മധ്യ ധാക്കയിലെ ഷാബാഗ് ചത്വരം. ബംഗ്ലാദേശ് ചരിത്രത്തിലെ നിണായകമായ നിരവധി സംഭവവികാസങ്ങൾക്ക് സാക്ഷിയായ ഇടം. ഭാഷാ പ്രസ്ഥാനം ജനിച്ചുവീണത് ഇവിടെയാണ്. രാജ്യത്തിന്റെ പിറവിയിലേക്ക് നയിച്ച വിമോചന പോരാട്ടം തുടങ്ങിയത് ഇവിടെ നിന്നാണ്. ശൈഖ് മുജീബുർറഹ്മാനെ ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായി മാറ്റിയ പോരാട്ടത്തിന്റെ പ്രതീകമാണ് ഷാബാഗ് ചത്വരം. ഈ മേഖലക്കടുത്താണ് പാക്കിസ്ഥാൻ സൈന്യത്തിന്റെ കീഴടങ്ങൽ ചടങ്ങ് നടന്നത്. പാക്കിസ്ഥാനിൽ നിന്ന് വേർപെട്ട് സ്വതന്ത്ര രാഷ്ട്രമായിത്തീർന്ന ബംഗ്ലാദേശിന്റെ ചരിത്രത്തിലുടനീളം ചോര പടർത്തി കിടക്കുന്ന ആഭ്യന്തര സംഘർഷങ്ങളുടെയും കൊലവിളികളുടെയും പ്രതീകം കൂടിയാണ് ഇത്.
മുജീബുർറഹ്മാനെ കൊന്നു തള്ളിയപ്പോൾ മണ്ണിൽ വീണ ചോരക്കും കണ്ണീരിനും, മനസ്സിൽ നിറഞ്ഞ വേദനക്കും രോഷത്തിനും പകക്കുമെല്ലാം സാക്ഷിയാണ് ഈ ചത്വരം. ഈജിപ്തിലെ തഹ്‌രീർ പോലെ, ചൈനയിലെ ടിയാൻമെൻ പോലെ ബഹ്റൈനിലെ മുത്ത് ചത്വരം പോലെ ഷാബാഗ് പ്രദേശം ചരിത്രത്തിനും വർത്തമാനത്തിനുമിടക്കുള്ള കണ്ണിയായി നിലകൊള്ളുന്നു. എല്ലാ രാജ്യങ്ങളിലും ഇത്തരം ചരിത്ര സാക്ഷികളുണ്ട്. മനുഷ്യൻ സാമൂഹിക ജീവിയും രാഷ്ട്രീയ ജീവിയുമാണെന്നതിന്റെ തെളിവാണ് ഈ ചത്വരങ്ങൾ
2013ലെ പ്രക്ഷോഭഭരിതമായ ബംഗ്ലാദേശിന്റെ നേർക്കാഴ്ചയായിരുന്നു ഷാബാഗ് ചത്വരം. രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതുമെന്ന പ്രഖ്യാപനങ്ങളാണ് അവിടെ മുഴങ്ങുന്നത്. ആയിരങ്ങൾ ഇരച്ചെത്തുന്നു. 30 വയസ്സിന് താഴെയുള്ള യുവാക്കളാണ് ചത്വരത്തിൽ തമ്പടിച്ചിരിക്കുന്നത്. എന്നുവെച്ചാൽ 1971ലെ സ്വാതന്ത്ര്യ സമരവും യുദ്ധവും അവർ അനുഭവിച്ചിട്ടില്ല. രാജ്യത്തെ ജനാധിപത്യ സംവിധാനം അപകടത്തിലായ പട്ടാള അട്ടിമറിയുടെ നാളുകളെക്കുറിച്ച് മങ്ങിയ ഓർമകൾ മാത്രമേ അവർക്കുള്ളൂ. അവർക്ക് കൃത്യമായ കക്ഷി രാഷ്ട്രീയമില്ല. പ്രത്യയശാസ്ത്ര ബാധ്യതകളില്ല. വലിയ ചരിത്ര ബോധമില്ല. ഈ കുത്തിയിരിപ്പിന് ശരിയായ നേതൃത്വവുമില്ല. ഫേസ്ബുക്ക് പോലുള്ള ഇന്റർനെറ്റ് കൂട്ടായ്മകളാണ് അവരെ ചത്വരത്തിലേക്ക് ആകർഷിച്ചിരിക്കുന്നത്.
