Site-Logo
POST

തിരുനബിയുടെ റമളാൻ

അബ്ദുറഹ്മാൻ ദാരിമി സീഫോർത്ത്

|

26 Aug 2023

feature image

വിശുദ്ധ റമളാനിനെ വളരെ ബഹുമാനത്തോടെയായിരുന്നു നബി ﷺ സ്വീകരിച്ചിരുന്നത്. പുണ്യത്തിൽ സമാനമായി റമളാനിനെ പോലെ മറ്റൊരു മാസമില്ല എന്ന് പഠിപ്പിക്കുക കൂടി ചെയ്ത് കൊണ്ടായിരുന്നു ആ സ്വീകരണം. അനസുബ്നു മാലിക്(റ) പറയുന്നു: റജബ് മാസം വന്നാൽ നബി ﷺ ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു. “അല്ലാഹുവേ, റജബിലും ശഅബാനിലും നീ ഞങ്ങൾക്ക് ബറകത്ത് ചൊരിയേണമേ, റമളാനിലേക്ക് ഞങ്ങളുടെ ആയുസ്സ് നീട്ടിത്തരുകയും ചെയ്യേണമേ’ (ത്വബ്റാനി, ബൈഹഖി, അഹ്മദ്). സർവ ഐശ്വര്യങ്ങളുമായി വരുന്ന വിശിഷ്ടാതിഥിയെ അതീവ ബഹുമാനത്തോടെയാണ് സ്വീകരിക്കേണ്ടത്. ആ അർത്ഥത്തിലാണ് തിരുനബിയുടെ ഹൃദയ സ്പർശിയായ ഈ പ്രാർത്ഥനയെ കാണേണ്ടത്.

ഐഹിക വിഷയങ്ങളിൽ പോലും ചെറുതും വലുതുമായ മുന്നൊരുക്കങ്ങൾ നടത്തുമ്പോൾ പരലോക കാര്യങ്ങളിൽ കാണിക്കേണ്ട ശുഷ്കാന്തിയിലേക്ക് കൂടി ഇതിൽ സൂചനയുണ്ട്. വരാനിരിക്കുന്ന മാസത്തിന്റെ മുന്നൊരുക്കം എന്ന നിലയിൽ ശഅബാനിൽ തിരുനബി കൂടുതൽ നോമ്പ് അനുഷ്ഠിക്കാറുണ്ടായിരുന്നുവെന്ന് ആഇശ ബീവി(റ)യിൽ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നുണ്ട്. വിശുദ്ധിയുടെ മാസത്തിൽ ജീവിക്കാൻ കഴിയുന്നതിന്റെ സൗഭാഗ്യം കുറിക്കുന്ന ഒരു സംഭവം ഇങ്ങനെ വായിക്കാം. ത്വൽഹത്തിബ്നു ഉബൈദില്ല(റ)വിൽ നിന്ന്: ഒരിക്കൽ ഖുദാആ ഗോത്രത്തിലെ രണ്ട് പേർ തിരുസവിധത്തിലെത്തി ഇസ്‌ലാം സ്വീകരിച്ചു. അവരിൽ ഒരാൾ ശത്രുക്കളുമായുള്ള പോരാട്ടത്തിൽ രക്തസാക്ഷിയായി. രണ്ടാമത്തെയാൾ ഒരു വർഷത്തിന് ശേഷം സാധാരണ രീതിയിൽ മരണപ്പെട്ടു. ത്വൽഹ(റ) പറയുന്നു; ഞാൻ അവരെ രണ്ട് പേരെയും സ്വപ്നത്തിൽ കാണാനിടയായി. എന്നെ അത്ഭുതപ്പെടുത്തിയത് രക്തസാക്ഷിയായ വ്യക്തിയേക്കാൾ മുമ്പേ രണ്ടാമത്തെയാൾ സ്വർഗത്തിലെത്തിയതാണ്. ഞാൻ ഇക്കാര്യം തിരുനബി ﷺ യുടെ ശ്രദ്ധയിൽ പെടുത്തി. അപ്പോൾ അവിടുന്ന് പറഞ്ഞു: രക്തസാക്ഷിയായ തന്റെ സഹോദരന് ശേഷം ഒരു റമളാൻ മുഴുവൻ അയാൾ നോമ്പ് എടുക്കുകയും ആയിരത്തിൽ പരം റക്അത്തുകൾ ഒരു വർഷത്തിൽ അയാൾ നിസ്കരിക്കുകയും ചെയ്തിട്ടില്ലേ? അത് കൊണ്ടാണത്. പ്രതിഫലത്തിന്റെ കാര്യത്തിൽ അവർക്കിട തിൽ ആകാശഭൂമികളുടെ അന്തരമുണ്ട് (ഇബ്നു മാജ 3925).

