തിരുനബി ദർശനങ്ങൾ, അനുഷ്ഠാനങ്ങൾ, പ്രവർത്തനങ്ങൾ, നിലപാടുകൾ, വ്യക്തിഗുണങ്ങൾ, മഹത്ത്വങ്ങൾ തുടങ്ങി പലതും വിമർശന വിധേയമായ പ്രകാരം നബിപ്രകാശവും വിമർശിക്കപ്പെട്ടിട്ടുണ്ട്.
തിരുദൂതരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സത്യനിഷേധികളുടെ വിമർശനങ്ങൾക്ക് സമാനമായോ അതിലുപരിയായോ മുസ്‌ലിം അവാന്തര വിഭാഗങ്ങളിൽ നിന്നും മതനാമധാരികളിൽ നിന്നും ഉണ്ടായിട്ടുണ്ടന്നതാണ് വസ്തുത.
നബിപ്രകാശത്തെ കുറിച്ചുള്ള ഉൽപതിഷ്ണക്കളുടെ വിമർശനങ്ങൾ ഇരുവഴികൾ സ്വീകരിച്ചുള്ളതാണ്. നബിപ്രകാശം അഥവാ ശോഭനമായ
തിരുനബിയുടെ യാഥാർത്ഥ്യം എന്നതിനെ അവരിലൊരു വിഭാഗം നിഷേധിച്ചു. നബിപ്രകാശം അംഗീകരിച്ചെങ്കിലും അത് ആദ്യസൃഷ്ടിയാണെന്നത്
നിഷേധിക്കുകയാണ് രണ്ടാം വിഭാഗം ചെയ്തത്.
അബ്ദുൽ കരീം ഖത്തീബ് അദ്ദേഹത്തിന്റെ ഖുർആനിന്റെ ഖുർആനിക വ്യത്യാസം എന്ന അറബി ഗ്രന്ഥത്തിൽ (8/435-440) നബിപ്രകാശം എന്ന ആശയത്തെ നിശിതമായി
വിമർശിക്കുകയുണ്ടായി. പ്രസ്തുത വിമർശനങ്ങളെ അഞ്ചായി
സംഗ്രഹിക്കാം. ഒന്ന്: നബി പ്രകാശം അഥവാ തിരുനബി യാഥാർത്ഥ്യം എന്ന ആശയം പറയുന്നവർ പ്രവാചകരെ മനുഷ്യ ലോകത്തു നിന്ന് മാറ്റി മലക്കുകളുടെ ഗണത്തിൽ പെടുത്തുകയാണ്. രണ്ട്: നബി പ്രകാശം യാഥാർത്ഥ്യമാണെന്നതിന് ഖുർആനിന്റെയോ
സുന്നത്തിന്റെയോ ബുദ്ധിയുടെയോ പിന്തുണയില്ല. മൂന്ന് ആദം നബി ﵇ കളിമണ്ണിന്റെയും ജലത്തിന്റെയും ഇടയിലായിരിക്കെ ഞാൻ പ്രവാചകനായിരുന്നു, ആദമും മണ്ണും ഇല്ലാത്ത കാലത്ത് ഞാൻ നബിയാണ് എന്നീ ഹദീസുകൾ മുഹമ്മദീയ യാഥാർത്ഥ്യത്തിന് തെളിവല്ല.
എന്റെ പ്രവാചകത്വം അക്കാലത്തുതന്നെ അല്ലാഹുവിന്റെ അറിവിൽ പെട്ട കാര്യമാണന്നാണ് ഈ വചനങ്ങളുടെ പൊരുളെന്ന് അവർ ന്യായീകരിക്കുന്നു. ആദം ﵇ കളിമണ്ണിനും ജലത്തിനും ഇടയിലായിരുന്നപ്പോൾ, അല്ലെങ്കിൽ ആദ ﵇ മും കളിമണ്ണും ഇല്ലാത്ത കാലത്ത് ഞാൻ ഇപ്പോൾ ഇരിക്കുന്ന കസേരയിൽ ഇരിക്കുന്നവനായിരുന്നു. ഇപ്പോൾ ഉറങ്ങുന്ന സ്ഥലത്ത് ഉറങ്ങുകയാ യിരുന്നു, ഇപ്പോൾ കഴിച്ചു ണ്ടിരിക്കുന്ന ഭക്ഷണം കഴിക്കുന്നവനായിരുന്നു എന്ന ഒരു സാധാരണക്കാരന്റെ വാക്കിന് തുല്യമാണ് തിരുനബി ﷺ യുടെ ആ വചനങ്ങളെന്ന് അവർ വാദിക്കുന്നു.
