Site-Logo
POST

യസീദിനെ ശപിക്കാമോ?

ബദ്റുദ്ധീൻ അഹ്സനി മുത്തന്നൂർ

|

07 Nov 2023

feature image

മുൻ കാലങ്ങളിൽ പരിചിതമല്ലാത്ത രൂപത്തിൽ മുഹർറം പത്തും കർബലയുമൊക്കെ സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ ഒന്ന് രണ്ട് കാര്യങ്ങൾ പറയണം എന്നു തോന്നിയത് കൊണ്ടാണ് ഇത് എഴുതുന്നത്! കർബലയും അനുബന്ധ ചരിത്രങ്ങളും വിശദീകരിക്കൽ മറ്റു ചരിത്ര വിശദീകരണങ്ങളെപോലെയല്ല അഹ്ലുസുന്നയുടെ പണ്ഡിതർ കണ്ടത്. പ്രഭാഷകർ ഹുസൈൻ തങ്ങളുടെ വഫാത്തും അനുബന്ധ സംഭവങ്ങളും വിശദീകരിക്കുന്നത് നിഷിദ്ധമാണ്(ഹറാം) എന്നാണ് ഇമാം ഗസ്സാലി ﵀ യടക്കമുള്ള പണ്ഡിതൻമാർ പറഞ്ഞു വെച്ചത്.

‎ قَالَ الْغَزالِيّ وَغَيره وَيحرم على الْوَاعِظ وَغَيره رِوَايَة مقتل الْحُسَيْن وحكاياته وَمَا جرى بَين الصَّحَابَة من التشاجر والتخاصم فَإِنَّهُ يهيج على بغض الصَّحَابَة والطعن فيهم وهم أَعْلَام الدّين تلقى الْأَئِمَّة الدّين عَنْهُم رِوَايَة وَنحن تلقيناه من الْأَئِمَّة دراية فالطاعن فيهم مطعون طَاعن فِي نَفسه وَدينه
‎[ابن حجر الهيتمي، الصواعق المحرقة على أهل الرفض والضلال والزندقة، ٦٤٠/٢]
ഇതുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ ചർച്ച ചെയ്യുമ്പോൾ നീതിമാന്മാരാണെന്ന് ഇജ്മാഅ കൊണ്ട് സ്ഥിരപ്പെട്ട സ്വഹാബികളിൽ ചിലരെ വിവരമില്ലാത്തവർ ആക്ഷേപിക്കുന്നതിന് കാരണമാകുമെന്നത് കൊണ്ട് തന്നെ സ്വഹാബികൾക്കിടയിൽ നടന്ന ഇജ്തിഹാദിയായ വിഷയങ്ങളിലെ ഭിന്നാഭിപ്രായങ്ങളെ കൈകാര്യം ചെയ്യുന്നിടത്തും ഈ സൂക്ഷ്മത അനിവാര്യമാണ് എന്നതാണ് ഗസ്സാലി ﵀ പറയുന്നത്.

ഗവേഷണങ്ങളിൽ വരുന്ന വീക്ഷണ വ്യത്യാസങ്ങളെ മുസ്‌ലിം ലോകം പതിനാല് നൂറ്റാണ്ടായി കൈകാര്യം ചെയ്യുന്ന രീതിയെ മറികടക്കുന്നതാണ് ഇന്ന് പലരുടെയും ഗവേഷണങ്ങൾ എന്ന് പറയാതെ വയ്യ!. ഖുർആൻ വ്യാഖ്യാതാക്കളിൽ പ്രമുഖരായ ഇസ്മാഈലുൽ ഹിഖി ﵀ റൂഹുൽ ബയാനിൽ ഈ വിഷയം ചർച്ച ചെയ്യുന്നത് നോക്കൂ!
‎ومن قرأ يوم عاشوراء وأوائل المحرم مقتل الحسين رضى الله عنه فقد تشبه بالروافض خصوصا إذا كان بألفاظ مخلة بالتعظيم لاجل تحزين السامعين وفى كراهية القهستاني لو أراد ذكر مقتل الحسين ينبغى ان يذكر اولا مقتل سائر الصحابة لئلا يشابه الروافض انتهى
‎[إسماعيل حقي، روح البيان، ١٤٣/٤]

മുഹറം ഒന്നിനോ ആശൂറാ ദിനത്തിലോ ഹുസൈൻ തങ്ങളുടെ ശഹാദത്തുമായി ബന്ധപ്പെട്ട കഥകൾ പറയുന്നവൻ റാഫിളികളോട് തുല്യമായവനാണ്. ഇനി ആരെങ്കിലും ഹുസൈൻ തങ്ങളുടെ ശഹാദത്തുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ പറയുന്നെങ്കിൽ ആദ്യം മറ്റു സ്വഹാബികളുടെ ശഹാദത്തുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ പറഞ്ഞശേഷം ഇത് പറയുക, റാഫിദികളോട് എതിരാവാൻ വേണ്ടിയാണിത്. നോക്കൂ, മറ്റു ചരിത്രങ്ങളിൽ നിന്ന് കർബലയെ വേർത്തിരിക്കുന്ന ചില ഘടകങ്ങളുണ്ട് എന്ന് എത്ര വെക്തമായിട്ടാണ് അവർ പറയുന്നത്!