റമളാനിലെ പുണ്യ കർമങ്ങൾക്ക് ഇരട്ടിയിരട്ടി പ്രതിഫലം വാഗ്ദാനം ചെയ്ത തിരുനബി ﷺ ഈ മാസത്തിൽ കൂടുതൽ ഖുർആൻ പാരായണത്തിന് പരിഗണന നൽകിയിരുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണമാസമാണല്ലോ റമളാൻ. ഇക്കാര്യത്തിൽ തിരുനബി ﷺ പുലർത്തിയിരുന്ന താൽപര്യം പ്രമുഖ സ്വഹാബി ഇബ്നു അബ്ബാസ്(റ) പറയുന്നത് കാണുക: റമളാൻ ആഗതമായാൽ ആ മാസം വിടവാങ്ങുന്നത് വരെ എല്ലാ രാത്രികളിലും ജിബിരീൽ ﵇ നബിയെ സന്ദർശിക്കുമായിരുന്നു. അപ്പോഴെല്ലാം തിരുനബി ജിബ്‌രീലിന് ഖുർആൻ മുഴുവനായി ഓതി കേൾപ്പിച്ച് കൊടുക്കുമായിരുന്നു (ബുഖാരി, മുസ്‌ലിം). ഇമാം ബുഖാരിയുടെ മറ്റൊരു റിപ്പോർട്ടിൽ ജിബ്രീൽ ﵇ തിരുനബിയെ റമളാനിൽ കണ്ട് മുട്ടുകയും എന്നിട്ട് ഖുർആനിന്റെ പാഠപരിശോധന നടത്തുകയും ചെയ്യാറുണ്ടായിരുന്നു എന്നാണുള്ളത്. രണ്ടായാലും ഖുർആൻ പഠനപാരായണങ്ങൾക്ക് ഏറ്റവും അനുയോജ്യ സമയവും മാസവുമായി റസൂലും ജിബ്രീൽ ﵇ മും റമളാനിനെയായിരുന്നു കണ്ടിരുന്നത് എന്ന് ഗ്രഹിക്കാം. നോമ്പ് വ്യക്തിയിൽ ഉണ്ടാക്കേണ്ട സ്വഭാവ ഗുണങ്ങളെ കുറിച്ചും മാറ്റങ്ങളെ കുറിച്ചും നിരവധി തിരുവചനങ്ങൾ പരാമർശിക്കുന്നുണ്ട്.

സ്രഷ്ടാവിനോടും സൃഷ്ടികളോടും ബന്ധം പുലർത്തി മികച്ച നോമ്പുകാരനാകാനാണ് ഈ അധ്യാപനങ്ങളെല്ലാം ആവശ്യപ്പെടുന്നത്. അബൂ ഹുറൈറ(റ)വിൽ നിന്ന് നബി ﷺ ചോദിച്ചു: ആരാണിന്ന് നിങ്ങളിൽ നോമ്പുകാരനായുള്ളത്? അബൂബക്കർ(റ) പറഞ്ഞു: ഞാൻ. തിരുനബി: നിങ്ങളിൽ ഇന്ന് ഒരു ദരിദ്രന് ഭക്ഷണം നൽകിയിട്ടുള്ളത് ആരാണ്? അബൂബക്കർ(റ): ഞാൻ, തിരുനബി: ഇന്ന് നിങ്ങളിൽ ഒരു ജനാസയെ അനുഗമിച്ചത് ആരാണ്? അബൂബക്കർ(റ): ഞാൻ. തിരുനബി നിങ്ങളിലിന്ന് ഒരു രോഗിയെ സന്ദർശിച്ചവൻ ആരാണ്? അബൂബക്കർ(റ): ഞാൻ. തിരുനബി ﷺ: ഈ സൽക്കർമങ്ങളെല്ലാം ഒരുമിച്ച് കൂടിയവൻ സ്വർഗത്തിൽ കടക്കാതിരിക്കുകയില്ല (മുസ്‌ലിം, ഇബ്നു ഖുസൈമ, ബൈഹഖി).