ലോകത്താകെ നടക്കുന്ന പ്രക്ഷോഭങ്ങൾ അവരെ പ്രചോദിപ്പിക്കുന്നുണ്ട്. ആക്ടിവിസത്തിന്റെ പുതിയ പാഠങ്ങളാണ് അവരെ നയിക്കുന്നത്. തഹ്‌രീർ ചത്വരമാണ് അവരുടെ ഏറ്റവും വലിയ മാതൃക. ബംഗാളി സമൂഹത്തിന്റെ മുഖമുദ്രയായ സാംസ്കാരിക പ്രവർത്തനങ്ങളുടെ എല്ലാ സാധ്യതകളും അവർ ഉപയോഗിക്കുന്നു. അവർ പടപ്പാട്ടുകൾ പാടുന്നു. തെരുവ് നാടകങ്ങൾ അരങ്ങേറുന്നു. മുദ്രാവാക്യങ്ങൾ വിളിക്കുന്നു. പരുക്കൻ വാദ്യോപകരണങ്ങൾ മുഴക്കുന്നു. ഉച്ചത്തിൽ കവിതകൾ ചൊല്ലുന്നു. ആഘോഷത്തിന്റെ ചട്ടക്കൂട് കൈവരിച്ച പ്രക്ഷോഭം, ഷാബാഗ് മുന്നേറ്റത്തിന് പക്ഷേ, കൃത്യമായ ലക്ഷ്യങ്ങളുണ്ട്. ഒന്ന്, അബ്ദുൽ ഖാദർ മൊല്ലയെ തൂക്കിലേറ്റണം. രണ്ട്: ജമാഅത്തെ ഇസ്‌ലാമി നിരോധിക്കണം. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ സമുന്നതനായ നേതാവാണ് ഖാദർ മൊല്ല. ഫെബ്രുവരി അഞ്ചിന് യുദ്ധക്കുറ്റ ട്രൈബ്യൂണൽ മൊല്ലക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 1971ലെ സ്വാതന്ത്ര്യ പോരാട്ടത്തിനിടെ പാക് പക്ഷം ചേർന്ന് നടത്തിയ ക്രൂരമായ കൊലപാതകങ്ങളുടെയും ബലാത്സംഗങ്ങളുടെയും പേരിലാണ് മൊല്ലയെ ട്രൈബ്യൂണൽ ശിക്ഷിച്ചിരിക്കുന്നത്.
വിഭജനത്തിന് ജമാഅത്തെ ഇസ്‌ലാമി എതിരായിരുന്നു. ബംഗ്ലാദേശ് കാൽപ്പനികമായ സ്വപ്നമാണെന്ന് സംഘടന വാദിച്ചു. ബംഗ്ലാദേശ് ഉൾക്കൊള്ളുന്ന ഭൂവിഭാഗം പാക്കിസ്ഥാന്റെ അവിഭാജ്യ ഘടക മായി നിലകൊള്ളണമെന്ന് അവർ ശഠിച്ചു. ഭാഷാപരമായ സ്വത്വത്തിനപ്പുറം പാക്കിസ്ഥാനുമായി ചേർന്ന് നിൽക്കുന്നതിനാണ് കാരണങ്ങൾ ഏറെയുള്ളതെന്ന് അവർ പ്രചരിപ്പിച്ചു. ആശയപരമായ പ്രചാരണത്തിൽ ഒതുങ്ങിയില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ കുലംകുത്തൽ. അതിന്റെ അടിസ്ഥാനപരമായ സ്വഭാവം പുറത്തെടുക്കുക തന്നെ ചെയ്തു. ആയുധമെടുത്തും ആളെ കൊന്നും രാഷ്ട്രീയത്തിലിടപെടുകയെന്ന പ്രായോഗിക രാഷ്ട്രീയമായിരുന്നു പാക് ജമാഅത്തെ ഇസ്‌ലാമിയുടെ ജനിതക സ്വഭാവം. ബംഗ്ലാ സ്വാതന്ത്ര്യ യുദ്ധത്തിന് ഇന്ത്യ നൽകിയ പിന്തുണ ചൂണ്ടിക്കാട്ടി സായുധപക്ഷം ചേരലിന് ആശയാടിത്തറ സൃഷ്ടിക്കാൻ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചു. എട്ട് മാസം നീണ്ടുനിന്ന യുദ്ധത്തിനിടെ 30 ലക്ഷം സിവിലിയൻമാർ കൊല്ലപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരിക്കുന്നത്. ബലാത്സംഗ പരമ്പരകൾ തന്നെ നടന്നു. സ്ത്രീയെ അപമാനിക്കുകയെന്നത് ഒരു ജനതയെ അപമാനിക്കുന്നതിനുള്ള കുറുക്കുവഴിയാണല്ലോ. ഈ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ സ്വതന്ത്ര ബംഗ്ലാദേശ് 1973ൽ തന്നെ ഇന്റർനാഷനൽ വാർ ക്രൈംസ് ട്രൈബ്യൂണൽ ആക്ട് പാസ്സാക്കി. പക്ഷേ, സ്വാതന്ത്ര്യാനന്തരം നടന്ന രൂക്ഷമായ ആഭ്യന്തര സംഘർഷങ്ങൾക്കിടയിൽ
