വിശുദ്ധ മക്കയിൽ ഹിജ്റ 1367ൽ ജനിച്ച് 1425 ൽ വഫാത്തായ സയ്യിദ് അലവി മാലികി (ന.മ ) അഹ്‌ലുസ്സുന്നയുടെ മുന്നണി പോരാളികളിൽ പ്രധാനിയാണ്. മുഹദ്ദിസുൽ ഹറമൈൻ (ഇരു ഹറമുകളിലെയും ഹദീസ് പണ്ഡിതന്മാരുടെ നേതാവ്) എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിനുളള അംഗീകാരമാണ്. നിരവധി അറബ് യൂണിവേഴ്സിറ്റികളിൽ നിന്നു ലഭിച്ച വിവിധ ബഹുമതികളും ഈ ഗണത്തിൽപെടുന്നു. വിശുദ്ധ മക്കയിലെ കുല്ലിയത്തു ശരീഅ മുദർരിസ്, മലിക് അബ്ദുൽ അസീസ് യൂണിവേഴിസിറ്റിയിലെ ഇസ്‌ലാമിക് സ്റ്റഡീസ് ഫാക്കൽറ്റി സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന അദ്ദേഹം പിതാവ് അലവി മാലികി(റ) യുടെ വഫാത്തിനെ തുടർന്ന് മസ്ജിദുൽ ഹറമിലെ മുദരിസ്സായി നിയമിതനായി. തന്റെ പിതാമഹാന്മാർ അറുനൂറ് വർഷത്തോളം മസ്ജിദുൽ ഹറാമിൽ നടത്തി വന്നിരുന്ന ദർസ് തുടർന്നുകൊണ്ടു പാകാനുളള മഹാഭാഗ്യമാണ് ഇതോടെ അദ്ദേഹത്തിന് ലഭിച്ചത് . അറബ് പ്രക്ഷേപണ മാധ്യമങ്ങളിൽ സ്ഥിര പ്രഭാഷകനായിരുന്ന അദ്ദേഹത്തിന്റെ തൃക്കരങ്ങൾ കൊണ്ട് ഏഷ്യയുടെ കിഴക്ക് തെക്ക് ദിക്കുകളിലായി അറുപതോളം മത സ്ഥാപനങ്ങൾക്ക് നാന്ദി കുറിച്ചിട്ടുണ്ട്. വിവിധ ശാസ്ത്ര ശാഖകളിലായി അമ്പതോളം കനപ്പെട്ട കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.
വഹാബിസത്തിന്റെ ഉൽഭവസ്ഥാനവും സിരാകേന്ദ്രവുമായ സഊദി അറേബ്യൻ പൗരനും ലോക മുസ്‌ലിംകളുടെ ആസ്ഥാനമായ വിശുദ്ധ മക്ക സ്വദേശിയുമായി നിലനിന്നു കൊണ്ട് വഹാബിസത്തിനെതിരെ പരസ്യമായി സന്ധിയില്ലാ സമരത്തിന് നേതൃത്വം നൽകി എന്നതാണ് സമകാലികരായ അഹ്‌ലുസുന്നയുടെ നായകരിൽ നിന്നു സയ്യിദ് മുഹമ്മദ് മാലികിയെ വ്യതിരിക്തനാക്കുന്നത്. വഹാബിസത്തിന്റെ ശക്തമായ സ്വാധീനത്തിനും കഠിനമായ നിയമങ്ങൾക്കും മുമ്പിൽ അടിപതറാതെ സുന്നിയായി ജീവിക്കുകയും അഹ്‌ലുസ്സുന്നയുടെ ആദർശ സംരക്ഷണത്തിനു വേണ്ടി പടപൊരുതുകയും ചെയ്ത സഊദി പണ്ഡിതനിരയിലെ പ്രഗത്ഭനായിരുന്നു അദ്ദേഹം. അദ്ദേഹം രചിച്ച അമ്പതോളം ഗ്രന്ഥങ്ങളിൽ അഹ്‌ലുസ്സുന്നയുടെ ആദർശ സംരക്ഷണം പ്രമേയമാക്കിയ ഗ്രന്ഥങ്ങളാണ് മറ്റു ഗ്രന്ഥങ്ങളെ അപേക്ഷിച്ച് മുസ്‌ലിം രാജ്യങ്ങളിൽ കൂടുതൽ പ്രചാരം നേടിയത്. മഫാഹീം യജിബു അൻ തുസ്വഹ്ഹഹ, മൻഹജുസ്സലഫ്, അദ്ദഖാഇറുൽമുഹമ്മദിയ്യ തുടങ്ങിയവ ഈ ഗണത്തിൽ പ്രധാനമാണ്.
മാഫാഹീം എന്ന ഗ്രന്ഥത്തിന്റെ അറബി പതിപ്പോ വിവർത്തനമാ പ്രസിദ്ധീകരിക്കാത്ത മുസ്‌ലിം നാടുകൾ കുറവാണ് എന്നത് അതിന്റെ പ്രചാരത്തിനും അംഗീകാരത്തിനുമുള്ള തെളിവാണ്. സയ്യിദ് മുഹമ്മദ് മാലികിയെ അനുകരിച്ചു കൊണ്ട് വഹാബിസത്തിനും തൈമിയൻ ആശയങ്ങൾക്കുമെതിരെ പരസ്യമായി ഗ്രന്ഥരചന നടത്തിയ മഹാനാണ് ശൈഖ് ഉമർ അബ്ദുല്ല കാമിൽ. അദ്ദേഹം വിശുദ്ധ മക്കയിൽ ജനിച്ചയാളും സൗദി പൗരനുമായിരുന്നു. സൗദി മതകാര്യവകുപ്പിന്റെ ഉന്നത വഹാബി പണ്ഡിത സഭയിൽ നിന്നു ശക്തമായ എതിർപ്പുകൾ സയ്യിദ് മുഹമ്മദ് മാലികിക്ക് നേരിടേണ്ടി വന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ആദർശങ്ങളും ചർച്ച ചെയ്യാനും അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് കൂടിയാലോചിക്കാനുമായി വഹാബീ പണ്ഡിതസഭയുടെ സെക്രട്ടറിയേറ്റ് നിരവധി തവണ സമ്മേളിക്കുകയും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ മുഴുവൻ പരിശോധിക്കാനും പ്രവർത്തനങ്ങളെ വിലയിരുത്താനുമായി പ്രത്യക സമിതിയെ നിയമിക്കുകയും ചെയ്തിരുന്നു.