ദരിദ്രന് ഭക്ഷണം നൽകുക എന്നതാണ് നോമ്പുകാരന്റെ ഒന്നാമത്തെ ദിനചര്യയായി തിരുനബി ﷺ പഠിപ്പിക്കുന്നത്. അന്നപാനീയങ്ങളുടെ വർജനമാണല്ലോ നോമ്പ്. കഴിവുണ്ടായിട്ടും ഭക്ഷണം കഴിക്കാതെ പട്ടിണി പരിശീലിക്കലാണത്. സമ്പന്നൻ വിശപ്പിന്റെ രുചിയും മണവുമെല്ലാം സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിയുകയാണിവിടെ. അതു മുഖനെ തന്റെ ചുറ്റുപാടുള്ള പാവങ്ങളെ കണ്ടറിയാനും കാരുണ്യമുണ്ടാവാനും നിമിത്തമാകുന്നു. അത് കൊണ്ടാണ് റമളാനിന് അനുകമ്പയുടെ മാസം (ശഹ്റുൽ മുവാസാത്ത്) എന്ന് നബി ﷺ പേരിട്ടത്. ദരിദ്രന് ഭക്ഷണം നൽകുന്നതിന് ശേഷം നിർദേശിക്കപ്പെട്ട ജനാസയെ അനുഗമിക്കൽ, രോഗീ സന്ദർശനം എന്നിവയും നിരവധി പുണ്യങ്ങൾ നേടാനാവുന്ന ഇബാദത്തുകളാണ്.

റമളാനിലെ രാത്രി നിസ്കാരമാണ് തിരുനബി നിർദേശിച്ച പ്രധാനപ്പെട്ട മറ്റൊരു ഇബാദത്ത്. ഐഛിക കർമങ്ങളിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതാണത്. റമളാനിലെ രാത്രിയിലുള്ള പ്രത്യേക ഇബാദത്തായ തറാവീഹ് നിസ്കാരം കൂടാതെ തന്നെ പൊതുവിൽ രാത്രി നിസ്കാരത്തിന് വലിയ പുണ്യമാണുള്ളത്. പ്രവാചകന്മാരുടെയും സച്ഛരിതരായ വിശ്വാസികളുടെയും ജീവിതചര്യകളിൽ പ്രധാനമായിരുന്നു രാത്രി നിസ്കാരം. നിരവധി ഖുർആൻ സൂക്തങ്ങളും പ്രവാചക വചനങ്ങളും അതിന്റെ പ്രാധാന്യം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. ദീനിൽ അഞ്ച് നേരത്തെ നിർബന്ധ നിസ്കാരങ്ങളും മറ്റ് ആരാധനാ കർമങ്ങളും നിയമമാക്കപ്പെടുന്നതിന് മുമ്പ് തന്നെ രാത്രി നിസ്കാരം വിശ്വാസികളോട് അല്ലാഹു സഗൗരവം അനുശാസിച്ചിട്ടുണ്ട്. പ്രവാചകത്വ ലബ്ധിയുടെ പ്രഥമഘട്ടത്തിൽ തന്നെ അല്ലാഹു തിരുനബിയെ ഇങ്ങനെ ഉപദേശിക്കുന്നത്. കാണാം: “ഹേ, പുതപ്പിട്ട് മൂടിക്കിടക്കുന്ന നബിയേ, എഴുന്നേറ്റ് രാത്രി നിസ്കാരം നിർവഹിക്കുക. ഇത്തിരി നേരമൊഴികെ. അതായത് രാവിന്റെ പകുതി സമയം. അല്ലെങ്കിൽ അതിൽ നിന്ന് അൽപ്പം കൂട്ടുകയോ കുറക്കുകയോ ചെയ്യുക. നിസ് കാരത്തിൽ ഖുർആൻ സാവധാനം ഓതിക്കൊണ്ടിരിക്കുകയും ചെയ്യുക’ (അൽ മുസസമ്മിൽ 1-4). അബൂഹുറൈറയിൽ നിന്ന്: റമളാനിലെ രാത്രി നിസ്കാരത്തിന് നബി ﷺ പ്രത്യേകം പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. നിർബന്ധിക്കാറുണ്ടായിരുന്നില്ല. അവിടുന്ന് പറയും; ഒരാൾ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമളാനിൽ രാത്രി നിസ്കാരം നിർവഹിച്ചാൽ അവന്റെ സംഭവിച്ച് പോയ പാപങ്ങളെല്ലാം അല്ലാഹു പൊറുത്ത് കൊടുക്കുന്നതാണ് (മുസ്‌ലിം, അബൂദാവൂദ്).