ട്രൈബ്യൂണൽ മുങ്ങിപ്പോയി. 1975ൽ ശൈഖ് മുജീബുർറഹ്മാൻ വധിക്കപ്പെട്ടു. ഭരണം സൈനിക മേധാവികളുടെ കൈകളിലേക്ക് വഴുതിയതോടെ യുദ്ധക്കുറ്റവാളികൾ പൊതു സമൂഹത്തിന്റെ ഭാഗമായി. അവർക്ക് മാന്യമായ രാഷ്ട്രീയ സ്ഥാനങ്ങൾ ലഭിച്ചു. 1973ൽ ഔദ്യോഗികമായി നിലവിൽ വന്ന ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നിയമപരമായി അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടിയായി മാറി. ഇന്ന് പ്രധാന പ്രതിപക്ഷ സഖ്യമായ ബി എൻ പിയുടെ നിർണായക ഘടക കക്ഷിയാണ് ജമാഅത്തെ ഇസ്‌ലാമി. 2001 മുതൽ 2006 വരെ ഇവർ ഭരിച്ചു. സ്വയം റദ്ദാക്കി അതത് കാലത്ത് രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ വല്ലാത്ത മെയ് വഴക്കമാണല്ലാ ജമാഅത്തെ ഇസ്‌ലാമിക്ക്.
2008ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയതോടെ ചിത്രം മാറി. യുദ്ധക്കുറ്റവാളികളെ ശിക്ഷിക്കുമെന്നത് ഹസീനയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. സ്വന്തം പിതാവിന്റെ സ്വപ്നങ്ങൾക്കുമേൽ മരണം വിതച്ചവരോടുള്ള പ്രതികാരമാണ് അവർക്ക് ഇത്. രാഷ്ട്രത്തിൽ നിന്ന് വ്യക്തിയിലേക്കുള്ള ചുരുങ്ങൽ. പക്ഷേ, രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളേയും ഇത് ബോധ്യപ്പെടുത്താൻ ഹസീനക്ക് കഴിഞ്ഞുവെന്നതിലാണ് അവരുടെ വിജയം. അവാമി ലീഗ് സർക്കാർ രണ്ട് യുദ്ധകുറ്റ ട്രൈബ്യൂണൽ രൂപവത്കരിച്ചു. ഒന്ന് 2010ൽ. രണ്ടാമത്തേത് 2012ൽ. ഇതിൽ ആദ്യത്തെ ട്രൈബ്യൂണലാണ് അബ്ദുൽ ഖാദർ മൊല്ലക്കും കൂട്ടാളികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഈ ശിക്ഷ പോരെന്നാണ് ഷാബാഗിൽ ഉയരുന്ന മുദ്രാവാക്യം. “മൊല്ലയെ തൂക്കിലേറ്റുക, ജമാഅ ത്തെ ഇസ്‌ലാമി നിരോധിക്കുക”എന്നാണ് യുവാക്കൾ ആർത്തുവിളിക്കുന്നത്. പ്രക്ഷോഭം രാജ്യത്താകെ പടരുമ്പോൾ ജമാഅത്തും കൂട്ടാളികളും അക്രമാസക്ത പ്രതിരോധം തുടങ്ങിയിട്ടുണ്ട്. സംഘടന പ്രഖ്യാപിച്ച ബന്ദ് ജനജീവിതം സ്തംഭിപ്പിച്ചു. പലയിടത്തും അക്രമം പൊട്ടിപ്പുറപ്പെട്ടു. ആയിരക്കണക്കിനാളുകൾക്ക് പരുക്കേറ്റു. പ്രക്ഷോഭത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന സുപ്രസിദ്ധ ബ്ലോഗർ അഹ്മദ് റജീബ് ഹൈദർ കൊല്ലപ്പെട്ടത് രാജ്യത്തെ ഞെട്ടിച്ചു. ഹൈദറിന്റെ രക്തസാക്ഷിത്വം പ്രക്ഷോഭകർക്ക് കൂടുതൽ ഊർജം പകർന്നിരിക്കുന്നു. സർക്കാറാകട്ടെ പ്രക്ഷോഭത്തെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ്. ഞാൻ ഇവിടെയാണെങ്കിലും എന്റെ ഹൃദയം ഷാബാഗിലാണെന്ന് ശൈഖ് ഹസീന പാർലിമെന്റിൽ പ്രഖ്യാപിച്ചത് വെറുതെയല്ല. തന്റെ രാഷ്ട്രീയ ഭാവി ഈ യുവാക്കളിലാണെന്ന് ഹസീനക്കറിയാം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയം ആ വർത്തിക്കാനുള്ള മുതൽ മുടക്കായി തന്നെയാകാം അവർ പ്രക്ഷോഭത്തെ
കാണുന്നത്.
