യാത്രകളെ വളരെയധികം പ്രോത്സാഹിപ്പിച്ച മതമാണ് ഇസ് ലാം. മതത്തിന്റെ സന്ദേശവാഹകരായ നബിമാരും സ്വഹാബത്തും സൂഫിയാക്കളും പ്രബോധകരുമെല്ലാം ധാരാളം യാത്രകൾ നടത്തിയിട്ടുണ്ട്. പ്രപഞ്ച സ്രഷ്ടാവിന്റെ സൃഷ്ടിവൈഭവവും വൈവിധ്യങ്ങളും അനുഗ്രഹങ്ങളും അടുത്തറിയാനും പാഠമുൾക്കൊള്ളാനും പ്രകൃതി സഞ്ചാരത്തിലൂടെ സാധിക്കും. അതുകൊണ്ടാണ് വിശുദ്ധ ഖുർആൻ ധാരാളം സൂക്തങ്ങളിൽ യാത്ര ചെയ്യാനും പ്രപഞ്ചത്തെയും അതിലെ ചരാചരങ്ങളെയും അടുത്തറിയാനും ആഹ്വാനം ചെയ്തത്.
തിരുനബി ﷺ യുടെ ജീവിതത്തിലും ഒട്ടനേകം യാത്രകളും പ്രയാണങ്ങളും നിരവധി യാത്രാനുഭവങ്ങളും അമാനുഷികതകളുമുണ്ടായിട്ടുണ്ട്. അവയിൽ ഏറെ പ്രാധാന്യത്തോടെ ചരിത്രം രേഖപ്പെടുത്തിയ യാത്രയാണ് ഇസ്‌റാഅ് മിഅ്‌റാജ് (നിശാപ്രയാണവും ആകാശാരോഹണവും). തിരുജീവിതത്തിലെ ഹിജ്‌റയടക്കമുള്ള മറ്റു യാത്രകളില്‍ നിന്നും വിഭിന്നമായ ധാരാളം അനുഭവങ്ങളും ഒരുപാട് ഗുണപാഠങ്ങളുമാണ് ഇസ്റാഉം മിഅ്റാജും സമ്മാനിക്കുന്നത്. അവിടുത്തെ ജീവിതത്തിലെ സുപ്രധാനവും ശ്രേഷ്ഠവുമായ രാത്രിയായിരുന്നു അത്. തിരുദൂതരുടെ നെഞ്ചകം ജിബ്‌രീൽ ﵇ പിളര്‍ത്തുകയും ഹൃദയമെടുത്ത് സംസം വെള്ളം കൊണ്ട് കഴുകുകയും ചെയ്തതു തന്നെ അമാനുഷിക യാത്രയുടെ പ്രധാന്യത്തെ സൂചിപ്പിക്കുന്നു. റജബ് മാസത്തെ മഹത്വപ്പെടുത്തുന്ന അനേകം ചരിത്ര സംഭവങ്ങളിൽ മികച്ചു നിൽക്കുന്നതും അതാണ്. പ്രസ്തുത യാത്രയിലാണ് പ്രപഞ്ച നാഥൻ നിസ്കാരമെന്ന ശ്രേഷ്ഠ കർമം സമ്മാനമായി പ്രിയ ഹബീബിന് നൽകിയത്. മുസ്‌ലിമിന്റെ ജീവവായുവാണ് നിസ്‌കാരം. ജീവിതത്തില്‍ അനിവാര്യമായും അനുവര്‍ത്തിക്കേണ്ട പഞ്ചസ്തംഭങ്ങളിലൊന്നാണത്. അത് കൃത്യമായി നിർവഹിക്കല്‍ ഓരോ വിശ്വാസിക്കും ബാധ്യതയാണ്. അകാരണമായി ഉപേക്ഷ വരുത്തുന്നവന് കഠിനമായ ശിക്ഷയുണ്ട്. നിസ്കാരത്തെ നിഷേധിക്കുന്നവൻ മതത്തിന് പുറത്താണ്. നിസ്കാരം മനുഷ്യശരീരത്തിന് ഒരു ഉത്തമ വ്യായാമം കൂടിയാണ്. പ്രാർഥന എന്നതിലുപരി ശാരീരിക ഉന്മേഷവും മാനസിക ശക്തിയും നിസ്‌കാരത്തിലൂടെ ലഭിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.സർവമതങ്ങളും ആധുനിക വൈദ്യശാസ്ത്രവും ഈ യാഥാർഥ്യത്തെ അംഗീകരിക്കുകയും വിവിധ രൂപത്തിലുള്ള ധ്യാനങ്ങൾ ആരാധനാമുറകളായി സ്വീകരിക്കുകയും ചെയ്യുന്നു.
