“1973ലാണ് ഞാൻ ബാഖിയാത്തിൽ നിന്ന് സനദ് വാങ്ങി പുറത്തിറങ്ങുന്നത്. അന്ന് വാഴക്കാട് ഭാഗത്ത് ഒരു ദർസ് റെഡിയായിരുന്നു. മർഹൂം ആക്കോട് ടി.സി മുഹമ്മദ് മുസ്‌ലിയാരാണ് അതിന് വഴിയൊരുക്കിയത്. ഒരു ദിവസം അവിടുത്തെ നാട്ടുകാർ എന്നെ കാണാൻ വന്നു. താടി കുറവായതിനാൽ അവർക്ക് എന്നെ പറ്റിയിട്ടില്ല എന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. ‘താടിയെന്തിനാ, ദർസ് നടത്തിയാൽ പോരേ?’ എന്നാണ് അതേ കുറിച്ച് ഉസ്താദ് (ബഹ്റുൽ ഉലൂം) പറഞ്ഞത്. താമസിയാതെ ടി.സിയുടെ ഇടപെടൽ മൂലം തന്നെ ഫാറൂഖ് കോളേജിനടുത്തുള്ള അണ്ടിക്കാടൻകുഴി മഹല്ല് പള്ളിയിൽ ഒരു ദർസ് തരപ്പെട്ടു. ദർസില്ലാതിരുന്ന ആ പള്ളിയിൽ, ടി.സി വെള്ളിയാഴ്ച പോയി പ്രസംഗിക്കുകയും ദർസിന്റെ മഹത്വം പറഞ്ഞ് ദർസ് തുടങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. അവിടുത്തെ നാട്ടുകാരോട് മുദരിസിനെ ഞാൻ കൊണ്ടുവരാമെന്ന് പറഞ്ഞ ടി.സി, എന്നെ അങ്ങോട്ടേക്ക് പറഞ്ഞുവിടുകയായിരുന്നു.”
2022 ഫെബ്രുവരിയിൽ മമ്പീതി സുന്നി മുഹമ്മദ് കുട്ടി മുസ്‌ലിയാരുമായി ഒരു കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചപ്പോൾ അന്ന് മഹാനവർകൾ പങ്കുവെച്ചതാണത്. ഫാറൂഖ് കോളേജിനോട് ചേർന്നു നിൽക്കുന്ന അണ്ടിക്കാടൻകുഴി മഹല്ലിൽ നിന്നാണ് ഉസ്താദിന്റെ ദർസ് ജീവിതം ആരംഭിക്കുന്നത്. നിബ്റാസുൽ ഉലമാ എ.കെ ഉസ്താദിന്റെ വീടിന്റെയടുത്താണ് ആ പള്ളി സ്ഥിതിചെയ്യുന്നത്. എ.കെ ഉസ്താദിന്റെ പിതാവും സഹോദരങ്ങളും, തങ്ങളുടെ ഗുരുവര്യരും മാർഗദർശിയുമായ മൗലാനാ ഖുതുബിയോരുടെ ഉപദേശങ്ങൾക്കനുസരിച്ച് നിർമ്മിച്ച പള്ളിയാണത്. മൂന്ന് വർഷമാണ് മമ്പീതി ഉസ്താദ് അവിടെ ദർസ് നടത്തിയത്. എ.കെ അബ്ദുൽ ഹമീദ് സാഹിബടക്കമുള്ളവർ ദർസിലെ വിദ്യാർത്ഥികളായി ഉണ്ടായിരുന്നു.
അക്കാലങ്ങളിൽ ഫാറൂഖ് കോളേജിലെ നിത്യസന്ദർശകനായിരുന്നു ഉസ്താദ്. പ്രധാനമായും ലൈബ്രറി ലക്ഷ്യം വെച്ചാണ് ഉസ്താദ് അവിടെ പോയിരുന്നത്. തലപ്പാവ് ധരിച്ച ഒരു മുസ്‌ലിയാർ കോളേജ് കാമ്പസിലേക്ക് കയറുന്നത് ഊഹിക്കാൻ പോലും കഴിയാത്ത കാലമായിരുന്നു അത്. പലരും ആശ്ചര്യത്തോടെയാണ് അദ്ദേഹത്തെ വീക്ഷിച്ചത്. പ്രതിഭാധനനും പണ്ഡിതനുമായ മഹാനവർകൾ തന്റെ വൈജ്ഞാനിക മണ്ഡലവും പ്രബോധന പ്രവർത്തനങ്ങളും വികസിപ്പിക്കാനാവശ്യമായ ഇടങ്ങളിലേക്കെല്ലാം കയറിച്ചെന്നു. ഫാറൂഖ് കോളേജിലും പരിസരത്തുമുണ്ടായിരുന്ന പല പ്രതിഭകളെയും അദ്ദേഹം സന്ദർശിച്ചു. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായ ഈ മുസ്‌ലിയാർ അവരുടെയെല്ലാം ശ്രദ്ധാകേന്ദ്രമായി മാറി. പള്ളിയുടെ പ്രസിഡന്റായിരുന്ന എ.കെ ഉസ്താദ്, എന്റെ ഇങ്ങനെയുള്ള ചിന്തകൾക്കും ചലനങ്ങൾക്കും പിന്തുണയും പ്രോത്സാഹനവും നൽകി കൂടെ നിന്നത് മമ്പീതി ഉസ്താദ് നന്ദിപൂർവ്വമാണ് അനുസ്മരിച്ചത്. ഖുതുബ: ഓതാൻ ധൈര്യമില്ലായിരുന്ന എന്നെക്കൊണ്ട് ഖുതുബ: ഓതിപ്പിച്ച്, എ.കെ ഉസ്താദ് ധൈര്യം പകർന്നതും മമ്പീതി ഉസ്താദ് ഓർത്തെടുത്തു.
