Site-Logo
POST

ജമാഅത്തെ ഇസ്‌ലാമിയുടെ പ്രത്യയശാസ്ത്ര ശാഠ്യങ്ങൾ

സി ആർ കെ മുഹമ്മദ്

|

14 Feb 2024

feature image

നാലിലൊരു മദ്ഹബ് അനുധാവനം ചെയ്തു കൊണ്ട് തന്നെ തങ്ങളുടെ കൂടെ ആർക്കും ചേർന്നിരിക്കാം എന്നതാണ് ജമാഅത്തിന്റെ പുതിയ മതം. ഫിഖ്ഹിൽ നിങ്ങളാരെ പിന്തുടരുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഒരുത്തരം അവർ പറയാറില്ല. പകരം ഏത് മദ്ഹബും നിങ്ങൾക്കാവാം. ഒപ്പം അഞ്ചാം മദ്ഹബ് ആയി സലഫി മൻഹജും ഞങ്ങൾക്ക് സ്വീകാര്യമാണെന്ന് പറയും. ചുരുക്കി പറഞ്ഞാൽ കർമശാസ്ത്രം ഞങ്ങളുടെ കൺസേൺ അല്ലെന്ന് തന്നെ. മരിച്ച വീട്ടിൽ ഖുർആൻ ഓതുന്നതിലോ നിസ്കാരത്തിലെ കൈ കെട്ടുന്നിടത്തോ ജുമുഅ ഖുത്തുബയുടെ ഭാഷയിലോ ഇസ്തിഗാസയിൽ തന്നെയോ ജമാഅത്തിന് സ്ഥായിയായ ഒരു നിലപാട് ഇല്ലെന്ന് തന്നെ. കർക്കശക്കാരനായ മൗദൂദിയെ വിട്ട് ലിബറൽ ചിന്തകളിലേക്ക് സഞ്ചരിക്കുകയാണ് ജമാഅത്തെന്ന് തീർപ്പിലെത്താൻ വരട്ടെ. പുറമെ അയഞ്ഞ സമീപനങ്ങൾ കാണിക്കുമ്പോഴും അകത്ത് കർക്കശമായ നിലപാടുകൾ തന്നെയാണ് ജമാഅത്തിന്. അത് വഴിയേ പറയാം. പ്രത്യക്ഷത്തിൽ കാണുന്ന ഈ ജമാഅത്ത് സമീപനങ്ങൾ മുൻ നിർത്തി സ്വഭാവികമായും ഉയരുന്ന ചില ചോദ്യങ്ങൾ ഉണ്ട്.

അപ്പോൾ എന്തു കൊണ്ടാണ് ജമാഅത്തിനെ സുന്നി ഉലമ എതിർക്കുന്നതെന്ന് തന്നെ. എന്താണവരിൽ പാരമ്പര്യ മുസ്‌ലിം പണ്ഡിത സമൂഹം കാണുന്ന അപഭ്രംശങ്ങൾ. ഈ ചോദ്യം കേരളത്തിലെ മുസ്‌ലിം സംഘടന വായനകളിൽ അതിപ്രധാനമാണ്. എല്ലാ മുസ്‌ലിം സംഘടനകളിലേക്കും കയറി ചെല്ലാൻ പറ്റുന്ന ഏണിപടികൾ ഹിറാ സെന്ററിൽ നിന്ന് പലപ്പോഴായി പുറത്തേക്ക് ചാരി നിർത്തിയത് നമ്മൾ കാണുന്ന പക്ഷം പ്രത്യേകിച്ചും.

സയ്യിദ് മൗദൂദിയുടെ കാലം തൊട്ട് തന്നെ ജമാഅത്തിനെ അകറ്റി നിർത്തിയിട്ടുണ്ട് മുസ്‌ലിം സാമാന്യം. അന്ന് ജമാഅത്തിന് പാരമ്പര്യ ഇസ്‌ലാം വിശ്വാസികളോട് തിരിച്ചും അത്രയധികം അയിത്തമുണ്ടായിരുന്നു എന്നത് വേറെ കാര്യം. രാഷ്ട്രീയ അധികാരം ഇല്ലാതിരിക്കുകയും അതിൽ നിർമിതാവുന്ന മത പരമാധികാരം ജീവിക്കുന്ന ദേശത്ത് സാധ്യമാവാതിരിക്കുകയും ചെയ്യുന്നിടത്തോളം ഒരു മുസ്‌ലിമിന്റെ ഇസ്‌ലാം അപൂർണ്ണമായിരിക്കും എന്ന അബദ്ധ വിശ്വാസമാണ് യഥാർത്ഥത്തിൽ ജമാഅത്തും സുന്നികളും തമ്മിലുള്ള കാതലായ അഭിപ്രായ ഭിന്നത. മതം സമഗ്രമാവണം എങ്കിൽ മതത്തിനു ഭൂമിയിൽ അധികാരം ഉണ്ടായിരിക്കണം എന്ന ഈ ചിന്താ ധാരയുടെ തുടക്കം പ്രവാചക കാലത്തിനു തൊട്ടുടനെ തന്നെ രംഗത്ത് വന്ന ഖവാരിജുകളിൽ നിന്നായിരുന്നു. പിന്നീട് ഇതേ ആശയം ശിഈ പ്രസ്ഥാനത്തിലും ശക്തി പ്രാപിച്ചു. ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിനടക്കാം ആശയബീജമായി വർത്തിച്ചത് മേൽ ചിന്തധാരയാണ്. പാരമ്പര്യ സുന്നി ഉലമ സമൂഹവും ഇവരും തമ്മിൽ നിലനിന്ന ഈ തർക്കത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് എന്ന് ചുരുക്കം. ഇബ്നു അബ്ബാസ് (റ) മുതൽ തുടങ്ങുന്ന സംവാദകാരുടെ നീണ്ട നിര തന്നെയുണ്ട് സുന്നി പക്ഷത്ത്. പിൽക്കാലത്ത് ഇബ്നു തൈമിയ്യയും ഇതേ ചിന്താ പദ്ധതി തന്നെ പിന്തുടർന്നവരാണ്. അറേബ്യയിലെ ഇബ്നു അബ്ദുൽ വഹാബിന്റെ മൂവിമെന്റിന് രക്ത രൂഷിതമായ പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്നത് ഇതേ ആശയം ആയിരുന്നല്ലോ.

