തമിഴും സംസ്‌കൃതവും കലർന്ന മലയാളമായിരുന്നു കേരളത്തിന്റെ സംസാരഭാഷ. പക്ഷേ ഇതിന് ഏകീകൃത ലിപിയുണ്ടായിരുന്നില്ല. ഈ അവസ്ഥ കേരളത്തിന്റെ വൈജ്ഞാനിക കുതിപ്പിനെ സാരമായി ബാധിച്ചു. ഇതു പരിഹരിക്കാൻ മുന്നിട്ടിറങ്ങുകയാണ് മുസ്‌ലിം നവോത്ഥാന നായകർ ആദ്യം ചെയ്തത്. മുസ്‌ലിംകൾക്ക് മലയാളം സംസാരിക്കാനറിയാം, പക്ഷേ അതെഴുതാനുള്ള ലിപിയുണ്ടായിരുന്നില്ല. എന്നാൽ അറബി എഴുതാനും വായിക്കാനുമാകുമായിരുന്നു. എന്നാൽ ആ ഭാഷയിൽ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇവിടെ സംസാരിക്കാൻ കഴിയുന്ന ഭാഷക്ക്, എഴുതാനും വായിക്കാനും മാത്രം സാധിച്ചിരുന്ന അറബി ലിപി ഉപയോഗിച്ച് അറബി-മലയാളം എന്ന ഭാഷതന്നെ നിർമിച്ചു. ഇതൊരു വിപ്ലവമായിരുന്നു. അങ്ങനെ കേരളീയ മുസ്‌ലിംകൾ പൂർണമായും സാക്ഷരത നേടി. അവർക്ക് അറിവ് പകർന്ന് നൽകാൻ ഈ ഭാഷയിൽ പതിനായിരക്കണക്കിന് ഗ്രന്ഥങ്ങൾ വിരചിതമായി. സാധാരണക്കാർക്ക് ഹൃദ്യമായ മാലപ്പാട്ടുകൾ, ചരിത്രാഖ്യാനം, കഥാസമാഹാരം, നോവൽ… തുടങ്ങി എല്ലാ ശൈലിയിലും ഗ്രന്ഥങ്ങൾ ഇറങ്ങി.
മുസ്‌ലിം കേരളത്തിൽ വായനാവിപ്ലവം തന്നെ നടന്നു. ആദ്യകാലത്ത് കേരളത്തിൽ അപൂർവം ചിലർ മാത്രം കൈകാര്യം ചെയ്തിരുന്ന വട്ടെഴുത്തും കോലെഴുത്തും വരെ പണ്ഡിതൻമാർ സമുദായത്തെ അഭ്യസിപ്പിച്ചു. വഹാബി സഹയാത്രികനായ കെ.കെ മുഹമ്മദ് അബ്ദുൽ കരീം തന്നെ കുറിക്കുന്നത് കാണുക: ‘ആ ലിപികൾ(വട്ടെഴുത്തും കോലെഴുത്തും-ലേ) മുസ്‌ലിംകളെ പഠിപ്പിക്കാൻ വേണ്ടി ഇവിടുത്തെ പണ്ഡിതൻമാർ അറബി മലയാളത്തിൽ പുസ്തകങ്ങളെഴുതിയിട്ടുണ്ട്. ഗവേഷണമധ്യേ അതു ഞങ്ങൾക്ക് കണ്ടുകിട്ടി’ (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ്: 42). അദ്ദേഹം തുടരുന്നു: ‘ഇതുമാത്രമോ, അല്ല. അബ്രാനി(ഹിബ്രു), സുരിയാനി(സിറിയക്) എന്നീ ഭാഷകൾ കേരള മുസ്‌ലിംകളെ പഠിപ്പിക്കാൻ തിരുവല്ലയിലെ ഒരു സൈനുദ്ദീൻ മഖ്ദൂം രണ്ടു പുസ്തകങ്ങൾ അറബി മലയാളത്തിൽ എഴുതി പ്രചരിപ്പിച്ചതിന്റെ കോപ്പികൾ കണ്ടെത്തിയിട്ടുണ്ട്’ (പേ 42,43).
