ഇസ്‌ലാമിലെ രണ്ടാം പ്രമാണമാണ് ഹദീസ്. എന്നാൽ അതിന്റെ പ്രാമാണികതയെ ചോദ്യം ചെയ്യുന്ന ചിലർ പിൽക്കാലത്ത് ഇസ്‌ലാമിക ലോകത്ത് ഉണ്ടായിട്ടുണ്ട്. ശിയാക്കളാണ് ഇക്കൂട്ടരിലെ പ്രഥമ വിഭാഗം. ഇതിനെതിരെ ശക്തമായ ഗ്രന്ഥ രചന നടത്തിയ പണ്ഡിതനാണ് ഇമാം സുയൂത്വി(റ). അദ്ദേഹം പറയുന്നു: “ചില മതനിഷേധികളും റാഫിദീ തീവ്രവാദികളും ഹദീസിന്റെ പ്രമാണികതയെ നിഷേധിക്കുകയും ഖുര്‍ആന്‍ മാത്രം മതിയെന്നു വാദിക്കുകയും ചെയ്തിരുന്നു. അവര്‍ വ്യത്യസ്ത താല്പര്യങ്ങളാലാണ് ഹദീസ് നിഷേധിത്തിന് മുതിർന്നത്. അലി(റ)നാണ് പ്രവാചകത്വത്തിന് അർഹതയെന്നും ജിബ്രീല്‍(അ)ന് ആളുമാറിപ്പോയതാണ് എന്നും വിശ്വസിക്കുന്നവരായിരുന്നു അവരില്‍ ഒരു വിഭാഗം. നുബുവ്വത്ത് യഥാര്‍ത്ഥത്തില്‍ മുഹമ്മദ് നബിക്കുതന്നെ; എന്നാല്‍ തിരുനബിയുടെ തൊട്ടടുത്ത ഖലീഫയാകാനുള്ള അര്‍ഹത അലി(റ)നാകുന്നു എന്ന് വിശ്വസിച്ചവരായിരുന്നു മറ്റു ചിലര്‍. യഥാര്‍ത്ഥ ഖലീഫയ്ക്ക് അധികാരം നല്‍കാതെ അത് അബൂബകറിനു(റ) ചാര്‍ത്തിക്കൊടുത്തതിനാല്‍ സ്വഹാബികള്‍ എല്ലാവരും കാഫിറുകളാണെന്ന് അവര്‍ വിശ്വസിച്ചു. വേറെ ചിലരുടെ വിശ്വാസത്തില്‍ അലി(റ)വും കാഫിറാകുന്നു. കാരണം, അദ്ദേഹം തന്റെ അര്‍ഹതയും അവകാശവും തുറന്നു പറയുകയോ അധികാരം ആവശ്യപ്പെടുകയോ ചെയ്തില്ല. അപ്പോള്‍ അലി(റ) അടക്കം സകല സ്വഹാബികളും അവരുടെ ദൃഷ്ടിയിൽ കാഫിറാണ്. അതിനാല്‍, അവര്‍ ഹദീസുകളെ മൊത്തത്തില്‍ നിഷേധിക്കുന്ന നിലപാടിലേക്കെത്തി. ഈ നാശകരമായ വാദത്തിന്‍റെ ആവിര്‍ഭാവം ഇങ്ങനെയായിരുന്നു.” ( മിഫ്താഹുൽ ജന്ന ഫില്‍ ഇഹ്തിജാജി ബിസ്സുന്ന)
ശിയാക്കളുടെ ഇതേ നിലപാട് പിന്തുടർന്ന് ഹദീസിന്റെ പ്രാമാണികതയെ ചോദ്യം ചെയ്ത് രംഗത്ത് വന്നവരായിരുന്നു ഈജിപ്തിലെ അബു റയ്യയും അഹ്മദ് അമീനും. ഇവരുടെ വാദങ്ങൾക്ക് അക്കമിട്ട് മറുപടി പറയുന്ന ഗ്രന്ഥമാണ് മുഹമ്മദ് ബ്നു മുഹമ്മദ് അബൂ ശുഹ്ബയുടെ ‘ദിഫാഉൻ അനിസ്സുന്ന’ എന്ന ഗ്രന്ഥം. മുസ്തഫാസ്സബാഇ എഴുതിയ ‘അസ്റ്റുന്ന വമകാനതുഹാ’ എന്ന ഗ്രന്ഥവും ഹദീസ് നിഷേധികൾക്ക് വായടപ്പൻ മറുപടിയാണ്.
