Site-Logo
POST

ബറാഅത്ത് നോമ്പും കണ്ണിയ്യത്ത് ഉസ്താദിന്റെ ഫത്‌വയും

മൻസൂർ അദനി കുറ്റാളൂർ

|

26 Feb 2024

feature image

അയ്യാമുൽ ബീള് എന്നതിൽ കവിഞ്ഞു ശഅബാൻ 15 ന് പ്രത്യേക നോമ്പു സുന്നത്തുണ്ട് എന്നത് സ്വഹീഹായ ഹദീസ് കൊണ്ടു സ്ഥിരപ്പെട്ടിട്ടില്ല എന്ന ഇബ്നു ഹജറുൽ ഹൈതമി തങ്ങളുടെ ഫതാവാ അൽ കുബ്റയിലെ ഉദ്ധരണിഉപയോഗിച്ച് ശഅബാൻ 15 ന് പ്രത്യേകം നോമ്പു സുന്നത്തില്ല എന്നു ബഹുമാന്യരായ കണ്ണിയ്യത്ത് ഉസ്താദ് ഫത്‌വ നൽകി എന്നു ചിലർ ഉദ്ധരിച്ചതു കണ്ടു. ഇതുമായി ബന്ധപ്പെട്ട ചില സത്യങ്ങൾ അന്വേഷിച്ചപ്പോൾ അറിയാനായി.

ഈ സംഭവത്തെ കുറിച്ച്നൂറുൽ ഉലമ എം എ ഉസ്താദ് എഴുതുന്നു. “1978ൽ ഓർമ കുറഞ്ഞുവരാൻ തുടങ്ങിയ കാലത്തായിരുന്നു അവസാനമായി ഉമ്മത്തൂർ കോളേജിൽ കണ്ണിയത്ത് പ്രിൻസിപ്പൽ സ്ഥാനം ഏറ്റെടുത്തത്. സുന്നി പ്രസ്ഥാനവുമായി ബന്ധമില്ലാത്ത ഒരു മൗലവിയായിരുന്നു അസിസ്റ്റന്റ് മുദർരിസ്. എന്റെ നാട്ടുകാരിൽ സമസ്ത വിരോധം വച്ചുപുലർത്തുന്ന ചിലർ അദ്ദേഹത്തിന്റെ സഹായത്തോടെ ബറാഅത്ത് നോമ്പിനെക്കുറിച്ച് ഒരു പ്രശ്നമുണ്ടാക്കി. അതു പ്രത്യേക സുന്നത്തില്ലെന്നു വരുത്തുന്ന ഒരു പരാമർശം അദ്ദേഹം ഫതാവൽ കുബ്റായിൽനിന്ന് കണ്ണിയത്തിനെ വായിച്ചു കേൾപ്പിക്കുകയും ചെയ്തു. ബറാഅത്തിന്റെ പ്രത്യേക സുന്നത്തല്ല നോമ്പ് എന്ന് അല്ലാമാ ഇബ്നുഹജർ തങ്ങൾ ഫത്‌വ നൽകിയിട്ടുണ്ടെന്നെഴുതിയ ഒരു കടലാസിൽ കണ്ണിയത്തിനെക്കൊണ്ട് ഒപ്പ് വെപ്പിക്കുകയുമുണ്ടായി. ഈ പ്രത്യേക ഫത്‌വ അവർ ദുരുദ്ദേശ്യത്തോടെ പ്രസിദ്ധീകരിച്ചത് എന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി.

