മതകീയശാസനകൾ അനുസരിക്കുന്നതിനു അതിലടങ്ങിയ യുക്തി മനസ്സിലാക്കണമെന്നില്ല. അല്ലാഹുവിൻ്റെ തീരുമാനം യുക്‌തിസഹമാണ്. മനുഷ്യമേധക്ക് അത് സമീക്ഷണം ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. കല്‌പനക്ക് കീഴൊതുങ്ങുകയെന്നതാണ് വിശ്വാസിയുടെ ബാദ്ധ്യത. എങ്കിലും കാര്യങ്ങളുടെ യുക്തിയും സൽഫലങ്ങളും അറിഞ്ഞു ചെയ്യുമ്പോൾ ആത്മാർത്ഥതയും ആവേശവും തെളിഞ്ഞു കാണുമെന്നതിൽ സന്ദേഹമില്ല. വ്രതത്തിനകത്ത് ഭൗമികവും അഭൗമികവുമായ ഒട്ടു വളരെ നേട്ടങ്ങൾ നിറക്കപ്പെട്ടിട്ടുണ്ട്. അവയിൽ ചിലത് മാത്രമിവിടെ കുറിക്കുന്നു.
ആരോഗ്യസംരക്ഷണം
ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണ രംഗത്ത് വ്രതത്തിനുളള പങ്ക് അനല്‌പമാണ്. ചില എണ്ണപ്പെട്ട ദിനങ്ങൾ അന്നപാനീയങ്ങൾ വർജ്ജിക്കുന്നത് കൊണ്ട് രോഗശാന്തിയും- ആരോഗ്യവളർച്ചയുമുണ്ടാവുന്നു. മരുന്നുകൾ ഫലം ചെയ്യാത്ത പല രോഗങ്ങൾക്കും വ്രതം രക്ഷകനാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പ്രവാചകർ ﷺ പറഞ്ഞു: “നിങ്ങൾ നോമ്പ് പിടിക്കൂ. ആരോഗ്യം നേടാം”. ത്വബ്റാനി അബൂഹുറൈറയിൽ നിന്നും നിവേദനം ചെയ്‌ത ഹദീസാണിത്. പ്രവാചകവചനം തികച്ചും സത്യമാണല്ലോ. വ്രതാനുഷ്‌ഠാനത്തിൻ്റെ പിന്നിലെ നേട്ടമായി ഖുർആനിൽ പറഞ്ഞത്: “നിങ്ങൾ ‘തഖ്‌വ’ യുളളവരാവാൻ വേണ്ടി ” എന്നത്രെ. ദോഷബാധയെ സൂക്ഷിക്കലും നന്മയെ പുൽകലുമാണ് തഖ്‌വ കൊണ്ടു വിവക്ഷ. ആത്മാവിനു മാത്രമല്ല ആരോഗ്യത്തിനും- ദോഷ ബാധയേൽക്കുന്നതും ഹാനി സംഭവിക്കുന്നതും സൂക്ഷിക്കാനുള്ള സന്ദേശം ഇതിലുൾക്കൊണ്ടുവെന്നതു തീർച്ച.
ഖുർആനും ഹദീസും മാത്രമല്ല ആധുനിക വൈദ്യശാസ്ത്രവും ഭിഷഗ്വരന്മാരും ഇക്കാര്യം സമ്മതിച്ചു പറയുന്നുണ്ട്. പാശ്ചാത്യ ലോകത്തെ ബുദ്ധിജീവികൾ വ്രതത്തിൻ്റെ ആരോഗ്യ മാനം കണ്ടെത്തുകയും അത് ലോകത്തോട് വിളംബരം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. മാത്രമല്ല വ്രതം കൊണ്ടവർ ചികിത്സ നടത്തുകയും ഫലം നേരിൽ കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. അമേരിക്കയിലെ പ്രസിദ്ധ ആരോഗ്യശാസ്ത്രജ്ഞനായ ‘മാക്‌വാഡൻ’ വ്രതത്തെക്കുറിച്ച് പ്രത്യേക പുസ്‌തകം തന്നെ രചിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: “വ്രതം ശരീരത്തിനു ഉപകാരപ്രദമാണ്. കുടൽ സംബന്ധമായ രോഗങ്ങളെ നോമ്പ് കൊണ്ട് ചികിത്സിക്കുന്നവർക്ക് അത്ഭുതകരമായ ഫലങ്ങൾ കാണാം. രോഗികളല്ലാത്തവരും വ്രതമെടുക്കേണ്ടത് ആവശ്യം തന്നെ. ആഹാരങ്ങളിലും മരുന്നുകളിലുമുളള വിഷാംശങ്ങൾ നീക്കി അതു ശരീരം ശുദ്ധമാക്കുന്നു”.
