താങ്കളുടെ അത്യുന്നതനായ നാഥന്റെ നാമം പരിശുദ്ധമാക്കുക (അൽ അഅലാ 1). വെള്ളിയാഴ്ചയിലെ ഇശാ, സുബ്ഹ് നിസ്കാരങ്ങളിലും ജുമുഅ, പെരുന്നാൾ നിസ്കാരങ്ങളിലും എല്ലാ ദിവസങ്ങളിലേയും വിത്റിലും പാരായണം ചെയ്യൽ സുന്നത്തുള്ള അൽ അഅലാ എന്ന അധ്യായത്തിലെ ആദ്യ സൂക്തമാണിത്. സത്യ വിശ്വാസികൾ തങ്ങളുടെ നാഥന്റെ നാമ വിശുദ്ധി പരിഗണിച്ചു വേണം പെരുമാറാൻ എന്ന സന്ദേശമാണിത് നൽകുന്നത്. വാക്കിലും അർത്ഥത്തിലും അല്ലാഹുവിനോട് അനുയോജ്യമല്ലാത്ത എല്ലാ കാര്യങ്ങളിൽ നിന്നും അവന്റെ നാമവിശുദ്ധി കാത്തു സൂക്ഷിക്കണം.
എന്നു വെച്ചാൽ അവന്റെ പ്രത്യേകമായ ഒരു നാമം സൃഷ്ടികൾക്ക് വിളിക്കുന്നതും അവന്റെ നാമങ്ങളിലോ അതിന്റെ അർത്ഥത്തിലോ മറ്റുള്ളവർക്ക് പങ്കാളിത്തം കൽപ്പിക്കുന്നതും പാടില്ല. അവന്റെ വിശുദ്ധ നാമങ്ങളുരുവിടുന്നത് ഭക്തിയോടെ മാത്രമാവേണ്ടതും മാലിന്യമുള്ള സ്ഥലത്ത് വെച്ച് ആവാതിരിക്കുന്നതും ഈ വിശുദ്ധി സംരക്ഷണത്തിന്റെ ഭാഗമായി ശ്രദ്ധിക്കണം. ഇതുപോലെ നല്ല കാര്യങ്ങൾ തുടങ്ങുന്നത് അല്ലാഹുവിന്റെ നാമത്തിലായിരിക്കേണ്ടതും അവൻ വെറുത്ത കാര്യങ്ങൾ ചെയ്യുമ്പോൾ ആ വിശുദ്ധനാമങ്ങൾ പറയാൻ പാടില്ലാത്തതുമാണ്.
അല്ലാഹുവിന്റെ നാമങ്ങൾ അവൻ തന്നെ നിശ്ചയിച്ചതാണ് (തൗഖീഫ്). നമ്മുടെ വകയിൽ ഏതെങ്കിലും പേരുകൾ അല്ലാഹുവിന് നിർമിച്ചു നൽകുന്നതും അവ വിളിക്കുന്നതും നിഷിദ്ധം. അല്ലാഹുവിന് അതിവിശിഷ്ട നാമങ്ങളുണ്ട്. അതിനാൽ അവകൊണ്ട് നിങ്ങൾ അവനെ വിളിക്കുക. അവന്റെ നാമങ്ങളിൽ വ്യതിചലിക്കുന്നവരെ നിങ്ങൾ വിട്ടുകളയുക. അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രതിഫലം അവർക്കു (അഅറാഫ് 180). അല്ലാഹുവിന് അനുയോജ് മല്ലാത്ത പേര് വിളിക്കുന്നതും അവന്റെ പേരുകൾ സൃഷ്ടികൾക്ക് ഉപയോഗിക്കുന്നതും പേരുകളിൽ കൃത്രിമം വരുത്തുന്നതും സൃഷ്ടികളുടെ വിശേഷണങ്ങളോട് സാദൃശ്യമുള്ള അർത്ഥങ്ങൾ നൽകുന്നതുമെല്ലാം നാമങ്ങളിൽ വ്യതിചലനം നടത്തലാണ്.
