തിരുനബി ﷺ യുടെ
കാലത്ത് തന്നെ കപടവിശ്വാസികൾ ഇസ്‌ലാമിനും വിശ്വാസികൾക്കുമെതിരെ ചതിപ്രയോഗങ്ങൾ നടത്താൻ ആരംഭിച്ചിരുന്നു. പക്ഷെ, അവയൊന്നും വിജയപ്രദമായിരുന്നില്ല. അബൂബക്ർ ﵁ ന്റെ ഭരണ കാലത്ത് അവർ തങ്ങളുടെ ശ്രമങ്ങൾ പുനരാംരംഭിച്ചു. മത നിയമങ്ങളെ ചോദ്യം ചെയ്യുവാനും സമൂഹത്തിൽ അരക്ഷിതത്വം സൃഷ്ടിക്കുവാനും തുടങ്ങി. സ്വഹാബികളുടെ അഭിപ്രായങ്ങൾ നിരാകരിച്ചു. സകാത് നൽകില്ലെന്ന് പ്രഖ്യാപിച്ചു. നിർബന്ധ ദാനം തിരുനബി ﷺ യുടെ കാലത്തേക്ക് മാത്രമുള്ളതാണ് എന്നായിരുന്നു അവരുടെ വാദം.
ഖലീഫ അവർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. “നിശ്ചയം നേരത്തെ നൽകിയിരുന്നതിൽ നിന്ന് ഒരു ഒട്ടകത്തിന്റെ കയറെങ്കിലും നിഷേധിക്കുകയാണെങ്കിൽ അവർക്കെതിരെ ഞാൻ യുദ്ധം ചെയ്യും”. (ബുഖാരി കിതാബു സക്കാത് 188). പ്രസ്തുത പോരാട്ടമാണ് ഹർബുരിദ്ദ എന്നറിയപ്പെടുന്നത്.
രണ്ടാം ഖലീഫ ഉമറി ﵁ ന്റെ ഭരണകാലത്ത് ഇസ്‌ലാം ലോകത്തിന്റെ നാനാ ദിക്കുകളിലേക്കും പ്രചരിച്ചു. ശാം, ഫലസ്തീൻ, അസർബൈജാൻ, പേർഷ്യ തുടങ്ങിയ പ്രദേശങ്ങൾ മുസ്‌ലിം അധീനതയിലായി. ജനങ്ങളുടെ കൂട്ടംകൂട്ടമായുള്ള ഇസ്‌ലാമിക ആശ്ലേഷണത്തിന്റെതായിരുന്നു
ഉസ്മാൻ ﵁ ന്റെ ഭരണകാലം.
ത്വബരിസ്ഥാൻ, നൈസാബൂര്‍, ആഫ്രിക്ക, അലക്സാണ്ട്രിയ തുടങ്ങിയ നാടുകൾ മുസ്‌ലിം ആധിപത്യത്തിന് കീഴിലായതും ഇക്കാലയളവിലാണ്.
ഇസ്‌ലാമിന്റെ വ്യാപനം ജൂതന്മാരെയും ക്രിസ്ത്യാനികളെയും കപട വിശ്വാസികളെയും ഒരുപോലെ ഭയചകിതരാക്കി. മുസ്‌ലിംകൾക്കിടയിൽ ഭിന്നതകൾ സൃഷ്ടിച്ചാലല്ലാതെ തങ്ങൾക്ക് ഇനി രക്ഷയില്ലെന്ന് അവർ തിരിച്ചറിഞ്ഞു. അതിനവർ സാധ്യമായ മാർഗ്ഗങ്ങൾ തേടി. ഗൂഢാലോചനകളുടെ ഫലമായി ഉസ്മാൻ(റ) വധിക്കപ്പെട്ടു.
അതേപ്രതി അലി ﵁ യുടെ കാലത്ത് മുസ്‌ലിംകൾക്കിടയിൽ അഭിപ്രായ ഭിന്നത രൂപപ്പെട്ടു. പരസ്പരം യുദ്ധങ്ങൾ നടന്നു. ഇത് വിശ്വാസികളെ ഏറെ വേദനിപ്പിക്കുകയും ശത്രുക്കളെ സന്തോഷിപ്പിക്കുകയും ചെയ്തു.
