Site-Logo
POST

ബർസൻജി മൗലിദും വൈലത്തൂർ ബാവ മുസ്‌ലിയാരുടെ ഹ്രസ്വ ആവിഷ്കാരവും

അബ്ദുൽ ഗഫൂർ സഖാഫി കാവനൂർ

|

12 Aug 2023

feature image

സമീപകാലത്ത് കേരളം കണ്ട ജ്ഞാന കുലപതിയായിരുന്നു മർഹൂം വൈലത്തൂർ ബാവ മുസ്‌ലിയാർ. ഗ്രന്ഥങ്ങളിലൂടെയാണല്ലോ പണ്ഡിതരുടെ വിജ്ഞാനത്തിന്റെ പ്രധാന നിലനിൽപ്. ഒരു പുരുഷായുസ്സ് മുഴുവൻ അറിവു നുകരാനും പകരാനുമായി ബാവ ഉസ്താദ് ചെലവിട്ടു. ഗ്രന്ഥരചന ജീവിത സപര്യയാക്കി. അമ്പതിലേറെ അറബി ഗ്രന്ഥങ്ങളും അഞ്ചിലധികം മലയാള കൃതികളും രചിച്ചു. അവയിൽ പദ്യങ്ങളും ഗദ്യങ്ങളുമുണ്ട്. മിക്ക വിജ്ഞാന ശാഖ കളിലും കനപ്പെട്ട ഗ്രന്ഥങ്ങൾ ഉസ്താദിന്റേതായുണ്ട്. മഹാനായ ശാലിയാത്തിക്കു ശേഷം ഇത്തരത്തിൽ രചനയുള്ള മറ്റൊരാൾ കേരളീയ പണ്ഡിതർക്കിടയിൽ ഉണ്ടാകാനിടയില്ല.

ഉസ്താദിന്റെ കൃതികളിൽ ശ്രദ്ധേയമായ വിഭാഗമാണ് മൗലിദ് ഗ്രന്ഥങ്ങൾ. മഹാത്മാക്കളുടെ പൊരുത്തവും അനുഗ്രഹവും കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആ രചനകൾ. അവരുടെ സ്മരണകളും സംഭാവനകളും ലോകത്തു നിലനിർത്താനും വരും തലമുറക്കു പരിചയിക്കാനും പകർത്താനും അതിലൂടെ സാധ്യമാവുകയും ചെയ്യും. ഉവൈസുൽ ഖറനി(റ), ഇമാം ശാഫിഈ(റ), ശൈഖ് ജീലാനി(റ), ശൈഖ് ദാവൂദുൽ ഹകീം(റ), മമ്പുറം തങ്ങൾ (ഖ.സി), ഖാസിം വലിയ്യുല്ലാഹി(ഖ.സി), ഒ.കെ ഉസ്താദ്(ന.മ) എന്നിവരുടെ മൗലിദുകൾ ബാവ ഉസ്താദ് രചിച്ചിട്ടുണ്ട്. ബർസൻജി മൗലിദിൽ ബൈതുകൾ ഉൾപ്പെടുത്തിയുള്ള അൽ അസ്‌ലുൽ മുൻജി ബിഖ്തിസ്വാരി മൗലിദിൽ ബർസഞ്ചി ഉസ്താദിന്റെ മൗലിദ് കൃതികളിൽ പല കാരണങ്ങളാൽ ഏറെ ശ്രദ്ധ നേടിയതാണ്.

ബർസൻജി കുടുബം

മദീനയിലെ സുപ്രസിദ്ധ അഹ്‌ലുബൈത്ത് കുടുംബമാണ് ബർസൻജികൾ. നിരവധി പണ്ഡിത നേതാക്കൾക്ക് ജന്മം നൽകിയ കുടുംബം. ഇറാഖിലെ അർറാൻ പ്രവിശ്യക്കടുത്ത ബർസൻജിലേക്ക് ചേർത്താണ് ആ പേരു വന്നത്. മൗലിദിന്റെ കർത്താവായ സയ്യിദ് ജഅ്ഫറു ബ്നു സയ്യിദ് ഹസനുൽ ബർസൻജിയുടെ പൂർവ പിതാക്കളിലൊരാളും ഔലിയാക്കളുടെ നേതാവുമായ അലി എന്നവരാണ് ബർസൻജ് എന്ന പ്രദേശം, റസൂൽ(സ്വ)യുടെ സ്വപ്നത്തിലൂടെയുള്ള നിർദേശ പ്രകാരം ജനവാസ കേന്ദ്രമാക്കിയതും ആത്മീയ ചൈതന്യം പകർന്നു സമ്പുഷ്ടമാക്കിയതും.