മതബോധവും ദീനിതപരതയുമുള്ള പലരും അവരുടെ വാഹനത്തിന്റെ പിറകിൽ നല്ല ഉദ്ദേശ്യത്തോടെ ‘മാശാഅല്ലാഹ്, തബാറകല്ലാഹ്’ തുടങ്ങിയ വിശുദ്ധ വചനങ്ങൾ മുതൽ കലിമത്തുത്തൗഹീദ്, ചില ഖുർആൻ സൂക്തങ്ങൾ വരെ എഴുതി വെക്കുന്നത് കാണാം. എന്നാൽ താങ്കളുടെ അത്യുന്നതനായ നാഥന്റെ നാമം പരിശുദ്ധമാക്കുക എന്ന അല്ലാഹുവിന്റെ കൽപ്പന മാനിക്കാൻ നമുക്ക് സാധിക്കാറുണ്ടോ എന്നു ചിന്തിക്കേണ്ടതുണ്ട്. കാരണം ആ വിശുദ്ധ നാമത്തിൽ ചിലപ്പോൾ പക്ഷി കാഷ്ഠം വന്നു വീഴുന്നു. ചീറിപ്പായുമ്പോൾ മലിന ജലം വന്നടിക്കുന്നു. നന്മ ഉദ്ദേശിച്ച് തിന്മ കൊയ്യുകയല്ലേ ഇതു വഴി.
ബറകത്ത് ഉദ്ദേശിക്കുന്നവർക്ക് ഇത്തരം വചനങ്ങൾ വാഹനത്തിന്റെ ഉള്ളിൽ മുകൾഭാഗത്ത് പതിക്കാം. കാലിനു നേരെ വരാതെ ശ്രദ്ധിക്കുകയും വേണം. ഒപ്പം വാഹനത്തിൽ കയറുമ്പോൾ ചൊല്ലേണ്ട ദിക്റുകൾ ഭക്തി പുരസ്സരം പറയുകയും ചെയ്താൽ അല്ലാഹുവിന്റെ കാവലും ബറകത്തും ലഭിക്കും.
അല്ലാഹുവിന്റെ കലാമായ ഖുർആൻ ആയത്തുകൾ റിംഗ് ട്യൂണായി ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. ഖുർആനുശ്ശരീഫിനോടുള്ള അവരുടെ സ്നേഹവും ബഹുമാനവുമായിരിക്കും ഇതിനു പ്രേരകം. പക്ഷേ ഇതിനു പിന്നിൽ വിശുദ്ധ ഖുർആൻ നിന്ദ പതിയിരിക്കുന്നത് അവർ കാണുന്നില്ല.
ഫോണിൽ നമ്മെ വിളിക്കുന്നവർ ആ സമയത്ത് നാം എവിടെയാണന്നറിഞ്ഞു കൊള്ളണമെന്നില്ല. മൂത്രപ്പുരയിലിരിക്കുമ്പോഴായിരിക്കും സബ്ബിസ്മ റബ്ബികൽ… എന്ന ശബ്ദം ഉയർന്നു കേൾക്കുന്നത്. ഇനി വിശുദ്ധമായ പള്ളിയിൽ ഇരിക്കുമ്പോൾ തന്നെയാണ് ഫോൺ ശബ്ദിച്ചത് എന്നു വിചാരിക്കുക. അപ്പോൾ നാം ഉടനെ ഫോണെടുക്കുന്നു. ആ സമയത്ത് പൂർണമാകാതെ അർത്ഥഭംഗം വരുന്ന വിധത്തിൽ ശബ്ദം നിലക്കുന്നു. എത്ര അബദ്ധങ്ങളാണിങ്ങനെ വന്നു ചേരുന്നത്. ഇനിയും ഈ റിംഗ്ടൺ നിലനിർത്തേണ്ടതുണ്ടോ? ഖുർആൻ വചനങ്ങളുടെ കാര്യവും ഇതു പോലെത്തന്നെയാണ്.
