1. ഫഖ്വീർ:
വരുമാനം ചിലവിന്റെ പകുതിയിലെത്താത്തവൻ.
2. മിസ്കീൻ:
വരുമാനം ചിലവിന്റെ പകുതിയാവും. പൂർണമാവുന്നില്ല. സൗജന്യമായി ലഭിക്കുന്ന ചെലവ് ഫഖ്വീറും മിസ്ക്‌കീനുമാകുന്നതിനു തടസ്സമാകില്ല (മുഗ്നി. 3:108).
വാടകവീട്ടിൽ താമസം പതിവാക്കിയവന് ആവശ്യവും അനുയോജ്യവുമായ സ്വന്തം വീടുണ്ടായി എന്നത് അവൻ മിസ്കീനാകുന്നതിനു തടസ്സമാകുന്നതല്ല (തുഹ്ഫ. 7:150). വഖ്ഫിന്റെയോ മറ്റോ വീടുണ്ടെങ്കിൽ ചെലവിനു സ്വന്തം വീടുവിൽക്കൽ നിർബന്ധമാണ്. (തുഹ്ഫ. 7:150). ആവശ്യത്തിലധികമായ വീടോ വൻവില കിട്ടുന്ന വീടോ വിറ്റാൽ ചെലവിനു മതിയാകുമെങ്കിൽ ഫിത്വ്റ് സകാത്ത് നൽകണം (തുഹ്ഫ. 7:150)
3. സകാത്തിന്റെ ഉദ്യോഗസ്ഥന്മാർ:
‘സകാത്ത് പിരിക്കുന്നവർ, അതിന്റെ കണക്ക് എഴുതുന്നവർ, പിരിച്ചെടുത്ത് സംഭരിക്കുന്നവർ, അത് ഭാഗിച്ചു വിതരണം ചെയ്യുന്നവർ. അവരുടെ നിശ്ചിത വിഹിതം 1/8 . അത് അവരുടെ കൂലിയേക്കാൾ കൂടുമെങ്കിൽ കൂടുതലുള്ള മറ്റു വിഭാഗങ്ങളുടെ വിഹിതത്തിലേക്ക് മടക്കണം. 1/8 വിഹിതം അവരുടെ കൂലിയേക്കാൾ കുറവാണെങ്കിൽ സകാത്തിന്റെ ധനത്തിൽനിന്ന് അത് തിരിച്ചുകൊടുക്കേണ്ടതാണ്.
4. നവ മുസ്‌ലിംകൾ:
ഇസ്‌ലാമിൽ ആകൃഷ്ടരായ അമുസ്‌ലിംകൾക്ക് അവർ മുസ്‌ലിമാവുന്നതിനു മുമ്പ് സകാത്ത് കൊടുക്കുവാൻ പാടില്ല (തുഹ്ഫ. 7:155). മുസ്‌ലിമായാൽ അർഹനാവുന്നു. അവരുടെ ഇസ്‌ലാം മെച്ചപ്പെടുമെന്നോ, അല്ലെങ്കിൽ അവരെപ്പോലോത്തവർ ഇസ്‌ലാം സ്വീകരിക്കുമെന്നോ പ്രതീക്ഷിക്കപ്പെടുന്നുവെങ്കിൽ അത്തരം നവമുസ്‌ലിം ധനാഢ്യനാണെങ്കിൽപോലും സകാത്തിന് അർഹനാണ്. ജനങ്ങളിൽ സ്വാധീനമുള്ള അവർക്ക് സകാത്ത് കൊടുക്കുന്നത് കണ്ട് മറ്റുള്ളവർകൂടി ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെടാൻ സാധ്യതയുള്ളതുകൊണ്ടാണിത്.
5. രിഖ്വാബ്:
ഗഡുക്കളായോ മറ്റോ പണം അടച്ചു കൊള്ളാമെന്ന വ്യവസ്ഥയിൽ യജമാനനുമായി മോചനപത്രം എഴുതിയ അടിമകൾക്ക് അവർ നിശ്ചിത തുക വശമില്ലാത്തവരാണെങ്കിൽ അതിനാവശ്യമായത് സകാത്ത് മുതലിൽനിന്ന് കൊടുക്കേണ്ടതാണ്.