മനസ്സും ശരീരവും സദാ ദൈവികതയിലായിരിക്കുന്നതിനുള്ള ഉത്തമമായ മാർഗമാണ് നിസ്‌കാരം. നിസ്കാരമെന്ന രഹസ്യ സംഭാഷണത്തിലൂടെ സൃഷ്ടി സ്രഷ്ടാവിന്റെ മുമ്പിൽ സർവ സങ്കടങ്ങളുടെയും പരിഭവങ്ങളുടെയും ഭാണ്ഡം തുറക്കുമ്പോൾ ഉടമയുമായി അഭേദ്യമായ ഒരു ആത്മീയ ബന്ധം രൂപപ്പെടുകയും അതുവഴി വിശ്വാസ സുരക്ഷിതത്വം സാധ്യമാകുകയും ചെയ്യുന്നു. നിസ്കാരം ഉപേക്ഷിക്കുന്നവനിൽ നിന്നും അവിശ്വാസത്തിന്റെയും കാപട്യത്തിന്റെയും ലക്ഷണങ്ങൾ പ്രകടമാകുമെന്ന് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു.
“നിശ്ചയമായും, കപടവിശ്വാസികള്‍ അല്ലാഹുവിനോട് വഞ്ചന പ്രവര്‍ത്തിക്കുകയാണ്. അവനാകട്ടെ, അവരെ വഞ്ചിക്കുന്നവനുമാകുന്നു. അവര്‍ നിസ്‌കാരത്തിനു നില്‍ക്കുന്നത് മടിയന്മാരായിട്ടാണ്. (അതെ) അവര്‍ മനുഷ്യരെ കാണിക്കുന്നതിനുവേണ്ടി ചെയ്യുന്നു. അല്‍പ്പമായിട്ടല്ലാതെ അവര്‍ അല്ലാഹുവിനെ ഓര്‍ക്കുകയുമില്ല’ (അന്നിസാഅ്: 142).
ഒരാളെ അലട്ടുന്ന മാനസിക പ്രയാസങ്ങൾ മറ്റൊരാളുമായി പങ്ക് വെക്കുമ്പോൾ അത് ലഘൂകരിക്കപ്പെടുന്നത് സ്വാഭാവികം. എന്നാല്‍ സർവ സൃഷ്ടി പരിപാലകനായ അല്ലാഹുവുമായി അഞ്ച് നേരം അഭിസംബോധന നടത്തുന്ന ഒരു യഥാർഥ വിശ്വാസിക്ക് ലഭിക്കുന്ന ആത്മസംതൃപ്തിയും മനഃസമാധാനവും എത്രമാത്രം വലുതായിരിക്കും. ക്ഷുഭിതമായ തിരമാലകളുള്ള സമുദ്രത്തിന്റെ അന്തര്‍ഭാഗങ്ങള്‍ വളരെ ശാന്തമായാണ് കാണപ്പെടുന്നത്. ഭൗതിക ജീവിതത്തിലെ പരീക്ഷണങ്ങളും പ്രതിസന്ധികളും മനുഷ്യമനസ്സിനെ അലട്ടുന്നുവെങ്കിലും നിസ്‌കാരത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടു കൊണ്ട് നിസ്കാരം നിർവഹിക്കുന്ന വിശ്വാസിയുടെ അകത്തളം ശാന്തമാവുകയും കണ്‍കുളിര്‍മയാകുകയും ജീവിതത്തിന് ആനന്ദവും അനുഭൂതിയും ഉണ്ടാകുകയും ജീവിതത്തെ തന്നെ പ്രകാശിപ്പിക്കാൻ അവന് സാധിക്കുകയും ചെയ്യുന്നു. അനസ് ﵁ വിൽ നിന്ന് നിവേദനം:
നബി ﷺ പറഞ്ഞു: “എന്റെ നയനങ്ങൾക്ക് ഏറെ കുളിർമ ലഭിക്കുന്നത് നിസ്കാരത്തിലൂടെയാണ്’ (അഹ്‌മദ്).