അനുരഞ്ജന ശ്രമങ്ങളുമായി
അംറുബിനു ആസ്വ്(റ), അബ്ദുല്ലാഹിബ്നു അബ്ബാസ്(റ), അബൂ മൂസൽ അശ്അരി ﵀ തുടങ്ങിയ സ്വഹാബി പ്രമുഖർ രംഗത്തിറങ്ങി. അവരുടെ പരിശ്രമഫലമായി ഇരുവിഭാഗങ്ങളും ഒന്നിക്കുകയും യുദ്ധം ഉപേക്ഷിക്കുകയും സാഹോദര്യം പുനസ്ഥാപിക്കപ്പെടുകയും ചെയ്തു.
കപടന്മാർക്കിത് സഹിക്കാനായില്ല. സാമൂഹിക ഐക്യം തകർക്കാൻ അവർ കിണഞ്ഞു പരിശ്രമിച്ചു. ചില സ്വഹാബിമാർക്ക് മതഭ്രഷ്ഠ് പ്രഖ്യാപിക്കുകയായിരുന്നു അതിനവർ സ്വീകരിച്ച മാർഗം. യുദ്ധം നിർബന്ധമായ വിഭാഗമാണ് അവരെന്നും ഒരിക്കലും സന്ധിക്ക് തയ്യാറാകരുതെന്നും ഛിദ്ര ശക്തികൾ വാദിച്ചു. വൻദോഷം ചെയ്തവർ കാഫിറാണ്, ചില സ്വഹാബികൾ വൻദോശം പ്രവർത്തിച്ചിട്ടുണ്ട്, സന്ധി നിർവഹിക്കേണ്ടതും വിധികൾ നടപ്പിലാക്കേണ്ടതും അല്ലാഹു മാത്രമാണ്, അംറുബിനു ആസ്വ്(റ), അബൂ മൂസൽ അശ്അരി ﵀ എന്നിവർ മുഖേന നടപ്പിലാക്കപ്പെട്ട സന്ധി അംഗീകരിക്കുന്നവർ പിഴച്ചവരാണ്, അതിനാൽ ഭൂരിപക്ഷം മുസ്‌ലിംകളും ഖുർആനിക വിരുദ്ധരാണ് തുടങ്ങിയ ആശയങ്ങളും അവർക്കുണ്ടായിരുന്നു. അല്ലാഹുവിലേക്കും ഖുർആനിലേക്കും മടങ്ങുക എന്നതായിരുന്നു അവരുടെ മറ്റൊരു ആഹ്വാനം.
സമകാലിക ബിദഇ കക്ഷികളുടെ ആശയങ്ങളോട് സമാനമായിരുന്നു ഖവാരിജുകളുടെ പല വാദങ്ങളും. ഇസ്‌ലാമിലെ ആദ്യത്തെ അവാന്തര വിഭാഗമായിരുന്നു അവർ. ദുൽഖുവയ്സിറത്തു തമീമിയാണ് നേതാവ്. മദീന പള്ളിയിൽ മൂത്രമൊഴിച്ച ആളെന്നാണ് ഇബ്നു ഹജർ ﵀ അദ്ദേഹത്തെ തുഹ്ഫയിൽ പരിചയപ്പെടുത്തിയത്. അബ്ദുല്ലാഹി ബ്നു കവ്വാഅ, ഉർവതുബ്നു ജരീർ, യസീദു ബ്നു അബീ ആസിം തുടങ്ങിയവരായിരുന്നു മറ്റു നേതാക്കൾ. തിരുനബി ﷺ യുടെ ആജ്ഞകൾ ധിക്കരിക്കുക ഖവാരിജുകളുടെ പതിവായിരുന്നു.