രാത്രി നിസ്കാരത്തിന്റെ മഹത്ത്വത്തെകുറിച്ച് തിരുനബി ﷺ പറഞ്ഞു: നിങ്ങൾ രാത്രി നിസ് കാരം പതിവാക്കുവിൻ. എന്ത് കൊണ്ടെന്നാൽ നിങ്ങൾക്ക് മുമ്പുള്ള സജ്ജനങ്ങളുടെ ജീവിത ശീലങ്ങളിൽ പെട്ടതാണത്. അപ്രകാരം രക്ഷിതാവിന്റെ സവിധത്തിലേക്ക് നിങ്ങളെ അടുപ്പിക്കുന്നതും നിങ്ങളുടെ ദോഷങ്ങൾ പൊറുപ്പിക്കുന്നതുമായ കർമമാണത്. കുറ്റകൃത്യങ്ങളെ തടയുവാനും ശരീരരോഗങ്ങളെ ഇല്ലായ്മ ചെയ്യാനും അത് നിമിത്തമാകുകയും ചെയ്യും (ത്വബ്റാനി, തുർമുദി, ബൈഹഖി). റമളാനിൽ കുടുതൽ ദാനധർമങ്ങൾ വർധിപ്പിക്കുന്ന പ്രകൃതമായിരുന്നു തിരുനബിയുടെത്. ഇസ്‌ലാം വ്യക്തിയിൽ നട്ട് വളർത്തുന്ന ശ്രേഷ്ഠഗുണങ്ങളിൽ പ്രധാനമാണ് ദാനശീലം. അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട കർമങ്ങളിൽ പെട്ടതുമാണ് അത്. ഇബ്നു അബ്ബാസ്(റ) പറയുന്നു. തിരുനബി ﷺ ജനങ്ങളിൽ ഏറ്റവും ഉദാരനായിരുന്നു. റമളാനിൽ ജിബ്രീൽ ﵇ പ്രവാചകരെ കണ്ടുമുട്ടുമ്പോഴാണ് അവിടുന്ന് അത്യുദാരനായിരുന്നത്. ജിബ്രീലാകട്ടെ റമളാനിലെ എല്ലാ രാവുകളിലും നബിയുമായി കൂടിക്കാഴ്ച നടത്തുകയും ഖുർആൻ പാഠങ്ങളുടെ പരിശോധന നടത്തുകയും ചെയ്യുമായിരുന്നു. ജിബ്രീൽ ﵇ വന്ന് കാണുമ്പോഴൊക്കെ അല്ലാഹുവിന്റെ റസൂൽ അടിച്ച്വീശുന്ന കാറ്റിനേക്കാൾ ഉദാരനാകുമായിരുന്നു (ബുഖാരി, മുസ്‌ലിം). അനസ്(റ) പറയുന്നു: റസൂൽ ﷺ യോട് ഒരാൾ ചോദിച്ചു: ഏറ്റവും ശ്രേഷ്ഠകരമായ ദാനധർമം ഏതാണ്? അവിടുന്ന് പറഞ്ഞു: “ഒരു വ്യക്തി റമളാനിൽ നിർവഹിക്കുന്ന ദാനധർമങ്ങളാണ് ഏറ്റവും മഹത്തരമായത്’ (തുർമുദി 663).

ഇബ്നു അബ്ബാസ്(റ) പറയുന്നു: റമളാൻ സമാഗതമായാൽ തടവുകാരെയെല്ലാം മോചിപ്പിക്കുകയും ചോദിച്ച് വരുന്നവർക്കെല്ലാം നൽകുകയും ചെയ്യുന്ന പതിവുകാരനായിരുന്നു തിരുനബി ﷺ (ബൈഹഖി 3629). ജിബിരീലും ഖുർആനും റമളാനും ഒത്തുചേരുന്ന അത്യപൂർവ നിമിഷങ്ങളിൽ ഏറ്റവും ഔദാര്യ സ്വഭാവമായിരുന്നു നബി ﷺ കാണിച്ചത്. അഭൗതികമായ സർവാനുഗ്രഹങ്ങളും തിരുസന്നിധിയിലേക്കിറങ്ങിവരുമ്പോൾ അവിടുന്ന് തന്റെ കീഴിലുള്ള സഹജീവികളെ വിസ്മരിക്കുകയോ അവരെ തന്നിൽ നിന്ന് അകറ്റിക്കളയുകയോ ചെയ്യുന്നില്ല. മറിച്ച് കൂടുതൽ ദയാവായ്പകളുമായി അവരിലേക്ക് ഇറങ്ങി ച്ചെല്ലുകയാണ്.