ഇസ്തിഗാസ, തവസ്സുൽ തുടങ്ങിയ ഇസ്‌ലാമിക ദർശനങ്ങളെ ശിർക്കും ബഹുദൈവാരാധനയുമായി ഗണിക്കുന്ന ഈ വഹാബി സമിതി സയ്യിദ് മുഹമ്മദ് മാലികി തങ്ങളുടെ ഗ്രന്ഥങ്ങൾ ശിർക് പ്രചരിപ്പിക്കുന്നതാണെന്നും അദ്ദേഹം ശിർക്കിന്റെ പ്രചാരകനാണെന്നുമായിരുന്നു കണ്ടെത്തിയത്. ഇതടിസ്ഥാനത്തിൽ സയ്യിദ് മാലികിയെ നേരിൽ സമീപിച്ച് അദ്ദേഹത്തിന്റെ ആദർശം ഇസ്‌ലാമിന് വിരുദ്ധവും ശിർക്കുമാണെന്നു ബോധ്യപ്പെടുത്തുന്നതിനും വഹാബീ ആദർശങ്ങൾ അംഗീകരിക്കാൻ ആവശ്യപ്പെടുന്നതിനുമായി മറ്റൊരു സമിതിയെ അവർ ചുമതലപ്പെടുത്തി. പ്രസ്തുത സമിതി അംഗങ്ങളായ സൗദിയിലെ ഉന്നത വഹാബി പണ്ഡിതന്മാർ സയ്യിദ് മാലികിയെ ഒന്നിലധികം തവണ നേരിൽ സമീപിച്ചെകിലും അവരുടെ ദൗത്യം പരാജയമായിരുന്നു. താൻ പ്രചരിപ്പിക്കുന്ന അഹ്‌ലുസ്സുന്നയുടെ ആദർശങ്ങളാണ് യഥാർത്ഥ ഇസ്‌ലാമെന്നും വഹാബിസം ഇസ്‌ലാമിക വിരുദ്ധമാണെന്നും തന്നെ സമീപിച്ച ഉന്നത വഹാബി പണ്ഡിതൻമാരുടെ മുമ്പിൽ ലക്ഷ്യസഹിതം സമർത്ഥിച്ച സയ്യിദ് മാലികി അഹ്‌ലുസ്സുന്നയ്ക്ക് വേണ്ടിയുള്ള തന്റെ പ്രഭാഷണങ്ങളും പ്രവർത്തനങ്ങളും ഗ്രന്ഥരചനയും എന്ത് വിലകൊടുത്തും തുടരുമെന്നും അവരോട് തുറന്നടിച്ചു. സയ്യിദ് മാലികിയെ വഹാബിയാക്കാനുള അവരുടെ ശ്രമം അമ്പേ പരാജയപ്പെട്ടപ്പോൾ ഭരണ സ്വാധീനം ഉപയോഗിച്ച് അദ്ദേഹത്തെ തുറുങ്കിൽ അടപ്പിക്കാനുള്ള ശ്രമമാണ് പിന്നീട് ഉണ്ടായത്.
സയ്യിദ് മുഹമ്മദ് മാലികിയുടെ പ്രവർത്തനങ്ങൾ ജനങ്ങളെ വഴികേടിലേക്കും പുത്തനാശയങ്ങളിലേക്കും നയിക്കുന്നതായിതിനാൽ അവയ്ക്ക് വിലക്ക് ഏർപ്പെടുത്തണമെന്നും മുസ്‌ലിംകളെ അദ്ദേഹത്തിന്റെ വിപത്തിൽ നിന്ന് രക്ഷിക്കണമെന്നും മസ്ജിദുൽ ഹറാമിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സ്വന്തം വീട്ടിലോ മറ്റ് സ്ഥലങ്ങളിലോ അദ്ദേഹം ദർസ് നടത്തുന്നത് നിരോധിക്കണമെന്നും വാർത്താ മാധ്യങ്ങളിൽ ഹദീസ് അധ്യാപനമോ മറ്റ് പ്രഭാഷണങ്ങളോ നടത്താൻ അനുവദിക്കരുതെന്നും ഹിജ്റ 1401 ശവ്വാൽ മാസത്തിൽ ചേർന്ന പ്രസ്തുത സമിതി സൗദി ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. വഹാബി പണ്ഡിത സഭയുടെ അംഗീകാരമില്ലാതെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വിൽക്കുന്നതും വിതരണം ചെയ്യുന്നതും പുറം രാജ്യങ്ങളിൽ നിന്നും അവ ഇറക്കുമതി ചെയ്യുന്നതും നിരോധിക്കാനും രാജ്യത്ത് ലഭ്യമായ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ മുഴുവൻ കോപ്പികളും കണ്ടുകെട്ടി നശിപ്പിക്കാനും അവർ സർക്കാറിനോട് ശുപാർശ ചെയ്തു . അദ്ദേഹത്തിന്റെ വിദേശയാത്രകൾക്ക് വിലക്ക് ഏർപ്പെടുത്താനും അദ്ദേഹത്തെ വിശുദ്ധമക്കയിൽ നിന്നു റിയാദിലേക്ക് മാറ്റി പൂർണ്ണവും അതി സൂക്ഷ്മവുമായ പോലീസ് നിരീക്ഷണത്തിൽ താമസിപ്പിക്കാനും അവർ രേഖാമൂലം ആവശ്യപ്പെട്ടു. വഹാബീ പണ്ഡിത സഭയുടെ വാലാട്ടികളായ സൗദി സർക്കാർ ഈ ആവശ്യങ്ങളിൽ സിംഹഭാഗവും നടപ്പാക്കി. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾക്ക് സൗദിയിൽ വിലക്കേർപ്പെടുത്തി. വിദേശയാത്രകൾക്ക് നിയന്ത്രണം വരുത്തി. സ്വന്തം വീട്ടിലെ ദർസ് ഒഴികെ മറ്റെല്ലാ ദർസുകളും പ്രഭാഷണങ്ങളും നിരോധിച്ചു. അറുനൂറോളം വർഷമായി തന്റെ പിതാമഹാന്മാർ മസ്ജിദുൽ ഹറാമിൽ നടത്തിവന്നിരുന്ന ദർസ് അവസാനിപ്പിച്ചു. അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കി.