1973ലെ ട്രൈബ്യൂണൽ ആക്ട് ഭേദഗതി ചെയ്യാനുള്ള നടപടി ക്രമങ്ങൾ സർക്കാർ പൂർത്തിയാക്കിക്കഴിഞ്ഞു. ഇതോടെ അബ്ദുൽ ഖാദർ മൊല്ലക്ക് വധശിക്ഷ നൽകണമെന്ന് അപ്പീലിലൂടെ ആവശ്യപ്പെടാൻ ഹസീന സർക്കാറിന് സാധിക്കും. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കാനുമാകും. ട്രൈബ്യൂണൽ വിധിയെ സ്വാധീനിക്കാനുള്ള തന്ത്രമാണ് പ്രക്ഷോഭമെന്നും സ്റ്റേറ്റ് സ്പോൺസേർഡ് പരിപാടിയാണ് ധാക്കയിൽ നടക്കുന്നതെന്നും ജമാഅത്തെ ഇസ്‌ലാമി ആരോപിക്കുന്നു. സംഘടന നിരോധിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അവർ ഭീഷണി മുഴക്കുന്നു. വർഷക്കണക്കുകൾ നിരത്തി ദുർബലമായ ന്യായീകരണവും സംഘടന നടത്തുന്നുണ്ട്. 1971ൽ പാക് പക്ഷം ചേർന്നത് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയല്ലെന്നതാണ് വാദം. അന്ന് പാക് ജമാ അത്തെ ഇസ്‌ലായേ ഉള്ളൂ. ആ സംഘടനയുടെ സ്വാഭാവികമായ നിലപാടായിരിക്കുമല്ലോ വിഭജന വിരുദ്ധത. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി രൂപവത്കൃതമാകുന്നത് 1973 ലാണ്. അതിന് ശേഷം ബംഗ്ലാദേശിന്റെ രാഷ്ട്രീയ സാമൂഹിക ഘടനയിൽ ക്രിയാത്മകമായ സാന്നിധ്യമായിരുന്നു സംഘടനയെന്നും ജമാഅത്തെ ഇസ്‌ലാമി നേതാക്കൾ അവകാശപ്പെടുന്നു. എന്നാൽ, സത്യമെന്താണ്?. ഏഷ്യൻ വൻകരയിലെ ഏറ്റവും അപകടകരമായ മതാധിഷ്ഠിത രാഷ്ട്രീയ സംഘടനയായി വളർന്ന ജമാഅത്തെ ഇസ്‌ലാമി പലയിടങ്ങളിൽ പല വേഷം ധരിക്കുമ്പോഴും അടിസ്ഥാനപരമായി അവ ഒന്നു തന്നെയാണ്. ഭിന്ന ഭാവങ്ങൾ നിലനിൽപ്പിനായുള്ള തട്ടിപ്പുകൾ മാത്രമാണ്.