വിശുദ്ധിയുടെ മാസത്തിൽ ഇഅതികാഫിന് തിരുനബി ﷺ പ്രത്യേകം സമയം കണ്ടെത്തിയിരുന്നു. വളരെ ഭവ്യതയോടെയായിരുന്നു അവിടുത്തെ നീക്കങ്ങളെല്ലാം റമളാനിലെ ഓരോ സെക്കന്റും പുണ്യകരമായി തന്നെ നീങ്ങണമെന്ന ശ്രദ്ധയായിരുന്നു തിരുനബിക്ക്. അബു ഹുറൈറയിൽ നിന്ന്: നബി ﷺ എല്ലാ റമളാനിലും പത്ത് ദിവസം ഇഅതികാഫ് അനുഷ്ഠിക്കാറുണ്ടായിരുന്നു. അവിടുത്തെ വിയോഗവർഷം ഇരുപത് ദിവസം ഇഹ്തികാഫ് അനുഷ്ഠിക്കുകയുണ്ടായി(ബുഖാരി). അല്ലാഹുവിന്റെ മാത്രം പ്രീതിയുദ്ദേശിച്ച് പള്ളിയിൽ കഴിഞ്ഞ് കൂടുന്നതിനാണ് സാങ്കേതിക ഭാഷയിൽ ഇഅതികാഫ് എന്ന് പറയുന്നത്. ഐഛിക പുണ്യകർമായി ഇഅതികാകാഫിനെ സച്ചരിതരായ പൂർവികരെല്ലാം വളരെ ശ്രദ്ധയോട് കൂടിയാണ് കണ്ടിരുന്നത്. വിശുദ്ധ ഖുർആൻ നോമ്പുമായി ബന്ധപ്പെട്ട വിധികളുടെ ഒടുവിൽ ഇഅതികാഫിനെ വളരെ പ്രാധാന്യപൂർവം പരാമർശിക്കുന്നുണ്ട് (അൽ ബഖറ 187).

പൊതുവിൽ തന്നെ വളരെ പ്രാധാന്യമുള്ള ഇഅതികാഫ് റമളാനിന്റെ ദിവസങ്ങളിൽ കൂടുതൽ പുണ്യമുള്ളതാണ്. നബി ﷺ പറഞ്ഞു: റമളാനിൽ പത്ത് ദിവസം ഇഅതികാഫ് അനുഷ്ഠിക്കുന്നത് രണ്ട് ഹജ്ജും ഉംറയും നിർവഹിക്കുന്നതിന് തുല്യമാണ്(ത്വബ്റാനി, ബൈഹഖി). “വല്ലവനും അല്ലാഹുവിന്റെ പ്രീതിയുദ്ദേശിച്ച് ഒരു ദിവസം പള്ളിയിൽ ഇഅതികാഫ് അനുഷ്ഠിച്ചാൽ അല്ലാഹു അവനും നരകത്തിനുമിടയിൽ മൂന്ന് കിടങ്ങുകളുണ്ടാക്കും. അവയിൽ ഓരോന്നും രണ്ട് ചക്രവാളങ്ങൾ തമ്മിലുള്ളതിനേക്കാൾ അകലമുണ്ടായിരിക്കും“ (ബൈഹഖി). ജീവിത കാലത്ത് ഒരിക്കൽ പോലും ഉപേക്ഷിക്കാതെ ഗൗരവപൂർവം തിരുനബി ﷺ അനുഷ്ഠിച്ചിരുന്ന മഹദ് കർമമാണ് റമളാനിലെ ഇഅതികാഫ്. ഐച്ഛിക കർമങ്ങളിൽ രാത്രി നിസ്കാരമല്ലാതെ മറ്റൊന്നും ഇത്ര നിഷ്ഠയോടെ അവിടുന്ന് മുറുകെ പിടിച്ചതായി കാണാൻ കഴിയില്ല.

