സുന്നികൾ ചെയ്യുന്ന സുകൃതങ്ങൾ നബി ﷺ ചെയ്തിട്ടില്ലെന്ന് പറഞ്ഞു ബിദ്അത്താരോപിച്ച് മാറ്റിവെക്കുന്ന വഹാബികൾ സ്വന്തത്തിൽ കാര്യ ലാഭമുള്ളതും സാമ്പത്തിക മെച്ചം കിട്ടുന്നതുമായ കാര്യങ്ങളാണെങ്കിൽ അവിടെ നബി ﷺ ചെയ്തോ എന്ന് നോക്കാറില്ല. ഇസ്‌ലാമിക വിരുദ്ധമാണെങ്കിൽ പോലും അതവർ ചെയ്തിരിക്കും.
സകാത്തിന്റെ അവകാശികളെ എട്ടു വിഭാഗമായി ഖുർആൻ പഠിപ്പിച്ചിട്ടുണ്ട്. അവർക്കു മാത്രമേ സകാത്തിന് അർഹതയുള്ളൂ. അതിൽ പള്ളിയോ പള്ളിക്കൂടമോ സംഘടനയോ ഒന്നുമില്ല. നബി ﷺ യുടെ കാലത്ത് പള്ളിയുണ്ട്, പള്ളി പരിപാലനവുമുണ്ട്. അക്കാലത്ത് സാമ്പത്തിക ഞെരുക്കം ഉണ്ടായിട്ടുപോലും സകാത്ത് ഇത്തരം കാര്യങ്ങൾക്ക് നബി ﷺ ഉപയോഗപ്പെടുത്തിയിട്ടില്ല. ഇത് വഹാബികൾക്കും അറിയാവുന്ന കാര്യമാണ്.
"പള്ളി നിർമാണവും മയ്യിത്ത് സംസ്കരണവും തൊഴിൽ പരിശീലനവും നബി(സ)യുടെ കാലത്തും നിർവഹിച്ചിരുന്ന കാര്യങ്ങളാണ്. അവയ്ക്കുവേണ്ടി അവിടുന്ന് സകാത്ത് ഫണ്ട് വിനിയോഗിച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ കാണുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും മത സംഘടനകളും നബി(സ)യുടെ കാലത്തുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവർക്കുവേണ്ടി സകാത്ത് ഫണ്ട് വിനിയോഗിക്കുന്ന പ്രശ്നം അന്ന് ഉത്ഭവിച്ചിട്ടില്ല. എന്നാലും അല്ലാഹുവിന്റെ മാർഗത്തിലുള്ള ബോധവൽക്കരണവും ആദർശ പ്രചാരണവുമാണ് ഒരു സ്ഥാപനത്തിന്റെയോ സംഘടനയുടെയോ കർമ്മപരിപാടിയെങ്കിൽ അതിനുവേണ്ടി സകാത്ത് ഫണ്ടിൽ നിന്ന് ഒരു വിഹിതം വിനിയോഗിക്കാവുന്നതാണ്. "
(ശബാബ് വാരിക 2009 ഫെബ്രുവരി 27 പേജ് 29)
നോക്കൂ, നബി ﷺ യുടെ കാലത്തുള്ള സകാത്തിനെ അനർഹരിലേക്ക് വലിച്ചുനീട്ടുന്നത്. 'നബി ചെയ്യാത്തത് എങ്ങനെ ചെയ്യും' എന്ന ചോദ്യം ഇവിടെ കേൾക്കുന്നില്ല ; അതാവട്ടെ ഇവിടെ പ്രധാനമാണ്താനും. കാരണം സകാത്തിന്റെ അവകാശികളെ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. അനർഹറിലേക്ക് നൽകുമ്പോൾ സകാത്ത് വീടില്ല.
