Site-Logo
POST

മിഅറാജ് നോമ്പ് പ്രമാണികമോ?

അബൂബക്കർ അഹ്സനി പറപ്പൂർ

|

05 Feb 2024

feature image

വിശുദ്ധ റമളാനിനെ വരവേൽക്കാൻ വിശ്വാസി ഹൃദയങ്ങൾ ആത്മീയമായും ഭൗതികമായുമുള്ള ഒരുക്കങ്ങൾ നടത്തുന്ന മഹത്തായ മാസമാണ് റജബ്. റജബിന് ധാരാളം പ്രത്യേകതകളുണ്ട്. യുദ്ധം നിഷിദ്ധമായിരുന്ന പവിത്ര മാസങ്ങളിലൊന്നാണത്. റജബ് മാസം മുഴുവനും വ്രതമനുഷ്ഠിക്കുന്നത് പുണ്യ കർമമാണ് (അൽ മുഖദ്ദിമതുൽ ഹള്റമിയ്യ 2: 201, ഫതാവൽ കുബ്റാ 2/68). വിശുദ്ധ റമളാനിന് ശേഷം നോമ്പനുഷ്‌ഠിക്കാൻ ഏറ്റവും ശ്രേഷ്ഠമായ മാസം മുഹറവും പിന്നീട് റജബുമാണ് (നിഹായതുൽ മുഹ്‌താജ് 3/211, ഫത്ഹുൽ മുഈൻ 204).

റജബ് മാസത്തെ നോമ്പ് തിരുസുന്നത്തിന് വിരുദ്ധമാണെന്നും അതു സംബന്ധിയായുള്ള ഹദീസുകളൊന്നും അവലംബയോഗ്യമല്ലെന്നും ചിലർ വിമർശിക്കാറുണ്ട്. ജാഹിലിയ്യ കാലത്തെ ജനതയോട് സാദൃശ്യമാകലാണ് റജബിനെ ആദരിക്കലെന്നാണ് അവരുടെ വാദം. അത്തരക്കാർക്ക് ഇബ്‌നു ഹജരിൽ ഹൈതമി ﵀ മറുപടി നൽകുന്നുണ്ട്: ജനങ്ങളെ റജബിലെ നോമ്പിൽ നിന്ന് അകറ്റിനിർത്തുന്നത് അജ്ഞത മൂലമാണ്. ജാഹിലിയ്യ ജനത റജബ് മാസത്തെ ആദരിച്ചെന്നു കരുതി നമ്മൾ അതിനെ ആദരിക്കുന്നത് അവരെ അനുകരിക്കലാവില്ല. ആദരവിന്റെ പേരിൽ അവർ ചെയ്‌തതെല്ലാം നിഷിദ്ധമാണെന്ന് പറയാനുമാവില്ല. ശരീഅത്ത് വിരോധിക്കാത്തതും ദീനിന്റെ നിയമങ്ങളോട് എതിരാവാത്തതുമായ കാലത്തോളം ഏതൊരു നല്ല കാര്യവും ഉപേക്ഷിക്കേണ്ടതില്ല.

റജബ് മാസത്തെ വ്രതവുമായി ബന്ധപ്പെട്ട നിരവധി അവലംബയോഗ്യമല്ലാത്ത ഹദീസുകൾ
വന്നിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. എന്നാൽ മുൻകഴിഞ്ഞ നമ്മുടെ ഇമാമുമാർ അത്തരം ഹദീസുകളെ അവലംബിച്ചു കൊണ്ടല്ല റജബിലെ നോമ്പ് സുന്നത്താണെന്ന് പറഞ്ഞിട്ടുള്ളത്. അവലംബയോഗ്യമായ, പൊതുവായി നോമ്പിനെ പ്രോത്സാഹിപ്പിക്കുന്ന സ്വഹീഹായ ഹദീസുകളും റജബുമായി പ്രത്യേകം ബന്ധപ്പെട്ട മൗളൂഉം വളരെ ദർബലമായതുമല്ലാത്ത ഹദീസുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇമാം ബൈഹഖി ﵀ രേഖപ്പെടുത്തുന്നു: 

അനസ് ﵁ ൽ നിന്നു നിവേദനം. നിശ്ചയം സ്വർഗത്തിൽ റജബ് എന്ന് പേരുള്ള ഒരു നദിയുണ്ട്. പാലിനെക്കാൾ വെളുത്തതും തേനിനെക്കാൾ മധുരമുള്ളതുമാണ് അതിലെ വെള്ളം. റജബ് മാസത്തിൽ നോ മ്പനുഷ്‌ഠിക്കുന്നവർക്ക് അല്ലാഹു അതിൽ നിന്ന് കുടിപ്പിക്കും.