അവഗണിക്കാൻ കഴിയാത്തത്ര സൗദി പൗരൻമാരായ അനുയായികൾ ഉള്ള സയ്യിദ് മാലിക്കിയെ അറസ്റ്റ് ചെയ്ത് റിയാദിലേക്ക് മാറ്റിയാൽ ഉണ്ടാകാൻ സാധ്യതയുളള ആഭ്യന്തര കലഹം പേടിച്ചാകാം സർക്കാർ അതിനു മുതിരാതിരുന്നത്. ഇത്രയധികം കഠിനമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വന്നിട്ടും സയ്യിദ് മുഹമ്മദ് മാലികി ആദർശ രംഗത്ത് അല്പവും വിട്ടുവീഴ്ചക്ക് തയ്യാറായില്ല. തന്റെ പൂർവികരായ പണ്ഡിത മഹത്തുക്കളിൽ നിന്ന് അനന്തരമെടുത്ത് അഹ്‌ലുസ്സുന്നയുടെ ആദർശ സംരക്ഷണത്തിന് തന്റെ ആവനാഴിയിലെ അവസാനത്തെ അമ്പും ഉപയോഗപ്പെടുത്തി. അഹ്‌ലുസ്സുന്നയുടെ സംരക്ഷണത്തിന് അദ്ദേഹം ചെയ്ത് നിസ്തുല സേവനങ്ങളും ശത്രുക്കളിൽ നിന്നും ഏൽക്കേണ്ടിവന്ന കഠിന പീഡനങ്ങൾക്ക് മുമ്പിലെ കണിശ നിലപാടും അദ്ദേഹം നൂറ്റാണ്ടിന്റെ മുജദ്ദിദാണെന്ന് മനസ്സിലാക്കിത്തരുന്നു. വഹാബിസത്തിനും തൈമിയ്യൻ സിദ്ധാന്തങ്ങൾക്കുമെതിരെ പടപൊരുതിയ അദ്ദേഹം പ്രതിപക്ഷ ബഹുമാനം കാത്തു സൂക്ഷിക്കുകയും വിമർശനത്തിന് സൗമ്യമായ ശൈലി തെരഞ്ഞെടുക്കുകയും ചെയ്ത ആളായിരുന്നു. രൂക്ഷവിമർശനത്തിന്റെയും പ്രകോപനത്തിന്റെയും ശൈലി കാരണം താൻ വധിക്കപ്പെട്ടേക്കാമെന്നറിയാന്ന അദ്ദേഹം ശത്രുവിനെ പ്രകോപിപ്പിച്ച് ഒറ്റ ദിവസം കൊണ്ട് കൊല്ലപ്പെടുന്നതിനെക്കാൾ നല്ലത് ദീർഘകാലം അഹ്‌ലുസ്സുന്നയുടെ പ്രചാരകനാകുന്നതാണെന്നദ്ദേഹം തീരുമാനിച്ചതു കൊണ്ടാണ് ഈ ശൈലി തെരഞ്ഞെടുത്തത്. ഇബ്നു തൈമിയ്യ, ഇബ്നു അബ്ദിൽ വഹാബ് തുടങ്ങിയവരെ ഉദ്ധരിക്കുമ്പോൾ അവർക്ക് റഹ്മത്ത് ചൊല്ലിയത് ശത്രുവിനെ പ്രകാപിപ്പിക്കാതിരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.
സയ്യിദ് മുഹമ്മദ് മാലികി വഫാത്തായ ഹിജ്റ 1425 റമളാൻ 15ന് മഗ്‌രിബ് നിസ്കാര ശേഷം ജനാസ മസ്ജിദുൽ ഹറാമിൽ കൊണ്ടുവന്നു. വഹാബിയായ അബ്ദുൽ റഹ്മാൻ സുദൈസ് ആയിരുന്നു മഗ്‌രിബ് നിസ്കാരത്തിന്റെ ഇമാം. അവിടെ സന്നിഹിതരായ വമ്പിച്ച ജനാവലി ശ്രദ്ധയിൽപെട്ട സുദൈസി ജനാസ ആരുടേതാണെന്ന് അന്വേഷിച്ചു. സയ്യിദ് മുഹമ്മദ് അലവി മാലികിയുടെതാണ് എന്ന് അറിയിച്ചപ്പോൾ ജനാസ നിസ്ക്കരിക്കാതെ സുദൈസ് സ്ഥലം വിടുകയായിരുന്നു. സൗദിയിലെ ഉന്നത വഹാബി പണ്ഡിതർക്ക് സയ്യിദ് മാലികിയോടുഉള്ള സമീപനത്തിന്റെ വ്യക്തമായ സാക്ഷ്യങ്ങളിൽ ഒന്നാണിത്.
