അല്ലാഹുവിന് തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്. അതായത് അല്ലാഹുവിന്റെ
വിശേഷണങ്ങളെയോ അവൻ ഇഷ്‌ടപ്പെടുന്ന സത്ക്കർമ്മങ്ങളെയോ അല്ലാഹുവിൻ്റെ ഇഷ്‌ടപാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ സ്വാലിഹീങ്ങൾ തുടങ്ങിയ മഹത്തുക്കളെയോ മുൻനിറുത്തി പ്രാർത്ഥിക്കുക.
ഇമാം ബൈളാവി ﵀ പറയുന്നു:
تقْدِيمَ الوَسِيلَةِ عَلَى طَلَبِ الحَاجَةِ أَدْعَى إِلَى الاجابة (بيضاوى)
ആവശ്യങ്ങൾ തേടുന്ന സമയത്ത് വസീല മുൻനിർത്തൽ ഉത്തരം ലഭിക്കാൻ ഏറ്റവും സഹായകമാണ് (ബൈളാവി).
അല്ലാഹു പറയുന്നു:
ياايها الذينَ آمَنُوا اتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الوَسِيلَةَ (مائدة ٣٥)
സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളുവീൻ. നിങ്ങൾ അവനിലേക്ക് വസീല തേടുകയും ചെയ്യുവീൻ. (സൂറത്തുൽ മാഇദ, 2: 35)
അപ്പോൾ അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങിയവരെ മുൻനിർത്തി പ്രാർത്ഥിക്കൽ സുകൃതവും പ്രബല ഹദീസുകളാൽ സ്ഥിരപ്പെട്ടതുമാകുന്നു. തവസ്സുൽ ജീവിച്ചിരിക്കുന്ന വ്യക്തിയോടു മാത്രമേ പറ്റൂ, അല്ലാത്തവരോട് പാടില്ല എന്ന ബിദഈ വാദത്തിന് മറുപടിയാണ് ആദം നബി (അ) വരാൻപോകുന്ന നബി ﷺ യെ തവസ്സുലാക്കിയ സംഭവം.
عَنْ عُمَرَ رَضِي اللَّهُ عَنْهُ قَالَ: قَالَ رَسُو الله (ص) لَمَّا اقْتَرَفَ آدَمُ الخَطِيئَةَ قَالَ: يَا رَبِّ اسْؤلْكَ بِحَقِّ مُحَمَّدٍ لِمَا غَفَرْتَ لِي فَقَالَ اللَّهِ صَدَقْتَ يَا آدَمُ انَّهُ لَاحُبُّ الخَلْقِ إِلَيَّ أَدْعُنِي بِحَقِّهِ فَقَدْ غَفَرْتُ لَكَ وَلَوْلا مُحَمَّدٌ مَا خَلَقْتُكَ (الْمُسْتَدْرَكَ ٢ / ٢١٥)
ഉമർ ﵁ വിനെതൊട്ട് റിപ്പോർട്ട് ചെയ്യുന്നു: ആദം നബി ﵇ സ്വർഗ്ഗത്തിൽനിന്ന് പുറത്താക്കപ്പെട്ടപ്പോൾ തൗബ സ്വീകരിക്കാൻ വേണ്ടി നബി ﷺ തങ്ങളുടെ ഹഖ് കൊണ്ട് ഇടതേടിയപ്പോൾ അല്ലാഹു പറഞ്ഞു: എനിക്ക് ഏറ്റവും പ്രിയങ്കരനാണ് മുഹമ്മദ് നബി ﷺ. അവരുടെ ഹഖുകൊണ്ട് നീ ദുആ ചെയ്തു. ആയതിനാൽ നിനക്ക് ഞാൻ പൊറുത്ത് തന്നിരിക്കുന്നു (മുസ്തദ്റക് 2/615).
മറ്റൊരു ഹദീസിൽ കാണാം.
عن انَسِ بْنِ مَالِكِ (ر) أَنْ عُمَرَ بْنَ الْخَطَّابِ (ر) كَانَ إِذَا قطوا اسْتَسْقَى بِالْعَبَّاسِ بْنِ عَبْدِ الْمُطَّلِبَ (ر) فَقَالَ اللهُمَّ إِنَّا كُنَّا نَتَوَسَّلُ إِلَيْكَ بِنَبِيِّنَا (ص) فَتَسَقِينَا وَإِنَّا نتوسلُ أَلَيْكَ بِعَمْ نَبِيِّنَا (ص) فَاسْقِنَا قَالَ فَيُسْقَوْنَ (بخاری)
ഉമർ ﵁ ജലക്ഷാമം നേരിട്ടപ്പോൾ അബ്ബാസ് ﵁ വിനെ തവസ്സുലാക്കി ഇപ്രകാരം ദുആ ചെയ്തു. അല്ലാഹുവേ, ഞങ്ങൾ നബിതങ്ങളെ മുൻനിർത്തി പ്രാർത്ഥിക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ ഞങ്ങൾക്ക് മഴ ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നബി ﷺ യുടെ പിതൃവ്യനെ തവസ്സുലാക്കി നിന്നോട് ചോദിക്കുന്നു. ഞങ്ങൾക്ക് മഴ നൽകേണമേ. അപ്പോൾ അവർക്ക് മഴ നൽകപ്പെട്ടു (ബുഖാരി)
ഈ ഹദീസ് തവസ്സുൽ നിഷേധികളുടെ കണ്ഠകോടാലിയാണ്. സ്വഹാബാക്കളെല്ലാം അംഗീകരിച്ച ഈ തവസ്സുലിനെ ഉമർ ﵁ അബ്ബാസ് ﵁ വിനോട് പ്രാർത്ഥിക്കാൻ പറഞ്ഞു എന്ന് തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. എന്നാൽ ഇവിടെ ദുആ ചെയ്യുന്നത് ഉമർ ﵁ വാണ്. അബ്ബാസ് ﵁ അല്ല. ഉമർ ﵁ അബ്ബാസ് ﵁ വിനെകൊണ്ട് മാത്രമല്ല ഇവിടെ തവസ്സുൽ ചെയ്യുന്നത്. പ്രത്യുത നബി ﷺ യുടെ പിതൃവ്യനെകൊണ്ട് ഞങ്ങൾ തവസ്സുൽ ചെയ്യുന്നുവെന്നാണ് പറഞ്ഞത്. അപ്പോൾ വഫാത്തായ നബി ﷺ തങ്ങളെതന്നെയാണ് പ്രഥമമായി തവസ്സുലിൽ പരിഗണിക്കുന്നത്. ഇങ്ങിനെ ധാരാളം ഹദീസുകൾ തവസ്സുലിന് തെളിവായിട്ടുണ്ട്. തവസ്സുൽ ശിർക്കാക്കൽ നബി ﷺ തങ്ങളെയും സ്വഹാബത്തിനെയും മുശ്രിക്കാക്കുന്നതു പോലെയാണ്.