മുസ്‌ലിം സമൂഹത്തിനിടയിൽ പലപ്പോഴും അഭിപ്രായ ഭിന്നതകളും വിവാദങ്ങളുമുണ്ടാകുന്ന വിഷയമാണ് മാസപ്പിറവി. സമീപകാലങ്ങളിലും കേരളത്തിലെ പണ്ഡിതന്മാർക്കിടയിൽ നടന്ന സംവാദങ്ങൾ സുപരിചിതമാണല്ലോ. ഇത്തരം സങ്കീർണ്ണമായ വിഷയങ്ങളിൽ തീർപ്പുകൽപ്പിക്കാൻ ജനങ്ങൾ പ്രഗൽഭ ഖാളിമാരെ സമീപിക്കാറുണ്ട്. അത്തരത്തിൽ കേരളത്തിലെ വളരെ പഴക്കം ചെന്ന (ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ്) സംശയനിവാരണമാണ് താഴെ നൽകിയിട്ടുള്ളത്. അക്കാലത്തെ പ്രഗത്ഭ കർമശാസ്ത്ര പണ്ഡിതനും ഉമർ ഖാദിയുടെ ശിഷ്യനുമായ കോഴിക്കോട് അപ്പാണി കുഞ്ഞാമുട്ടി ഹാജിക്ക് ഹിജ്റ വർഷം 1250 (AD 1835) റമളാൻ 24 വെള്ളിയാഴ്ച പന്തലായനി കൊല്ലം തുറമുഖത്തുനിന്നും എഴുതപ്പെട്ട കത്തിലെ ചോദ്യം ഇങ്ങനെ സംഗ്രഹിക്കാം.
‘ കോഴിക്കോടുള്ള ഒരാൾ താൻ തിങ്കളാഴ്ച രാത്രി റമളാന്റെ മാസപ്പിറവി ദർശിച്ചതായും അക്കാര്യം കോഴിക്കോട്ടെ ഖാളിയുടെ അടുക്കൽ സാക്ഷ്യപ്പെടുത്തിയെന്നും കൊയിലാണ്ടി സ്വദേശിയായ ഒരാൾക്ക് കത്തെഴുതി. കത്ത് വായിച്ച കൊയിലാണ്ടിക്കാരനാകട്ടെ, നഗാര മണിയടിച്ചും കദിന പൊട്ടിച്ചും ഈ വിവരം നാട്ടുകാരെ അറിയിച്ചു. അപ്പോൾ ഈ വാർത്തയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി നിവാസികളുടെയും അവിടുത്തെ ഖാളിയുടെയും മേൽ നോമ്പ് നിർബന്ധമാകുമോ ? അതോ അനുവദനീയമാണോ ? നോമ്പിന്റെ വിഷയത്തിൽ അവനെ അവലംബിക്കൽ നിർബന്ധമാകുമോ ? ഇതേ സന്ദേശം ഒരു ഖാളി മറ്റൊരു ഖാളിക്കെഴുതുന്നതും തമ്മിൽ വ്യത്യാസമുണ്ടോ ? ‘ തുടങ്ങിയവയാണ് കത്തിലെ സംശയങ്ങൾ. കത്തിന്റെ വലതുഭാഗത്തായി ഈ വിഷയവുമായി ബന്ധപ്പെട്ട ഫത്ഹുൽ മുഈനിന്റെയും ഇഖ്നാഇന്റെയും ഉദ്ധരണികൾ കാണാം. മേൽ വിവരണത്തിൽ നിന്നും ചോദ്യകർത്താവാരെന്ന് വ്യക്തമല്ല. എന്നാൽ കത്തിന്റെ ഒരു മൂലയിലായി ഖാളി അബ്ദുറഹ്മാൻ ബ്നു കുട്ടി ശൈഖ് മുസ്‌ലിയാർ ഹമദാനിയെന്ന് ചെരിച്ച് എഴുതിയതായി കാണാം.
ഇതിന് അപ്പാണി കുഞ്ഞാമുട്ടി ഹാജി (വഫാത്ത് 1870) നൽകിയ മറുപടിയുടെ പ്രസക്തഭാഗം ഇങ്ങനെ : “പ്രസ്തുത കത്തിന്റെ വിശ്വാസ്യതയിൽ ഉറപ്പുള്ളവന് മാത്രം അതനുസരിച്ച് സ്വജീവിതത്തിൽ പ്രവർത്തിക്കാം. അവന്റെ മേൽ അത് നിർബന്ധവുമല്ല. ഖാളിയിൽ നിന്നുള്ള കത്തും അല്ലാത്തവരിൽ നിന്നുള്ള കത്തും തമ്മിൽ (ഇക്കാര്യത്തിൽ) വ്യത്യാസമില്ല. ചുരുക്കി പറഞ്ഞാൽ അവരുടെ മേൽ നോമ്പ് നിർബന്ധമാവില്ല എന്നു മാത്രമല്ല, ആ എഴുത്തനുസരിച്ചും വിളംബരമനുസരിച്ചും അവർക്ക് നോമ്പനുഷ്ഠിക്കൽ അനുവദനീയവുമല്ല എന്നതാണ് സ്പഷ്ടം. പരിഗണനീയമായ ഇൻഹാഇന്റെ (الإنهاء) വെളിച്ചത്തിലോ അല്ലെങ്കിൽ അനിഷേധ്യമായ വാർത്ത (الخبر المتواتر) കൊണ്ടോ സ്ഥിരപ്പെട്ടാലൊഴികെ നോമ്പിന്റെ വിഷയത്തിൽ അവനെ അവലംബിക്കൽ അവർക്ക് നിർബന്ധമാകുകയില്ല. ഇതാണ് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളുടെ ഇബാറത്തുകളിൽ നിന്ന് എനിക്ക് മനസ്സിലായത്. അല്ലാഹു അഅലം.”