Site-Logo
POST

ഹഖ് കൊണ്ട് ചോദിക്കൽ; ഹനഫീ മദ്ഹബിലെ പണ്ഡിതർ വിശദീകരിക്കുന്നു

അബൂ യാസീൻ അഹ്‌സനി ചെറുശോല

|

24 Dec 2024

feature image

അബൂഹനീഫ ﵀ പറഞ്ഞ വരികള്‍ ഏറ്റവും വിശദീകരിക്കാൻ അർഹതപ്പെട്ടവർ അവിടുത്തെ മദ്ഹബിലായി ജീവിതകാലം മുഴുവൻ ചിലവഴിക്കുകയും അതിനായി അബൂഹനീഫാ ഇമാമിന്റെയും ശിഷ്യന്മാരുടെയും ഗ്രന്ഥങ്ങളും വിശദീകരണങ്ങളും പഠിച്ച് ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത ഇമാമീങ്ങളാണെന്ന് പറയേണ്ടതില്ല. മാത്രവുമല്ല പ്രാര്‍ത്ഥന നടത്തുമ്പോള്‍ ഇന്ന മഹാന്റെ 'ഹഖ്' കൊണ്ട്ചോദിക്കല്‍ കറാഹത്താണെന്ന് ഇമാം അബൂ ഹനീഫ ﵀ പറഞ്ഞിട്ടു ണ്ടെന്ന് പഠിപ്പിക്കുന്ന ഇമാമുകള്‍ തന്നെ അവരുടെ അതേ കിത്താബിലോ അല്ലെങ്കില്‍ മറ്റു കിതാബു കളിലോ മഹാനായ നബി ﷺ യുടേയും മറ്റു മഹത്തുക്കളുടേയും 'ഹഖ്' കൊണ്ടും 'ഹുര്‍മത്ത്' കൊണ്ടും 'ജാഹ്' കൊണ്ടു മൊക്കെ തവസ്സുല്‍ ചെയ്യുകയും മഹാന്മാര്‍നടത്തിയ തവസ്സുലുകള്‍ ഉദ്ധരിച്ച് പഠിപ്പിക്കുകയും  ചെയ്യുന്നതായി കാണാവുന്നതുമാണ്. ഇനിനമുക്ക് അതേകുറിച്ച് പ്രതിപാദിക്കാം.
അബൂ ഹനീഫാ ഇമാമിന്റെ ഈ വാക്കുകൾ വിശദീകരിച്ചു കൊണ്ട് ഹനഫീ മദ്ഹബിലെ പില്‍കാല പ്രമുഖ ഇമാമു കളില്‍ പെട്ട മുഹദ്ദിസും ഫഖീഹും മുഫസ്സിറും ആയ അല്ലാമാ മുര്‍ത്തളാ അസ്സ ബീദീ ﵀ പറയുന്നു: “ഇമാം അബൂ ഹനീഫ ﵀ പറഞ്ഞ തുകൊണ്ടുള്ള ഉദ്ദേശം അല്ലാഹുവിന് അവന്റെ സൃഷ്ടികളുടെ മേലില്‍ ഒരു ബാധ്യതയും ഇല്ലെന്ന അര്‍ത്ഥത്തിലുള്ള 'ഹഖ്' ആണ്. അല്ലാതെ ബഹുമാനവും ആദരവും മഹത്വവും ഉദ്ദേശി ച്ചുകൊണ്ടുള്ള 'ഹഖ്' കൊണ്ടു ള്ള ചോദ്യത്തെയല്ല. ഇമാം അബൂ ഹനീഫ ﵀ കറാഹത്താ ണെന്ന് പറഞ്ഞിട്ടുള്ളത്. മഹത്വം എന്ന അര്‍ത്ഥത്തിനുള്ള 'ഹഖ്' കൊണ്ടുള്ളതേട്ടം ഹദീസില്‍ തന്നെ സ്ഥിരപ്പെട്ടിട്ടുള്ള താണ്”. (ഇത്ത്ഹാഫു സ്സാദത്തില്‍ മുത്തഖീന്‍:2/285)
ഇതു കൊണ്ടാണ് അബൂഹനീഫ ﵀ യില്‍ നിന്നും ഈ വരികള്‍ ഉദ്ധരിച്ച അതേ ഇമാമുകള്‍ തന്നെ അവരുടെ കിതാ ബുകളുടെ തുടക്കത്തിലും അവസാനത്തിലുമൊക്കെ നബി ﷺ യുടെയും മറ്റു മഹത്തുക്കളുടേയും ഹഖ് കൊണ്ടും ജാഹ് കൊണ്ടുമൊക്കെ തവസ്സുല്‍ ചെയ്തതായി നിരവധി നമുക്ക് കാണാന്‍ സാധിക്കുന്നത്. 
ഇതോടൊപ്പം ഇമാം അബൂഹനീഫ ﵀ യുടെ ഈ വാചക ത്തിന് മറ്റൊരു അര്‍ത്ഥവും ഉദ്ധേശവും ഇമാമുകള്‍ പഠിപ്പിക്കുന്നതായി കാണാം. അതായത്, ‘ഹഖ്’ എന്ന വാക്കിന് സത്യം എന്ന അർത്ഥമുണ്ട്.  സത്യം ചെയ്യുകയെന്ന അര്‍ത്ഥത്തിനും ഇത് പ്രയോഗിക്കാറുണ്ട്. ഈ അര്‍ത്ഥവും വ്യാഖ്യാനവുമാണ് വിമര്‍ശകരുടെ ഏറ്റവും വലിയ നേതാവ് ഇബ്‌നു തൈമിയ്യയും അദ്ധേഹത്തോട് ആശയത്തില്‍ കൂറുപുലര്‍ത്തു ന്ന ഇബ്‌നു അബില്‍ഇസ്സ് എന്ന പണ്ഡിതനും നൽകുന്നത്. ഇബ്നു തൈമിയ്യയുടെ കിതാബിൽ നിന്ന് വായിക്കാം.