തന്റെ പേരിനൊപ്പം ‘സുന്നി’ എന്ന് വിളിക്കപ്പെടാൻ വഴിയൊരുക്കിയ കിതാബുസ്സുന്നി:യുടെ ഒന്നും രണ്ടും ഭാഗങ്ങൾ പിറവിയെടുക്കുന്നത് അണ്ടിക്കാടൻകുഴിയിലെ അധ്യാപന കാലത്താണ്. ആദർശ കേരളം നെഞ്ചേറ്റിയ പ്രസ്തുത രചനക്ക് ലഭിച്ച അഗോള അംഗീകാരം നമ്മൾ അറിഞ്ഞതും അനുഭവിച്ചതുമാണ്. 1973-ൽ പിറവിയെടുത്ത എസ്.എസ്.എഫിന് കേരളത്തിന്റെ മുക്കുമൂലകളിൽ യൂണിറ്റുകൾ വന്നുകൊണ്ടിരിക്കുന്ന കാലം. അന്ന് അണ്ടിക്കാടൻകുഴിയിൽ എസ്.എസ്.എഫിന്റെ യോഗം നടത്തിയതും ഇസ്മാഈൽ വഫ, റഹീം സാഹിബ് അടക്കമുള്ളവർ പങ്കെടുത്തതും ഉസ്താദിന്റെ നിറമുള്ള ഓർമ്മകളാണ്.
അവിടെ നിന്നാണ് ഉസ്താദ് തിരൂരങ്ങാടിയിലെത്തുന്നത്. നടുവിലെപ്പളിയിൽ നാലു പതിറ്റാണ്ടിലേറെ കാലം നീണ്ടു നിന്ന ദർസ് ഏവരാലും ശ്രദ്ധിക്കപ്പെട്ടു. പള്ളി ദർസിന്റെ പരമ്പരാഗത ശൈലിയെ കൈവിടാതെ, ആവശ്യമായ പുതുമുകളെ തുന്നിച്ചേർത്ത ഉസ്താദിന്റെ ദർസ് കേരളത്തിലെ പ്രശസ്തമായ ദർസുകളിലൊന്നായി മാറി. പുതിയ കാലത്ത് ഒരു പ്രബോധകൻ വശമാക്കേണ്ട എല്ലാ അറിവും അനുഭവവും സമ്പാദിക്കാനുതകുന്ന സൗകര്യങ്ങൾ തന്റെ ശിഷ്യർക്ക് നൽകിക്കൊണ്ടാണ് ഉസ്താദ് അവരെ വളർത്തിയെടുത്തത്.
പണ്ഡിതനും മുദരിസും ഗ്രന്ഥകാരനുമായ ഉസ്താദിന്റെ ഭാഷയും ഭാവവുമെല്ലാം ശാന്തമായിരുന്നു. അതേ സമയം, നിലപാടുകളിൽ ഒരല്പം പോലും വെള്ളം ചേർത്തിരുന്നില്ല. ആദർശ വീഥിയിൽ ആരെയും ഭയക്കാതെ നെഞ്ചുവിരിച്ച് മുന്നോട്ട് നടന്നു. ഉസ്താദിനെയും ദർസിനെയും തിരൂരങ്ങാടിയിലെ പുത്തൻവാദികൾ വരച്ച വരയിൽ നിർത്താൻ ശ്രമിച്ചെങ്കിലും, ഉസ്താദ് വരച്ച വരയിൽ അവർക്ക് നിൽക്കേണ്ടിവന്നു എന്നതാണ് ചരിത്രം.