വഹാബിസത്തിനെതിരെ ശക്തമായ നിലപാടെടുത്ത സയ്യിദ് മാലികി തബ്‌ലീഗ് ജമാഅത്ത് നേതാക്കളെ വാനോളം പുകഴ്ത്തുകയും അവരിൽ നിന്ന് ഹദീസ് നിവേദനം ചെയ്യുകയും ചെയ്തതിനാൽ അദ്ദേഹത്തെ അംഗീകരിക്കുന്ന സുന്നികൾക്ക് തബ്‌ലീഗ് ജമാഅത്തിനെ വിമർശിക്കാനും ബിദ്അത്തുകാരാക്കാനും അർഹതയില്ലെന്ന അപശബ്ദം ചില കോണുകളിൽ നിന്നു ചിലപ്പോഴൊക്കെ കേൾക്കാറുണ്ട്. മഹാഹീം, മൻഹജുസ്സലഫ് എന്നീ ഗ്രന്ഥങ്ങളിലാണ് സയ്യിദ് മാലികി തബ്‌ലീഗ് നേതാക്കളെ പുകഴ്ത്തിയതായി പറയപ്പെടുന്നത്. ഒരു ഗ്രന്ഥത്തിന്റെ ഇരു ചട്ടക്കുട്ടിൽ ഉള്ളതെല്ലാം ഗ്രന്ഥകാരന്റെ വചനങ്ങളാണെന്ന ധാരണപ്പിശകാണിതിനു കാരണം. പ്രസാധകക്കുറിപ്പ് , അവതാരിക എന്നിവക്ക് പുറമെ ചില ഗ്രന്ഥങ്ങളുടെ ആമുഖവും ഗ്രന്ഥകാരന്റേതായിരിക്കില്ല. ഇവയിൽ പറയുന്ന കാര്യങ്ങൾ ഗ്രന്ഥകാരന്റെതായി വകതിരിവുള്ള ആരും പറയുകയോ മലസ്സിലാക്കുകയാ ചെയ്യുകയില്ല. സയ്യിദ് മുഹമ്മദ് മാലികി രചിച്ച മഫാഹീം എന്ന ഗ്രന്ഥത്തിന് അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലെ ഉന്നത പണ്ഡിത സഭ അംഗവും ഈജിപ്ത് ഗ്രാന്റ് മുഫ്തിയുമായിരുന്ന ശൈഖ് ഹസനൈൻ മുഹമ്മദ് ആമുഖം എഴുതിയിട്ടുണ്ട്. പ്രസ്തുത ആമുഖത്തിൽ അംഗീകരിച്ച് ഒപ്പ് വെച്ച ആറ് ലോകോത്തര മുസ്‌ലിം പണ്ഡിതന്മാരുടെ പേരുകൾ ശേഷം രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് ശേഷം നാൽപതോളം പണ്ഡിതന്മാരുടെ അവതാരികകളുണ്ട്. ഒരു പണ്ഡിത സഭയുടെ അവതാരികയും കൂട്ടത്തിലുണ്ട്. മഹാഹീം എന്ന ഗ്രന്ഥത്തിലെ ഇവയെല്ലാം സയ്യിദ് മാലികിയുടേതായി അനുമാനിക്കുന്നത് കേവലം ബുദ്ധി ശൂന്യതയല്ലെ.
പാകിസ്ഥാൻ റാവൽപിണ്ഡിയിലെ സിദ്ദീഖുൽ അക്ബർ മസ്ജിദ് ഇമാമും ഖത്തീബുമായ മുഹമ്മദ് അസീസുറഹ്മാൻ എഴുതിയ അവതാരികയിലാണ് തബ്‌ലീഗ് നേതാക്കളായ ഖാസിം നാനൂതവി, റഷീദ് അഹ്മദ് ഗംഗാഹി, അഷ്റഫ് അലി ത്ഥാനവി എന്നിവരെയും മറ്റും പുകഴ്ത്തി പറഞ്ഞിട്ടുള്ളത് (മഫാഹിം : 57-59 നോക്കുക ). മൻഹജുസ്സലഫ് എന്ന ഗ്രന്ഥത്തിന്റെ കാര്യവും ഇതിൽ നിന്ന് ഭിന്നമല്ല. സിയാറത്ത് യാത്ര സംഘടിപ്പിക്കാമോ എന്ന വിഷയം ചർച്ച ചെയ്തിടത്ത് ഖലീൽ അഹ്മദ് അമ്പേട്ടവിയുടെ അൽ മുഹന്നദ് എന്ന ഗ്രന്ഥത്തിലെ ദീർഘമായ പരാമർശം സയ്യിദ് മാലികി ഉദ്ധരിക്കുകയാണ് ചെയ്തത്. ഇവിടെ തബ്‌ലീഗ് നേതാക്കളായ ഗംഗോഹി, താനവി എന്നിവരെയും മറ്റും പുകഴ്ത്തി പറയുന്നത് യഥാർത്ഥത്തിൽ അമ്പേട്ടവിയാണ്. സയ്യിദ് മാലികി അതിനെ ഉദ്ധരിച്ചു എന്ന് മാത്രം ( മൻഹജുസ്സലഫ് : 83- 87 കാണുക).