നബി ﷺ യുടെ കാലത്ത് പള്ളിയുണ്ട്. പള്ളിയിൽ നടക്കുന്നത് അല്ലാഹുവിന്റെ മാർഗത്തിലുള്ള കാര്യങ്ങലാണെന്ന് പറഞ്ഞ് നബി ﷺ പള്ളിക്ക് സകാത്ത് അനുവദിച്ചിട്ടില്ല. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് സ്വന്തം പള്ളിക്കും സ്ഥാപനത്തിനും സംഘടനക്കും സകാത്തിന്റെ ഫണ്ട് വഴിമാറ്റുന്നത്. ഇവിടെ, ഇത് നബി ﷺ ചെയ്തിട്ടുണ്ടോ എന്ന ചോദ്യവും കോലാഹലങ്ങളും മൗലവിമാർ സ്വയം മറന്നു പോവുകയാണ്. കാരണം, സാമ്പത്തിക മെച്ചമുള്ളതാണ്. ഉമ്മത്തിന്റെ സകാത്ത് നിഷ്ഫലമാക്കലുമാണ്.
എട്ടു വിഭാഗത്തിൽ പരിമിതപ്പെടുത്തിയ സകാത്തിനെ സ്വന്തം താല്പര്യങ്ങൾക്ക് ഉപയോഗപ്പെടുത്തി കാണിച്ചുകൊടുത്തത് കെ എം മൗലവിയാണ്. ഇയാളുടെ മാതൃകയാണ് മൗലവിമാരും അവലംബിച്ചത്. ഐക്യസംഘം പലിശ ഹലാലാക്കുന്നതിനിടെ പൊട്ടിപ്പൊളിഞ്ഞപ്പോൾ ബിദഈ ആശയ പ്രചാരണങ്ങൾക്ക് സഹായകമാവാൻ മലബാർ ജില്ലാ മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയപാർട്ടി രൂപീകരിക്കുകയും അതിന്റെ ആദ്യ യോഗത്തിൽ തന്നെ സകാത്ത് പിരിച്ചെടുക്കാൻ ആവശ്യപ്പെടുകയും സ്ഥാപനങ്ങൾക്ക് നൽകാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. സമ്പത്തിന്റെ സകാത്ത് പിരിച്ചെടുക്കാൻ പറ്റുമോ? അത് നബി ﷺ ചെയ്തിട്ടുണ്ടോ? സ്ഥാപനത്തിന് സകാത്ത് നൽകാൻ പറ്റുമോ? സകാത്തിന്റെ അവകാശികളെ നിർണ്ണായിക്കപ്പെട്ടതിനാൽ ഇതൊക്കെ ആലോചിക്കുകയും ചിന്തിക്കുകയും ചെയ്യേണ്ടതായിരുന്നിട്ട് പോലും ഒന്നും ആലോചിക്കാതെ സകാത്തിന്റെ അവകാശികളായി ഒമ്പതാമത്തെ ഒരു വിഭാഗത്തെ സൃഷ്ടിച്ചെടുക്കുകയായിരുന്നു.
" സകാത്ത് മതവിധി പ്രകാരം അതതു കമ്മിറ്റികളുടെ അധികാരാതിർത്തികളിൽപ്പെട്ട എല്ലാവരിൽ നിന്നോ ഇല്ലെങ്കിൽ അതിനു സമ്മതിക്കുന്നവരിൽ നിന്നോ പിരിച്ചെടുത്തു അത് ലഭിക്കുവാൻ അർഹതയുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുക. "
(അൽ മുർശിദ് മാസിക 1938 ജനുവരി പേജ് 40)
ഇപ്പോൾ മുജാഹിദ് ഗ്രൂപ്പുകൾ തമ്മിൽ മത്സരമാണ്. ഓരോ ഗ്രൂപ്പിന്റെയും സംഘടനാ പ്രവർത്തനങ്ങളും സ്ഥാപനങ്ങളും വിപുലപ്പെടുത്താൻ സകാത്തുക്കൾ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. റമദാൻ മാസമാകുമ്പോൾ സകാത്തിന് ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങളാണ്. കഴിഞ്ഞ റമദാനിലെ ഒരു പരസ്യം ഇങ്ങനെയായിരുന്നു : " എന്റെ സകാത്തിൽ നിന്ന് ഒരു വിഹിതം റേഡിയോ ഇസ്‌ലാമിന്. "
(ശബാബ് വാരിക 2023 മാർച്ച് 31 പേജ് 31)
മൗലവിമാർ കൊമ്പുകോർക്കുന്നു
1938ൽ കെ എം മൗലവി തുടങ്ങിവെച്ച സ്ഥാപനങ്ങൾക്കും പള്ളിക്കും സംഘടനക്കും സകാത്ത് സ്വീകരിക്കുകയെന്നത് നബി ﷺ യുടെ മാതൃകയില്ലെങ്കിലും മൗലവിമാർക്കിടയിൽ നിരാക്ഷേപം നടന്നുവന്ന കാര്യമായിരുന്നു. അവർക്കിടയിൽ ഈ വിഷയത്തിൽ ഒരു തർക്കവുമുണ്ടായിരുന്നില്ല. നബി ﷺ ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ആരും ബഹിഷ്കരിചതുമില്ല.
