ഖുർആൻ അടക്കമുള്ള ദിക്റ്, അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ മുഖേന അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ശമനം തേടുന്ന മാർഗ്ഗങ്ങൾക്കാണ് മന്ത്രം എന്ന് പറയുന്നത്.
ഇമാം നവവി (റ) പറയുന്നു:
وَأَمَّا الرَّقِي بِآيَاتِ القُرْآنِ وَبِالْأَذْكَارِ الْمَعْرُوفَةِ فَلَا نهي فِيهِ بَلْ هُوَ سَنَّةٌ (شرح مسلم ۲/ ۲۱۹)
ഖുർആന്റെ ആയത്തുകൾകൊണ്ടും അറിയപ്പെട്ട ദിക്റുകൾക്കൊണ്ടുമുള്ള മന്ത്രത്തിൽ വിരോധമില്ല. മറിച്ച് അത് സുന്നത്താണ് (ശർഹു മുസ്‌ലിം: 2/219)
അല്ലാഹു തആല പറയുന്നു: ഖുർആനിൽ നിന്നും കാരുണ്യവും രോഗശമനവും നൽകുന്ന ഒന്ന് നാം ഇറക്കിയിരിക്കുന്നു (അൽ ഇസ്റാഅ: 82). മന്ത്രം മൂന്ന് നിബന്ധനകൾ പാലിച്ചു കൊണ്ട് മാത്രം അനുവദനീയമാണെന്ന് പണ്ഡിതർ ഏകോപിച്ചു പറഞ്ഞിട്ടുണ്ട്. 1) മന്ത്രം അല്ലാഹുവിന്റെ പരിശുദ്ധ വചനം, പേര്, വിശേഷണം എന്നിവ കൊണ്ടായിരിക്കുക. 2) മന്ത്രം അറബിയിലോ അല്ലെങ്കിൽ അർത്ഥം അറിയുന്ന മറ്റു ഭാഷകളിലോ ആയിരിക്കുക. 3) മന്ത്രത്തിന്റെ സ്വമേധയാ കഴിവുകൊണ്ടല്ല പ്രത്യുത അല്ലാഹുവിന്റെ കഴിവുകൊണ്ടാണ് ഫലം കിട്ടുന്നതെന്ന് വിശ്വസിക്കുക.
ആഇശാ (റ)വിനെതൊട്ട് റിപ്പോർട്ട്. നബി (സ) മരണശയ്യയിലായിരുന്നപ്പോൾ കാവലിന്റെ ദിക്റുകൾ ഓതി സ്വന്തം കയ്യിൽ ഊതി ശരീരം തടവുമായിരുന്നു. രോഗം മൂർച്ചിച്ച് അവശനായപ്പോൾ ഞാൻ ഓതുകയും നബി (സ)യുടെ കയ്യിൽ ഊതി ബറകത്തിനുവേണ്ടി ആ കൈകൊണ്ടുതന്നെ ശരീരം തടവിക്കൊടുക്കുകയും ചെയ്യുമായിരുന്നു (ബുഖാരി 2/886).
عَنْ عَائِشَةَ (رض) أَمَرَ النَّبِيُّ (ص) أَنْ يُسْتَرقى مِنَ العَيْنِ مُتَّفَقٌ عَلَيْهِ)
കണ്ണേറിനു മന്ത്രിക്കാൻ നബി (സ) കൽപ്പിച്ചിരുന്നു (ബുഖാരി, മുസ്‌ലിം).