ലോകമുസ്‌ലിംകളിൽ ഭൂരിപക്ഷവും വിശ്വാസകാര്യങ്ങളിൽ ഇമാം അബുൽ ഹസനുൽ അശ്അരി ﵀ യെയും അബൂ മൻസൂരിൽ മാതുരീദി ﵀ യെയും പിന്തുടരുന്നവരാണെന്നും ഇമാം അശ്അരി ﵀ വിശ്വാസ കാര്യത്തിൽ പുതിയ എന്തെങ്കിലും അഭിപ്രായം കൊണ്ട് വരികയായിരുന്നില്ല- മറിച്ച് വിശുദ്ധ ഖുർആനിന്റെയും തിരുഹദീസിന്റെയും വെളിച്ചത്തിൽ സലഫു സ്വാലിഹീങ്ങൾ മനസ്സിലാക്കിയ കാര്യങ്ങളെ പ്രമാണികമായും ബുദ്ധിപരമായും സമർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും നാം മനസ്സിലാക്കി. അത് കൊണ്ട് തന്നെയാണ് ഇസ്‌ലാമിക ലോകത്തിന് വിവിധ വിജ്ഞാന ശാഖകളിലായി അമൂല്യഗ്രന്ഥങ്ങൾ സമ്മാനിച്ച പണ്ഡിതന്മാർ മിക്കവരും ഇമാം അശ്അരി ﵀ യുടെ അഭിപ്രായം സ്വീകരിച്ചവരായത്.
ഇമാം അശ്അരി ﵀ യും ഇമാം റാസി ﵀ യും മുജദ്ദിദുകൾ
ഇമാം സുബ്കി ﵀ പറയുന്നു: “എന്റെ ഉസ്താദ് ഇമാം ദഹബി പറയാറുണ്ട്: ഓരോ നൂറ്റാണ്ടിന്റെയും തുടക്കത്തിൽ ഈ ദീനിനെ സമുദ്ധരിക്കുന്ന നായകന്മാരെ അല്ലാഹു നിയോഗിക്കും എന്നു പറയുന്ന ഹദീസിൽ من എന്നത് കൊണ്ട് ഒരു വ്യക്തിയെ അല്ല ഒന്നിലധികം അളുകളെയാണ് ഉദ്ദേശിച്ചത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഉദാഹരണത്തിന് ഹിജ്റ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കർമ്മശാസ്ത്രത്തിൽ ഇബ്നു സുറൈജ്, ഹദീസിൽ ഇമാം നസാഈ ﵀, വിശ്വാസകാര്യത്തിൽ ഇമാം അശ്അരി ﵀, ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹദീസിൽ അബ്ദുൽഗനി, ഇൽമുൽകലാമിൽ ഇമാം റാസി ﵀ – ഇവരൊക്കെയും സമുദ്ധാരകനായകന്മാരാണ്.” (ത്വബഖാത്തു ശ്ശാഫിഇയ്യ:)
ഇനി വഹാബികളുടെ ആശയസ്രോതസ്സ് ഇബ്നു തൈമിയ്യ അശ്അരികളെ സംബന്ധിച്ച് എന്തു പറയുന്നു എന്ന് നോക്കാം: “അബ്ദുല്ലാഹിബിൻ സഈദ്ബ്നു കുല്ലാബ് പോലെയുള്ള മുതകല്ലിമുകൾ ഹദീസിലേക്കും അഹ്‌ലുസുന്നയിലേക്കും ഏറ്റവും അടുത്തു നിൽക്കുന്നവരും മുഅതസില, റാഫിള: വിഭാഗങ്ങളെ അപേക്ഷിച്ച് അവർ അഹ്‌ലുസ്സുന്നയിൽ പെട്ടവരുമാണ്. മാത്രമല്ല, പ്രസ്തുത വിഭാഗങ്ങളെ പോലോത്ത ബിദഇകളുള്ള നാട്ടിൽ അവർ മാത്രമാണ് അഹ്‌ലുസുന്ന” (ബയാനു തൽബീസിൽ ജഹ്‌മിയ്യ).
ഇൽമുൽ കലാമിനെയും അശ്അരിയ്യത്തിനെയും നിശിതമായി വിമർശിക്കുകയും ഗ്രന്ഥരചന നടത്തുകയും ചെയ്ത ഇബ്നു തൈമിയ്യ പക്ഷേ അഹ്‌ലുസ്സുന്നയിൽ നിന്ന് അശ്അരികളെ മാറ്റി നിർത്തുന്നില്ല. എന്നാൽ നമ്മുടെ നാട്ടിൽ വഹാബിസവും തീമിയ്യായിസവും പഠിച്ചു വരുന്ന ചിലർക്ക് ഇമാം അശ്അരി ﵀ യും ഇമാം റാസി ﵀ യും യുക്തിവാദികളും അഹ്‌ലുസുന്നയിൽ നിന്ന് പുറത്ത് പോയ ബിദ്അത്തുകാരുമൊക്കെയാണ്.
يقول الامام السبكي:
وكان شيخنا الذهبى يقول الذى أعتقده فى حديث يبعث الله من يجدد أن من للجمع لا للمفرد ويقول مثلا على رأس الثلاثمائة ابن سريج فى الفقه والأشعرى فى أصول الدين والنسائى فى الحديث وعلى الستمائة مثلا الحافظ عبد الغنى فى الحديث والإمام فخر الدين فى الكلام (طبقات الشافعية٣/٢٦)
يقول ابن تيمية الحراني
فإنهم أقرب طوائف أهل الكلام إلى السنة والجماعة والحديث وهم يعدون من أهل السنة والجماعة عند النظر إلى مثل المعتزلة والرافضة ونحوهم بل هم أهل السنة والجماعة في البلاد التي يكون أهل البدع فيها المعتزلة والرافضة ونحوهم (بيان تلبيس الجهمية ٣/٥٣٩)