2002 ൽ വഹാബി സംഘടന പിളർന്നു. 2012ൽ വീണ്ടും വീണ്ടും പിളർന്നു. സകാത്ത് പല സംഘടനകൾക്കുമായി വീതിക്കപ്പെട്ടു. സകാത് തടയപ്പെട്ട സംഘടനാ വിരുദ്ധരായ ശുഷ്‌കിച്ച വഹാബി ഗ്രൂപ്പ് സകാത്ത് കമ്മറ്റിക്കെതിരെ തിരിഞ്ഞു.
'നബി ﷺ ചെയ്തില്ലെ'ന്ന വാദവുമായി അവർ രംഗത്ത് വന്നു. ഖുർആനിൽ പറഞ്ഞ 'ഫീ സബീലില്ലാഹി' ഇനത്തിൽ പള്ളിയും സ്ഥാപനങ്ങളും പെടുമെന്ന് വാദിച്ചുകൊണ്ട് സംഘടനാ ഗ്രൂപ്പുകളും രംഗത്ത് വന്നു.
" 'ഫീ സബീലില്ലാഹ്' എന്ന സകാത്തിന്റെ അവകാശികളെ പലപ്പോഴും 'അല്ലാഹുവിന്റെ മാർഗത്തിൽ സായുധ സമരം നടത്തുന്നതിന് ' എന്നതിലേക്ക് ചുരുക്കിയതായി കാണാറുണ്ട്. എന്നാൽ അല്ലാഹുവിന്റെ പ്രീതി ലഭിക്കാനായി ചെയ്യുന്ന എന്ത് പ്രവർത്തനങ്ങളും ഈ വിഭാഗത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്. മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പള്ളികൾ, അനാഥാലയങ്ങൾ തുടങ്ങിയവയുടെ നിർമ്മാണവും പ്രവർത്തനവും, പ്രബോധന പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ചെലവുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. "
(ശബാബ് വാരിക 2022 ഏപ്രിൽ 22 പേജ് 11 )
ഖുർആൻ സൂക്തം തെളിവായി കൊണ്ടുവരുമ്പോൾ, ഈ സൂക്തം നബി ﷺ ക്കല്ലേ അവതരിച്ചത്? എന്നിട്ടും നബി ﷺ ക്കിത് തിരിഞ്ഞില്ലേ? ഇത് തെളിവാണെങ്കിൽ നബി ﷺ ഏതെങ്കിലും പള്ളിക്ക് സകാത്ത് സ്വീകരിച്ചുവോ? വഹാബികളുടെ ഇത്തരം പതിവ് ചോദ്യങ്ങളൊന്നും മൗലവിമാരെ അലോസരപ്പെടുത്തിയില്ല. കാരണം, സകാത്ത് വീടിയില്ലെങ്കിലും സ്ഥാപനം നടക്കണം, സംഘടന വളരണം.
എന്നൊരു ലക്ഷ്യം മാത്രമേ ഇതിൽ കാണുന്നുള്ളൂ.