فَلَفْظُ التَّوَسُّلِ يُرَادُ بِـهِ ثَلاَثَةُ مَعَانٍ:- ...... وَالثَّالِثُ اَلتَّوَسُّلُ بِـهِ بِـمَعْنَى اْلإِقْسَامِ عَلىَ اللهِ تَعَالىَ بِـذَاتِـهِ، ... وَهَذَا هُوَ الـَّذِي قَالَ أبُوحَنِيفَةَ وَأَصْحَابُـهُ: إِنَّـه لاَ يَجُوزُ، وَنَهَوْا عَنْهُ حَيْثُ قَالُوا: لاَيُسْأَلُ بِمَخْلُوقٍ، وَلاَ يَقُولُ أَحَدٌ:أَسْأَلُكَ بِحَقِّ أَنْبِيَائِكَ.(مَجْمُوعُ الْفَتَاوَى:1/202)وَ(قَاعِدَةٌ جَلِيلَةٌ فِي التوَسُّلِ وَالْوَسِيلَة:ص/85-86)لِابْنِ تَيْمِيَّة. 

“ഇടതേട്ടം(തവസ്സുൽ) എന്ന പദത്തിന് മൂന്ന് അര്‍ത്ഥങ്ങളുണ്ട്, അതില്‍ മൂന്നാമത്തെ അര്‍ത്ഥം അല്ലാഹുവിന്റെ മേല്‍സത്യം ചെയ്യുകയെന്ന അര്‍ത്ഥത്തിലുള്ള ഇടതേട്ടമാണ്. ഇങ്ങനെ സത്യം ചെയ്യുക യെന്ന അര്‍ത്ഥത്തിനുള്ള ഇടതേട്ടം അനുവദനീയമല്ലെന്നാണ് ഇമാം അബൂഹനീഫ ﵀ യുംതന്റെ ശിഷ്യന്മാരും പറഞ്ഞിട്ടുള്ളത്. അങ്ങിനെ ചെയ്യലിനെതൊട്ട് അവര്‍വിലക്കുകയും ചെയ്തിട്ടുണ്ട്. അബൂഹനീഫ ﵀ യുംതന്റെ ശിഷ്യന്മാരും പറഞ്ഞു: “സൃഷ്ടികളെകൊണ്ട് ചോദിക്കപ്പെടരുത്, അമ്പിയാക്കളുടെ ഹഖ്കൊണ്ട് എന്ന് ഒരാളുംപറയുകയും ചെയ്യരുത്”.(മജ്മൂഉല്‍ ഫത്താവാ:1/202) (ഖാഇദത്തുന്‍ ജലീല ഫിത്തവസ്സുലിവല്‍വസീല: 85-86)
ഇബ്‌നുതൈമിയ്യയോട് ആശയ പ്പൊരുത്തമുള്ള ഹിജ്‌റ: 792 ല്‍ മരണപ്പെട്ട ഇബ്‌നു അബില്‍ഇസ്സ് അല്‍ഹനഫീ തന്റെ കിത്താബിലും ഇത് പറയുന്നതായി കാണാം:

وَإِنْ كَانَ مُرَادُهُ اْلإِقْسَامُ عَلىَ اللهِ تَعَالىَ بِحَقِّ فُلاَنٍ، فَذَلِكَ مَحْذُورٌ أَيْضًا، لِأَنَّ الْإِقْسَامَ بِالْمَخْلُوقِ عَلىَ الْمَخْلُوقِ لاَيَجُوزُ، فَكَيْفَ عَلـَى الْخَالِقِ.... وَلِهَذَا قَالَ أَبُوحَنِيفَةَ وَصَاحِبَاهُ رَضِيَ اللهُ عَنْهُمْ:يُكْرَهُ أَنْ يَقُولَ الـدَّاعِـي:أَسْأَلُكَ بِـحَقِّ فُلاَنٍ، أَوْ بِـحَـقِّ أَنْبِيَائِكَ وَرُسُلِكَ-الخ. (شَرَحُ الْعَقِيدَةِ الطَّحَاوِيَّةِ:1/297)لِابْنِ أَبِي الْعِزِّ الْحَنَفِي-792هـ