ഇസ്തിഗാസ, തവസ്സുൽ, സിയാറത്ത് യാത്ര, ബറക്കത്തെടുക്കൽ, മൗലിദ് പാരായണം, മീലാദ് ആഘോഷം തുടങ്ങിയ വഹാബി വിരുദ്ധ സുന്നി ആദർശങ്ങൾ സമർത്ഥിക്കാൻ വേണ്ടി എഴുതിയ ഗ്രന്ഥങ്ങളിൽ വഹാബികൾ അംഗീകരിക്കുന്ന ഇബ്നു തൈമിയ്യ, ഇബ്നുൽ ഖയ്യിം, ഇബ്നു അബ്ദുൽ വഹാബ് എന്നിവരുടെ സുന്നി അനുകൂല പ്രസ്താവനകൾ പ്രത്യേകം ഉദ്ധരിച്ചിട്ടുണ്ട്. അഹ്‌ലുസ്സുന്നയുടെ ആദർശങ്ങൾക്ക് വഹാബീ ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ തെളിവുകൾ കണ്ടെത്തിയ സയ്യിദ് മുഹമ്മദ് മാലികി വഹാബികൾക്കു കൂടുതൽ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. വഹാബിസത്തിന്റെയും ഖാദിയാനിസത്തിന്റെയും മിശ്രിതമായ തബ്‌ലീഗിസവും യഥാർത്ഥത്തിൽ സുന്നി ആദർശങ്ങൾ നിഷേധിക്കുന്നവരാണല്ലോ. ആയതിനാൽ തബ്‌ലീഗ് ജമാഅത്തുകാർ ഖുതുബും ശൈഖും, ശംസും ഖമറും ഒക്കെയായി വാഴ്ത്തുന്ന അവരുടെ നേതാക്കളുടെ വാചകങ്ങൾ ഉദ്ധരിച്ച് അവരെ ഖണ്ഡിക്കുക എന്ന ലക്ഷ്യത്തിലാണ് തബലീഗ് നേതാക്കൾക്ക് അവർ നൽകുന്ന വിശേഷണങ്ങൾ ഉൾപ്പെടെ ഉദ്ധരിച്ചത് . വഹാബിസത്തിന്റെ ബദ്ധവൈരിയായിരുന്ന സയ്യിദ് മാലികി വഹാബിസത്തെ പുകഴ്ത്തുന്ന തബ്‌ലീഗ് നേതാക്കളെ സ്വയം അംഗീകരിക്കുകയില്ലെന്നത് ഏത് അൽപ ബുദ്ധിക്കും ഗ്രഹിക്കാവുന്ന യാഥാർത്ഥ്യമാണ്. എതിരാളിയുടെ കയ്യിൽ നിന്ന് തന്നെ ആയുധം വാങ്ങി അവനെ വക വരുത്തുക എന്ന നയം സ്വീകരിച്ച മാലികി തബ്‌ലീഗ് നേതാക്കളെ പുകഴ്ത്തിയിട്ടില്ലെന്ന് പകൽ വെളിച്ചം പോലെ ഇതിൽ നിന്ന് വ്യക്തമാണ്.
തബ്‌ലീഗ് നേതാക്കൾ ഉൾകൊളളുന്ന പരമ്പരയിലൂടെ ഹദീസുകൾ നിവേദനം ചെയ്ത് എന്നതിനാൽ സയ്യിദ് മാലികിയുടെ ശിഷ്യന്മാർക്കും അവരുടെ പിൻതലമുറക്കാർക്കും അനുഭാവികൾക്കും തബ്‌ലീഗ് ജമാഅത്തിനെ വിമർശിക്കാൻ യോഗ്യത ഇല്ലെന്നതാണ് മറ്റൊരു കണ്ടെത്തൽ. തബ്‌ലീഗ് ജമാഅത്ത് സ്ഥാപകൻ മുഹമ്മദ് ഇല്യാസിന്റെ മകൻ മുഹമ്മദ് യൂസുഫ്, റശീദ് അഹ്‌മദ് ഗാംഗോഹി, ഖലീൽ അഹ്മദ് അമ്പേട്ടവി എന്നിവരും മറ്റുമാണ് മാലികിയുടെ സനദിൽ ഉള്ളതത്രെ. മുബ്തദിഉകൾ ഉൾക്കൊളളുന്ന നിവേദന പരമ്പരയിലൂടെ ഹദീസ് ഉദ്ധരിക്കാമോ എന്നതിൽ പണ്ഡിതന്മാർക്ക് പത്തോളം അഭിപ്രായങ്ങൾ ഉണ്ട്. നിവേദന പരമ്പരയിലെ ഒരൊളോ മറ്റോ ബിദ്അത്ത് ആശയക്കാരൻ ആയതിന്റെ പേരിൽ പ്രസ്തുത പരമ്പര പൂർണ്ണമായും ഉപേക്ഷിച്ചാൽ പല ഹദീസുകളും നഷ്ടപ്പെട്ട് പോകാൻ സാധ്യതയുളളത് കൊണ്ട് നിബന്ധനകൾക്ക് വിധേയമായി പ്രസ്ത പരമ്പരയിലൂടെ ഹദീസ് നിവേദനം ചെയ്യാം എന്നത് ഈ വിഷയത്തിൽ പ്രബലമായ അഭിപ്രായങ്ങളിൽ ഒന്നാണ്. അതായത് ബിദ്അത്ത്കാരന്റെ ഗുരുത്തക്കേടും വഴികേടും അല്ല ഇവിടെ പരിഗണിക്കുന്നത്. മറിച്ച് പ്രസ്തുത പരമ്പരയിലെ സുന്നികളും സജ്ജനങ്ങളുമായ മശാഇഖുമാരുടെ ഗുരുത്വവും മഹത്വവും പരിഗണിച്ച് പ്രസ്തുത പരമ്പരയിലൂടെ ഹദീസ് ഉദ്ധരിക്കാം. മാലികി ഈ അഭിപ്രായത്തോട് യോജിക്കുന്നതിനാലായിരിക്കാം തബ്‌ലീഗ് നേതാക്കൾ ഉള്ള പരമ്പരയിലൂടെ ഹദീസ് ഉദ്ധരിച്ചത്. അല്ലെങ്കിൽ തബ്‌ലീഗ് ജമാഅത്തുകാരുടെ ബിദ്അത്ത് ആദർശങ്ങൾ അദ്ദേഹത്തിന് ബോധ്യപ്പെടുന്നതിന് മുമ്പായിരിക്കാം. അങ്ങനെയൊന്നുമല്ലെന്നും മറിച്ച് സയ്യിദ് മാലികി തബ്‌ലീഗ് നേതാക്കളും നിവേദന പരമ്പര സ്വീകരിച്ചത് വഴി അവരുടെ മുഴുവൻ ആദർശങ്ങളും അംഗീകരിക്കുകയായിരുന്നു എന്നുമാണെങ്കിൽ സയ്യിദ് മുഹമ്മദ് അലവി മാലികി സാക്ഷാൽ അഹ്മദ് റളാഖാൻ ബാറേലവി (റ) യുടെ മകൻ അല്ലാമാ മുസ്ഥഫാ റളാ ഖാൻ ബറേലവി (ന. മ)യിൽ നിന്നും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് ( അൽ ഇഖ്റുൽ ഫരീദ് പ . 16 കാണുക ).
