നാരിയത് സ്വലാത്, മുസ്‌ലിം ലോകം നെഞ്ചോട് ചേർത്ത പ്രവാചക പ്രകീർത്തനം.
നാരിയത് സ്വലാത് ചൊല്ലാത്ത വിശ്വാസികൾ അപൂർവ്വമായിരിക്കും. ആഗ്രഹ സഫലീകരണത്തിന് അത്രയും ഫലപ്രദമായ സ്വലാത് വേറെയില്ല. 4444 തവണ ആ അനുഗ്രഹീത അപദാനം ചൊല്ലി ദുആ ചെയ്യുന്ന മജ്ലിസ് എത്ര അനുഭൂതി ദായകമാണ്.
അത്രയും ശ്രേഷ്ടമായ ആ സ്വലാത് നമുക്ക് സമ്മാനിച്ചത് ആരാണ്?.
അധിക പേർക്കും അറിയാത്ത കാര്യമാണത്. അങ്ങ്, ആഫ്രിക്കൻ വൻകരയിലെ മൊറോക്കോ എന്ന രാജ്യത്ത് ഹിജ്റ ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ച ശൈഖ് അബൂസാലിം ഇബ്റാഹീം ബ്നു മുഹമ്മദ് താസി ﵀ എന്ന മഹാരഥനാണ് നാരിയത് സ്വലാതിന്റെ രചയിതാവ്.
സർവ്വരാലും ആദരിക്കപ്പെട്ട സ്വൂഫീവര്യനായിരുന്നു ശൈഖ് ഇബ്റാഹീം താസി ﵀. പേരിനൊപ്പമുള്ള താസി അവിടുത്തെ ജന്മനാടിന്റെ പേരാണ്. അടങ്ങാത്ത തിരുനബി ﷺ സ്നേഹത്തിന്റെ ഉടമയായിരുന്നു ശൈഖവർകൾ. അവിടുന്നെഴുതിയ ഖസ്വീദതുൽ മുറാദിയ്യ വല്ലാത്തൊരു രചനയാണ്.
ശൈഖ് മുഹമ്മദ് ബ്നു ഉമർ അൽഹവാരി ﵀ ആയിരുന്നു പ്രധാന ഗുരുനാഥൻ. സ്വൂഫീ രംഗത്ത് ഗുരുവിന്റെ പിന്തുടർച്ചക്കർഹനായത് ശൈഖ് താസി ആയിരുന്നു. ഒട്ടേറെ ജനസേവന പ്രവർത്തനങ്ങൾക്കും ശൈഖ് നേതൃത്വം നൽകിയിട്ടുണ്ട്. ഹി. 866/1462ൽ ശഅബാൻ ഒമ്പത്തിനായിരുന്നു വഫാത്.
അതുപോലെ നാരിയത് സ്വലാതിനുമുണ്ട് ഒരുപാട് പോരിശകൾ. നാരിയത് എന്ന പ്രയോഗം സൂചിപ്പിക്കുന്ന പോലെ പ്രശ്നങ്ങളെ കരിച്ചു കളയുന്ന തീയാണത്. സയ്യിദ് മുഹമ്മദ് ഹിഖ്ഖി അന്നാസിലിയും ശൈഖ് യൂസുഫ് അന്നബ്ഹാനി തുടങ്ങിയ പണ്ഡിതന്മാർ അതിന്റെ ശ്രേഷ്ടതകൾ വിവരിച്ചെഴുതിയിട്ടുണ്ട്.