“ഒരു വ്യക്തിയുടെ 'ഹഖ്' കൊണ്ട് എന്ന് പറഞ്ഞ് സത്യം ചെയ്യലാണ് ഒരാളുടെ ലക്ഷ്യമെങ്കില്‍ അതും പാടില്ലാത്ത താണ്, കാരണം: സൃഷ്ടികളെ കൊണ്ട് സൃഷ്ടികളുടെ മേലില്‍ സത്യം ചെയ്യല്‍ അനുവദനീയമല്ല. പിന്നെയല്ലേ സ്ര്ഷ്ടാവി ന്റെ മേലില്‍ സൃഷ്ടികളെ കൊണ്ട് സത്യം ചെയ്യല്‍!? ഇക്കാരണം കൊണ്ടാണ് ഇമാം അബൂഹനീഫ(റ)യും തന്റെ രണ്ട്കൂട്ടുകാരും പ്രാര്‍ത്ഥിക്കുന്ന വ്യക്തി ഇന്നയാളുടെ ഹഖ് കൊണ്ട്, അല്ലെങ്കില്‍ അമ്പിയാ മുര്‍സലുകളുടെ ഹഖ്‌കൊണ്ട് ഞാന്‍ ചോദിക്കുന്നവെന്ന് പറയല്‍ കറാഹത്താണെന്ന് പറഞ്ഞിട്ടുള്ളത്.” (ശറഹുല്‍അഖീദ അത്ത്വഹാവിയ്യ:1/297)
എത്ര ത്തോളം കേരളത്തിലെ ഒഹാബികളുടെ ആശയ സ്രോദസ്സും ഇസ്ലാഹീ ആശയം ഇരുപതാം നൂറ്റാണ്ടില്‍ പ്രചരി പ്പിച്ച ഏറ്റവും പ്രഗത്ഭനാണെന്നും ഖുര്‍ആന്‍ വ്യാഖ്യാനം കൊണ്ട് ലോകത്ത് മുഴുവന്‍ പ്രചരിച്ചു ആശയ വിപ്ലവം സൃഷ്ടി ച്ചിരുന്നുവെന്നും വിശുദ്ദ ഖുര്‍ആന്‍ ഖുര്‍ആനിലൂടെയും നബി ചര്യയിലൂടെയും വ്യാഖ്യാനിക്കാനും പഴയ തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ കടന്നുകൂടിയ അബദ്ധങ്ങളെപ്പറ്റി ബോധമുളവാ ക്കാനും റശീദുരിസായുടെ സമീപനം വഴിതെളിയിച്ചു' എന്ന് 'ഇസ്ലാഹീപ്രസ്ഥാന ചരിത്രത്തിനൊരാമുഖം(പേജ്:17)ല്‍ മുജാ ഹിദുകള്‍ പരിചയപ്പെടുത്തിയ റശീദ് രിളാ തന്റെ തഫ്‌സീറുല്‍ മനാര്‍(6/372)ലും മഹാനായ ഇമാമുല്‍ അഅ്‌ളം അബൂഹ നീഫ(റ) കറാഹത്താണെന്ന് പറഞ്ഞ 'ഹഖ്' കൊണ്ടുള്ള ഉദ്ധേഷം ''സത്യം'' ചെയ്യലാണെന്ന് വ്യക്തമാക്കുന്നതായി കാണാം. അല്ലാഹു അല്ലാത്തവരെകൊണ്ട് സത്യം ചെയ്യാന്‍ പാടില്ലെന്ന് മഹാനായ ഇമാം നവവീ(റ)യടക്കമുള്ള ഇമാമു കള്‍ നമ്മെ പഠിപ്പിച്ചിട്ടുള്ള കാര്യവുമാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന സത്യവുമാണ്. ഖാത്തിമത്തുല്‍ മുഹഖിഖീന്‍ ഇബ്‌നുഹജര്‍ അല്‍ ഹൈത്തമീ(റ)വിന്റെ (തുഹ്ഫ:4/289)ലും മറ്റു കര്‍മ്മശാസ്ത്ര ഇമാമുകൾ അവരുടെ ഗ്രന്ഥങ്ങളിലും ഇത് വിവരിച്ചത് കാണാവുന്നതാണ്. 

