നാം നിത്യേന കേൾക്കുന്ന ഒരു പ്രയോഗമാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത്. എന്താണ് ഈ പദത്തിന്റെ അർത്ഥം?. തിരുനബി ﷺ യുടെ കാലത്ത് ഇങ്ങനെ പ്രയോഗിക്കപ്പെട്ടിരുന്നോ?. ഇല്ലെങ്കിൽ അതിന്റെ ആവിർഭാവം എപ്പോഴായിരുന്നു?. ആരാണ് സുന്നത്ത് ജമാഅത്തിന്റെ യഥാർത്ഥ വക്താക്കൾ? തുടങ്ങി ഒട്ടനേകം ചർച്ചകൾ ഇവ്വിഷയകമായി ഉയർന്നു വരാറുണ്ട്.
സുന്നത്ത്, ജമാഅത് എന്നീ പദങ്ങൾ കൂടിച്ചേർന്നതാണ് സുന്നത്ത് ജമാഅത്ത്.
ചര്യ എന്നാണ് സുന്നത്തിന്റെ ഭാഷാർത്ഥം. വാക്കാലോ പ്രവർത്തിയാലോ മൗനാനു വാദത്താലോ തിരുനബി അംഗീകരിച്ച ചര്യകളാണ് സാങ്കേതികപരമായി സുന്നത്ത്. സംഘം, കൂട്ടം എന്നാണ് ജമാഅതിന്റെ അർത്ഥം. സ്വഹാബികളാണ് ആ സംഘമെന്നും അതല്ല പണ്ഡിതന്മാരാണെന്നും അവരെ പിൻപറ്റി ജീവിക്കുന്നവരാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്.
ഇരുപദങ്ങളും ഖുർആനിലും ഹദീസിലും പരാമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവ രണ്ടും ലോപിച്ചുണ്ടായ സുന്നത്ത് ജമാഅത്ത് എന്ന പ്രയോഗം മൂന്നാം ഖലീഫ ഉസ്മാൻ ﵁ ന്റെ ഭരണകാലത്താണ് പ്രചാരത്തിൽ വന്നത്. രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് ഭരണ അസ്ഥിരതയുണ്ടാക്കാനും ഒന്നായി കഴിഞ്ഞിരുന്ന മുസ്‌ലിംകളെ ഭിന്നിപ്പിക്കാനും ശ്രമിച്ച അബ്ദുല്ലാഹി ബ്നു സബഇന്റെ വിഭാഗത്തിൽ നിന്ന് യഥാർത്ഥ മുസ്‌ലിംകളെ
വേരിക്കാനാണ് ഇങ്ങനെ പ്രയോഗിക്കപ്പെട്ടത്.
തിരുനബി ﷺ ടെയും അനുചരന്മാരുടെ പാത പിന്തുടർന്നവർ എന്നാണ് സുന്നത്ത് ജമാഅത്തിന്റെ ഉദ്ദേശം. “ജൂതന്മാർ എഴുപത്തി മൂന്ന് വിഭാഗങ്ങളായത് പോലെ എന്റെ സമുദായവും ഭിന്നിക്കും. അവരിൽ ഒന്നൊഴികെ എല്ലാ വിഭാഗങ്ങളും നരകത്തിലാണ്”. ഒരിക്കൽ നബി ﷺ സ്വഹാബികളോട് പറഞ്ഞു. “അതാരാണ്?” . അവർ ചോദിച്ചു. “ഞാനും എന്റെ സ്വഹാബികളും സഞ്ചരിച്ച മാർഗം തെരഞ്ഞെടുത്തവർ”. അവിടുന്ന് പ്രതികരിച്ചു. തിരുനബി ﷺ വിശേഷിപ്പിച്ച ആ വിഭാഗമാണ് സുന്നത്ത് ജമാഅത്ത്.
മറ്റൊരു ഹദീസിൽ കാണാം: എന്റെ ശേഷം നിങ്ങൾ ജീവിക്കുകയാണെങ്കിൽ നിങ്ങൾ ധാരാളം ഭിന്നതകൾ ദർശിക്കും. അപ്പോൾ എന്റെയും നാല് ഖലീഫമാരുടെയും ചര്യകൾ മുറുകെ പിടിക്കുക”(അബൂദാവൂദ്).
അബ്ദുല്ലാഹി ബ്നു സബഅ് ആയിരുന്നു
മുസ്‌ലിംകൾക്കിടയിലെ ആദ്യ ഭിന്നിപ്പിന് വിത്ത് പാകിയത്. ജൂതനായിരുന്നു അയാൾ. ഗൂഡ ലക്ഷ്യവുമായാണ് അയാൾ ഇസ്‌ലാം സ്വീകരിച്ചത്. തുടർന്ന് നവീന വാദങ്ങൾ ഉന്നയിച്ച് വിശ്വാസികൾക്കിടയിൽ സംഘർഷങ്ങൾ സൃഷ്ടിച്ചു. അവയുടെ സ്വാധീന ഫലമായാണ് പിൽക്കാലത്ത് ശീഇസം രൂപപ്പെട്ടത്. ഇക്കാരണത്താൽ തന്നെ ശീഇകൾ അയാളുടെ ചരിത്ര സാധുത നിഷേധിക്കാറുണ്ട്.
ഇബ്നു സീരീൻ(റ) പറയുന്നു: ഉസ്മാൻ(റ)ന്റെ വധം നടക്കുന്നതിന് മുമ്പ് ആരും ഹദീസുകളുടെ നിവേദക പരമ്പര അന്വഷിക്കാറുണ്ടായിരുന്നില്ല. ശേഷം, നിവേദകരുടെ നാമങ്ങൾ പരിശോധനാ വിധേയമാക്കി ‘അഹ്‌ലുസ്സുന്ന’യുടെ ആളുകളിൽ നിന്ന് മാത്രമാണ് ഹദീസുകൾ സ്വീകരിച്ചിരുന്നത്. നവീന വാദികളുടെത് അവഗണിക്കുകയും ചെയ്തു”.
“സുന്നത്ത് ജമാഅത്തിന്റെ ആളുകളാണ്
വിചാരണാ വേളയിൽ മുഖം വെളുത്തവർ. അന്നേ ദിനം ബിദഇകളുടെ മുഖം കറുത്തിരുണ്ടതായിരിക്കും” എന്നാണ്
വിശുദ്ധ ഖുർആനിലെ മൂന്നാം അധ്യായത്തിലെ ആറാം സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) രേഖപ്പെടുത്തിയിട്ടുള്ളത്.