അബൂ സഈദ്(റ) നിവേദനം ചെയ്യുന്നു: ഞങ്ങൾ തിരുസന്നിധിയിൽ ഇരിക്കുകയായിരുന്നു. അവിടുന്ന് യുദ്ധമുതൽ വീതിക്കുകയാണ്. ബനൂ തമീം ഗോത്രക്കാരനായ ദുൽഖുവയ്സിറ അപ്പോൾ അവിടേക്ക് കടന്നുവന്നു. അയാൾ പറഞ്ഞു: പ്രവാചകരെ നിങ്ങൾ നീതി പാലിക്കുക. “നിനക്ക് നാശം, ഞാൻ നീതി പാലിച്ചില്ലെങ്കിൽ മറ്റാരാണ് നീതി പാലിക്കുക?. നിശ്ചയം ഞാൻ നീതി പാലിക്കുന്നവനല്ലെങ്കിൽ നീ പരാജയപ്പെട്ടിരിക്കുന്നു”. തിരുനബി ﷺ യുടെ പ്രതികരണം ഇപ്രകാരമായിരുന്നു. അത് കേട്ട ഉമർ ﵁ അയാളുടെ പിരടി വെട്ടാൻ സമ്മതം നൽകണമെന്ന് ആവശ്യപ്പെട്ടു. അവനെ നിങ്ങൾ വിട്ടേക്കുക. അവനു ചില കൂട്ടാളികളുണ്ട്, നിങ്ങളിൽ ഒരാൾക്ക് തൻെറ നിസ്കാരവും നോമ്പും അവരുടെ നമസ്കാരവും നോമ്പുമായി താരതമ്യം ചെയ്യുമ്പോൾ വളരെ നിസ്സാരമായി തോന്നും. അവർ ഖുർആൻ പാരായണം ചെയ്യും. അത് അവരുടെ കണ്ഠനാളം വിട്ടുപോവില്ല. ഉരുവിനെ തുളച്ച് അമ്പ് പുറത്തു പോകുന്നതു പോലെ ദീനിൽ നിന്ന് അവർ പുറത്ത് പോകും. അവരെ തിരിച്ചറിയാനുള്ള ലക്ഷണം ഒരു കറുത്ത മനുഷ്യനാണ്. അവൻറ ഒരു കൈപ്പലക സ്ത്രീയുടെ സ്തനം പോലെയോ അല്ലെങ്കിൽ ചാടിക്കളിക്കുന്ന മാംസക്കഷ്ണം പോലെയോ ആയിരിക്കും. ജനങ്ങൾ ഭിന്നിക്കുന്ന സമയം നോക്കി അവർ രംഗത്ത് വരും (ഹദീസ്).
പ്രമാണ വിരുദ്ധമായ അഭിപ്രായങ്ങൾ ഉന്നയിക്കുകയും ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുകയും അവിശ്വാസികൾക്കെതിരെ അവതീർണ്ണമായ സൂക്തങ്ങൾ വിശ്വാസികൾക്കെതിരെ പ്രയോഗിക്കുകയും ചെയ്യുക ഖവാരിജുകളുടെ ശൈലിയായിരുന്നു. “ജനങ്ങൾക്കിടയിലെ ഏറ്റവും ദുഷിച്ചവരായാണ് ഖവാരിജുകൾ. അവിശ്വാസികൾക്കെതിരെ അവതീർണമായ സൂക്തങ്ങൾ അവർ വിശ്വാസികൾക്കെതിരെ പ്രയോഗിച്ചിരിക്കുന്നു” എന്നാണ് അബ്ദുല്ലാഹിബ്നു ഇബ്നു ഉമർ(റ)ന്റെ അഭിപ്രായം (ബുഖാരി 2/1024).
സ്വഹാബികളെയും ഇതര മുസ്‌ലിംകളെയും കാഫിറാക്കലും അവരുടെ ധനവും രക്തവും അനുവദനീയമാക്കലും വൻദോഷം ചെയ്തവരെ കാഫിറാക്കലും അതിന്റെ ഭാഗമായിരുന്നു. ഉസ്മാൻ, അലി, ഇബ്നു അബ്ബാസ്, ത്വൽഹ(റ) തുടങ്ങിയ പ്രമുഖരായ സ്വഹാബികളെ അവർ അവിശ്വാസികളായി പ്രഖ്യാപിച്ചു.