ഹാകിമിയ്യത്ത് വാദം (മതരാഷ്ട്രവാദം ) എന്ന സംജ്ഞയെ പല ഘട്ടത്തിൽ നവീകരിക്കുകയും അത് സാധ്യമാക്കുന്നതിന് പ്രയോഗികമായ സായുധ സാദ്ധ്യതകൾ അവതരിപ്പിക്കുകയും ചെയ്തവരാണ് മേൽ പറഞ്ഞവർ എല്ലാം തന്നെ. അതിൽ ഏറ്റവും അവസാനം വന്ന കണ്ണികളാണ് സയ്യിദ് ഖുത്‌ബും ഹസനുൽ ബന്നയും അബുൽ അഅലാ മൗദൂദിയും. ഇവരുടെ ആശയങ്ങൾ പ്രവർത്തികമാക്കുന്നതിന് രൂപമെടുത്ത പ്രസ്ഥാനങ്ങൾ ആണ് ജമാഅത്തെ ഇസ്‌ലാമിയും ബ്രദർഹുഡും അടക്കമുള്ളവ. കാര്യം വളരെ കൃത്യമാണ്. സുന്നികളും ജമാഅത്തും തമ്മിലുള്ള ആദർശ തർക്കത്തിന്റെ മർമം ഇതാണ്. ഈ ലക്ഷ്യം പരസ്യമായോ നിഗൂഢമായോ പുലർത്തുന്നവർ ആരു തന്നെയായാലും പാരമ്പര്യ മുസ്‌ലിം സമൂഹത്തിന് അവർ എതിർ പക്ഷത്ത് തന്നെയായിരിക്കും. പോപ്പുലർ ഫ്രണ്ട് രൂപപ്പെട്ടു വന്ന പശ്ചാത്തലം സ്ഥാപക ചെയർമാൻ വിശദീകരിക്കുന്നിടത്ത് തന്നെ ജമാഅത്ത് ഇഖ്‌വാൻ ചിന്താധാരകളുടെ സ്വാധീനം വ്യക്തമാണ്. ഒരേ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന രണ്ട് ബിദഈ പ്രസ്ഥാനങ്ങൾ മാത്രമാണ്‌ സുന്നികൾക്ക് ജമാഅത്തും പോപ്പുലർ ഫ്രണ്ടും.

ജമാഅത്തിന്റെ പ്രത്യയശാസ്ത്ര ശാഠ്യങ്ങളെ കുറിച്ചാണല്ലോ വഴിയേ പറയാമെന്നു പറഞ്ഞത്. പുറമെ പാരമ്പര്യ വിശ്വാസി സമൂഹത്തിനു പോലും സ്വീകര്യമാവും വിധം അവതരിപ്പിക്കപ്പെടുന്ന ആശയ സുതാര്യതയൊന്നും അകത്ത് കാണാൻ കഴിയില്ല. ജമാഅത്ത് മെമ്പർ ആയിത്തീരുന്ന ഓരോ അനുഭാവിയും കടുത്ത സലഫി ശാഠ്യങ്ങളിലേക്ക് എത്തിച്ചേരുന്നത് അങ്ങനെയാണ്. സുന്നി വിശ്വാസികളോടുള്ള സംസാര ഭാഷയിൽ പോലും അത് പ്രകടമായി കാണാനാവും. പോപ്പുലർ ഫ്രണ്ടിൽ അംഗത്വം എടുത്തിരുന്ന സാധാരണക്കാരായ ചെറുപ്പക്കാർ പോലും പൊളിറ്റിക്കൽ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന അതിവാദങ്ങളിലേക്ക് എളുപ്പം സഞ്ചരിച്ചെത്തിയതിന്റെ പൊരുളുമതാണ്.

 

Related Posts