1941 ആഗസ്റ്റ് 26ന് അബുൽ അഅ്ലാ മൗദൂദി രൂപം നൽകിയ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആണ് സത്യം. 1947ലെ ഇന്ത്യൻ, പാക്കിസ്ഥാൻ ജമാഅത്തെ ഇസ്‌ലാമി വിഭജനവും 1973ലെ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി രൂപവത്കരണവും സാങ്കേതികമായ ക്രമീകരണങ്ങൾ മാത്രമായിരുന്നു. കേരളത്തിൽ രാഷ്ട്രീയ പ്രവേശത്തിനും സർക്കാർ ഉദ്യോഗങ്ങളിൽ കയറിപ്പറ്റാനും ഇതൊന്നുമല്ലാത്ത ഹ്രസ്വകാല ലക്ഷ്യങ്ങൾക്കുമായി മൗദൂദിയെ തള്ളിപ്പറയുമ്പോഴും ഒരു ജമാഅത്തുകാരനും ആ പ്രാദേശിക പത്രപ്രവർത്തകനെ ത്യജിക്കാനാകില്ല. മതരാഷ്ട്ര സംസ്ഥാപനത്തിനായി വിയർപ്പൊഴുക്കാതെ മൗദൂദിയുടെ മുസ്‌ലിമിന്റെ വിശ്വാസം പൂർത്തിയാകുന്നില്ല. ഹുകൂമത്തെ ഇലാഹിയാണ് വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം. ദീൻ എന്നതിന്റെ വിശാലാർഥം രാഷ്ട്രം എന്നാകുന്നു. ശരീഅത്ത് ആ രാഷ്ട്രത്തിന്റെ നിയമവ്യവസ്ഥയാണ്. ഇബാദത്ത് അനുസരണയാണ്. രാഷ്ട്രത്തിന്റെ നിയമങ്ങളോടുള്ള അനുസരണ. നി സ്കാരവും നോമ്പും ഹജ്ജും ഇസ്‌ലാമിക രാഷ്ട്ര സംസ്ഥാപനത്തിനുള്ള പരിശീലനങ്ങളാണ്. മതേതര രാഷ്ട്രത്തെ തള്ളിക്കളയേണ്ടതുണ്ട്. അതിന്റെ ഉപകരണങ്ങളായ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണം. അതിന്റെ ഉദ്യോഗങ്ങൾ സ്വീകരിക്കരുത്. അങ്ങനെ പോകുന്നു. മൗദൂദി സാഹിത്യം.
പുതിയ കാലത്ത് പറഞ്ഞു നിൽക്കാൻ സാധിക്കാത്തതുകൊണ്ട് കാശ്മീരിൽ ഒരു നയവും കേരളത്തിൽ മറ്റൊന്നുമായി ജമാഅത്ത് പല കോലങ്ങളിൽ അവതരിക്കുന്നു. നോക്കൂ, കേരളത്തിൽ എത്ര മതേതരവും ജനറലുമാണത്. മുഖ്യധാരയിലെ ഒരു കസേരയിടത്തിനായി ഇവിടെ ഏത് നീക്കുപോക്കിനും തയ്യാറാണ്. സത്യത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ എല്ലാ തീവ്രവാദ പ്രവണതകൾക്കു പിന്നിലും ജമാഅത്തെ ഇസ്‌ലാമിയോ അതിന്റെ ആശയ സഹോദരൻമാരോ ഉണ്ട്. ഏറ്റവും ഒടുവിൽ പാക്കിസ്ഥാനിലെ ശിയാ വിഭാഗത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്കു പിന്നിലും ജമാഅത്തെ ഇസ്‌ലാമിയാണ്. സുന്നി – ശിയാ സംഘട്ടനമായി മാധ്യമങ്ങൾ ഇവയെ അവതരിപ്പിക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന അർഥം വലിയ കള്ളത്തരമാണ്. അന്തർദേശീയ തലത്തിൽ ‘സുന്നി’ എന്ന പ്രയോഗം പ്രത്യേകം പഠനവിധേയമാക്കേണ്ടതാണ്. ആഗോള മാധ്യമങ്ങൾ ഉപയോഗിക്കുന്ന സുന്നി സംജ്ഞയിൽ ശിയാ ഇതര വിഭാഗങ്ങളെല്ലാം വരുന്നു. സത്യത്തിൽ ശിയാക്കളെയാണോ പുറത്ത് നിർത്തേണ്ടത്?
ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കുമെന്ന് തന്നെയാണ് ഏറ്റവും പുതിയ സൂചനകൾ കാണിക്കുന്നത്. പ്രക്ഷോഭകാരികൾ മുന്നോട്ട് വെക്കുന്ന ലിബറലിസവും സെക്യുലറിസവും പാശ്ചാത്യ ഇറക്കുമതികളാകാം. പക്ഷേ, ജമാത്ത് ഇസ്‌ലാമിയുടെ ആശയസംഹിത അവയേക്കാൾ അപകടകരമായതിനാൽ ഈ നിരോധത്തെ പിന്തുണക്കാ തിരിക്കാൻ മനുഷ്യസ്നേഹികൾക്ക് സാധിക്കില്ല.