ളഈഫായ ഹദീസുകൾ കൊണ്ട് അമൽ ചെയ്യാമെന്ന് ഇമാമുമാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ റജബിലെ നോമ്പ് പുണ്യകർമമാണെന്നതിന് ഈ ഹദീസുകൾ തന്നെ മതിയാകും. വിവരമില്ലാത്തവർ മാത്രമേ അത് നിഷേധിക്കുകയുള്ളൂ (ഫതാവൽ കുബ്റാ 2/53-55).
മുല്ലാ അലിയ്യുൽ ഖാരി ﵀ പറയുന്നു: കർമം ചെയ്യാൻ ളഈഫായ ഹദീസുകൾ പരിഗണിക്കാവുന്നതാണ്. കൂടാതെ റജബിലെ നോമ്പിന്റെ ശ്രേഷ്‌ഠതയറിയിക്കുന്ന ബലഹീന ഹദീസുകൾ നിരവധിയുള്ളതിനാൽ അവ തെളിവിനു സ്വീകരിക്കാൻ പര്യാപ്തമാകും വിധം ശക്തമായവയാണ് (അൽ അദബ് ഫീ റജബ് 30).

അമലുകളുടെ ശ്രേഷ്‌ഠതയു മായി ബന്ധപ്പെട്ട വിഷയത്തിൽ ളഈഫായ ഹദീസുകൾ കൊണ്ട് പ്രവർത്തിക്കൽ സുന്നത്താണെന്നതിൽ പണ്ഡിതരുടെ ഏകോപനമുണ്ടെന്ന് പല ഇമാമുകളും വിശദീകരിച്ചത് കാണാം. ഇമാം നവവി(റ)ന്റെ മജ്‌മൂഅ 1/59, അൽ അദ്കാർ 35, ഇബ്നു ഹജരിൽ അസ്ഖലാനി ﵀ യുടെ തബ്‌യീനുൽ അജബ് 11, അന്നുകത് അലാ കിതാബി ഇബ്നു‌ സ്വലാഹ് 1/402, ഇബ് നു ഹജരിൽ ഹൈതമി ﵀ യുടെ അൽ മിനഉൽ മക്കിയ്യ 152, അൽ ഫുതൂഹാത്തുറബ്ബാനിയ്യ 1/84 തുടങ്ങിയവ ഉദാഹരണം.

ളഈഫായ ഹദീസ് കൊണ്ട് ഫളാഇൽ (ശ്രേഷ്‌ഠത) സ്ഥിരപ്പെടുത്തുമ്പോൾ അല്ലാഹു സമ്മതം നൽകാത്ത കാര്യം ദീനിൽ നടപ്പിലാക്കുകയും ഒരു ഇബാദത്തിനെ പുതുതായി ഉണ്ടാക്കുകയുമല്ലേ ചെയ്യുന്നത് എന്ന ചോദ്യത്തിന് ഇബ്നു ഹജരിൽ ഹൈതമി ﵀ നൽകിയ മറുപടി ഇങ്ങനെ: ഒരിക്കലും അങ്ങനെയല്ല. മറിച്ച് ഇത് മുഖേന ശ്രേഷ്ഠതയെ ആഗ്രഹിക്കലും പ്രതീക്ഷിക്കലും മാത്രമാണ് (അൽ ഫത്ഹുൽ മുബീൻ ബി ശർഹിൽ അർബഈൻ പേ. 109).