വല്ല കാര്യവും അവിടുത്തെ അസ്വസ്ഥമാക്കിയാല്‍ അവിടുന്ന് നിസ്‌കാരത്തിലേക്ക് അഭയം പ്രാപിക്കുമായിരുന്നു. പരിശുദ്ധ ഇസ്‌ലാം നിസ്കാരത്തിന് അനിതരസാധാരണ മഹത്വം കല്‍പ്പിക്കുകയും അര്‍ഹിക്കുന്ന പ്രതിഫലം നൽകുകയും ചെയ്യുന്നുണ്ട്.
അല്ലാഹു പറയുന്നു: “നിസ്‌കാരം നിലനിര്‍ത്തുക, നിശ്ചയം നിസ്‌കാരം ആഭാസങ്ങളെയും ദുര്‍വൃത്തികളെയും തടയുന്നു. ദൈവസ്മരണ ഏറ്റവും മഹത്തരമാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതൊക്കെയും അല്ലാഹു അറിയുന്നു’ (അൻകബൂത്: 45).
“ഭക്തിയോടെ നിസ്കരിക്കുന്ന വിശ്വാസികള്‍ വിജയിച്ചിരിക്കുന്നു.’ (മുഅ്മിനൂന്‍: 1, 2).
“ഹൃദയ വിശുദ്ധി കാത്തുസൂക്ഷിക്കുകയും നാഥന്റെ നാമം ഓര്‍ക്കുകയും നിസ്കരിക്കുകയും ചെയ്തവര്‍ വിജയിച്ചു'(അഅ്ലാ: 14,15)
ഇസ്‌ലാമിലെ ഓരോ അനുഷ്ഠാനങ്ങളും കർമങ്ങളും മാനവരാശിയുടെ ജീവിതവിജയത്തിന് അനുഗുണമാകുന്ന വിധത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. മനസ്സും ശരീരവും ഇഴചേർന്നുള്ള ആരോഗ്യദായകമായ ജീവിത വ്യവസ്ഥിതിയാണ് ഇസ്്ലാം ലക്ഷ്യംവെക്കുന്നത്. ഓരോന്നിന്റെയും പിന്നില്‍ അനേകം രഹസ്യങ്ങളും ശാസ്ത്രീയ സത്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. അവയിൽ ചിലത് മനുഷ്യചിന്തക്ക് ഗ്രാഹ്യമാകുന്നതും മറ്റു ചിലത് കൂടുതൽ പഠനങ്ങൾക്കും ആഴത്തിലുള്ള ആലോചനകൾക്കും വഴിവെക്കുന്നതുമാണ്. വിശ്വാസി സമൂഹത്തിന് അഭിമാനകരമായ നിരവധി അത്ഭുതങ്ങള്‍ക്കും ചരിത്രസംഭവങ്ങൾക്കും സാക്ഷിയായ മിഅ്റാജിലെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി റജബ് ഇരുപത്തിയേഴിന് നോമ്പനുഷ്ഠിക്കലും നിസ്കാരം ജീവിതാന്ത്യം വരെ നിലനിർത്തലും ഓരോ വിശ്വാസിക്കും ബാധ്യതയാണ്. അബൂഹുറൈറ ﵁ വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: “ആരെങ്കിലും റജബ് ഇരുപത്തിയേഴിന് നോമ്പനുഷ്ഠിച്ചാൽ അറുപത് മാസം നോമ്പനുഷ്ഠിച്ച പ്രതിഫലം അവന് രേഖപ്പെടുത്തപ്പെടും” (ഗുൻയ)