ദഹനേന്ദ്രിയത്തിനും കുടലിനും വ്രതം നൽകുന്ന ആശ്വാസം- അനൽപമാണ്. നിരന്തര ദഹന പ്രക്രിയയിലൂടെ തളർന്നു കിടക്കുന്ന യന്ത്രത്തിനു ഒരു മാസക്കാലം ലഭിക്കുന്ന വിശ്രമം കരുത്തും ഓജസ്സും- പ്രദാനം ചെയ്യുന്നു. പക്ഷെ അസ്തമയ നേരത്ത് വയർ നിറച്ചു കഴിക്കുന്നവർക്ക് ഈ സൽഫലം നഷ്‌ടമാകും. ചിലപ്പോൾ ദ്രോഹം- ചെയ്യുകയും ചെയ്യും. അതിനാലാണ് തുറക്കുമ്പോഴും രാത്രി നേരങ്ങളിലും മിതമായ ഭക്ഷണം കഴിക്കണമെന്ന് പറയുന്നത്. ശരീരം ത്തിൽ പൂണ്ടുകിടക്കുന്ന നീർക്കെട്ടുകളും മാലിന്യങ്ങളും വ്രതം നശിപ്പിക്കുന്നു. കൊഴുപ്പിനെ ഉരുക്കിക്കളയുകയോ അതു വർദ്ധിക്കുന്നതിനെ തടയുകയോ ചെയ്യുന്നു. സമൃദ്ധമായ വിഭവങ്ങൾ കഴിക്കുന്നവർക്കും വ്യായാമം കുറഞ്ഞവർക്കും വ്രതം ഒരു രക്ഷാകവചമത്രെ. അലർജി, ചൊറി, കരൾ രോഗം തുടങ്ങിയവക്കെല്ലാം വ്രതം ഒരു പ്രതിവിധിയാണ്. തടി കുറക്കാനായി ഭക്ഷണം പാടെ ഒഴിവാക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്നവർ റമളാനിലെ നിർബന്ധ വ്രതവും മാസാമാസങ്ങളിലെ സുന്നത്തായ വ്രതവും അനുഷ്ഠിക്കുന്നുവെങ്കിൽ…! മാനസിക പിരിമുറുക്കം, ഉന്മേഷ ക്കുറവ്, മരവിപ്പ് തുടങ്ങിയ രോഗങ്ങൾക്ക് മരുന്നന്വേഷിക്കുന്നവർ വ്രതമനുഷ്ഠിച്ചു ദൈവിക ചിന്തയിൽ കഴിയട്ടെ. എങ്കിൽ അൽപ്പദിനം കൊണ്ടു തന്നെ പ്രയോജനം കിട്ടുകയും പ്രയാസം നീങ്ങുകയും ചെയ്യുന്നു.
പൂർണ്ണതയിലേക്ക്
അനുശാസനപ്രകാരം വ്രതമനുഷ്‌ഠിക്കുന്ന സൗഭാഗ്യവാന്മാർ കാലാകാലം മുഴുവനും റമളാനായിരുന്നുവെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്. വ്രതത്തിൻ്റെ സദ്ഗുണങ്ങൾ തൊട്ടറിഞ്ഞു അനുഭവജ്ഞാനം നേടി സായൂജ്യമടഞ്ഞവരാണവർ. മനുഷ്യൻ അല്ലാഹുവിൻ്റെ സൃഷ്ടികളിൽ പ്രത്യേകക്കാരനാണ്. മറ്റൊന്നിനുമില്ലാത്ത സവിശേഷത. മനുഷ്യനുണ്ട്. ആകാശലോകത്തെ മലക്കുകളെ നോക്കൂ ! അവർ തിന്നുകയോ കുടിക്കുകയോ ഇല്ല. അല്ലാഹുവിൻ്റെ ശാസനക്ക് മാറു കാണിക്കയുമില്ല. അതേ സമയം ഭൂമിയിലെ മനുഷ്യരല്ലാത്ത ജീവികൾക്ക് തിന്നലും കുടിക്കലും ഭോഗിക്കലുമല്ലാതെ മറ്റൊരു ചിന്തയുമില്ല.
ഈ രണ്ട് ലോകങ്ങൾക്കും മധ്യേയാണ് മനുഷ്യനെ അല്ലാഹു പടച്ചത്. രണ്ടു കൂട്ടരുടേയും വിശേഷണങ്ങൾ കൂട്ടിക്കലർത്തി മനുഷ്യനെ മനുഷ്യനാക്കി വ്യതിരിക്തനാക്കി. അതുകൊണ്ടു തന്നെ മലക്കുകളുടെ പദവിയിലേക്ക് ആവും വിധം ഉയരാനും, മൃഗതുല്യനായി അധഃപതിക്കാനും ശരാശരി പൂർണ്ണ മനുഷ്യനായി നിലനിൽക്കാനും അവനു കഴിയും. ഈ പ്രത്യേകത മറ്റൊരു സൃഷ്ടിക്കും ഇല്ല തന്നെ. ഇവയിൽ അവസാനം പറഞ്ഞ പദവിയാണ് മനുഷ്യന് ഉത്തമം. അഥവാ മനുഷ്യത്വത്തിൻ്റെ മഹിത സ്വഭാവങ്ങൾ- ഉൾക്കൊണ്ട് പൂർണ്ണ മനുഷ്യനായി നിലകൊളളുക. അപ്പോൾ ദാഹമോഹങ്ങൾ പൂർത്തീകരിക്കുന്നതോടൊപ്പം തന്നെ ആത്മ വിശുദ്ധിയിലും വഴിപ്പാടിലും മലക്കുകളെപ്പോലെയിരിക്കും. ഇങ്ങനെ കഴിഞ്ഞു കൂടുകയെന്നതാണ് മനുഷ്യ ധർമ്മം. റമളാനിൻ്റെ പകലിൽ ആഹാരവും വികാരവും ഒഴിവാക്കുന്നു. രാത്രിയിൽ അവ ഉപയോഗിക്കുന്നു. അവക്ക് പരിധിയും നിയന്ത്രണവും നിശ്ചയി ക്കുന്നു. അതേ സമയം രാത്രിയും പകലും മാനസ വിശുദ്ധി ഒരു പോലെ നിലനിർത്തുന്നു. ആരാധനാ നിരതനാവുന്നു. എപ്പോഴും അല്ലാഹുവിനെയോർത്തു കഴിയുന്നു. ഇങ്ങനെ മനുഷ്യനെ പൂർണ്ണനാക്കി വളർത്തുകയാണ് വ്രതം ചെയ്യുന്നത്. റമളാനിലെ ഈ ജീവിതരീതി മറ്റു മാസങ്ങളിൽക്കൂടി നടപ്പാക്കുകയും അങ്ങനെ ആത്മവിശുദ്ധി നിലം നിർത്തി ദാഹമോഹങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്താൽ മനുഷ്യൻ ഉന്നതനായിത്തീരും.
ശത്രുവിനെ തടയുന്നു
നബി ﷺ പറയുന്നു. “വ്രതം ഒരു കോട്ടയാണ്”. ശത്രുക്കളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും സംരക്ഷണമേകുന്ന സ്ഥാനമാണല്ലോ കോട്ട. മാനവൻ്റെ ആജന്മ ശത്രുവാണ് പിശാച്. ഈ കൊടിയ ശത്രുവിൽ നിന്നും വ്രതം സംരക്ഷണം നൽകുന്നു. പ്രവാചകർ ﷺ പറഞ്ഞു: “നിശ്ചയം, പിശാച് മനുഷ്യ ശരീരത്തിൽ രക്തം സഞ്ചരിക്കുന്നേടത്തെല്ലാം സഞ്ചരിക്കും. അതിനാൽ അവൻ്റെ മാർഗ്ഗങ്ങളെ വിശപ്പ് കൊണ്ട് തടസ്സപ്പെടുത്തുക”. ആയിശ ബീവി ﵂ യോട് പ്രവാചകർ ﷺ പറഞ്ഞു: നിങ്ങൾ സ്വർഗ്ഗത്തിൻ്റെ വാതിൽ നിരന്തരമായി മുട്ടുക”. ആയിശ (റ) ചോദിച്ചു. “എന്തുകൊണ്ടാണ്* മുട്ടേണ്ടത്?” നബി ﷺ പറഞ്ഞു: ” വിശപ്പ് കൊണ്ട്”.