എങ്കിലും ഹിജ്‌റ:660.ല്‍ വഫാത്തായ ശാഫിഈ മദ്ഹബിലെ പ്രധാന ഇമാമുകളില്‍ പെട്ട സുല്‍ത്ത്വാനുല്‍ ഉലമാഇ അല്‍ഇമാം ഇസ്സുദ്ദീന്‍ ഇബ്‌നു അബ്ദിസ്സലാം ﵀ വും മറ്റു ചില ഇമാമുകളും മഹാനായ നബി ﷺ യെ കൊണ്ട് മാത്രം സത്യം ചെയ്യാമെന്നും, കാരണം നബി ﷺ ആദം സന്തതികളുടെ മുഴുവത്തിന്റെ യും സയ്യിദും നേതാവുമാണ് എന്നതു കൊണ്ടാണെന്നും പറഞ്ഞിട്ടുണ്ട്. മറ്റു അമ്പിയാക്ക ളെ കൊണ്ടോ മലക്കുകളെ കൊണ്ടോ ഒന്നും തന്നെ സത്യം ചെയ്യാന്‍ പാടില്ല കാരണം അവര്‍ക്ക് നബി ﷺ യുടെ അത്ര മഹത്വവും പവറും ഇല്ല'. അല്‍ഇമാം ഇസ്സുദ്ദീന്‍ ഇബ്‌നു അബ്ദിസ്സലാം(റ) തന്റെ(അല്‍ഫത്താവല്‍ മിസ്വ്‌രിയ്യ:പേജ്/22) ല്‍ പഠിപ്പിക്കുന്നതായി കാണാം. ഇക്കാര്യം ഇസ്സുബ്‌നു അബ്ദിസ്സലാം ﵀ വില്‍ നിന്നും ഇമാമുകള്‍ എടുത്തുദ്ധരിച്ചതാ യും കാണാവുന്നതാണ്. 

പില്‍കാല ഹനഫീ മദ്ഹബിലെ പണ്ഡിതന്മാരിൽ പെട്ട അല്ലാമാ അബുസ്സനാഅ് അല്‍ ആലൂസീ(റ) തന്റെ (റൂഹുല്‍ മആനീ:6/125)ലും ഇത് ഉദ്ധരിക്കുന്നതായി കാണാവുന്നതാ ണ്. അതുപോലെ ഹിജ്‌റ:814.ല്‍ വഫാത്തായ അബുൽ യുംനി ഇബ്‌നുഫര്‍ഹൂന്‍ അല്‍മാലിക്കീ(റ) പറയുന്നു: “ഇമാമു അഹ്‌ലിസ്സുന്ന അഹ്‌മദ് ബ്‌നു ഹമ്പല്‍ ﵀ പറഞ്ഞു: “ഒരാള്‍ നബി ﷺ യെ കൊണ്ട് സത്യം ചെയ്തു പറഞ്ഞാല്‍ ആ സത്യം സാധുവാകുന്നതാണ്. കാരണം നിശ്ചയം അയാള്‍ സത്യം ചെയ്തിട്ടുള്ളത് തന്റെ ഈമാന്‍ തന്നെ പൂർത്തിയാകാൻ ഏക കാരണക്കാരനായ നേതാവിനെ കൊണ്ടാണ്. ഇക്കാര്യം ഇമാം അബൂഹയ്യാന്‍(റ) തന്റെ (അന്നഹ്‌റുല്‍മാദ്ദ്) എന്ന തഫ്‌സീറില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ഇബ്‌നുഫര്‍ഹൂന്‍(റ) തന്റെ (അല്‍മസാഇലുല്‍ മല്‍ഖൂത്വതി മിനല്‍ കുത്തുബില്‍ മബ്‌സൂ ത്വ :പേജ്/313)ല്‍ പറയുന്നതായി കാണാം. വിശ്വാസകാര്യങ്ങളില്‍ ലോകമുസ്‌ലിംകള്‍ക്ക് രണ്ട് ഇമാമുകളാണുള്ളത് ഒന്ന് ഇമാം അബുല്‍ഹസന്‍ അല്‍ അശ് അരീ(റ)വും മറ്റൊന്ന് ഇമാം അബൂമന്‍സ്വൂര്‍ അല്‍മാത്തുരീദീ (റ)വുമാണ്. കര്‍മ്മശാസ്ത്രത്തില്‍ ഹനഫീ മദ്ഹബുകാരനായ ഇമാം മാത്തുരീദീ(റ) തന്റെ തഫ്‌സീറില്‍ സൂറ:അല്‍ബഖറ സൂക്തം:89. വ്യാഖ്യാനിച്ചു കൊണ്ട് പറ യുന്നു: 

وَكَانُوا مِنْ قَبْلُ يَسْتَفْتِحُونَ عَلىَ الـَّذِينَ كَفَرُوا؛ يَسْتَفْتِحُونَ:يَسْتَنْصِرُونَ عَلىَ الـَّذِينَ كَفَرُوا قَبْلَ أَنْ يُبْعَثَ مُحَمَّدٌ صَلىَّ اللهُ عَلَيْهِ وَسَلَّمَ، يَقُولُونَ: أَللهم انْصُرْنَا بِحَقِّ نَبِيِّكَ الـَّذِي تَبْعَثُهُ. (تَأْوِيلاَتُ الْقُرْآنْ:1/175) لِلْإِمَامِ أَبِي مَنْصُورِ الْمَاتُرِيدِيِّ الْحَنَفِي-333هـــ

