Site-Logo
POST

ഔലിയാക്കൾ; ആത്മീയ ജീവിതത്തിൻ വെളിച്ചമേകുന്നവർ

സൽമാനുൽ ഫാരിസി കൊച്ചന്നൂർ

|

05 Jan 2025

feature image

ഋഷിവര്യരായ മഹാത്മാക്കളാണ് സത്യവിശ്വാസികളുടെ ആത്മീയ നേതൃത്വ പദവി അന്ത്യനാൾ വരെ നിർവ്വഹിക്കുന്നത് മഹാന്മാരുടെ മഹാസമാധിയുടെ ശേഷവും അവരുടെ ആത്മീയ ഇടപെടലുകൾ നമ്മുടെ ജീവിതത്തിനു വെളിച്ചമേകുമെന്ന് ഖുർആനും ഹദീസും ചരിത്രവും സത്യസാക്ഷികളാണ്.
നമ്മുടെ ചിരപുരാതനവും സാർവ്വജനീനവുമായ എല്ലാ വിശ്വാ സാചാരങ്ങളെയും യാതൊരു വ്യതിയാനങ്ങൾക്കും ഹേതുവാക്കാതെ, ലോകാവസാനം വരെ സംരക്ഷിക്കുന്നത് അല്ലാഹുവിൻറെ സച്ചരിതരായ മഹാന്മാരാണ്.
ആരോഗ്യപൂർണ്ണവും അതോടൊപ്പം ഇസ്‌ലാമിക നിയമങ്ങൾക്കധിഷ്‌ഠിതവുമായ സാമൂഹിക സാംസ്‌കാരിക പുരോഗമനാത്മക വളർച്ചയുടെയെല്ലാം നിമിത്തങ്ങളായിരുന്നു അല്ലാഹുവിൻ്റെ മഹാന്മാരായ ഔലിയാക്കൾ.
അല്ലാഹുവിന്റെ ഇഷ്ടദാസരായ ഔലിയാക്കളെ അവൻ എത്രത്തോളം സ്നേഹിക്കുന്നുവെന്നതോടൊപ്പം അവരോടുള്ള ആഴമേറിയ ബന്ധത്തെ നബി ﷺ തിരുവചനം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. നബിﷺ പറയുന്നു:- قال الله : "لقد أعلنت الحرب عليه إذا أزعجني في أمر عظمتي.
"അല്ലാഹു പറഞ്ഞു: "എൻ്റെ വലിയ്യിന്റെ കാര്യത്തിൽ എന്നെ ബുദ്ധിമുട്ടിച്ചാൽ ഞാനവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു". 
ഞാൻ നിർബന്ധപൂർവ്വം കൽപ്പിച്ചതിലുപരി എനിക്കിഷ്ടമുള്ള ഒന്നു കൊണ്ട് എന്റെ അടിമയെന്നോടടുത്തിട്ടില്ല. എൻ്റെ അടിമ സുന്നത്തായ കാര്യങ്ങൾകൊണ്ട് എന്നിലേക്കടുക്കുന്നതും ഞാൻ അവനെ സ്നേഹിക്കുന്നതുമാണ്. ഞാൻ അവനെ സ്നേഹിച്ചാൽ അവൻ കാണുന്ന കണ്ണും, കേൾക്കുന്ന കാതും പിടിക്കുന്ന കയ്യും നടക്കുന്ന കാലും ഞാനാവും. തീർച്ചയായും അവനെന്നോട് ചോദിച്ചത് ഞാൻ നൽകും. അവനെന്നോട് അഭയം തേടിയാൽ ഞാൻ അഭയം നൽകും. (ബു ഖാരി)