അല്ലാമാ മുസ്തഫാ രളാ ഖാന് ഹദീസ് അടക്കമുളള മുപ്പതോളം വിജ്ഞാന ശാഖകളിൽ ബറേൽവി, ദഹ്‌ലവി, ഖൈറാബാദി എന്നിങ്ങനെ മൂന്ന് താവഴികളാണുളളത്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ബാറേൽവി പരമ്പരയാണ് ( അൽ ഇജാസാത്തന്നൂരിയ്യ, പേ : 33 നോക്കുക ) ബാറേൽവി പരമ്പരയിൽ എറ്റവും പ്രധാനപ്പെട്ടത് അദ്ദേഹത്തിന്റെ പിതാവും നൂറ്റാണ്ടിന്റെ മുജദ്ദിദും ആയ ശൈഖ് അഹ്മദ് റളാഖാൻ (റ) വഴിയുളളതാണ്. ഖുർആനിന്റെയും ഹദീസിന്റെയും ഇരുപത്തി അഞ്ച് പരമ്പരകളുടെ ഇജാസത്ത് (നിവേദന അനുമതി) അദ്ദേഹം മകന് നൽകിയിട്ടുണ്ട് ( Ibid പേ : 34 ). അഹ്മദ് ഖാദിയാനിയെ പോലെ തന്നെ തിരുനബി(സ്വ)യുടെ അന്ത്യപ്രവാചകത്വം നിഷേധിച്ചതിന്റെ പേരിൽ ( തഹ്ദീറുന്നാസ് 6 : 4, 5, 43 ) ഖാസിം നാനൂതവിയും തിരുനബി (സ്വ) യുടെ അദൃശ്യജ്ഞാനത്തെ ഭ്രാന്തന്റെയും മൃഗങ്ങളുടെയും നാൽക്കാലികളുടെയും വിജ്ഞാനത്തോട് സാമ്യപ്പെടുത്തി തിരുനബി (സ്വ) യെ നിന്ദിച്ചതിന്റെ പേരിൽ അഷ്റഫ് അലി താനവിയും അവരെ അംഗീകരിച്ച മറ്റ് തബ്‌ലീഗ് നേതാക്കളും കാഫിറുകളാണെന്ന് ഫത്‌വ നൽകുകയും പ്രസ്തുത ഫത്‌വ ഇരു ഹറമുകളിലെ പ്രഗൽഭരായ ഇരുപത്തി അഞ്ചോളം പണ്ഡിതന്മാരെ കാണിച്ച് അവരുടെ രേഖാമൂലമുള്ള സമ്മതം വാങ്ങി ഹുസാമുൽ ഹറമൈനി എന്ന പേരിൽ ഗ്രന്ഥമായി പ്രസിദ്ധീകരിക്കുകയും ചെയ്ത മഹാനാണ് അഹ്മദ് റളാഖാൻ ബാറേലവി(റ). തന്റെ പിതാവിന്റെ ഈ ആദർശം പൂർണ്ണമായും അംഗീകരിക്കുന്നയാളാണ് അല്ലാമാ മുസ്വ്ത്വഫാ റളാഖാൻ (ന.മ). ഒരു ഗുരുവിൽ നിന്ന് ഹദീസ് നിവേദനം ചെയ്യുന്നത് അദ്ദേഹത്തിന്റെ മുഴുവൻ ആദർശങ്ങൾക്കുമുള്ള അംഗീകാരമാണെങ്കിൽ സയ്യിദ് മുഹമ്മദ് അലവി മാലികി തന്റെ ഗുരുവായ മുസ്തഫാ
റളാഖാനിന്റെയും അദ്ദേഹത്തിന്റെ ഗുരുവായ അഹ്മദ് റളാഖാനിന്റെയും തബ്‌ലീഗുകാർ കാഫിറുകളാണന്ന അഭിപ്രായം അംഗീകരിച്ചയാളാകും. തബലീഗുകാർക്കും സഖ്യ കക്ഷികൾക്കും എന്തു പറയാനുണ്ട്. സയ്യിദ് മാലികിയുടെ ശിഷ്യൻമാർക്ക് തബ്‌ലീഗുകാരെ വിമർശിക്കാൻ യോഗ്യത കുറവുണ്ടോ?