''ജൂതന്മാര്‍ നബി ﷺ യെ കൊണ്ട് സത്യനിഷേധികളുടെ മേലില്‍ വിജയം ലഭിക്കാനായി സഹായം തേടാറുണ്ടാ യിരുന്നു. അവര്‍ പറയുമായിരുന്നു:അല്ലാഹുവേ അവസാനകാ ലത്ത് നീ നിയോഗിച്ചയക്കാന്‍ പോകുന്ന നബിയുടെ ഹഖ്‌ കൊണ്ട് ഞങ്ങളെ നീ സഹായിക്കേണമേ' (തഅ്‌വീലാത്തുല്‍ ഖുര്‍ആന്‍:1/175) 
അതു പോലെ മുഫസ്സിറും മുഹദ്ദിസും ഫഖീഹും സ്വൂഫീ മഹത്തുക്കളില്‍ പെട്ടവരുമായ ഹനഫീ മദ്ഹബിലെ പ്രമുഖ ഇമാമുകളില്‍ പെട്ട ഹിജ്‌റ:373.ല്‍ വഫത്തായ ഇമാം അബു ല്ലൈസ് അസ്സമര്‍ഖന്ദീ(റ) തന്റെ തഫ്‌സീറില്‍ സൂറതുല്‍ ബഖറ :37 വിശദീകരിച്ചു കൊണ്ട് മഹാനായ സയ്യിദുനാ ആദം നബി ﵇ നബി ﷺ യുടെ 'ഹഖ് കൊണ്ട്' തവസ്സുല്‍ചെയ്തത് വിവരിക്കുന്നതായി കാണാം. (തഫ്‌സീര്‍ ബഹ്‌റുല്‍ഉലൂം :1/72) അതുപോലെ  മൂസാ നബി ﵇ ന്റെ തിരുശേഷിപ്പുകള്‍ മുസ്‌ലിംകള്‍ യുദ്ധത്തിനു പോകുന്ന സമയത്ത് വിജയം ലഭിക്കാന്‍ തവസ്സുലാക്കിക്കൊണ്ട് കൊണ്ട് പോകാറുണ്ടായിരു ന്നുവെന്ന് മഹാന്‍ തന്നെ തന്റെ (തഫ്‌സീര്‍ ബഹ്‌രുല്‍ ഉലൂം: 1/188)ലും വിശദീകരിച്ചതായി കാണാം. ഹനഫീ മദ്ഹബിലെ പ്രധാനപ്പെട്ട ഇമാമായ ഹിജ്‌റ:537.ല്‍ വഫാത്തായ ഇമാം അബൂ ഹഫ്‌സ്വ് നജ്മുദ്ദീന്‍ അന്നസഫീ(റ) ശൈഖുല്‍ ഇസ്‌ലാം അബുല്‍ഹസന്‍ ഇബ്‌നുഹംസ അസ്സുഗ്വ്ദീ(റ) യുടെ ഫത്താവാ ക്രോഡീകരിച്ചു ആ ഫത്താവയില്‍ അഹ്‌ലു ബൈത്തിന്റെ മഹത്വം വിവരിച്ചു കൊണ്ട് പറയുന്ന കൂട്ടത്തില്‍ സ്വഫ്ഫാരിയ്യീങ്ങളില്‍ പെട്ട ഒരുശൈഖും തന്റെ അയല്‍വാസി യായ അബുല്‍ഖാസിം അല്‍ജിനാനീ(റ) എന്ന  ഒരു സയ്യിദുമായുള്ള വിഷയത്തില്‍ ആ ശൈഖ് സയ്യിദിനോട് അദബ്‌കേട് കാണിച്ചതു കാരണം ആ ശൈഖ് നബി ﷺ യെ സ്വപ്നത്തില്‍ ദര്‍ശിക്കുകയും നബി ﷺ ആ സയ്യിദിനോട് അനാദരവു കാണിച്ചതിനെ ചോദ്യം ചെയ്യുകയും ചെയ്തപ്പോള്‍ താന്‍ ആ സയ്യിദിനെ തേടി പോകുകയും തന്റെ വീട്ടുപടിക്കല്‍ ചെന്ന് വാതില്‍ തുറക്കുവോളം കാത്തിരിക്കുകയും വാതില്‍ തുറന്ന് കൊടുത്തപ്പോള്‍ തന്നോട് മാപ്പപേക്ഷിക്കുകയും ചെയ്തു ആ സമയത്ത് ആ സയ്യിദ് ചോദിച്ചു നിങ്ങള്‍ക്ക് എന്തു പറ്റി? അപ്പോള്‍ ആ ശൈഖ് പറഞ്ഞു: ‘അങ്ങയുടെ ഉപ്പാപ്പയുടെ ഹഖ്‌കൊണ്ട് എന്നെ തൊട്ട് പൊരുത്തപ്പെടു കയും എനിക്ക് മാപ്പ് നല്‍കുകയും ചെയ്യണം, അങ്ങിനെ ആ സയ്യിദ് ശൈഖിന് മാപ്പ് നല്‍കുകയും ചെയ്തു' ഇമാം നജ്മുദ്ദീന്‍ അന്നഫീ(റ) (ഫത്താവാ ശൈഖില്‍ ഇസ്‌ലാം അബു ല്‍ ഹസന്‍ അസ്സുഗ്വ്ദീ:പേജ്/40)ല്‍ ഉദ്ധരിച്ചതായി കാണാം. ഈ സംഭവത്തില്‍ നബി(സ്വ)യുടെ ഹഖ്‌കൊണ്ട് തേട്ടം പഠിപ്പിക്കുകയാണ് ഇമാം നസഫീ(റ) ചെയ്യുന്നത്. 