6. കടക്കാരൻ:
രക്തച്ചൊരിച്ചിലിനോ സാമ്പത്തിക നഷ്ടത്തിനോ ഇടവരുത്തുമായിരുന്ന സംഘട്ടനം ഒഴിവാക്കുവാനും വ്യക്തികളുടെയോ സമൂഹങ്ങളുടെയോ ഇടയിൽ യോജിപ്പ് ഉണ്ടാക്കുവാനുമായി കടംവാങ്ങിയവൻ ധനികനാണെങ്കിൽ പോലും സകാത്തിന്റെ ധനത്തിൽനിന്ന് ഒരു വിഹിതം പ്രസ്‌തുത കടം വീട്ടേണ്ടതിലേക്കായി അവനു നൽകേണ്ടതാണ്. തന്റെയും തന്റെ ഭാര്യ സന്തതികളുടെയും ചെലവിന്നു വേണ്ടി കടം വാങ്ങിയവൻ ദരിദ്രനാണെങ്കിൽ അവന്നും സകാത്ത് കൊടുക്കേണ്ടതാകുന്നു. ധനികനാണെങ്കിൽ അവൻ
സകാത്തിനർഹനല്ല. അനുവദനീയമല്ലാത്ത കാര്യത്തിനുവേണ്ടി കടം വാങ്ങി ചെലവഴിക്കുകയും അനന്തരം അവൻ പശ്ചാത്തപിക്കുകയും ചെയ്താൽ ആ കടം വീട്ടേണ്ടതിലേക്ക് സകാത്തിൽനിന്ന് വിഹിതം നൽകാം എന്നാണ് പ്രബല അഭിപ്രായം.
7. അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർ:
അല്ലാഹുവിന്റെ തൃപ്‌തി കാംക്ഷിച്ചു കൊണ്ട് വിശുദ്ധ സമരത്തിന് സദാ സന്നദ്ധരായി വർത്തിക്കുന്നവർ. അവർ ധനികരായാൽ പോലും യുദ്ധ സാമഗ്രികൾ വാങ്ങുവാനും ഭക്ഷണം, വസ്ത്രം മുതലായവക്കും ആവശ്യ മായ സംഖ്യ സകാത്തിൽനിന്ന് കൊടുക്കേണ്ടതാണ്. ഈ വിഭാഗം ഇസ്‌ലാമിക ഭരണമുള്ള രാജ്യങ്ങളിലേ ഉണ്ടാവുകയുള്ളൂ.
8. യാത്രക്കാരൻ:
സകാത്ത് വിതരണം ചെയ്യുന്ന നാട്ടിലൂടെ കടന്നു പോകുന്നവനും ആ നാട്ടിൽനിന്ന് മറ്റൊരിടത്തേക്ക് അനുവദനീയ യാത്രചെയ്യാനുദ്ദേശിക്കുന്നവനും സഞ്ചാരി എന്ന ഇനത്തിലുൾപ്പെടുന്നതാണ്. അയാൾക്ക് ആവശ്യമാണെങ്കിൽ ഭക്ഷണ ചിലവിനും വാഹനച്ചിലവിനുമുള്ള തുക സകാത്തിൽനിന്നു കൊടുക്കാം. അയാളുടെ നാട്ടിൽ ധനമുണ്ടെങ്കിലും ശരി.
നബികുടുംബത്തിലെ ഹാശിമിയ്യോ മുത്തലിബിയ്യോ ആയ തങ്ങൾക്ക് സകാത്ത് സ്വീകരിക്കാൻ പാടില്ല. സകാത്ത് കൊടുക്കേണ്ട നാട്ടിൽ അർഹരായ അവകാശികൾ ഇല്ലെങ്കിൽ തൊട്ടടുത്ത നാട്ടിൽ സകാത്ത് കൊടുക്കണം. അവിടെയുമില്ലെങ്കിൽ തൊട്ടടുത്ത നാട്ടിൽ. തൊട്ടടുത്ത നാട്ടിൽ അർഹർ ഉണ്ടായാൽ വിദൂര പ്രദേശത്തേയ്ക്ക് കൊടുക്കാൻ പാടില്ല (ശറഹുൽ മുഹദ്ദബ് 6:225).