നബിയുടെ 34-ാം പൗത്രനായി സയ്യിദ് മൂസൽ കാളിം(റ) വഴിയായി ഹിജ്റ 1126 ദുൽഹിജ്ജ 5-ന് മദീനാ ശരീഫ ൽ ശൈഖ് ബർസൻജി(റ) ജനിച്ചു. മാതാപിതാക്കളുടെ ശിക്ഷണത്തിൽ വളർന്നു. മക്കയിൽ അഞ്ചുവർഷം പഠനം നടത്തി. ശൈഖ് ഇസ്മാഈലുൽ യമനിയിൽ നിന്ന് ഖുർആനും ശൈഖ് യൂസുഫുസ്സഈദിയിൽ നിന്ന് തജ് വീദും പഠിച്ചു. സയ്യിദ് അത്തിയ്യത്തുല്ലാഹിൽ ഹിന്ദി, ശൈഖ് യൂസുഫുൽ കുർദി, ശൈഖ് അബ്ദുല്ലാഹി ശബ്റാവി, സയ്യിദ് മുസ്ത്വഫൽ ബക്‌രി തുടങ്ങിയവരിൽ നിന്ന് വിജ്ഞാനം നുകർന്നു.

നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. ജാലിയതുൽ കുറബ് ബി അസ്ഹാബി സയ്യിദിൽ അജമിവൽ അറബ് എന്ന ഗ്രന്ഥം പ്രശസ്തമാണ്. ഏവർക്കും സുപരിചിതമായ ബദ്‌രിയ്യത്തുൽ ഹംസിയ്യയും ബദ്‌രിയ്യത്തുൽ റാഇയ്യയും ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ചതാണെന്ന് ഇവയുടെ തുടക്കത്തിൽ പറയുന്നുണ്ട്. കൂടാതെ അൽ ബുർദത്തു ബി ഇജാബത്തിശ്ശൈഖ് മുഹമ്മദ് ഗാഫിൽ തുടങ്ങിയവ മഹാന്റെ രചനകളാണ്. മരണം വരെ (ഹി: 1177 ശഅ്ബാൻ) മദീനയിലെ ശാഫിഈ മുഫ്തിയായിരുന്നു. ജന്ന തുൽ ബഖീഇൽ തന്റെ ഉപ്പാപ്പമാരുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്നു.

അൽ അസ്വ്‌ലുൽ മുൻജി

ബർസൻജി മൗലിദിന്റെ ഹ്രസ്വവൽക്കരണമാണ് ബാവ ഉസ്താദ് നിർവഹിച്ചത്. കേരളക്കരയിൽ പഴയ കാലം മുതലേ പ്രചാരം നേടിയതാണ് ബർസൻജി മൗലിദ്. പഴയകാല മൗലിദ് കിതാബുകളിലെല്ലാം ഇത് അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതര മൗലിദുകളെ അപേക്ഷിച്ച് ഇതിന്റെ ശൈലിയും ഇതിവൃത്തവും വ്യത്യസ്തമാണ്. മറ്റു മൗലിദുകളുടെ ശൈലി ഗദ്യ-പദ്യ സമ്മിശ്രമാണെങ്കിൽ ബർസൻജി ഗദ്യാവിഷ്കാരമാണ്.

ഓരോ ഖണ്ഡങ്ങളിൽ അത്വിരില്ലാഹുമ്മ ഖബറഹുൽ കരീം… എന്ന ഒരു ഈരടിയാണ് പദ്യമായി കാണുക. ബൂസ്വീരി ഇമാമിന്റെയും മറ്റുമുള്ള ഏതാനും വരി കവിതകളും. ബർസഞ്ചി മൗലിദിനെ മാതൃകയാക്കി അടുത്തകാലം വരെ പഴമക്കാരായ ആളുകൾ ശർറഫൽ അനാം മൗലിദും മൻഖൂസ് മൗലിദും ഓതുന്ന സദസ്സുകളിൽ ഹദീസ് വായനക്കിടയിൽ പ്രസ്തുത ഈരടി ഭക്ത്യാദരങ്ങളോടെ നല്ല ഈണത്തിൽ നീട്ടി ചൊല്ലുന്നത് കേട്ടിട്ടുണ്ട്.

ബർസൻജി മൗലിദിന്റെ വരികളെടുത്ത് പരിശോധിച്ചാൽ രചനാ വൈഭവത്തിന്റെ മണിച്ചെപ്പുകൾ കോർത്ത് വെച്ചതായി കാണാം. രണ്ടു പ്രാസാക്ഷരങ്ങളിൽ മുഴുവൻ വരികളും ഒന്നിടവിട്ട് വളരെ മനോഹരമായി പണിതീർത്ത മൗലിദ്, സാഹിത്യകാരൻമാരുടെ മനം കവരും. അറബി അക്ഷരമാലയിലെ യാഇന് ശദ്ദ് നൽകി ശേഷം സ്ത്രീ ലിംഗ ചിഹ്നമായ ഹാതാഅ് കൊണ്ട് അവസാനിക്കുന്ന ഒരു രീതിയും, തൊട്ടടുത്തത് അലിഫിന്റെ ശേഷം പുല്ലിംഗ ഹാഇലും അവസാനി ക്കുന്നു. ഇത് തുടക്കം മുതൽ ഒടുക്കം വരെ തുടർന്നു പോകുന്ന രീതിയാണ്. ഇങ്ങനെ വളരെ ആസ്വാദകരമാണ് ഈ മൗലിദ്.