OLYMPUS DIGITAL CAMERA
ഓർക്കുക, ഈ പാരമ്പര്യമുള്ള സുന്നികളെ അക്ഷരവിരോധികളായി ചിത്രീകരിച്ചുകൊണ്ടാണ്, 1922-നു ശേഷമാണ് നവോത്ഥാനം തുടങ്ങിയതെന്ന് ഇവർ ജൽപ്പിക്കുന്നത്!
പിന്നീട് മലയാള ലിപി രൂപം കൊണ്ടപ്പോൾ അതിനെ നിരാകരിച്ച ചരിത്രമല്ല സുന്നി പണ്ഡിതൻമാർക്കുള്ളത്. മറിച്ച്, മലയാള ലിപിയിൽ ആദ്യമായി അച്ചടിച്ച ഗ്രന്ഥം രചിച്ചത് സുന്നി പണ്ഡിതരായിരുന്നു. അതുതന്നെ സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട അപൂർവ കൃതി. സി.എൻ അഹ്മദ് മൗലവിയെ ഉദ്ധരിക്കട്ടെ: ‘കേരള വനങ്ങളിലെ മുഴുവൻ വൃക്ഷലതാദികളെയും അറബി, മലയാളം, ലത്തീൻ മുതലായ ഭാഷകളിൽ പരിചയപ്പെടുത്തുന്ന ഒരു മഹത്തായ ഗ്രന്ഥം, 500 വീതം പേജുകളുള്ള 12 വാള്യങ്ങളിലായി തികച്ചും മുന്നൂറ് കൊല്ലം മുമ്പ് കേരളത്തിൽ വെച്ച് ദീർഘകാലത്തെ കഠിനാധ്വാനത്തിലൂടെ തയ്യാറാക്കിയത് കേരളത്തിലെ മുസ്‌ലിം മഹാപണ്ഡിതൻമാരാണ്…വൃക്ഷലതാദികളുടെ വിവരങ്ങൾ മാത്രമല്ല ഓരോന്നിന്റെയും ശരിയായ ചിത്രങ്ങൾ തന്നെ അതിൽ വലുതാക്കി കൊടുത്തിട്ടുണ്ട്. മലയാള ലിപിയിൽ ഒന്നാമതായി അച്ചടിച്ച ഗ്രന്ഥവും ഇതുതന്നെയാണ്’ (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേ. 41). ഇതൊന്നും 1922-നു ശേഷമല്ല. ഇത്തരം ഒരു ഗ്രന്ഥത്തിന്റെ നാൽപ്പത് അയലത്തെങ്കിലും വെക്കാൻ പറ്റിയ എന്തു വാറോലയാണ് കപട നവോത്ഥാന വേഷം കെട്ടിയവർ എഴുന്നള്ളിച്ചത്?! എന്നിട്ടും നവോത്ഥാന സംരംഭം തുടങ്ങിയത് ഇവരുടെ സംഘടന വന്നതിനു ശേഷമാണെന്ന് പറയുന്നത് എത്ര ധാർഷ്ട്യമാണ്.
പണ്ഡിതൻമാർക്കുപകരിക്കുന്ന വിവിധ ഗ്രന്ഥങ്ങളുടെ ഒരു പരമ്പരതന്നെ അറബി ഭാഷയിൽ നമ്മുടെ മുൻഗാമികൾ നിർമിച്ചിട്ടുണ്ട്. മഖ്ദൂം അൽ കബീറിന്റെ 12 ഗ്രന്ഥങ്ങൾ, സ്വഗീറിന്റെ 9 കിതാബുകൾ, ഖാളിമുഹമ്മദിന്റെ 9 ഗ്രന്ഥങ്ങൾ, വെളിയങ്കോട് ഉമർഖാസിയുടെ 25 കിതാബുകൾ, കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാരുടെ 10 കിതാബുകൾ, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 11 ഗ്രന്ഥങ്ങൾ, അഹ്മദ് കോയ ശാലിയാത്തിയുടെ 36 ഗ്രന്ഥങ്ങൾ, പാങ്ങിൽ അഹ്മദ്കുട്ടി മുസ്‌ലിയാരുടെ 12 കിതാബുകൾ… ആ നിര നീണ്ടതാണ്.