അല്ലാഹു വെറുക്കുന്ന കാര്യങ്ങൾ ചെയ്യുമ്പോഴും വിസർജ്ജനം നടത്തുമ്പോഴും അവന്റെ നാമങ്ങൾ ഉച്ചരിക്കുന്നതും കയ്യിൽ വെക്കുന്നതും അവന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തലാണ്. മദ്യപിക്കുന്നവനും ഹറാമുകൾ ഭക്ഷിക്കുന്നവനും ബിസ്മി ചൊല്ലുന്നത് എത്ര അപരാധമാണ്. ഇപ്രകാരം കോട്ടുവാ ഇടുമ്പോൾ അല്ലാഹുവിന്റെ പേര് പറയാൻ പാടില്ലെന്ന് ഇമാം ഇസ്മാഈലുൽ ഹിഖി(റ)തന്റെ തഫ്സീറിൽ പറഞ്ഞിട്ടുണ്ട്. മൂത്രപ്പുരയിൽ ഇരിക്കുന്നവർ വാങ്കുകേട്ടാൽ അതിനു ഇജാബത്ത് പറയേണ്ടത് പുറത്തിറങ്ങിയ ശേഷമാണ്. ശബ്ദമില്ലാതെ നാവു ചലിപ്പിക്കുന്നതുപോലും മേൽ പറഞ്ഞ ആയത്തിനു വിരുദ്ധമത്രെ.
അല്ലാഹുവിന്റെ ഓരോ നാമവും ബറകത്തിന്റെ അക്ഷയ ഖനികളാണ്. അല്ലാഹുവിന് 99 നാമങ്ങളുണ്ട്. അതാരെങ്കിലും കൃത്യമായി ഉൾക്കൊണ്ടാൽ അവർ സ്വർഗത്തിൽ പ്രവേശിച്ചു എന്ന ഹദീസ് ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നല്ല ഏതു കാര്യങ്ങൾ തുടങ്ങുന്നതും അല്ലാഹുവിന്റെ നാമങ്ങളെ കൂട്ടുപിടിച്ചായിരിക്കണമെന്നും മറിച്ചായാൽ അതിൽ ബറകത്തില്ലാത്ത അവസ്ഥ വരുമെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട്. ബിസ്മില്ലാഹിറഹ്മാനിറഹീം എന്നു ചൊല്ലുന്നത് അവന്റെ മുഴുവൻ നാമങ്ങളെയും കൂട്ടുപിടിക്കുന്നതുപോലെയാണ്.
കെട്ടിടത്തിനു കുറ്റിയടിക്കൽ, കല്ലിടൽ, കട്ടിളവെക്കൽ, ഗൃഹപ്രവേശം, ഭക്ഷണം കഴിക്കൽ, ഉറക്കം, വസ്ത്രധാരണം, വീട്ടിൽ നിന്നിറങ്ങൽ തുടങ്ങിയ കാര്യങ്ങളും ഖുർആൻ പാരായണം, നിസ്കാരം, പ്രഭാഷണം തുടങ്ങിയ പുണ്യകർമങ്ങളെല്ലാം അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളെ കൂട്ടുപിടിച്ചാവുമ്പോഴാണ് അതിന്റെ പവിത്രത കാത്തുസൂക്ഷിച്ചവരിൽ നാമുൾപ്പെടുക. ചിലർക്ക് ബഹുമാനിക്കണമെന്നറിയാം, പക്ഷേ ബഹുമാനിക്കേണ്ടത് എങ്ങനെയാണന്നറിയില്ല. വിശദമായ പഠനങ്ങളിലൂടെ കർമവിശ്വാസ സമ്പൂർത്തിക്ക് നാം ശ്രമിക്കേണ്ടതനിവാര്യമാണ്.