പുറമെ ഹനഫീ മദ്ഹബുകാരനായ സിറാജുല്‍ മില്ലത്തി വദ്ദീന്‍ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഹിജ്‌റ :626.ല്‍ വഫാത്തായ ഇമാം അബൂയഅ്ഖൂബ് അസ്സക്കാക്കീ (റ) തന്റെ കിത്താബിന്റെ ആമുഖത്തില്‍ 'മഹാനായ നബി(സ്വ) യുടെയും അവിടുത്തെ കുടുംബത്തിന്റേയും ഹഖ് കൊണ്ട് കിത്താബി ന്റെ പൂര്‍ത്തീകരണത്തിനായി അല്ലാഹു വിനോട് ദുആ ചെയ്യുന്നു.' ഇത് അദ്ദേഹത്തിന്റെ  (മിഫ്ത്താഹുല്‍ഉലൂം: പേജ്/72) ല്‍ കാണാവുന്നതാണ്. 
ഹിജ്‌റ:743.ല്‍ വഫാത്തായ ഹനഫീ കര്‍മ്മശാസ്ത്ര ഇമാമായ അല്‍ഇമാം ഫഖ്,റുദ്ദീന്‍ അസ്സൈലഗ്വീ(റ) തന്റെ (തബ്,യീനുല്‍ ഹഖാഇഖ്:15/60)ലും, ഹിജ്‌റ:762.ല്‍ വഫാ ത്തായ അല്‍ഹാഫിള് അല്‍ഫഖീഹ് അലാഉദ്ദീന്‍ മുഗ്വ്,ല ത്ത്വായ്(റ) തന്റെ (അന്നഫ്ഹത്തുല്‍ ജസീമഃ: പേജ് /102)ലും, ഹിജ്‌റ:775.ല്‍ വഫാത്തായ ഹനഫീ മദ്,ഹബിലെ ഇമാമായ അല്‍ഇമാം അബുല്‍വഫാ(റ) തന്റെ(അല്‍ജവാഹിര്‍ അല്‍മു ളിയ്യ:2/543)ലും, ഹിജ്‌റ:930.ല്‍ വഫാത്തായ അല്‍ഇമാം ഇബ്‌നു ഇയാസ് അല്‍ഹനഫീ(റ) തന്റെ(ബദാഇഉസ്സുഹൂര്‍: പേജ്/45)ലും മഹാനായ നബി ﷺ യുടെ 'ഹഖ്' കൊണ്ടും 'ജാഹ്' കൊണ്ടും 'നൂറു' കൊണ്ടുമൊക്കെ തവസ്സുല്‍ ചെയ്യു ന്നതായി കാണാവുന്നതാണ്. 
ഹനഫീ മദ്ഹബിലെ പില്‍കാല പണ്ഡിതരില്‍ പ്രമുഖരാ യ അല്ലാമാ മുര്‍ത്തളാഅസ്സബീദീ(റ)യും അല്ലാമാ അബ്ദുല്‍ ഹയ്യ് അല്ലക്‌നവീ(റ)യും അവരുടെ കിത്താബുകളില്‍ തവസ്സു ല്‍ ചെയ്യുന്നത് നമുക്ക് വായിക്കാം. അല്ലാമാ സബീദീ(റ) മഹാനായ സയ്യിദുനാ സൈനുല്‍ആബിദീന്‍ അലി ഇബ്‌നുല്‍ ഹുസൈന്‍(റ)വിനെ കൊണ്ട് തവസ്സുല്‍ ചെയ്ത് പ്രാര്‍ത്ഥിക്കുന്നു: 'അല്ലാഹുവേ നീ പ്രത്യേകമായി തെരഞ്ഞെ ടുത്തവരുടെ ജാഹ് കൊണ്ടും ഹഖ് കൊണ്ടും ഈ പ്രയാസം അനുഭവിക്കുന്ന ഞാന്‍ നിന്നോട് ചോദിക്കുന്നു.’ അല്ലാമാ സബീദീ(റ) തന്റെ (ഇത്ത്ഹാഫുസ്സാദത്തില്‍ മുത്തഖീന്‍:4/382) ല്‍ ദുആ ചെയ്യുന്നതായി കാണാം. അല്ലാമാ അല്ലക്‌നവീ(റ) തന്റെ ഹിദായ എന്ന ഹനഫീ കര്‍മ്മ ശാസ്ത്ര കിത്താബിന്റെ വ്യാഖ്യാനത്തിന്റെ ആമുഖത്തില്‍ നബി(സ്വ)യുടെ മഹത്വം കൊണ്ടും അവിടുത്തെ കുടുംബത്തിന്റെ മഹത്വം കൊണ്ടും ഇടതേട്ടം നടത്തി പ്രാര്‍ത്ഥിക്കുന്നു. ഇത് (ശറഹുല്‍ഹിദായ: 1/11)യില്‍ കാണാവുന്നതാണ്. അതു പോലെ ഹനഫീ മദ്ഹ ബിലെ പിൽകാല ഇമാമുകളില്‍ പെട്ട അല്ലാമാ അലാഉദ്ദീന്‍ അല്‍ അസ്വകഫീ(റ) തന്റെ കിത്താബിന്റെ ആമുഖത്തില്‍ മഹാനായ തിരുനബി ﷺ യുടെ 'ജാഹ്' കൊണ്ട് തവസ്സുല്‍ ചെയ്യുന്നുണ്ട്.(അദ്ദുര്‍,റുല്‍ മുഖ്ത്താര്‍:പേജ്/16). 
ഹനഫീ മദ്ഹബിലെ ഖാത്തിമത്തുല്‍ മുഹഖിഖീന്‍ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്ന ഇമാമായ അല്‍അല്ലാമാ ഇബ്‌നു ആബിദീന്‍(റ) മഹാനായ മുത്ത് നബി ﷺ യുടെ ''ജാഹ്'' കൊണ്ട് തവസ്സുല്‍ നടത്തുന്നത് അവിടുത്തെ (തന്‍,ഖീഹുല്‍ ഫത്താവാ അല്‍ഹാമിദിയ്യ:7/417)ൽ കാണാം. 