റമളാനിലെ അവസാന പത്തിന് തിരുനബി ﷺ വലിയ പ്രാധാന്യമാണ് നൽകിയിരുന്നത്. ഏതൊരു കർമങ്ങളുടെയും അന്ത്യംനോക്കിയാണ് അവയുടെ സ്വീകാര്യതയും പൂർണതയും വിലയിരുത്തുക. അത് കൊണ്ട് തന്നെ കർമങ്ങൾ അവയുടെ അവസാന സന്ദർഭങ്ങളിലെ ഉത്സാഹവും താൽപര്യവും പരിഗണിച്ച് കൂടുതൽ പുണ്യകരവും പ്രതിഫലാർഹവുമായിത്തീരും. തുടക്കത്തിലുണ്ടാവുന്ന മനസ്സാന്നിധ്യവും വിശുദ്ധിയും അന്തിമഘട്ടത്തിൽ പാഴായിപ്പോയാൽ കർമങ്ങൾ നിഷ്ഫലമാവാനും സാധ്യതയുണ്ട്. തിരുനബി ﷺ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: “അല്ലാഹുവേ, എന്റെ ദിവസങ്ങളിൽ ഏറ്റവും നല്ല ദിവസം നിന്നെ ഞാൻ കണ്ടുമുട്ടുന്ന ദിവസമാക്കേണമേ, എന്റെ ആയുസ്സിൽ ശ്രേഷ്ഠഭാഗം അതിന്റെ അവസാന വേളയാക്കേണമേ, എന്റെ കർമങ്ങളിൽ അത്യുത്തമം അതിന്റെ അന്തിമഘട്ടമാക്കേണമേ”(ത്വബ്റാനി).

വിശുദ്ധമാസത്തിന്റെ അവസാന നാളുകളെ അവഗണിച്ച് കളയുന്നവൻ റമളാനിനെ മുഴുവനായാണ് നഷ്ടപ്പെടുത്തുന്നത്. പരിഗണിക്കുന്നവനോ റമളാനിനെ മുഴുവനായും പരിഗണിക്കുകയാണ്. ആഇശ(റ) പറയുന്നു: റമളാനിലെ അവസാനത്തെ പത്ത് വന്നെത്തിയാൽ തിരുനബി ﷺ ഉറക്കം വെടിഞ്ഞ് രാത്രിയെ സജീവമാക്കുകയും കുടുംബത്തെ വിളിച്ചുണർത്തുകയും ചെയ്യുമായിരുന്നു. അവിടുന്ന് സത്കർമങ്ങളിൽ കൂടുതൽ വ്യാപൃതനാവുകയും അര മുറുക്കിയുടുക്കുകയും ചെയ്യും(ബുഖാരി, മുസ്‌ലിം). നബി ﷺ റമളാനിലെ അവസാന ദിനങ്ങളിൽ മറ്റൊരു സമയത്തുമില്ലാത്തവിധം കൂടുതൽ ഉത്സാഹം കാണിക്കുകയും ഇബാദത്തുകളിൽ അതീവ താൽപര്യം പുലർത്തുകയും ചെയ്യാറുണ്ടായിരുന്നു. ദിക്റുകളിലും പ്രാർത്ഥനകളിലുമായി രാത്രിയെ സജീവമാക്കുകയും പുലരും വരെ മറ്റ് ഇബാദത്തുകളിലായി കഴിഞ്ഞ് കൂടുകയും ചെയ്യും. അവസാന ദിനങ്ങളായാൽ തിരുനബി ﷺ തന്റെ അരക്കച്ച മുറുക്കാറുണ്ടായിരുന്നു എന്നാണ് ഹദീസിലുള്ളത്.

ഇബാദത്തിന് വേണ്ടി മറ്റെല്ലാം മാറ്റിവെച്ച് ഒതുങ്ങിയിരിക്കുക എന്നതിനെ സൂചിപ്പിക്കുന്ന ആലങ്കാരിക പ്രയോഗമാണത്. ഭാര്യമാരുമായി ബന്ധങ്ങളിലേർപ്പെടാതെ അകന്ന് കഴിയുക എന്നതിനും ഈ പദം ഉപയോഗിക്കാറുണ്ട്. ഏത് നിലക്കാണെങ്കിലും ഇബാദത്തിനായി പ്രവാചകർ ﷺ മാറ്റിവെച്ച അനുഗ്രഹീത ദിനങ്ങളായിരുന്നു റമളാനിലെ അവസാന ദിനങ്ങൾ. ആഇശ(റ) പറയുന്നു: നബി ﷺ റമളാനിലെ അവസാന പത്ത് ദിനങ്ങളിൽ മറ്റൊന്നിലുമില്ലാത്തത്ര കഠിനമായി പരിശ്രമിക്കാറുണ്ടായിരുന്നു (മുസ്‌ലിം, തുർമുദി).