നാല്: മുഹമ്മദീയ യാഥാർത്ഥ്യം ഉണ്ടെന്നു പറയുന്നത് മാലാഖമാർ സ്ത്രീ വർഗത്തിൽ പെട്ടവരാണെന്ന് പറയുന്നതിന് തുല്യമാണ്. അതിനാൽ മലക്കുകൾ സ്ത്രീകളാണെന്ന് വിശ്വസിച്ച് ബഹു ദൈവാരാധകരോട് അല്ലാഹു ഉന്നയിച്ച ചോദ്യം വിമർശകർ മുഹമ്മദീയ യാഥാർത്ഥ്യം വിശ്വസിക്കുന്നവരോട് ചോദിക്കുന്നു. അതായത് മലക്കുകളുടെ സൃഷ്ടിപ്പിന് ആ
ബഹുദൈവാരാധകർ സാക്ഷിയായിരുന്നോ? എങ്കിൽ അവരുടെ സാക്ഷ്യം രേഖപ്പെടുത്തുകയും വിചാരണക്ക് വിധേയമാക്കപ്പെടുകയും ചെയ്യും എന്ന അല്ലാഹുവിന്റെ ചോദ്യത്തിന് സമാനമായി മുഹമ്മദീയ യാഥാർത്ഥ്യം സൃഷ്ടിപ്പിന് അവർ സാക്ഷികളായിരുന്നോ എന്ന് വിമർശകർ ചോദിക്കുന്നു.
അഞ്ച്. അബ്ദുല്ല-ആമിന ദമ്പതികൾക്ക് മകനായി പിറക്കുന്നതിനു മുമ്പ് മുഹമ്മദ് നബി എവിടെയായിരുന്നു? ആദമിൽ നിന്നു തുടങ്ങി വിശുദ്ധ മുതുകുകളിലൂടെ
പരിശുദ്ധ ഗർഭാശയങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നുവെന്നാണ് മറുപടി. എങ്കിൽ എല്ലാ മനുഷ്യരും ഇങ്ങനെ സഞ്ചരിക്കുകയായിരുന്നില്ലേ എന്നാണ് വിമർശകരുടെ ചോദ്യം. ഈ വിമർശനങ്ങൾ അബ്ദുൽ കരീം ഖത്തീബ് മാത്രമല്ല, മുഹമ്മദീയ യാഥാർത്ഥ്യം നിഷേധിച്ചവരെല്ലാം പൊതുവെ ഉന്നയിക്കുന്നതാണ്.
നബിപ്രകാശം വിശദീകരിച്ച പണ്ഡിതർ തിരുനബി ﷺ യെ മനുഷ്യവർഗത്തിൽ നിന്നു മാറ്റി മലക്കുകളിൽ പെടുത്തിയെന്നത് നുണപ്രചാരണമാണ്. നബിപ്രകാശം എന്ന വസ്തുത അംഗീകരിക്കുന്ന അഹ്‌ലുസ്സുന്നയുടെ ഒരു പണ്ഡിതൻ പോലും ഇങ്ങനെ പറഞ്ഞതായി തെളിയിക്കാൻ കഴിയില്ല. അതുകൊണ്ടാണ് തന്റെ ആരോപണത്തിനു നിദാനമായി ഖത്തീബ് സ്വീകാര്യമായ ഒരു ഉദ്ധരണവും നൽകാതിരുന്നത്. മറിച്ച് അദ്ദേഹം മെനഞ്ഞെടുത്ത വ്യാജവാദം, വിശുദ്ധ ഖുർആനിലെ തിരുനബി ﷺ മനുഷ്യ വർഗത്തിൽപെട്ട ഒരംഗമാണെന്ന് പഠിപ്പിക്കുന്ന വാക്യങ്ങൾ ഉദ്ധരിച്ച് സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.