തിരുനബി പറയുന്നു: മൂന്നു കാര്യങ്ങൾ ഈമാന്റെ അടിസ്ഥാനത്തിൽ പെട്ടതാണ്. ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞവനെ ഒരിക്കലും ദോഷം ചെയ്തു എന്ന പേരിൽ നിങ്ങൾ കാഫിറാക്കരുത്, ഒരു കർമ്മത്തിന്റെ പേരിലും അവനെ ഇസ്‌ലാമിൽ നിന്ന് പുറത്തുപോയവൻ എന്ന് വിധിക്കുകയും ചെയ്യരുത് (അബൂ ദാവൂദ് – മിശ്കാത് 18).
എല്ലാ കാര്യങ്ങളും അല്ലാഹു അടിമകൾക്ക് ഏൽപ്പിച്ചതാണ്. അടിമകളുടെ പ്രവർത്തനങ്ങളിൽ അല്ലാഹുവിന് പങ്കില്ലെന്നുമുള്ള വിശ്വാസവും അവർക്കുണ്ടായിരുന്നു. “നബിയേ പറയുക, എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരാൾക്ക് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ. അല്ലെങ്കില്‍ അല്ലാഹു അല്ലാത്തവരുടെ പേരില്‍ (നേര്‍ച്ചയായി) പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മ്മികമായതും ഒഴികെ. എന്നാല്‍ വല്ലവനും (ഇവ ഭക്ഷിക്കാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്‍റെ നാഥന്‍ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു” ഈ ആശയം വരുന്ന അൻആം സൂറത്തിലെ സൂക്തം ഉദ്ധരിച്ചുകൊണ്ട് ഉപരിസൂചിത ഭക്ഷ്യപദാർത്ഥങ്ങൾ അല്ലാത്തവയെല്ലാം അനുവദനീയമാണെന്നായിരുന്നു ഖവാരിജുകളുടെ പക്ഷം.
വൻദോഷം ചെയ്തു അവിശ്വാസികളായി മാറിയവരുടെ കുടുംബത്തിലുള്ള? സ്ത്രീകളെ വിവാഹം ചെയ്യുന്നതിനെയും അവർ അനുകൂലിച്ചു. ഖബ്ർ ശിക്ഷയും ശുപാർശയും വ്യഭിചാര കുറ്റത്തിന് എറിഞ്ഞു കൊല്ലുന്ന ശിക്ഷാരീതിയെയും അവർ നിഷേധിച്ചു. നിസ്കാരത്തെ അതിന്റെ സമയത്തെ തൊട്ട് പിന്തിക്കാമെന്നും മാസം കാണുന്നതിനു മുമ്പ് തന്നെ പെരുന്നാൾ ആഘോഷിക്കാം എന്നും/നോമ്പ് മുറിക്കാമെന്നതുമായിരുന്നു.
ഖുഫ്ഫ ഉപയോഗിച്ച് നിസ്കരിക്കലും അവയിൽ തടവലും അനുവദനീയമല്ലെന്നും, നിസ്കാരം വൈകിട്ടും രാവിലെയും രണ്ട് റക്അത്തുകൾ വീതം ആണെന്നും അവർ വാദിച്ചു. മുസ്‌ലിംകളിലെ ന്യൂനപക്ഷമായ ഈ വിഭാഗം 15ലധികം വിഭാഗങ്ങളായി ഭിന്നിച്ചിട്ടുണ്ട്. ഭൂരിപക്ഷം മുസ്‌ലിംകളും
അവർക്കെതിരായിരുന്നു. ക്രമേണ അവരുടെ വെല്ലുവിളികൾ അതിജീവിച്ച് ഇസ്‌ലാം വിവിധ ദേശങ്ങളിലേക്ക് വ്യാപിച്ചു.