 
മഹാനായ രണ്ടാം ഖലീഫ സയ്യിദുനാ ഉമര്‍ ﵁ വിന്റെ ഭരണ കാലത്ത് മഹാന്മാരായ സയ്യിദുനാ സഅ്ദുബ്‌നു അബീ വഖ്ഖാസ്വ്(റ), സയ്യിദുനാ ഖാലിദുബ്‌നുല്‍ വലിദ്(റ) എന്നി വരുടെ നേതൃത്വത്തില്‍ കിസ്,റാ പട്ടണത്തിലേക്ക് സൈന്യ ത്തെ അയക്കുകയും അങ്ങിനെ അവര്‍ ഇറാഖിലെ ടൈഗ്രീസ് നദിയുടെ തീരത്ത് എത്തിയ സമയത്ത് അവര്‍ക്ക് യാത്ര ചെയ്യാന്‍ കപ്പല്‍ ലഭിച്ചതുമില്ല, ആ സമയത്ത് ഖാലിദുബ്‌നുല്‍ വലീദ്(റ)വും സഅ്ദുബ്‌നു അബീ വഖാസ്വ്(റ)വും പറഞ്ഞു: “ഓ സമുദ്രമേ, നീ അല്ലാഹുവിന്റെ കല്പന പ്രകാരമാണ് ഒഴുകുന്നതെങ്കില്‍ മഹാനായ മുഹമ്മദ് നബി ﷺ യുടെ ‘ഹുര്‍മത്ത്’ (മഹത്വം) കൊണ്ടും അവിടുത്തെ ഖലീഫ സയ്യിദു നാ ഉമര്‍ ﵁ വിന്റെ നീതി കൊണ്ടും ഞങ്ങള്‍ക്ക് അക്കരെ കടക്കാന്‍ നീ വഴിയൊരുക്കണം. അങ്ങിനെ ആ സൈന്യം അവരുടെ കുതിരകളുമായി നദിയിലൂടെ നടന്ന് അക്കരെ കടക്കുകയും ചെയ്തു. അവരുടെ കുതിരകളുടെ കുളമ്പുകള്‍ പോലും നനവ് പറ്റിയിരന്നില്ല.” 
ഈ സംഭവം മഹാനായ അല്‍ഇമാം മുഹിബ്ബുത്ത്വബരീ(റ) വും, അല്‍ഇമാം തഖിയ്യുദ്ദീന്‍ അല്‍ഹിസ്വ്‌നീ(റ)വും, അല്ലാമാ ശാഹ് വലിയ്യുല്ലാഹ് അദ്ദഹ്,ല വീ അല്‍ ഹനഫീ ﵀ ഉള്‍പ്പെടെ നിരവധി ഇമാമുകള്‍ ഉദ്ധരിച്ചു പഠിപ്പിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും. ഈ നിലക്കുള്ള 'ഹഖ്' കൊണ്ടും 'ഹുര്‍മത്ത്' കൊണ്ടും ''ജാഹ്'' കൊണ്ടുമൊക്കെയുള്ള തവ സ്സുല്‍ ഹനഫീ മദ്ഹബിലെ എന്നല്ല നാലു മദ്ഹബിലെ ഇമാമുകളുടെ കിത്താബുകളിലും മുഫസ്സിറുകളും, മുഹദ്ദിസു കളും, ഹുഫാളുകളും തുടങ്ങി വിശുദ്ദ ഇസ്‌ലാമിന്റെ കാവലാ ളുകളായ ഇമാമുകളുടെ വ്യത്യസ്ഥ വിഷയങ്ങളില്‍ രചിക്ക പ്പെട്ട നിരവധി കിത്താബുകളിലും നമുക്ക് ധരാളം കാണാന്‍ സാധിക്കുന്നതാണ്. അതിൽ നിന്നെല്ലാം നമുക്ക് വ്യക്തമാണ് ഇമാം അബൂ ഹനീഫ ﵀ കറാഹത്താണെന്ന് പറഞ്ഞ 'ഹഖ്' കൊണ്ടുള്ള തേട്ടം നാം ചെയ്യുന്ന മഹാന്മാരുടെ മഹത്വം കൊണ്ടും മറ്റും ഇടതേട്ടം നടത്തുന്നതിനെ പറ്റിയല്ലാ എന്ന വസ്തുത. 
ചുരുക്കത്തില്‍ ബഹുഭൂരിപക്ഷം ഇമാമുകളും അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്യല്‍ അനുവദനീയമല്ലെന്നാണ് പഠിപ്പിച്ചിട്ടുള്ളത്. അതേ ആശയത്തിലാണ് ഇമാം അബൂഹനീഫ ﵀ വിലക്കിയ 'ഹഖ്' കൊണ്ടുള്ള തേട്ടം കൊണ്ട് ലക്ഷ്യമാക്കുന്നതെന്നാണ് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ളത്.