പ്രവാചക സ്നേഹികളുടെ ആവേശവും തിരുസ്നേഹത്തിന്റെ നിത്യചൈതന്യവുമായ ഇമാം ബൂസ്വീരി(റ)ന്റെ ബുർദയിലെ വരികൾ ഖത്തീബിന്റെ ആരോപണം വ്യാജമാണെന്നതിനു തെളിവാണ്. ഇമാം ബൂസ്വീരി ﵀ പറയുന്നു. പരമമായ അറിവ് പ്രവാചകർ ﷺ മനുഷ്യനാണെന്നാണ്. അതോടൊപ്പം അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ഉന്നതനുമാണ്. ഇതിനപ്പുറം മലക്കുകളുടെ ശ്രേണിയിലാക്കി പ്രവാചകരെ ആരും പരാമർശിച്ചിട്ടില്ല.
മുഹമ്മദീയ യാഥാർത്ഥ്യം എന്ന ആശയത്തിന് ഖുർആനിന്റെയോ തിരു ഹദീസിന്‍റെയോ ബുദ്ധിയുടെയോ പിൻബലമില്ല എന്ന രണ്ടാം ആരോപണം കടുത്ത അബദ്ധമാണ്. വിശുദ്ധ ഖുർആൻ 5/ 15, 33/46, 24/35, 9/32, 61/8, 42/52 എന്നീ വാക്യങ്ങൾ മുഹമ്മദീയ യാഥാർത്ഥ്യത്തിലേക്ക് വെളിച്ചം വീശുന്നതാണ്. ബുഖാരി, മുസ്‌ലിം, തിർമിദി, മുസ്തദ്റക്, മുസ്നദ്, സ്വഹീഹു ഇബ്നുഹിബ്ബാൻ, അൽ മുഅ്ജമുൽ കബീർ, ശുഅബുൽ ഈമാൻ, ദലാഇലുന്നുബുവ്വ, ഇത്ഹാഫുൽ ഖിയറത്,
അൽമത്വാലിബുൽ ആലിയ തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നായി പതിനഞ്ചോളം ഹദീസുകൾ നബിപ്രകാശത്തെ ശരിവെക്കുന്നുണ്ട്.
മുഹമ്മദീയ യാഥാർത്ഥ്യം ബുദ്ധിപരമായി സമർത്ഥിക്ക്പ്പെടേണ്ട വിഷയങ്ങളുടെ ഇനത്തിൽ പെട്ടതല്ലെന്ന കേവല വിവരം ഇല്ലാത്തതുകൊണ്ടാണ് ഖത്തീബ് നബിപ്രകാശത്തിന് ബുദ്ധിയുടെ പിൻബലമില്ലെന്ന് തട്ടിവിട്ടത്. ഖുർആനിലെ ആറ് ആയത്തുകളും പതിനഞ്ചോളം നബിവചനങ്ങളും സാക്ഷ്യപ്പെടുത്തുന്ന തിരുപ്രകാശം നിഷേധിക്കുന്നവർക്ക് അതിനു ഖുർആനിലെ ഏത് വചനമാണ്, ഏതു ഹദീസാണ് പിൻബലമെന്നു പറയാൻ ബാധ്യതയുണ്ട്. ഏതു ബൗദ്ധികതത്ത്വമെന്നും പറയണം.