സയ്യിദ് മുഹമ്മദ് അലവി മാലികിയുടെ ഹദീസ് നിവേദന പരമ്പരക്ക് പുറമെ വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്തിൽ നിന്ന് ബിരുദമെടുത്ത സുന്നി പണ്ഡിതരുടെ ഗുരു പരമ്പരയും ഉയർത്തിക്കാണിക്കാറുണ്ട്. ശൈഖ് ഹസൻ ഹസ്റത്ത് തബ്‌ലീഗ് ആദർശക്കാരനായിരുന്നെന്നും അദ്ദേഹം ബാഖവി പണ്ഡിതന്മാരുടെ ഉസ്താദുമാരിൽ പെടുന്നതിനാൽ തബ്‌ലീഗിനെ വിമർശിക്കുന്നത് ഗുരുനിന്ദയാണെന്നുമാണെന്നാണ് കണ്ടെത്തൽ . ശൈഖ് ഹസൻ ഹസ്റത്ത് തബ്‌ലീഗുകാരൻ ആയിരുന്നോ എന്നത് ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ആണെങ്കിൽ തന്നെ ഗുരു പരമ്പരയിലോ ഹദീസ് നിവേദനപരമ്പരയിലോ പുത്തനാശയക്കാരായ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ പിഴച്ച ആശയങ്ങൾക്കെതിരെ ശബ്ദിക്കരുതെന്ന് പറയുന്നത് പുത്തനാശയങ്ങളുടെ ആവിർഭാവം മുതൽ ഇന്നോളമുള്ള മുസ്‌ലിം പണ്ഡിത ചരിത്രത്തിനെതിരാണ്. ഉദാഹരണത്തിന് ഇമാം അബുൽ ഹസനിൽ അശ്അരി(റ)യെ തന്നെ എടുക്കാം . മാതൃഭർത്താവും വളർത്ത് പിതാവും ഗുരുവുമായിരുന്ന അബു അലിയ്യിനിൽ ജുബ്ബാഇയുടെ മുഅതസിലി വിശ്വാസം പിഴച്ചതും ഇസ്‌ലാമിക വിരുദ്ധവുമാണെന്നു പൂർണ്ണമായി ബോധ്യപ്പെട്ടത് മുതൽ അദ്ദേഹത്തിനെതിരെ ഇമാം അശ്അരി (റ) പരസ്യമായി രംഗത്ത് വന്നു. നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. വാദപ്രതിവാദങ്ങൾ നടത്തി. അയാളെ പിന്തുടരുകയോ അനുകരിക്കുകയോ ചെയ്യരുതെന്ന് പൊതുജനത്തോട് ഇമാം അശ്അരി (റ) ഉറക്കെ വിളിച്ച് പറഞ്ഞു.
ഇമാം താജുദ്ദീനിസ്സുബ്കി (റ) ഈ വിഷയത്തിൽ മറ്റൊരു മാതൃകയാണ്. ഹാഫിസ് ശംസുദ്ദീനുദ്ദഹബി ഇമാം സുബ്ക്കിയുടെ ഉസ്താദാണ്. അഹ്‌ലുസ്സുന്നയുടെ ആദർശങ്ങളിൽ നിന്ന് മാറി ഇബ്നു തൈമിയ്യയുടെ പിഴച്ച വിശ്വാസങ്ങളോട് വിധേയത്വം പുലർത്തിയ ആളാണ് ദഹബി. അക്കാരണത്താൽ തന്നെ ഇമാം സുബ്കി ﵀ അദ്ദേഹത്തിനെതിരെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. ദഹബിയെക്കുറിച്ച് ഹാഫിസ് സ്വലാഹുദ്ദീൻ ഖലീൽ ﵀ അഭിപ്രായപ്പെട്ടത് ഇമാം സുബ്കി ﵀ ഉദ്ധരിക്കുന്നു. ദഹബിയുടെ മത ഭക്തിയെക്കുറിച്ചോ സുക്ഷമതയെക്കുറിച്ചോ എനിക്ക് സംശയമില്ല. പക്ഷേ അല്ലാഹുവിന് ശരീരവും അവയവങ്ങളും സ്ഥിരപ്പെടുത്തുന്ന വിശ്വാസം അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. ഖുർആനിലോ ഹദീസിലോ അത്തരം പദപ്രയോഗങ്ങൾ വ്യാഖ്യാനിച്ച് അല്ലാഹുവിനെ വിശുദ്ധി കൽപിക്കുന്ന വിശ്വാസത്തോട് അദ്ദേഹത്തിന് വെറുപ്പാണ്. ഈ അമിതമായ സ്വാധീനവും വെറുപ്പും നിമിത്തം അദ്ദേഹത്തിന്റെ പ്രകൃതി തന്നെ മാറിപ്പോയിട്ടുണ്ട് . അല്ലാഹുവിന് അവയവം സ്ഥിരപ്പെടുത്തുന്ന പണ്ഡിതന്മാരുടെ ചരിത്രമെഴുതുമ്പോൾ അവരുടെ വീഴ്ചകളും ന്യൂനതകളും കണ്ടില്ലെന്ന് നടിക്കുകയോ ന്യായീകരിക്കുകയോ ചെയ്യും. എന്നാൽ, അല്ലാഹുവിന് വിശുദ്ധി കൽപിക്കുന്ന അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ ചരിത്രം പറയുമ്പോൾ അവരുടെ വിശേഷണങ്ങൾ അമിതമായി പറയുകയില്ല. അവരെ ആക്ഷേപിച്ചവരുടെ വാക്കുകൾ കൂടുതലായി ഉദ്ധരിക്കുകയും ചെയ്യും. ഇത് മത ഭക്തിയുടെ ഭാഗമാണെന്ന് അദ്ധേഹം ധരിച്ചത്. വസ്തുത അദ്ധേഹം മനസ്സിലാക്കിയിട്ടില്ല. മതവിശ്വാസത്തിലെ അദ്ധേഹത്തിന്റെ അഭിപ്രായ ഭിന്നതയാണ് ഇതിന്റെയെല്ലാം നിമിത്തം.