ഇമാം അബൂ ഹനീഫ തന്നെ തവസ്സുൽ ചെയ്യുന്നു

ഇമാം അബൂഹനീഫ ﵀ മഹാന്മാരെ കൊണ്ട് തവസ്സുല്‍ ചെയ്യുക യും നബി ﷺ യോട് ഇസ്തിഗാസ നടത്തുകയും തന്റെ ശിഷ്യന്മാരോട് മഹാന്മാരുടെ മഖ്ബറകള്‍ സന്ദര്‍ശിച്ചു ബറക്കത്തെടുക്കാന്‍ കല്പിക്കുകയും ചെയ്ത മഹാനാണ്. നമു ക്ക് അതിലേക്ക് പ്രവേശിക്കാം. 
ഇമാം അബൂഹനീഫ ﵀ മഹാനായ നബി ﷺ യുടെ അരികില്‍ വന്ന് 'ഓ സയ്യിദുമാരുടെ സയ്യിദായ നബിയേ അങ്ങയുടെ കാവലും പൊരുത്തവും ആഗ്രഹിച്ചു കൊണ്ട് ഞാന്‍ അവിടുത്തിന്റെ സവിധത്തില്‍ ഇതാ വന്നിരി ക്കുന്നു നബിയേ' എന്ന് തുടങ്ങിയുള്ള സഹായതേട്ടം നടത്തിയത് ഇമാം അബൂഹനീഫ ﵀ വിന്റെ കാവ്യ സമാ ഹാരമായ  'അല്‍ ഖസ്വീദത്തുന്നുഅ്മാനിയ്യ'' എന്ന പേരില്‍ ഇപ്പോഴും ലോക ത്തിന്റെ വിവധ ഭാഗങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും വിപ ണിയിയില്‍ ലഭിക്കപ്പെടുകയും ചെയ്യുന്ന കിതാബില്‍ കാണാ വുന്നതാണ്. ആ കവിതാ സമാഹാരത്തിന്റെ കയ്യെഴുത്ത് പ്രതി ഇപ്പോഴും സൗദിയിലെ രിയാളിലുള്ള 'ജാമിഅത്തു മലിക്കി സുഊദ് യൂണി വേഴ്‌സിറ്റി'യില്‍ ലഭ്യവുമാണ്, ഈ കവിത യിലെ ഇസ്തിഗാസ നടത്തിയ വരികള്‍ ധാരാളം പണ്ഡി തന്മാര്‍ അവരുടെ കിത്താബുകളില്‍ എടുത്തുദ്ധരിക്കുകയും ചെയ്തിട്ടു ള്ളതായും നമുക്ക് കാണാവുന്നതാണ്. അതുപോലെ മഹാ ന്മാര്‍ നബി ﷺ യോട് അഭയം തേടുകയും ഇസ്തിഗാസ നടത്തുകയും ചെയ്ത സംഭവങ്ങളും ഇമാം അബൂ ഹനീഫ ﵀ റിപ്പോര്‍ട്ട് ചെയത് പഠിപ്പിച്ചതായി ഒന്നിലധികം ഇമാമുകള്‍ അവരുടെ കിത്താബുകളില്‍ ഉദ്ധരിക്കുന്നതായും നമുക്ക് കാണാവുന്നതാണ്. എന്നല്ല ഇമാം അബൂഹനീഫ ﵀ ഹജ്ജി നു പോയ സമയത്ത് മഹാനായ നബി ﷺ യുടെ അരികില്‍ ചെന്ന് സൂറ:അന്നിസാഅ്:64. സൂക്തം പാരായണം ചെയ്തു കൊണ്ട് സഹായതേട്ടം നടത്തിയ സംഭവവും ഇമാമുകള്‍ ഇമാം അബൂഹനീഫ ﵀ വില്‍ നിന്ന് ഉദ്ധരിക്കുന്നുണ്ട്.

 

 

Related Posts