ആദം ﵇ ജലത്തിന്റെയും കളിമണ്ണിന്റെയും മധ്യത്തിലായിരിക്കെ ഞാൻ പ്രവാചകനായിരുന്നു എന്ന ഹദീസ് വചനത്തിൽ നബിപ്രകാശത്തിന് തെളിവില്ലെന്ന് ഖത്തീബിന്റെ വാദം ശുദ്ധവങ്കത്തമാണ്. മുഹമ്മദ് ﷺ പ്രവാചകനാകുമെന്ന കാര്യം അല്ലാഹുവിന്റെ അറിവിലും തീരുമാനത്തിലും ആദം ﵇ നെ സൃഷ്ടിക്കുന്നതിനു മുമ്പ് തന്നെ ഉണ്ടായിരുന്നുവെന്നാണ് ഖത്തീബ് ഈ ഹദീസിനെ ദുർവ്യാഖ്യാനിച്ചത്. ഹദീസിന്റെ ബാഹ്യ ആശയത്തെ അവഗണിച്ച് ഇങ്ങനെയൊരു വിശദീകരണം നൽകി യതിന്റെ പ്രമാണം അദ്ദേഹം പറയുന്നുമില്ല. ആദം ﵇ ന്റെ സൃഷ്ടിപ്പ് പൂർത്തിയാകുന്നതിനു മുമ്പ് തന്നെ തിരുപ്രകാശം പടക്കപ്പെടുകയും ആ പ്രകാശത്തിന് പ്രവാചകത്വം
നൽകപ്പെടുകയും ചെയ്തിട്ടുണ്ടന്നുമുള്ള ഈ ഹദീസിന്റെ ബാഹ്യാർത്ഥം തന്നെയാണ് ഉദ്ദേശ്യമെന്ന് ഇമാം തഖിയുദ്ദീനു സ്സുബ്കി ﵀ അത്തഅ്ളീമു വൽ മിന്ന എന്ന ഗ്രന്ഥത്തിൽ ലക്ഷ്യ സഹിതം സമർത്ഥിച്ചിട്ടുണ്ട്. ഇബ്നു ഹജരിനിൽ ഹൈതമി ﵀ അശ്റഫുൽ വസാഇൽ എന്ന ഗ്രന്ഥത്തിൽ അത് ഉദ്ധരിക്കുകയും ചെയ്തു. നിരവധി ഹദീസ് പണ്ഡിതന്മാർ മുഹമ്മദീയ യാഥാർത്ഥ്യത്തിന് പ്രമാണമായി ഈ ഹദീസ് അംഗീകരിച്ചിട്ടുണ്ട്. അതു കൊണ്ടുതന്നെ ഖത്തീബിന്റെ വിമർശനം ബാലിശമാണ്.
മലക്കുകൾ സ്ത്രീ വർഗത്തിൽ പെട്ടവരാണെന്നു വിശ്വസിക്കുന്ന ബഹുദൈവാരാധകരോട് അവർ മലക്കുകളുടെ സൃഷ്ടിപ്പിനു സാക്ഷികളായിരുന്നോ എന്ന അല്ലാഹുവിന്റെ ചോദ്യത്തിന്റെ ചുവടു പിടിച്ച് മുഹമ്മദീയ യാഥാർത്ഥ്യ സൃഷ്ടിപ്പിന് സുന്നികൾ സാക്ഷികളായിരുന്നോ എന്ന ഖത്തീബിന്റെ നാലാം വിമർശനം അസ്ഥാനത്തും തീരെ വിലകുറഞ്ഞതുമാണ്. എന്തുകൊണ്ടെന്നാൽ, മലക്കുകൾ സ്ത്രീകളാണെന്ന വിശ്വാസം അവരെ സൃഷ്ടിച്ച നാഥൻ പ്രവാചകന്മാർക്കു നൽകിയ വിവരണത്തിന് വിരുദ്ധ മാണ്. മലക്കുകൾ ലിംഗ പരിഗണനക്ക് അതീതരാണ്.
ഇതിനെതിരിലുള്ള ബഹുദൈവാരാധകരുടെ വ്യാജവിശ്വാസത്തെ തൊലിയുരിച്ചു കാണിക്കാനും ഉത്തരം മുട്ടിക്കാനുമാണ് അവർ മലക്കുകളുടെ സൃഷ്ടിപ്പിന് സാക്ഷികളായിരുന്നോ എന്നവൻ ചോദിച്ചത്. അവരുടെ വിശ്വാസത്തിന് യാതൊരു തെളിവുമില്ലെന്ന് ഖണ്ഡിതമായി ബോധ്യപ്പെടുത്തുകയാണ് ഇതിലൂടെ ഖുർആൻ ചെയ്യുന്നത്.