ഗൾഫ് പണ്ഡിതന്മാരുടെ ഫത്‌വ ഉദ്ധരിച്ചുകൊണ്ടാണ് മുജാഹിദിലെ എട്ടാം ഗ്രൂപ്പ് ഈ വാദത്തെ പ്രതിരോധിക്കുന്നത്.
"സകാത്തിന്റെ വിനിയോഗ ആയത്തിൽ പറഞ്ഞ 'ഫീ സബീലില്ലാഹി' എന്നതിന്റെ ഉദ്ദേശ്യം, മതത്തെ സഹായിക്കാനും അല്ലാഹുവിന്റെ വചനത്തെ ഉന്നതമാക്കാനും വേണ്ടി മുസ്‌ലിംകളിൽ നിന്ന് യുദ്ധം ചെയ്യുന്ന പട്ടാളക്കാർ മാത്രമാണ്. ജിഹാദുമായി ബന്ധപ്പെട്ട ആയുധങ്ങൾ പട്ടാളക്കാരുടെ ചെലവുകൾ തുടങ്ങിയവയാണ്. പള്ളി നിർമ്മാണം, പള്ളിയുടെ കേടുപാടുകൾ തീർക്കൽ, വിരിവാങ്ങൽ, തുടങ്ങിയവ "ഹജ്ജ് അല്ലാഹുവിന്റെ മാർഗത്തിൽ പെട്ടതാണ്" എന്ന നബിവചനത്തോട് ഖിയാസാക്കാൻ പറ്റുകയില്ല" (ലജ്ന ഫത്‌വ നമ്പർ 2361)
മൗലവി തുടർന്നെഴുതുന്നു :
" നമ്മുടെ നാട്ടിൽ സകാത്തിന്റെ ഏറിയപങ്കും പള്ളി, മദ്റസ തുടങ്ങിയ കാര്യങ്ങൾക്കാണ് പിരിച്ചെടുക്കപ്പെടുന്നത്. പിരിവിന്റെ മാസമായി മാറിയ റമദാനിൽ പള്ളികളിലും അല്ലാതെയും നടക്കുന്ന ധാരാളം പിരിവുകൾ ഇതിനു വേണ്ടിയാണ്. ദാരിദ്ര നിർമ്മാർജ്ജനം മുഖ്യലക്ഷ്യം വെച്ചുള്ള ഇസ്‌ലാമിന്റെ സകാത്തിന്റെ ഉദ്ദേശ്യം തന്നെ ഇതിലൂടെ ഇല്ലാതെ പോകുന്നു. 'ഫീ സബീലില്ലാഹി' എന്നത് എല്ലാ ഖൈറായ കാര്യവുമായിരുന്നെങ്കിൽ പിന്നെ എന്തിനാണ് അല്ലാഹു ബാക്കി ഏഴ് വിഭാഗത്തെ എണ്ണിയത്? അവയെല്ലാം ഖൈറായ കാര്യമായതുകൊണ്ട് ഫീ സബീലില്ലാഹ് എന്ന് മാത്രം പറഞ്ഞാൽ മതിയാകുമായിരുന്നല്ലോ. "
(അൽ ഇസ്‌ലാഹ് മാസിക 2015 ജൂലൈ പേജ് : 14)
ഈ ചോദ്യങ്ങളൊക്കെ പ്രസക്തമാണെങ്കിലും ആത്മാർത്ഥതയോടല്ലെന്ന കാര്യം ഉറപ്പാണ്. സ്വന്തത്തിൽ സകാത്ത് തടയപ്പെടുന്ന രംഗം വന്നപ്പോഴാണ് ഈ എതിർപ്പൊക്കെ മൗലവിമാരിൽ നിന്നുണ്ടായതെന്ന് ആർക്കും ബോധ്യപ്പെടും.