ചുരുക്കത്തിൽ അല്ലാഹുവിൻ്റെ ഔലിയാക്കൾക്ക് ഒന്നിനെയും ഭയക്കേണ്ടതില്ല. അവരുടെ ചിന്തയും പ്രവർത്തനങ്ങളുമെല്ലാം അല്ലാഹുവിൻ്റെ വഴിയിൽ മാത്രമായിരിക്കും. മറ്റുള്ളവരുടെ ആക്ഷേപങ്ങളോ വിമർശനങ്ങളോ മറ്റോ അവരുടെ ധാർമ്മിക ജീവിതത്തിലും പ്രവർത്തനങ്ങളിലും യാതൊരു പരിവർത്തനത്തിനും ഹേതുവാകുന്നില്ല.അല്ലാഹു പറയുന്നു: يقول الله تعالى: "اعلموا أن أولياء الله لا خوف عليهم ولا هم يحزنون".
“അറിയുക തീർച്ചയായും അല്ലാഹുവിന്റെ ഔലിയാക്കൾക്ക് ഭയമോ ദുഃഖമോ ഇല്ല". (സൂറത്തു യൂനുസ് 62)
ഔലിയാക്കളുടെ പ്രവർത്തനങ്ങൾക്കും വാക്കുകൾക്കുമെല്ലാം നിശ്ചിത അർത്ഥങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. അവരുടെ ജീവിതരീതിയെ വ്യാഖ്യാനിക്കേണ്ടത് സാധാരണക്കാരനല്ല. അതോടൊപ്പം ഒരു ദിവസം വലിയ്യായി വേഷം കെട്ടി വരുന്നവരും വേഷവിധാനങ്ങളിലൂടെ വലിയ്യായി അഭിനയിക്കുന്നവരും ഇത്തരം പരിധിയിൽ പെടുന്നില്ല.
ഇസ്‌ലാമിക വീക്ഷണപ്രകാരം അല്ലാഹുവിൻ്റെ വലിയ്യായി സ്ഥിരീകരിക്കപ്പെട്ടവരുടെ വാക്കുകളും പ്രയോഗങ്ങളും ചുരുങ്ങിയത് എഴുപത് വ്യാഖ്യാനങ്ങൾക്കെങ്കിലും വിധേയമാക്കണമെന്നാണ് ഇമാം നവവി ﵀ ശറഹുൽ മുഹദ്ദബിൽ സ്‌പഷ്ടമാക്കിയിട്ടുള്ളത്.
കറാമത്തുകളുടെ ആധിക്യം സ്വഹാബത്തിനേക്കാൾ കൂടുതൽ പിൻഗാമികളിലാണ് ഏറെ കണ്ടുവരുന്നത്. ഇമാം അഹ്‌മദുബ്‌നു ഹമ്പൽ ﵀, ഇമാം ശിഹാബുദ്ധീൻ സുഹ്റവർദി ﵀ ഇത് സംബന്ധമായി പറയുന്നതിപ്രകാരമാണ്. നബിﷺ യോടുള്ള ആത്മീയ ബന്ധത്താൽ സ്വഹാബികളുടെ വിശ്വാസദാർഢ്യം ഏറെ ഭദ്രമായിരുന്നുവെന്നതിനാൽ, കറാമത്തുകൾ മുഖേന അവ ശക്തിപ്പെടുത്തുകയോ വിശ്വാസ ബലഹീനത നികത്തപ്പെടുകയോ ചെയ്യേണ്ടിവന്നിരുന്നില്ല.
നിരവധി കറാമത്തുകൾ സ്വഹാബികളിലുണ്ടായിട്ടുണ്ടെങ്കിലും കൂടുതൽ കറാമത്തുകൾ പിൽക്കാലത്ത് മഹാന്മാരിൽ ദർശിക്കാനുണ്ടായ സാഹചര്യം വിശ്വാസ ദാർഢ്യം ലഭ്യമാവുക, മറ്റുള്ളവരെ ഇസ്ലാമിക തീരത്തേക്ക് വഴികാണിക്കുക തുടങ്ങിയ നല്ലലക്ഷ്യങ്ങൾക്ക് വേണ്ടിയായിരുന്നു.


 

Related Posts