റമളാനിലെ അവസാന നാളുകൾക്ക് സവിശേഷമായ പ്രത്യേകതകളുണ്ട്. ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന സമയമാണത്. നരക വിമോചനത്തിന്റെ അസുലഭ നിമിഷങ്ങൾ, കൂടാതെ വിശ്വാസിയോട് റമളാൻ വിട പറയാനിരിക്കുന്ന വൈകാരിക സന്ദർഭവും. അവസാന നാളുകളിലെ പുണ്യം നേടിയെടുക്കാൻ തന്റെ കുടുംബത്തെ കൂടി സജ്ജമാക്കുകയായിരുന്നു തിരുനബി ﷺ. ഇക്കാര്യത്തിൽ തിരുനബിയുടെ ശ്രദ്ധയെ കുറിച്ച് സൈനബ് ബിൻത് ഉമ്മുസലമ(റ) പറയുന്നു: റമളാനിലെ അവസാന പത്തായാൽ നബി ﷺ കുടുംബത്തിലെ എഴുന്നേറ്റ് നിസ്കരിക്കാൻ ശേഷിയുള്ള ഒരാളെയും എഴുന്നേൽപ്പിക്കാതെ വിടാറുണ്ടായിരുന്നില്ല(തുർമുദി).

സ്വന്തത്തിന്റെ ബാധ്യത നിറവേറ്റുന്നതോടൊപ്പം അല്ലാഹുവിന്റെ കാരുണ്യം സമ്പാദിക്കാൻ തന്റെ കുടുംബത്തെ കൂടി പ്രേരിപ്പിക്കേണ്ടതുണ്ട്. കൂടുതൽ ധന്യമായ റമളാൻ പോലുള്ള സമയങ്ങളിൽ പ്രത്യേകിച്ചും. നരകവിമോചനത്തിന്റെ ദിനങ്ങളാണ് കഴിഞ്ഞ് പോവുന്നത്. സമയമൊന്നും വെറുതെയാക്കാതെ വളരെ ജാഗ്രതയോടെ അവൻ മുന്നോട്ട് പോവുന്നത് ഒരുനാൾ ഈ സ്വപ്നം പൂവണിയുമെന്ന തീവ്രാഭിലാഷത്തിലാണ്. ഹസൻ(റ)വിൽ നിന്ന് ഉദ്ധരണം: തിരുനബി ﷺ പറഞ്ഞു: തീർച്ചയായും റമളാനിലെ ഓരോ രാത്രിയിലും ആറ് ലക്ഷം പേരെ അല്ലാഹു നരകശിക്ഷയിൽ നിന്ന് മോചിപ്പിച്ചു കൊണ്ടിരിക്കും. അങ്ങനെ റമളാനിലെ അവസാന രാവ് വന്നാൽ അത് വരെ മോചിപ്പിച്ച അത്രയും എണ്ണം ആളുകളെ അവൻ നരകത്തിൽ നിന്ന് പിന്നെയും മോചിപ്പിക്കും(ബൈഹഖി). അബൂഹുറൈറ(റ)വിൽ നിന്ന്: റമളാനിലെ ഓരോ രാത്രിയിലും പത്ത് ലക്ഷം പേരെ അല്ലാഹു നരകത്തിൽ നിന്ന് മോചിപ്പിച്ച് കൊണ്ടിരിക്കും. അങ്ങനെ ഇരുപത്തി ഒമ്പതാം രാവ് വന്നെത്തിയാൽ അത്രയും എണ്ണം ആളുകളെ ആ ഒരൊറ്റ രാത്രിയിൽ മാത്രമായി അല്ലാഹു നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തും (അത്തർഗീബു വത്തർ ഹീബ് 1739).