വിവരം ഞാൻ സമസ്തയുടെ ഓഫീസിൽ അറിയിച്ചു. തുടർന്ന് അന്ന് ജോയിന്റ് സെക്രട്ടറിയായിരുന്ന കാന്തപുരം എ പി. അബൂബക്കർ മുസ്‌ലിയാർ സമസ്തയുടെ പ്രസിഡണ്ടുകൂടിയായിരുന്ന കണ്ണിയത്തിനെ സമീപിച്ചു ഫതാവൽ കുബ്റായും ഫതാവാ റംലിയും ഒപ്പം വായിച്ചുകേൾപ്പിക്കുകയും കാര്യത്തിന്റെ നിജസ്ഥിതി ധരിപ്പിക്കുകയും ചെയ്തു.
അയ്യാമുൽ ബീള് എന്ന നിലയ്ക്കല്ലാതെ ബറാഅത്ത് ദിനം എന്ന നിലയ്ക്ക് അന്നു നോമ്പെടുക്കൽ സുന്നത്തല്ലെന്നു തങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തിൽ ബറാഅത്ത് നോമ്പ് എന്ന നിലയ്ക്കു തന്നേ സുന്നത്താണെന്നാണ് ഇമാം റംലി വ്യക്തമാക്കിയത്. അതിനാൽ ഇമാം റംലിയുടെ അഭിപ്രായം അതാണെന്ന നിലയ്ക്ക് അക്കാര്യം അംഗീകരിക്കണമെന്ന് എഴുതി കണ്ണിയത്ത് ഒപ്പിടുകയും പിന്നീടതു പ്രസിദ്ധീകരിക്കുകയുമുണ്ടായി.

അനന്തരം മുശാവറയിൽ പ്രസ്തുത കാര്യം ചർച്ച ചെയ്യുകയും ബറാഅത്ത് നോമ്പ് സുന്നത്താണെന്ന് ഒന്നുകൂടി വ്യക്തമാക്കുകയുമുണ്ടായി”. സമസ്ത സ്മരണിക: പേജ് 66 കാണുക (എം എ, ഉസ്താദ് സമ്പൂർണ്ണ കൃതികൾ, ഭാഗം 1).

ഈ വിഷയത്തിൽ വ്യക്തമായ രേഖപ്പെടുത്തിയ ബഹുമാന്യരായ ഇമാം റംലി തങ്ങളുടെ നിലപാടിനെയാണ് പണ്ഡിതന്മാർ രേഖയാക്കിയത്. അദ്ദേഹം തന്റെ കിതാബിൽ വളരെ വ്യക്തമായി ആ ഹദീസ് രേഖയാക്കി കൊണ്ടു തന്നെ വിഷയം രേഖപ്പെടുത്തുന്നുണ്ട്.
‎(سئل ) عن صوم منتصف شعبان كما رواه ابن ماجة عن النبي – صلى الله عليه وسلم
‎- أنه قال »إذا كانت ليلة النصف من شعبان فقوموا ليلها صوموا نهارها«
‎ هل هو مستحب أو لا، وهل الحديث صحيح أو لا وإن كان ضعيفا فمن ضعقفة؟
‎(فأجاب)بأنه يسن صوم نصف شعبان بل يسن صوم ثالث عشره ورابع عشره وخامس عشره، والحديث المذكور يحتج به. إه‍
‎(فتاوى الرملي / ج ٢ ص ٧٩ )
(ഇമാം റംലിയോട് ചോദിക്കപ്പെട്ടു. ഇമാം ഇബ്നു മാജ (റ) ഉദ്ധരിച്ച ഹദീസിൽ വന്നിട്ടുണ്ട് ; ശഅബാനിൻറെ പതിനഞ്ചാം രാവ് ആയാൽ നിങ്ങൾ രാത്രി നിസ്കരിക്കുകയും പകലിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുക. ആ നോമ്പ് സുന്നത്തുണ്ടോ, ഇല്ലയോ? ഈ ഹദീസ് സ്വഹീഹോ, അതോ ദുർബലമായതോ? അങ്ങനെ എങ്കിൽ ആരാണ് ദുർബലമെന്നു പറഞ്ഞത്?
അതിനവർ മറുപടി നൽകി: ശഅബാൻ പകുതിയിൽ നോമ്പു സുന്നത്താണ്, 13,14 നും സുന്നത്തുണ്ട്. ഈ ഹദീസ് തെളിവാക്കാൻ പറ്റുന്നതാണ്).

 

Related Posts