രുചികരവും സമൃദ്ധവുമായ അന്നപാനീയങ്ങൾ മതിവരുവോളം- കഴിക്കുമ്പോൾ വികാരമോഹങ്ങളുടെ അതിപ്രസരമുണ്ടാകും. വികാരമോഹങ്ങളാവട്ടെ പിശാചിൻ്റെ മേച്ചിൽപുറങ്ങളത്രെ. ഇവിടം പച്ച പിടിച്ചു നിൽക്കുമ്പോൾ പിശാച് തമ്പടിച്ചു കൂടും. പിശാചിൻ്റെ സ്വൈരവിഹാരമുണ്ടാവുമ്പോഴാവട്ടെ അല്ലാഹുവിൻ്റെ മഹത്വം- ദർശിക്കാനുമാവില്ല. പ്രവാചകർ ﷺ പറഞ്ഞു: ” പിശാച് മനുഷ്യ ഹൃദയങ്ങളിൽ മേഞ്ഞുനടക്കുന്നില്ലായിരുന്നുവെങ്കിൽ ആകാശലോകങ്ങളുടെ അദൃശ്യങ്ങൾ അവർ നോക്കിക്കാണുമായിരുന്നു”.
ചുരുക്കത്തിൽ പിശാചിൻ്റെ ആക്രമണത്തിൽ നിന്നും മാനവകുലത്തിനു പരിരക്ഷ നൽകുന്ന കർമ്മമാണ് വ്രതം
പാപമോചനം
റമളാൻ പാപമോചനത്തിൻ്റെ മാസമാണ്. ചെയ്തുപോയ കുറ്റകൃത്യങ്ങളിൽ നിന്നും കൈ കഴുകി രക്ഷപ്പെടാനുള കനകാവസരം. നമ്മുടെ ജീവിതം പാപപങ്കിലമാണ്. ദൈനംദിനം എമ്പാടും ദോഷങ്ങൾ നാം അനുവർത്തിക്കുന്നു. പാപഭാരം നമ്മുടെ മുതുകിനെ പൊട്ടിക്കുകയും ഹൃദയത്തിൽ കൂരിരുട്ട് പരത്തുകയും ചെയ്യുന്നു. അല്ലാഹു കനിഞ്ഞേകിയ ഈ അസുലഭ മുഹൂർത്തങ്ങൾ പാപമുക്തിക്കായി വിനിയോഗിക്കുക. അല്ലാഹു പറയുന്നു: “ആകാശ ഭൂമികളുടെ വിശാലതയുള്ള സ്വർഗ്ഗത്തിലേക്കും നിങ്ങളുടെ നാഥനിൽ നിന്നുളള പാപമോചനത്തിലേക്കും നിങ്ങൾ ഓടിയടുക്കുക”.
അല്ലാഹു എല്ലാ ദോഷങ്ങളും പൊറുക്കുന്നവനാണ്. അവനോട് അതിനായി തേടുക. തൗബ ചെയ്‌തു ഖേദിച്ചു മടങ്ങുക. ഖുർആൻ പറയുന്നതിൽ നിന്നും നമുക്ക് ഇങ്ങനെ ഗ്രഹിക്കാം: “സ്വശരീരങ്ങളോട് അതിക്രമം കാണിച്ച അടിയാറുകളെ, നിങ്ങൾ അല്ലാഹുവിനെ കാരുണ്യത്തെ തൊട്ടും ഭഗ്നാശരാവരുത്. നിശ്ചയം അല്ലാഹു സർവ്വ പാപങ്ങളും പൊറുക്കുന്നവനത്രെ”.