ഉസ്മാൻ ﵁ വിന്റെയോ അലി ﵁ യുടേയോ ശഹാദത്തുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ വിശദീകരിക്കുന്നതിന് ഇത്തരത്തിൽ ഒരു വിരോധനയോ ഉപാധിയോ പണ്ഡിതൻമാർ പറഞിട്ടില്ല. എന്നാൽ എന്തുകൊണ്ടാണ് ഹുസൈൻ(റ)തങ്ങളുടെ ശഹാദത്തുമായി ബന്ധപ്പെട്ട കഥകൾ പറയുന്നതിന് വിരോധനയുണ്ടെന്ന് അവർ പറഞ്ഞത്? ചിന്തിക്കുന്നവർക്ക് ദൃഷ്ഠാന്തമുണ്ട് എന്ന് മാത്രം പറഞ്ഞു വെക്കുന്നു.

മറ്റൊരു തർക്കം യസീദുമായി ബന്ധപ്പെട്ടതാണ്. യസീദിനെ ശപിക്കുന്ന നിലപാട് കേരളത്തിലെ സുന്നികളിൽ നിന്ന് തന്നെ ഉടലെടുക്കുമ്പോൾ പണ്ഡിത നിലപാട് പറയേണ്ടതാണല്ലോ! ഇമാം ഗസ്സാലി ﵀ ഇങ്ങനെ പറയുന്നത് കാണാം.
‎فإن قيل هل يجوز لعن يزيد لأنه قاتل الحسين أو آمر به قلنا هذا لم يثبت أصلاً فلا يجوز أن يقال إنه قتله أو أمر به ما لم يثبت فضلاً عن اللعنة لأنه لا تجوز نسبة مسلم إلى كبيرة من غير تحقيق
‎[أبو حامد الغزالي، إحياء علوم الدين، ١٢٥/٣]

ഹുസൈൻ തങ്ങളെ വധിച്ച കാരണത്താൽ യസീദിനെ ശപിക്കൽ അനുവദനീയമാണോ എന്ന് ചോദിക്കപ്പെട്ടാൽ ഞാൻ ഇപ്രകാരം മറുപടി പറയും. യസീദ് ഹുസൈൻ(റ)യെ വധിക്കുകയോ വധിക്കാൻ കൽപിക്കുകയോ ചെയ്തിട്ടുണ്ട് എന്ന് പ്രമാണികമായി സ്ഥിരപ്പെട്ടിട്ടില്ല.
ഒരു മുസ്‌ലിമിനെ വൻകുറ്റം ചെയ്തു എന്ന് ഉറപ്പു വരുന്നതിനുമുമ്പ് അത് ആരോപിക്കുന്നത് അനുവദനീയമല്ല.

ഇമാം ഗസ്സാലി ﵀ വീണ്ടും തുടരുന്നു
‎فإن قيل فهل يجوز أن يقال قاتل الحسين لعنه الله أو الآمر بقتله لعنه الله قلنا الصواب أن يقال قاتل الحسين إن مات قبل التوبة لعنه الله لأنه يحتمل أن يموت بعد التوبة فإن وحشياً قاتل حمزة عم رسول الله قتله وهو كافر ثم تاب عن الكفر والقتل جميعاً ولا يجوز أن يعلن والقتل كبيرة ولا تنتهي إلى رتبة الكفر فإذا لم يقيد بالتوبة وأطلق كان فيه خطر وليس في السكوت خطر فهو أولى
‎[أبو حامد الغزالي، إحياء علوم الدين، ١٢٥/٣]
ഹുസൈൻ (റ)യെ കൊന്നവനെ അല്ലാഹു ലഅനത്ത് ചെയ്യട്ടെ, അല്ലെങ്കിൽ ഹുസൈൻ തങ്ങളെ വധിക്കാൻ കൽപ്പിച്ചവനെ അള്ളാഹു ലഅനത്ത് ചെയ്യട്ടെ എന്ന് പറയൽ അനുവദനീയമാണോ എന്ന് ചോദിക്കപ്പെട്ടാൽ എന്റെ മറുപടി ഇപ്രകാരം ആയിരിക്കും,ഹുസൈൻ തങ്ങളെ വധിച്ചവൻ തൗബക്ക് മുമ്പ് മരണപ്പെട്ടു എങ്കിൽ അല്ലാഹു അവനെ ലഅനത്ത് ചെയ്യട്ടെ എന്ന രൂപത്തിൽ പറയാം. കാരണം അവന്റെ മരണം തൗബക്ക് ശേഷം ആവാനും സാധ്യതയുണ്ട്. ഹംസ(റ)യെ വധിച്ച വഹ്ശി കാഫിർ ആയിരുന്നു, പിന്നീട് തൗബ ചെയ്ത മടങ്ങിയത് കൊണ്ട് ഹംസ(റ)യെ കൊന്നവന് ശാപം ഉണ്ടാവട്ടെ എന്ന് പറയാൻ അനുവാദമില്ല.