ശേഷം ഇമാം സുബ്കി ﵀ പറയുന്നു : “നമ്മുടെ ഗുരു ദഹബിയുടെ കാര്യം അദ്ദേഹം പറഞ്ഞതിലുമപ്പുറമാണ്. പക്ഷേ സത്യത്തെയാണ് അവലംബിക്കേണ്ടതും പിൻപറ്റണ്ടതും. അമിതമായ പക്ഷപാതം അദ്ദേഹത്തെ പരിഹാസ്യനാക്കുന്നിടത്തോളം എത്തിച്ചിട്ടുണ്ട്. തിരുനബി ﷺ യുടെ വിശുദ്ധ ശരീഅത്ത് നമുക്ക് എത്തിച്ചുതന്ന ഭൂരിഭാഗം വരുന്ന അശ്അരികളായ മുസ്‌ലിം പണ്ഡിതന്മാർ വിചാരണ നാളിൽ അദ്ദേഹത്തിനെതിരിൽ സാക്ഷി നിൽക്കുമോ എന്നാണ് ഞാൻ ഭയപ്പെടുന്നത്. അശ്അരി പണ്ഡിതനെ ആക്ഷേപിക്കാൻ തുടങ്ങിയാൽ അല്പവും ബാക്കി വെക്കാത്ത ആളായിരുന്നല്ലോ അദ്ദേഹം. ആയതിനാൽ പരലോകത്ത് അല്ലാഹുവിന്റെ സമക്ഷത്തിൽ പണ്ഡിതൻമാർ അദ്ദേഹത്തിന്റെ ശത്രുക്കളായിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അശ്അരി പണ്ഡിതന്മാരുടെ കൂട്ടത്തിലെ ഏറ്റവും ചെറിയ ആൾ പോലും ഒരു പക്ഷേ അല്ലാഹുവിന്റെ സമക്ഷത്തിൽ ദഹബിയേക്കാൾ ശ്രേഷ്ഠനായിരിക്കും. അല്ലാഹു അദ്ദേഹത്തിന്റെ ശിക്ഷയിൽ ഇളവ് ചെയ്യട്ടെ എന്നും അദ്ദേഹത്തിനു മാപ്പ് കൊടുക്കാൻ അശ്അരി പണ്ഡിതന്മാർക്ക് അല്ലാഹു തോന്നിപ്പിക്കട്ടെ എന്നും അദ്ദേഹത്തിന് വേണ്ടിയുള്ള അവരുടെ ശിപാർശ അല്ലാഹു സ്വീകരിക്കട്ടെ എന്നും ദുആ ഇരക്കാം. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വായിക്കരുതെന്നും വാക്കുകളെ അവലംബിക്കരുതെന്നുമാണ് നമ്മുടെ മറ്റെല്ലാ ഗുരുനാഥൻമാരും നമ്മോട് ഉപദേശിച്ചത്” ( ത്വബഖാത് ).
ഗുരുനാഥന്മാരിൽ ആരെങ്കിലും മുബ്തദിഉം പുത്തനാശയക്കാരനുമാണെങ്കിൽ അവരോട് കൈകൊണ്ട സമീപനമാണ് ഇമാം സുബ്കി ﵀ മുസ്‌ലിം പൊതുജനങ്ങളെ പൊതുവെയും പണ്ഡിതന്മാരെ പ്രത്യേകിച്ചും പഠിപ്പിക്കുന്നത്. ഗുരുനാഥന്റെ പിഴച്ച ആദർശങ്ങൾ പിൻപറ്റരുത്. സത്യം അംഗീകരിക്കുകയും അനുകരിക്കുകയും വേണം. ഗുരുവിന്റെ പിഴച്ച ആദർശങ്ങളുള്ള ഗ്രന്ഥങ്ങൾ വായിക്കരുത്. വാക്കുകൾ അവലംബിക്കുകയുമരുത്. ഇത് മുസ്‌ലിം പൊതു ജനങ്ങളോട് തുറന്ന് പറയുകയും വേണം, സുന്നി പണ്ഡിതന്മാർ സ്ഥാപിച്ചതും ദീർഘകാലം സുന്നീപാത പിൻപറ്റുകയും ചെയ്ത ദേവ്ബന്ദ് ദാറുൽ ഉലൂമിലോ വെല്ലൂർ ബാഖിയാത്തിലോ പഠിച്ചതിന്റെ പേരിൽ ഏതെങ്കിലും തബ്‌ലീഗുകാർ സുന്നി പണ്ഡിതരുടെ ഗുരു പരമ്പരയിൽ കടന്ന് കൂടിയിട്ടുണ്ടെങ്കിൽ അവരോട് സുന്നി പണ്ഡിതർ എടുത്ത നിലപാട് ഇമാം സുബ്കി ﵀ പഠിപ്പിച്ചതാണ്. ആയതിനാൽ തബ്‌ലീഗ് ജമാഅത്തിനെതിരെ ശക്തമായി പോരാടുകയും ജനങ്ങളെ ബോധവൽകരിക്കുകയും ചെയ്യുക എന്ന മതപ്രബോധന ബാധ്യത സുന്നി പണ്ഡിതർ എക്കാലത്തും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
സയ്യിദ് മുഹമ്മദ് അലവി മാലികി (ന.മ) ഈ ബാധ്യത നിർവ്വഹിച്ചിട്ടുണ്ട്. തന്റെ ഗുരുപരമ്പര വിശദീകരിച്ചതിന് ശേഷം താൻ വഴി ഹദീസ് നിവേദനം ചെയ്യുന്നവരോടുള്ള വിലപ്പെട്ട ഉപദേശങ്ങൾ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അഹ്‌ലുസ്സുന്നയുടെ പാതയിൽ നിന്ന് വ്യതിചലിച്ച പുത്തനാശയക്കാരുടെ ഗ്രന്ഥങ്ങൾ വായിക്കരുത് എന്ന് അദ്ദേഹം പ്രത്യേകമായി ഉപദേശിച്ചിട്ടുണ്ട് ( അൽ ഇഖ്ദുൽ ഫരീദ് പേ: 11 ). പ്രസ്തുത ഉപദേശം അനുസരിച്ച് ഇസ്മാഈൽ ദഹ്ലവി, ഖാസിം നാനൂതവി, റഷീദ് അഹ്മദ് ഗംഭഗാഹി, മഹ്മൂദുൽ ഹസൻ, ഖലീൽ അഹ്മദ് അബേട്ടവി, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് സകരിയ്യൽ കാന്തലവി, മൻസൂർ നുഅമാനി, അബുൽ ഹസൻ അലി നദ്‌വി തുടങ്ങിയ തബ്‌ലീഗ് നേതാക്കളുടെ ഗ്രന്ഥങ്ങൾ വായിക്കാനോ അവരുടെ വാക്കുകൾ അവലംബിക്കാനോ പാടില്ല. സുന്നികൾ അവലംബിക്കാറുമില്ല.
-ഡോ. അബ്ദുൽ ഹകീം സഅദി