സകാത്ത് കമ്മിറ്റി നിലവിൽ വന്നപ്പോൾ അവകാശികൾ നേരിടുന്ന പ്രശ്നങ്ങൾ മൗലവിമാർ തന്നെ വ്യക്തമാക്കുന്നുണ്ട് :
" ഒരു സംഘടനാ പ്രവർത്തനം എന്നതിൽ കവിഞ്ഞ ഒരു പ്രാധാന്യവും സംഘടിത സകാത്ത് സംവിധാനങ്ങൾക്ക് സംഘടനക്കാർ കൽപ്പിക്കുന്നില്ല. സകാത്ത് പിരിച്ചെടുക്കാൻ കാണിക്കുന്ന താൽപര്യം യഥാർത്ഥ അവകാശികളെ കണ്ടെത്തി അത് വിതരണം ചെയ്യുന്ന കാര്യത്തിൽ ഒരു സംഘടനക്കാരനും ശ്രദ്ധിക്കുന്നില്ല... സഹായം കിട്ടാൻ വേണ്ടിയും തന്റെ അപേക്ഷ പരിഗണിക്കാൻ വേണ്ടിയും സകാത്ത് സെല്ല് മുതലാളിമാരുടെ മുന്നിൽ അപേക്ഷകൻ തല ചൊറിഞ്ഞു കെഞ്ചുന്നു. ചുരുക്കത്തിൽ വ്യക്തി വ്യക്തികൾക്ക് സകാത്ത് നൽക്കുമ്പോൾ സംഭവിക്കാൻ സാധ്യതയുള്ളതായി എതിർ വീക്ഷണക്കാർ പറയുന്ന എല്ലാ ദോഷങ്ങളും അതിനേക്കാൾ നൂറ് മടങ്ങ് ശക്തിയിൽ സംഘടനക്കാർ നടത്തുന്ന സകാത്ത് സംഭരണ - വിതരണ സംവിധാനത്തിലും നിലനിൽക്കുന്നു. ആവശ്യക്കാരായി അനവധി ആളുകൾ നാട്ടിൽ ഉണ്ടായിരിക്കെ തന്നെ സകാത്ത് മുതലുകൾ ബാങ്കുകളിൽ നിക്ഷേപിക്കപ്പെടുന്നു. നിക്ഷേപത്തിന്റെയും വിതരണത്തിന്റെയും കണക്കുകളും നിക്ഷേപകാലത്തേക്ക് ബാങ്ക് അതിനു നൽകിയ പലിശയടക്കമുള്ള സ്ഥിതിവിവരണം സത്യസന്ധതയുടെ പേരിൽ സംഘടനക്കാർ പള്ളിയുടെ നോട്ടീസ് ബോർഡിൽ പതിച്ച അനുഭവവും കേരളത്തിലുണ്ടായിട്ടുണ്ട്. മത സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം നൽകുന്നതിനും മറ്റും ഇങ്ങനെയുള്ള സകാത്ത് നിക്ഷേപങ്ങൾ വക മാറ്റി ചെലവഴിക്കുന്നവരുമുണ്ട്. മതപ്രബോധനം എന്ന പേരിൽ മത സംഘടനകൾ നടത്തുന്ന പരിപാടികൾക്കും സകാത്ത് മുതലുകൾ ഉപയോഗിക്കപ്പെടുന്നു. സകാത്ത് ഫണ്ടിൽനിന്ന് സഹായം കിട്ടണമെങ്കിൽ ഏത് സകാത്ത് കമ്മിറ്റിയിലേക്കാണോ സഹായത്തിനായി ആവശ്യപ്പെടുന്നത് ആ കമ്മിറ്റിയുമായി അപേക്ഷകന് സംഘടനാ ബന്ധമുണ്ടായിരിക്കണമെന്നതാണ് പലയിടത്തുമുള്ള അവസ്ഥ. ഇസ്‌ലാം നിശ്ചയിച്ച മാനദണ്ഡങ്ങൾക്കപ്പുറം സംഘടനക്കാർ നിശ്ചയിക്കുന്ന നിബന്ധനകൾക്കനുയോജ്യമായെങ്കിലേ അപേക്ഷകൾ പരിഗണിക്കപ്പെടുകയുള്ളൂ എന്നർത്ഥം. ചുരുക്കത്തിൽ സകാത്ത് സംഭരണ- വിതരണ- വിനിമയ കാര്യങ്ങളിലൊക്കെ സംഘടനാ താൽപര്യങ്ങൾക്കാണ് മുൻതൂക്കം. വിഷയത്തെപ്പറ്റി ഒരു ധാരണയും വിവരവുമില്ലാത്ത ആളുകളാണ് സുപ്രധാനമായ ഈ ഒരു മതകാര്യം ഇന്ന് കൈകാര്യം ചെയ്യുന്നത് എന്നർത്ഥം. "
(അൽ ഇസ്‌ലാഹ് മാസിക 2015 ജൂലൈ പേജ് 28)
നോക്കൂ, സമ്പത്താണ് പ്രധാനം. അത് നഷ്ടപ്പെടാതിരിക്കാനുള്ള വഴികളാണ് ഓരോ വഹാബി ഗ്രൂപ്പും ആലോചിക്കുന്നത്. സുന്നികൾ ചെയ്യുന്ന നന്മകൾ മുടക്കുന്നിടത്ത് മാത്രമേ 'നബി ﷺ യുടെ മാതൃക ഇല്ലെങ്കിൽ ഞങ്ങൾക്ക് വേണ്ട' എന്ന നിലപാടുള്ളൂ.
സ്വർണ്ണം, വെള്ളി, കച്ചവടം: സകാത്ത് ശേഖരിക്കാൻ തെളിവില്ലെന്ന് വഹാബികൾ
സകാത്ത് ശേഖരിച്ച് സംഘടനയും സ്ഥാപനങ്ങളും വളർത്തുന്ന മുജാഹിദുകളോട് സകാത്ത് ശേഖരണം നടത്തേണ്ടത് ഇസ്‌ലാമിക ഭരണാധികാരികളാണെന്നും അതുതന്നെ കാർഷിക, കാലി സമ്പത്തുകളായ പ്രത്യക്ഷ സമ്പത്തുകളുടേതാണെന്നും സ്വർണ്ണം, വെള്ളി, കച്ചവടം തുടങ്ങിയ പരോക്ഷ സമ്പത്തുകളുടെ സകാത്ത് വ്യക്തികൾ തന്നെ നൽകുകയാണ് വേണ്ടതെന്നും സുന്നി പണ്ഡിതർ വ്യക്‌തമാക്കിയപ്പോൾ മൗലവികൾ അതുൾക്കൊണ്ടിരുന്നില്ല. സകാത്ത് പിരിച്ചെടുത്ത് സംഘടനക്കും സ്ഥാപനത്തിനും അവർ ഉപയോഗപ്പെടുത്തി. അർഹരിലേക്കതെത്താത്തതിനാൽ പലരുടെയും സകാത്ത് വീടപ്പെടാതെയായി. സകാത്ത് മേഖലയിലെ ഈ പകൽകൊള്ള മൗലവിമാർ തന്നെ വിളിച്ചു പറയാൻ തുടങ്ങിയത് പിളർപ്പാനന്തരമാണ്.
സകാത്ത് കമ്മിറ്റി സംഘടനക്കു കീഴിലായപ്പോൾ സകാത്ത് മുതൽ തടയപ്പെട്ട മുജാഹിദിലെ ന്യൂനപക്ഷമാണ് ഈ യാഥാർത്ഥ്യങ്ങളെല്ലാം പുറത്തു പറയാൻ തുടങ്ങിയത്.