എന്നാൽ മുസ്‌ലിംകൾ വിശ്വസിക്കുന്ന നബിപ്രകാശത്തിന് ഏറ്റവും ചുരുങ്ങിയത് ആറ് ആയത്തുകളും പതിനഞ്ചോളം ഹദീസുകളും പ്രമാണമായുള്ളതു കൊണ്ടാണ് ഖത്തീബിന്റെ ഈ തുലനം അന്ധൻ ആനയെ കണ്ടതുപോലെയാണെന്നു പറയേണ്ടി വരുന്നത്.
അബ്ദുല്ല ആമിന(റ) ദമ്പതികൾക്ക് മകനായി പിറക്കുന്നതിനു മുമ്പ് മുഹമ്മദ് നബി ﷺ എവിടെയായിരുന്നു എന്നതിന് വിശുദ്ധ മുതുകുകളിലൂടെ, പരിശുദ്ധ ഗർഭാശയങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു എന്നാണ് മറുപടിയെങ്കിൽ എല്ലാ മനുഷ്യരും അപ്രകാരം തന്നെയല്ലേ എന്ന ഖത്തീബി ന്റെ ചോദ്യവും അസ്ഥാനത്തു തന്നെ. കാരണം എല്ലാ മനുഷ്യരും ആദം ﵇, ഹവ്വാഅ്(റ) മുതൽ ഇങ്ങോട്ടുള്ള മാതാപിതാക്കളിലൂടെ സഞ്ചരിച്ചത് കൊണ്ട് നബിപ്രകാശം ഇല്ലെന്നു
വരുമോ? തിരുനബി ﷺ ഒഴികെയുള്ളവരുടെ ആത്മാക്കൾ മാതാപിതാക്കളിലൂടെ സാധാരണ അവ സ്ഥയിലാണെങ്കിൽ തിരുദൂതരുടേത് അങ്ങനെയല്ല. പ്രത്യുത, സൃഷ്ടിച്ച സമയത്തു തന്നെ പ്രകാശവും മറ്റു അസംഖ്യം പ്രത്യേകതകളുമുള്ള തിരുനബിയുടെ യാഥാർത്ഥ്യം ആദം നബി ﵇-ഹവ്വ(റ) മുതൽ ഇങ്ങോട്ടുള്ള മാതാപിതാക്കളിലൂടെ മാറിമാറി സഞ്ചരിച്ചിട്ടുണ്ട്. അതിലുപരി, ആദിമ മനുഷ്യനിൽ നിന്ന് മനുഷ്യശരീരങ്ങളെ സൃഷ്ടിക്കുന്നതിനു മുമ്പ് നാഥൻ ആത്മാക്കളെ മുഴുവൻ സൃഷ്ടിച്ചിട്ടുണ്ട്. അതായത് ശാരീരിക സൃഷ്ടിക്കു മുമ്പ് ഒരാത്മീയ ലോകം കഴിഞ്ഞുപോയിട്ടുണ്ട്.
ഇമാം ബുഖാരി ﵀ നിവേദനം ചെയ്ത ഹദീസ് ഇതിന് തെളിവായി നിലവിലുണ്ട്. ശാരീരിക ലോകത്ത് സൃഷ്ടികളഖിലത്തിലും ശ്രേഷ്ഠരായി നിലകൊണ്ടത് പ്രകാരം ആത്മീയ ലോകത്ത് തിരുനബിപ്രകാശം അതിശ്രേഷ്ഠമായി നിലനിന്നു. മറ്റുള്ളവരുടേത് സാധാരണ ആത്മാവായിരുന്നു. റസൂൽ ﷺ യുടേത് മഹത്ത്വങ്ങളുടെ സങ്കേതവുമായിരുന്നു. മറ്റ് ആത്മാക്കളെ സൃഷ്ടിച്ച് ആത്മീയ ലോകം രൂപപ്പെടുന്നതിനു മുമ്പ് തിരുനബി പ്രകാശം അല്ലാഹുവുമായുള്ള മുശാഹദയിൽ ലയിച്ച് ആനന്ദിക്കുകയായിരുന്നു. നബിപ്രകാശ ആശയത്തിനെതിരായ വിമർശനങ്ങൾ അർത്ഥശൂന്യമാണെന്നു ചുരുക്കം.