മലയാളികൾക്കിടയിൽ ബർസൻജി മൗലിദ് കൂടുതൽ ജനകീയവും സജീവവുമാക്കാനുള്ള ചിന്തയാണ് ബാവ ഉസ്താദിനെ ബർസൻജി മൗലിദ് ഹ്രസ്വവൽകരണത്തിനു പ്രേരിപ്പിച്ചത്. ചില ദീർഘ വീക്ഷണമുള്ള പണ്ഡിതരുടെ പ്രചോദനവും ഇതിനു പിന്നിലുണ്ട്. അത്യാവശ്യം ദൈർഘ്യമുള്ള ഒരു മൗലിദെന്ന നിലക്കും മറ്റു മൗലിദുകളെ പോലെ ഇടക്ക് ബൈത്തുകൾ ഇല്ലെന്നതും
ഇതിനെ സജീവമാക്കുന്നതിന് തടസ്സമാകരുതെന്ന നിലക്ക് തന്നെ അൽപമൊക്കെ ഇഖ്തിസ്വാർ (ചുരുക്കൽ) നടത്തിയും മൂലഗ്രന്ഥത്തിനോട് അനുധാവനം ചെയ്തു തന്നെയാണ് രചന.

തിരുനബി ﷺ യുടെ 20 ഉപ്പാപ്പമാരിലൂടെയുള്ള വിവരണത്തോടെ ആരംഭിക്കുന്ന ബർസൻജി ആദ്യ ഖണ്ഡം അൽപം ചില ചുരുക്കലോടെ ഗദ്യമായി സ്വീകരിക്കുന്നു. തുടർന്ന് നബിയുടെ നൂറിനെ കുറിച്ചുള്ള ഭാഗം പദ്യമാക്കിയിരിക്കുന്നു. ഇങ്ങനെ ഓരോ ഘട്ടവും ഗദ്യവും പദ്യവും എന്ന രീതിയിൽ അഞ്ച് ഗദ്യവും അഞ്ച് പദ്യവും ശേഷം ദുആയും അടങ്ങിയ ഒരു സ്വതന്ത്ര്യ ബൈത്തും കൊണ്ട് സമാപ്തി കുറിക്കുന്നതാണ് അസ്‌ലുൽ മുൻജിയുടെ രചനാ ശൈലി. ഈ മൗലിദ്, ബാവ മുസ്‌ലിയാരുടെ മറ്റു മൗലിദുകളോടൊപ്പം കോട്ടക്കൽ ബദ്‌രിയ്യ പ്രസിദ്ധികരിച്ച തള്മീനുൽ ഫാവാദിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബർസൻജി മൗലിദിന് പല പണ്ഡിതരും വ്യാഖ്യാനമെഴുതിയിട്ടുണ്ട്. ശൈഖ് ബർസൻജിയുടെ നാലാം പൗത്രനായി വരുന്ന സയ്യിദ് ജഅ്ഫറു ബ്നു ഇസ്മാഈലുൽ ബർസൻജി
(മ. 1317) എഴുതിയ അൽ കൗകബുൽ അൻവർ, ശൈഖ് മുഹമ്മദ് ബാ അലീശ് (മ. 1299) എന്നവരുടെ അൽ ഖൗലുൽ മുൻജി എന്നിവ പ്രസിദ്ധ വ്യാഖ്യാനങ്ങളാണ്. ശൈഖ് മുഹമ്മദ് നസ്സിൽ ജാവിയുടെ മദാരിജുസ്സഈദ് ആണ് മറ്റൊരു വ്യാഖ്യാനം.

ഏതായാലും ബർസൻജി മൗലിദിനുള്ള സേവനമായി അടുത്ത കാലത്തു രചിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ എടുത്തു പറയാവുന്നത് ബാവ ഉസ്താദിന്റെ അസ്വ്‌ലുൽ മുൻജി തന്നെയാണ്. ലോക തലത്തിൽ വിശ്രുതമാണ് ബർസൻജി മൗലിദെന്നതിനാൽ ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യവും അവിസ്മരണീയം. പ ഠനത്തിലൂടെയും പാരായണത്തിലൂടെയും മർഹൂം ബാവ ഉസ്താദിനോടുള്ള കടപ്പാട് നമുക്ക് പൂർത്തീകരിക്കാം. നാഥൻ മഹാനവർകളുടെ ദറജ വർധിപ്പിക്കട്ടെ.

 

Related Posts