ഭരണമില്ലാതിരുന്നപ്പോൾ നബി ﷺ സകാത്ത് പിരിച്ചെടുത്തിരുന്നില്ലെന്ന യാഥാർത്ഥ്യം മൗലവിമാർ ഇപ്പോൾ തുറന്നെഴുതുന്നു:
"എന്നാൽ ഭരണം ഇല്ലാതിരുന്നിട്ടും കൽപ്പിക്കപ്പെട്ട രീതിയിൽ സാധിക്കുന്ന നിലക്ക് സംഘടിതമായി സകാത്ത് നടപ്പിലാക്കാൻ മക്കയിൽ നബി(സ)ശ്രമിച്ചുവോ? ദരിദ്രരുടെ ആധിക്യവും അടിമകളുടെ സാന്നിധ്യവും മുഅല്ലഫത്തുൽ ഖുലൂബും, പീഡിതരും, വീടില്ലാത്തവരും എല്ലാം ഉണ്ടായിട്ടും ഉമർ(റ) ഉസ്മാൻ(റ) തുടങ്ങിയ പണക്കാരെയും ഖദീജ(റ)പോലുള്ള കച്ചവടക്കാരെയും സംഘടിപ്പിച്ച ഒരു സെല്ല് രൂപീകരിച്ചുവോ? അങ്ങനെ എവിടെയും കാണാൻ കഴിയുന്നില്ല. കാരണം, നബി(സ)മക്കയിൽ അധികാരസ്ഥനായിരുന്നില്ല."
(അൽ ഇസ്‌ലാഹ് മാസിക
2015 ജൂലൈ പേജ് :7)
സകാത്ത് പിരിച്ചെടുക്കാൻ സംഘടനക്ക് അധികാരമില്ലെന്നും തുറന്നെഴുതുന്നു :
" സകാത്ത് പിരിച്ചെടുക്കാനുള്ള കൽപ്പന അധികാരസ്ഥന്മാരോടാണ് എന്നാണല്ലോ അമാനി മൗലവി അടക്കമുള്ളവർ പറഞ്ഞത്. എന്നാൽ സംഘടനക്ക് അധികാരമുണ്ടെന്ന് സംഘടനക്കാർ പഠിപ്പിച്ചു. ഇങ്ങനെയൊരു വാദം വന്നത് ഉലുൽ അംറ് സംഘടനാ നേതൃത്വമാണ് എന്ന് പഠിപ്പിച്ചതിന്റെ ഫലമാവാം. അതതു കാലത്തെ അധികാരസ്ഥന്മാർ എന്ന് അമാനി മൗലവി പറയുമ്പോൾ അത് ഉലുൽ അംറായ തങ്ങൾ തന്നെയാണെന്ന് പാർട്ടിക്കാർ മനസ്സിലാക്കിയെങ്കിൽ കുറ്റം പറയരുതല്ലോ."
(അതേ പുസ്തകം പേജ്: 7)
സ്വർണ്ണം, വെള്ളി കച്ചവടം തുടങ്ങിയവയുടെ സകാത്ത് ശേഖരിക്കാൻ പാടില്ലെന്നും മൗലവിമാർ വ്യക്തമാക്കുന്നു.
" ശൈഖ് അൽബാനി പറയുന്നത് കാണുക : നബി(സ)യുടെ കാലത്തും സലഫുസ്വാലിഹിന്റെ കാലത്തും കാലി സമ്പത്ത്, കൃഷി എന്നിവയുടെ സകാത്ത് പോലുള്ളവ ശേഖരിക്കപ്പെട്ടിരുന്നു. അപ്രകാരം ഇരു നാണയങ്ങളുടെ സകാത്ത് ശേഖരിക്കപ്പെട്ടിരുന്നില്ല. നാണയങ്ങളുടെ സകാത്ത് ശേഖരിക്കപ്പെടാറുണ്ടായിരുന്നില്ല. സകാത്ത് ബാധ്യതയുള്ള ധനികനെ തന്നെ ഏൽപ്പിക്കുകയും, അങ്ങനെ അയാൾ തന്നെ തന്റെ നാണയത്തിന്റെ നിർബന്ധമായ സകാത്ത് വിതരണം ചെയ്യുകയുമായിരുന്നു ഉണ്ടായിരുന്നത്. (ദുറൂസു ശൈഖ് അൽ അൽബാനി26/10)"
(അൽ ഇസ്‌ലാഹ് മാസിക
2015 ജൂലൈ പേജ് :10 )
'സകാത്തിന്റെ ജോലിക്കാർ' സകാത്തിന്റെ അവകാശികളെണെന്നതാണ് ഇപ്പോഴും സകാത്ത് പിരിച്ചെടുക്കണം എന്നതിനുള്ള മറ്റൊരു ന്യായം.