കൊലപാതകം വൻകുറ്റം ആണെങ്കിലും കുഫ്റിനോളം എത്തില്ല. അപ്പോൾ, “തൗബക്ക് മുമ്പ് മരിച്ചു എങ്കിൽ” എന്ന ഉപാധി പറയാതെ നിരുപാധികം ഹുസൈൻ എന്നവരെ വധിച്ചവനെ അല്ലാഹു ലഅനത്ത് ചെയ്യട്ടെ എന്ന് പറയുന്നത് വലിയ പ്രശ്നമാണ്. ശപിക്കാതെ വായ പൊത്തിയാൽ അത്രയും നന്ന് (ഇഹ്‌യ 3/125).

യസീദുമായി ബന്ധപ്പെട്ട് സുന്നികൾക്കുള്ള യഥാർത്ഥ നിലപാട് ഇബ്നു ഹജർ ﵀ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
‎وَالنَّاس فِي يزِيد ثَلَاث فرق فرقة تتولاه وتحبه وَفرْقَة تسبه وتلعنه وَفرْقَة متوسطة فِي ذَلِك لَا تتولاه وَلَا تلعنه وتسلك بِهِ مَسْلَك سَائِر مُلُوك الْإِسْلَام وخلفائهم غير الرَّاشِدين فِي ذَلِك وَهَذِه الْفرْقَة هِيَ الْمُصِيبَة ومذهبها هُوَ اللَّائِق بِمن يعرف سير الماضين وَيعلم قَوَاعِد الشَّرِيعَة المطهرة
‎جعلنَا الله من أخيار أَهلهَا آمين
‎[ابن حجر الهيتمي، الصواعق المحرقة على أهل الرفض والضلال والزندقة، ٦٣٩/٢]

യസീദിന്റെ വിഷത്തിൽ മൂന്ന് പക്ഷക്കാരാണുള്ളത്.
ഒന്ന്: യസീദിനെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നവർ.
രണ്ട്: യസീദിനെ ചീത്ത പറയുകയും ശപിക്കുകയും ചെയ്യുന്നവർ.
മൂന്ന്: മധ്യമ നിലപാടിന്റെ വക്താക്കൾ. അവനെ തലയിലേറ്റുകയോ ശപിക്കുകയോ ചെയ്യുന്നില്ല. ഖുലാഫാഉ റാഷിദുകൾ അല്ലാത്ത മറ്റു രാജാക്കൻമാരോട് പുലർത്തുന്ന നിലപാടാണ് അവർക്ക് യസീദിനോടും. ഈ വിഭാഗമാണ് യഥാർത്ഥ വഴിയിൽ ഉള്ളവർ.
മുൻഗാമികളുടെ ചരിത്രം അറിയുന്നവരുടെ, ദീനി നിയമങ്ങളുടെ അടിസ്ഥാനം അറിയുന്നവരുടെ മാർഗ്ഗവും ഇതാണ്.

കേരളത്തിലെ പള്ളി ദർസ്സിൽ ഓതിപ്പഠിപ്പിക്കുന്ന ഒരു കിതാബാണ് ഹിജ്റ 575 ൽ വഫാതായ സിറാജുദ്ദീൻ അലിയ്യ് ബ്ന് ഉസ്മാൻ എന്നവരുടെ بدأ الآمالي എന്ന അറുപത്തി ആറ് ബൈത്ത് അടങ്ങുന്ന പ്രസിദ്ധമായ ഗ്രന്ഥം. അതിൽ മഹാൻ ഇപ്രകാരം പറയുന്നത് കാണാം,
‎ولم يلعن يزيدا بعد موت/
‎سوى المكثار فى الاغراء غالي.
യസീദിനെ ശപിക്കുന്നവൻ അതിവാദക്കാരനാണ് എന്നാണ് ബൈത്തിന്റെ സാരം.

-ബദ്റുദ്ധീൻ അഹ്സനി മുത്തന്നൂർ

Related Posts