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ വഹാബീ മസ്തിഷ്‌കം തന്നെ വേണം.
വഹാബികള്‍ ഇമാം ബുഖാരി ﵀ യുടെ മേല്‍ ഒരു പച്ചക്കളളം പ്രചരിപ്പിക്കാറുണ്ട്. സ്വഹീഹുല്‍ ബുഖാരിയില്‍ കിതാബു തറാവീഹില്‍ ആഇശ ﵂ യുടെ ഹദീസ് ഇമാം കൊണ്ടുവന്നത് പൊക്കിപ്പിടിച്ച് ബുഖാരി ﵀ തറാവീഹ് പതിനൊന്നാണന്നു വാദിക്കുന്നുണ്ടെന്നാണ് വഹാബികളുടെ കുപ്രചാരണം. പക്ഷേ തറാവീഹിന്റെ എണ്ണം പതിനൊന്നാണെന്ന് മഹാന്‍ എവിടെയും പറഞ്ഞിട്ടില്ല. ബുഖാരി ﵀ കിതാബുല്‍ കുനായില്‍ അബുല്‍ ഖളീബുല്‍ ജുഅഫി(റ) യില്‍ നിന്ന് ഉദ്ധരിച്ച ഹദീസില്‍
സ്വഹാബീവര്യനായ സുവൈദുബ്‌നു ഗഫല(റ) ഇരുപത് റക്അത്ത് തറാവീഹിന് ഇമാമത്ത് നിന്നിരുന്നു എന്ന ഹദീസ് കൊണ്ടുവന്നിട്ടുണ്ട്. ശാഫിഈ മദ്ഹബുകാരനായ ഇമാം ബുഖാരി ﵀ പതിനൊന്നിന്റെ കൂടെയാണെന്ന് അംഗീകരിക്കാന്‍ പോലും വഹാബികളുടെ ധിക്കാരം സമ്മതിക്കില്ല. ഇമാം ബുഖാരി ﵀ സ്വഹീഹില്‍ മൂന്ന് അധ്യായങ്ങളില്‍ ആഇശ ﵂ യുടെ പതിനൊന്നിന്റെ ഹദീസ് പരാമര്‍ശിച്ചിട്ടുണ്ട്. കിതാബുല്‍ മനാഖിബും കിതാബു തഹജ്ജുദുമാണ് മറ്റുള്ളവ.തഹജ്ജുദും തറാവീഹും വെവ്വേറെയാണെന്ന് ഇതില്‍ നിന്നും ബോധ്യമാകും. എല്ലാം ഒന്നാണെന്ന വഹാബി ഗവേഷണത്തെ ബുഖാരി ﵀ തന്നെ തകര്‍ത്തെറിയുന്നു. പിന്നെ, ഇമാം ബുഖാരി ﵀ കിതാബു തറാവീഹില്‍ അവസാനമായാണ് ബീവി ﵂ യുടെ ഈ ഹദീസ് കൊണ്ടുവരുന്നത്. അതിനു മുമ്പ് ഉമര്‍ ﵁ ഉബയ്യുബ്‌നു കഅബ് ﵁ ന്റെ നേതൃത്വത്തില്‍ ഒറ്റ ഇമാമിന്റെ കീഴില്‍ തറാവീഹ് നിസ്‌കാരം ജമാഅത്തായി നടപ്പാക്കിയ ഹദീസ് കൊണ്ടു വന്നിട്ടുണ്ട്. ഇമാം ബുഖാരി ﵀ യുടെ ശൈലി മനസ്സിലാക്കിയ ആര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെടും. തറാവീഹിന്റെ ശേഷമാണല്ലോ വിത്‌റ് നിസ്‌കരിക്കാറുള്ളത്. ഇതിലേക്കു സൂചന നല്‍കി തറാവീഹിന്റെ ഹദീസ് പറഞ്ഞതിന് ശേഷം വിത്‌റിന്റെ ഹദീസ് കൊണ്ടുവന്നു. കിതാബു തറാവീഹില്‍ ആഇശ ﵂ യുടെ ഹദീസ് കൊണ്ടുവന്നതിനാല്‍ ഈ ഹദീസ് കൊണ്ടുള്ള ഉദ്ദേശ്യം തറാവീഹാണെന്ന് ബുഖാരിയുടെ പ്രമാണികനായ ഏതെങ്കിലുമൊരു ശാരിഹ് പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതായിരുന്നു മുജാഹിദുകള്‍ ഉന്നയിക്കേണ്ടത്.
ചുരുക്കത്തില്‍, ആഇശ ബീവി ﵂ യുടെ ഹദീസില്‍ പരാമര്‍ശിച്ച പതിനൊന്ന് റക്അത്ത് നിസ്‌കാരം വിതറാണെന്നു വ്യക്തം, റമളാനിലെ പ്രത്യേക നിസ്‌കാരമായ തറാവീഹ് ഇരുപത് റക്അത്താണെന്നതില്‍ തര്‍ക്കത്തിന് അവസരമേയില്ല