" വ്യക്തികൾ സകാത്ത് സ്വയം നൽകുന്ന സമ്പ്രദായം ഇസ്‌ലാം മുന്നോട്ട് വെക്കുന്നില്ല എന്നതിന് മതിയായ തെളിവാണ് സകാത്തിന്റെ ജോലിക്കാരെ അവകാശികളായി എണ്ണിയത്. അതിനാൽ പള്ളികൾ കേന്ദ്രീകരിച്ച് സകാത്തിനായി പ്രവർത്തിക്കുന്ന സമിതികൾ രൂപീകരിക്കൽ നിർബന്ധമാണ്. "
(ശബാബ് വരിക 2022 ഏപ്രിൽ 22 പേജ് 10 )
ഇത് ഇസ്‌ലാമിക ഭരണം ഇല്ലാതിടത്ത് സകാത്ത് പിരിക്കാമെന്നതിനും പരോക്ഷമായ സമ്പത്തിന്റെ സകാത്ത് പിരിച്ചെടുക്കാമെന്നതിനും തെളിവല്ലെന്ന് മൗലവിമാർ തന്നെ തുറന്നടിക്കുന്നു.
" ഈ ഉദ്യോഗസ്ഥർ സകാത്തിന്റെ അവകാശികളാണെന്നതിൽ നിന്ന് ഈ വിഭാഗം എന്നും ഉണ്ടാകണമെന്ന് തെളിവ് കിട്ടുമോ? അങ്ങനെയെങ്കിൽ ആ ആയത്തിൽ പറഞ്ഞ അടിമ, കടക്കാരൻ, യാത്രക്കാരൻ എന്നിവരൊക്കെ ലോകത്ത് ഏൽക്കാലവും നിലനിൽക്കണം. അതിനുവേണ്ടി പ്രയത്നിക്കണം എന്നും പറയേണ്ടി വരില്ലേ? പ്രത്യേകിച്ച് അടിമകൾ നിലനിൽക്കാൻ ഇസ്‌ലാം ആഗ്രഹിക്കുന്നു, കാരണം സകാത്തിന്റെ അവകാശികളിൽ അവരെ എണ്ണിയിട്ടുണ്ട് എന്ന് പറയാമോ? എന്നാൽ, എല്ലാവരും ഏകോപിച്ച് പറഞ്ഞിട്ടുള്ള കാര്യം ഈ അവകാശികളിൽ ഏതു വിഭാഗമാണോ ഉള്ളത് അവർക്ക് നൽകാം എന്നാണ്.
(അൽ ഇസ്‌ലാഹ് മാസിക
2015 ജൂലൈ പേജ് 11 )
നോക്കൂ, ഇസ്‌ലാമിക ഭരണമില്ലാത്തിടത് സകാത്ത് ശേഖരണത്തിനു നബി ﷺ യുടെ മാതൃകയില്ലെന്നും, നബി ﷺ യോ സ്വഹാബത്തോ പണത്തിന്റെ സകാത്ത് പിരിച്ചെടുക്കാറില്ലെന്നും ബോധ്യപ്പെട്ടിട്ടും ഭൂരിപക്ഷം മൗലവിമാരും അത് ഇപ്പോഴും സകാത്ത് പിരിച്ചെടുക്കുന്നു. അതിനുവേണ്ടി ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്നു.
'നബി ﷺ ചെയ്യാത്തത് ഞങ്ങൾക്ക് വേണ്ട' എന്ന ഉസൂൽ 'സാമ്പത്തിക ഘട്ട'ങ്ങളിൽ അപ്രത്യക്ഷമാവുന്നു.