റമളാനിൽ അല്ലാഹുവിന്റെ ഈ പ്രത്യേക കാരുണ്യത്തിന് അർഹരാവുന്നവരുടെ എണ്ണത്തെ കുറിച്ച് ഹദീസുകളിൽ വിവിധ പരാമർശങ്ങൾ കാണാം. ഈ പറയുന്ന സംഖ്യകൾ കൃത്യമോ നിർണിതമോ അല്ല. അല്ലാഹുവിന്റെ കാരുണ്യം അറ്റമില്ലാത്തതാണല്ലോ? അനേകം, ധാരാളം എന്ന നിലയിലാണ് ഇത്തരം പദങ്ങൾ തിരുവചനങ്ങളിൽ പ്രയോഗിക്കുന്നത്. വിശുദ്ധമാസത്തിന്റെ ഏറ്റവും ധന്യമായ അവസാന ദിനങ്ങളിൽ അല്ലാഹുവിന്റെ പ്രത്യേക കാരുണ്യം ഉദാരമായി വർഷിക്കുന്ന സന്ദർഭങ്ങളാണ്. സകലരിലും കവിഞ്ഞൊഴുകുന്ന അനുഗ്രഹ സ്പർശങ്ങൾ മുഴുവൻ വിശ്വാസികളെയും നരകാഗ്നിയിൽ നിന്ന് മോചിപ്പിക്കുന്നു. കടുത്ത ധിക്കാരികളും പാപികളുമൊഴികെ. ലൈലത്തുൽ ഖദ്റുമായി ബന്ധപ്പെട്ട ഒരു ഹദീസിൽ ഇങ്ങനെ കാണാം: “ആ രാവിൽ അല്ലാഹു അടിമകളെ കാരുണ്യത്തോടെ നോക്കുന്നതാണ്. അവൻ അവർക്ക് മാപ്പ് നൽകും. വിട്ടുവീഴ്ച നൽകും. നാലു വിഭാഗത്തിനൊഴികെ.’ സ്വഹാബത്തിന്റെ ചോദ്യം: നബിയേ, അവർ അവർ ആരെല്ലാമാണ്? റസൂലിന്റെ മറുപ ടി:നിത്യ മദ്യപാനി, മാതാപിതാക്കളെ ദ്രോഹിക്കുന്നവൻ, കുടുംബബന്ധം വിച്ഛേദിച്ചവൻ, സുഹൃത്തുക്കളോട് ശത്രുത വെച്ച് പുലർത്തുന്നവൻ (ബൈഹഖി).

റമളാൻ ആത്മവിചാരണയുടെ മാസം കൂടിയാണ്. ആഇശ(റ) പറയുന്നു: ഞാൻ തിരുനബിയോട് ഈ സൂക്തത്തെ കുറിച്ച് ചോദിച്ചു. “തങ്ങളുടെ രക്ഷിതാവിലേക്ക് മടങ്ങി ചെല്ലേണ്ടിവരുമല്ലോ എന്നോർത്ത് ഹൃദയങ്ങൾ വിറപൂണ്ട് ദാനം നൽകിക്കൊണ്ടിരിക്കുന്നവൻ” (അൽ മുഅമിനൂൻ) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മദ്യപിക്കുകയും മോഷണം നടത്തുകയും ശേഷം അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുന്നവരെ കുറിച്ചാണോ? തിരുനബി ﷺ പറഞ്ഞു: സിദ്ദീഖിന്റെ മകളേ, അല്ല. അത് വ്രതമനുഷ്ഠിക്കുകയും നിസ്കാരങ്ങൾ നിർവഹിക്കുകയും പിന്നീട് തങ്ങളുടെ കർമങ്ങൾ സ്വീകരിക്കപ്പെടുന്നില്ലേ എന്ന് ആശങ്കിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരെ കുറിച്ചാണ്. സൽപ്രവർത്തനങ്ങളിൽ കൂടുതൽ മുന്നേറിക്കൊണ്ടിരിക്കുന്നവരാണവർ (തുർമുദി, ഇബ്നുമാജ, ബൈഹഖി, ഹാക്കിം, അഹ്മദ്).

നോമ്പ് നിർബന്ധമാക്കിയതിന്റെ ലക്ഷ്യം ഖുർആൻ പരിചയപ്പെടുത്തിയത് തഖവ വർധിക്കാനാണെന്നാണ്. ഓരോ റമളാനും തഖവയുടേയും സൂക്ഷ്മ ജീവിതത്തിന്റെയും വർധനവിന് ഹേതുവാകണം. റയ്യാൻ കവാടത്തിലൂടെ സ്വർഗത്തിലെത്താൻ കൊതിക്കുന്ന വിശ്വാസികൾ റമളാനിലെ ദിനരാത്രങ്ങൾ സജീവമാക്കി പറുദീസ പ്രാപിക്കാൻ തീവ്രമായി പരിശ്രമിക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ.

-അബ്ദുറഹ്മാൻ ദാരിമി സീഫോർത്ത്

Related Posts