മാത്രമല്ല, സുന്നത്താണെന്ന് പറയുന്നത് കേവലം ഇത്തരം ഹദീസുകളുടെ അടിസ്ഥാനത്തിലല്ല. പ്രത്യുത, ഇങ്ങനെയുള്ള ഹദീസുകൾ വന്നപ്പോൾ ദീനിൽ സൂക്ഷ്‌മത പാലിക്കൽ സുന്നത്താണെന്ന പൊതുനിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇബ്നു അല്ലാൻ അൽ ഫുതൂഹാതുർറബ്ബാനിയ്യ 1/84യിൽ വിശദീകരിക്കുന്നുണ്ട്.

നമ്മുടെ മുൻഗാമികൾ അനുഷ്ഠിച്ചു പോന്നിരുന്ന ഒന്നാണ് റജബ് ഇരുപത്തി ഏഴിലെ മിഅറാജ് നോമ്പ്. നബി ﷺ യുടെ ഇസ്‌റാഅ, മിഅറാജ് നടന്നത് റജബ് 27നായിരുന്നുവെന്ന് ഇമാം നവവി ﵀ റൗള 10/206ലും സൈനുദ്ദീൻ മഖ്‌ദൂം ﵀ ഫത്ഹുൽ മുഈനി(പേ. 5)ലും ഇമാം ഹലബി(റ) സീറതുൽ ഹലബിയ്യ(പേ. 515) യിലും രേഖപ്പെടുത്തുന്നുണ്ട്. ജനങ്ങൾ വ്രതമനുഷ്ഠിച്ചിരുന്നത് റജബ് 27നാണെന്ന് സീറതുൽ ഹലബിയ്യ പ്രത്യേകം എടുത്തു പറയുന്നുമുണ്ട്. പൂർവികർ ചെയ്തു‌പോന്ന മിഅറാജ് നോമ്പ് സുന്നത്താണെന്നതിന് നിരവധി കർമശാസ്ത്ര പണ്ഡിതരുടെ ഉദ്ധരണങ്ങൾ കാണാൻ സാധിക്കും. ബാജൂരി 2/456, ഇആനത് 2/306, ജമൽ 2/349, ഫത്ഹുൽ അല്ലാം 4/119 ഉദാഹരണം.

മിഅറാജ് ദിനത്തിലെ നോമ്പിന്റെ മഹത്ത്വം വ്യക്തമാക്കുന്ന ഹദീസ് ഇമാം ഗസാലി ﵀ വിശ്വ വിഖ്യാത ഗ്രന്ഥമായ ഇഹ്‌യയിൽ ഉദ്ധരിക്കുന്നുണ്ട്. 

തിരുനബി ﷺ പറയുന്നു: ആരെങ്കിലും റജബ് ഇരുപത്തി ഏഴിനു നോമ്പനുഷ്ഠിച്ചാൽ അറുപതു മാസത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു അവന് നൽകും (ഇഹ്‌യ 1/361). ശൈഖ് ജീലാനി ﵀ ഗുൻയത്ത് 1/332ലും ഇബ്നുൽ ജൗസിയുടെ അന്നൂർ ഫീ ഫളാഇലിൽ അയ്യാമി പേ. 153ലും ഇത് ഉദ്ധരിച്ചിരിക്കുന്നു.

ചുരുക്കത്തിൽ, റജബ് 27ലെ നോമ്പ് പല വിധത്തിൽ സുന്നത്താണ്. അതായത്, മിഅറാജിന്റെ നോമ്പ് സുന്നത്താണെന്ന് കർമശാസ്ത്ര ഇമാമീങ്ങൾ പ്രത്യേകം പറഞ്ഞ അടിസ്ഥാനത്തിലും റജബ് മുഴുവനും നോമ്പെടുക്കൽ സുന്നത്താണെന്ന് പറഞ്ഞതിലും 27 ഉൾപ്പെടുന്നു. ഇതിനെല്ലാം പുറമെ, എല്ലാ അറബി മാസവും 27,28,29 തിയ്യതികളിൽ നോമ്പ് സുന്നത്തുണ്ട്. 30 ഉണ്ടെങ്കിൽ അന്നും നോമ്പ് സുന്നത്താണ് (തുഹ്ഫ 3/456, നിഹായ 3/208). മാത്രമല്ല, ഇത്തവണത്തെ റജബ് 27 വ്യാഴാഴ്ചയായതിനാൽ ആ നിലക്കും നോമ്പ് സുന്നത്താണ്.

 

Related Posts