പാരമ്പര്യ സ്‌ലാമിന് പകരം യുക്തിചിന്തയിലും കേവല ഭൗതിക ശാസ്ത്രത്തിലുമധിഷ്ഠിതമായ പാശ്ചാത്യ ചിന്തകളെ ഇസ്‌ലാമിക ലോകത്ത് പ്രതിഷ്ഠിച്ചതിൽ പ്രഥമ സ്ഥാനമാണ് മുഹമ്മദ് അബ്ദുവിനും റശീദു രിളക്കും ഉള്ളത്. പ്രത്യക്ഷത്തിൽ ബുദ്ധിക്കും ശാസ്ത്രത്തിനും എതിരാണെന്ന് തോന്നുന്ന ഹദീസുകളെ അവർ തള്ളിക്കളഞ്ഞു. തിരുനബിയുടെ മുഅജിസത്തുകളെ ദുർവ്യാഖ്യാനിക്കുകയും അതിന് പറ്റാത്തവയെ നിഷേധിക്കുകയും ചെയ്തു. യുക്തിചിന്തയുടെ അടിസ്ഥാനത്തിൽ ഇസ്‌ലാമിക പ്രമാണങ്ങളെ ദുർവ്യാഖ്യാനിക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മുസ്തഫാ സ്വബരി എഴുതുന്നു: “ശൈഖ് മുഹമ്മദ് അബ്ദുവിലേക്ക് ചേർക്കപ്പെടുന്ന നവോത്ഥാനത്തിന്റെ രത്നചുരുക്കം ഇസ്‌ലാമിക പാരമ്പര്യത്തിൽ ഉറച്ച് നിന്നിരുന്ന അൽ അസ്ഹറിനെ അതിന്റെ പാരമ്പര്യത്തിൽ നിന്ന് പറിച്ചുമാറ്റി എന്നതാണ്. അതുവഴി നിരവധി അസ്ഹരികളെ മതനിരാസത്തിലേക്ക് അടുപ്പിച്ച അദ്ദേഹത്തിന് പക്ഷെ, ഒരൊറ്റ നിരീശ്വരവാദിയെയും ദീനിലേക്ക് അടുപ്പിക്കാൻ സാധിച്ചില്ല. അദ്ദേഹമാണ് തന്റെ ശൈഖ് ജമാലുദീൻ അഫ്ഗാനിയിൽ നിന്ന് സ്വീകരിച്ച മാസോണിസത്തെ അൽ അസ്ഹറിൽ കൊണ്ടുവന്നത്” (موقف العقل والعلم والعالم1/134).
കേവല യുക്തിക്ക് നിരക്കാത്ത ഹദീസുകളെ നിഷേധിക്കുന്നതിനെതിരെ അദ്ദേഹം പറയുന്നത് കാണുക: “ശാസ്ത്രത്തോട് യോജിക്കുന്നില്ല എന്ന ഒറ്റ ചിന്തയാണല്ലോ മുഅജിസതുകളെ നിരാകരിക്കാൻ അവരെ പ്രേരിപ്പിച്ചത്. അതിനാൽ വിശുദ്ധ ഖുർആൻ മാത്രം സ്വീകരിക്കുകയും ഇസ്‌ലാമിക പ്രമാണമായ ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നും അത്തരം മുഅജിസതുകളെ മാറ്റി നിർത്തുകയും ചെയ്താൽ പോലും (യഥാർത്തത്തിൽ ഈ നിരാകരണം ഇസ്‌ലാമിന്റെ രണ്ടാം പ്രമാണത്തെ നിരാകരിക്കലാണ്) വിശുദ്ധ ഖുർആനിനെ വിമർശനത്തിൽ നിന്നും നിങ്ങൾ സംരക്ഷിച്ചുവെന്നും സത്യത്തിൽ നിന്നും വ്യതിചലിച്ച ഹൃദയങ്ങളെ രക്ഷിച്ചുവെന്നും നിങ്ങൾ കരുതുന്നുണ്ടോ?! അങ്ങിനെയെങ്കിൽ വിശുദ്ധ ഖുർആനിൽ വന്ന മുഅജിസാത്തുകളെ(അത് ഒരു പക്ഷെ മുൻ പ്രവാചകരുമായി ബന്ധപ്പെട്ടതാവാം) നിങ്ങൾ എന്ത് ചെയ്യും?! വ്യതിയാന ചിന്തകനായ, അൽ മനാറിന്റെ കർത്താവ് റശീദുരിളാ അസാധാരണ സംഭവങ്ങളെ സംശയത്തോടെ കാണുകയും അതിൽ വിശ്വസിക്കുന്നവർ അന്ധവിശ്വാസികളാണെന്ന് പറഞ്ഞു കളയുകയും ചെയ്തു.” (Ibid page 4/107)
കേരള വഹാബികളുടെ ആശയസ്രോതസ്സ് മുഹമ്മദ് അബ്ദുവും റഷീദു രിളയും ആണല്ലോ. അതുകൊണ്ടുതന്നെ ഹദീസ് നിഷേധം അവരുടെ പാരമ്പര്യ സ്വഭാവമായി കണ്ടാൽ മതി.