സമൂഹത്തിലെ അശരണരെയും പുതുവിശ്വാസികളെയും സംരക്ഷിക്കുന്നതിനു പോലും ആസൂത്രിതമായ കാൽവെപ്പുകൾ നമ്മുടെ പൂർവികർ നടത്തിയിട്ടുണ്ട്.
സി.എൻ അഹ്മദ് മൗലവി തന്നെ എഴുതി: ‘സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പുമായി മത-സാമൂഹിക രംഗങ്ങളിൽ മാപ്പിള സമുദായം നിർവഹിച്ച പങ്ക് അദ്വിതീയമത്രെ. പുതുമുസ്‌ലിംകളെ ശുശ്രൂഷിക്കുവാൻ വേണ്ടി മാപ്പിള സമുദായം സംഘടിപ്പിച്ചിരുന്ന ഫണ്ടിനെക്കുറിച്ച് 16-ാം നൂറ്റാണ്ടിൽ ജീവിച്ച സൈനുദ്ദീൻ മഖ്ദൂമിന്റെ തുഹ്ഫതുൽ മുജാഹിദീനിൽ എഴുതിയത് കണ്ടപ്പോൾ ഞാൻ അൽഭുതപ്പെട്ടുപോയി. ആ ഫണ്ടിന്റെ വികസിതവും വ്യവസ്ഥാപിതവുമായ രൂപമാണ് 1900-ത്തിൽ സ്ഥാപിതമായ പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ’ (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേ. 29).
യഥാർത്ഥത്തിൽ മുൻഗാമികൾ നടത്തിയ നവോത്ഥാന പ്രവർത്തനങ്ങൾ കണ്ട് ഞെട്ടുകയാണ് ഇവർ ചെയ്തത്. ഇതുകൊണ്ട് തന്നെ 1922-നു മുമ്പുള്ള കേരള മുസ്‌ലിം പാരമ്പര്യം പഠിക്കാനിറങ്ങിയ സി.എൻ അഹ്മദ് മൗലവിക്കും കെ.കെ മുഹമ്മദ് അബ്ദുൽ കരീമിനും ഇങ്ങനെ പറയേണ്ടിവന്നു: ‘മുൻഗാമികൾ കൊള്ളരുതാത്തവരും അപരിഷ്‌കൃതരുമായിരുന്നു, നാമാണ് എല്ലാ തരം കഴിവുകളും നേടിയെടുത്തവരും പരിഷ്‌കാരികളുമെന്ന് ആധുനിക തലമുറക്കൊരു നാട്യമുണ്ട്. അതുമുഴുവനും ശരിയല്ല. ഇന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ച് നമുക്ക് പല നേട്ടങ്ങളും കൈവന്നിട്ടുണ്ട്. അതനുസരിച്ച് നാം കുറേയൊക്കെ വളരുകയും ചെയ്തിരിക്കുന്നു. അതേപ്രകാരം നമ്മുടെ മുൻഗാമികൾക്ക് കൈവന്ന അവസരങ്ങളൊന്നും തങ്ങളുടെ വളർച്ചക്ക് അവർ ഉപയോഗപ്പെടുത്താതിരുന്നിട്ടില്ലെന്ന് നാം ഓർക്കണം’ (പേ 56).
ചുരുക്കത്തിൽ, മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം പരതുമ്പോൾ അത് അനുസ്യൂതം, അനവരതം തുടർന്നുവന്ന ഒരു പ്രക്രിയയാണെന്നു മനസ്സിലാക്കാം. അതിനെ 1922-ലേക്ക് ചുരുട്ടിക്കെട്ടുന്നത് പതിമൂന്നു നൂറ്റാണ്ടുകാലത്തെ മുസ്‌ലിം തലമുറകളെ അവഹേളിക്കലാണ്. ഇതനുവദിച്ചുകൂടാ.