Site-Logo
POST

പുതിയറ സുലൈമാൻ മുസ്‌ലിയാർ-2

13 Mar 2024

feature image

ഖിബ്‌ല നിർണയത്തിൽ അതീവ വിദഗ്ധനായിരുന്നു പുതിയറ സുലൈമാൻ മുസ്‌ലിയാർ. മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയിൽ നിന്നാണ് അതിനാവശ്യമായ ഗണിത ശാസ്ത്ര പ്രാവീണ്യം അദ്ദേഹം കരഗതമാക്കിയത്. പുളിക്കലിൽ നിന്ന് ദർസ് മാറി മൗലാനാ വാഴക്കാട് ദാറുൽ ഉലൂമിൽ എത്തിയപ്പോഴും സുലൈമാൻ മുസ്‌ലിയാർ കൂടെയുണ്ടായിരുന്നു. ഔദ്യോഗിക പഠനത്തിന് വിരാമം കുറിച്ചതും അവിടെ വെച്ചായിരുന്നു.

കണ്ണൂർ ജില്ലയിലെ
കുഞ്ഞിമംഗലം പള്ളിയുടെ കുറ്റിയടിക്കൽ ചടങ്ങിന്റെ തലേദിവസം. യാദൃച്ഛികമായി സുലൈമാൻ മുസ്‌ലിയാർ അതുവഴി വന്നു. പ്രദേശ വാസികൾ അദ്ദേഹത്തോട് വിഷയം പങ്കുവെച്ചു. കുറ്റിയടിക്കാൻ വേണ്ടി പ്രഗത്ഭ പണ്ഡിതനായ തെക്കുമ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാരെ ക്ഷണിച്ച വിവരവും അറിയിച്ചു. ഉടൻ ഉസ്താദ് ഒരു വര വരച്ചു ഇങ്ങനെ പറഞ്ഞു. “ഇതാണ് ഖിബ്‌ല”.
പിറ്റേന്ന് കുഞ്ഞഹമ്മദ് മുസ്‌ലിയാർ സ്ഥലത്തെത്തി. റുബുഉൽ മുജയ്യബും കോമ്പസുമെല്ലാം ഉപയോഗിച്ച് ഖിബ്‌ല പരിശോധിച്ച് അടയാളപ്പെടുത്തി. അതുകണ്ട് നാട്ടുകാർ ആശ്ചര്യഭരിതരായി. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ സുലൈമാൻ മുസ്‌ലിയാർ ഇന്നലെ കാണിച്ചു കൊടുത്തതും കുഞ്ഞഹമ്മദ് മുസ്‌ലിയാർ ശാസ്ത്രീയമായി നിർണ്ണയിച്ചു നൽകിയതും ഒരേ ദിശയിൽ തന്നെ!


സ്വൂഫി, തത്വജ്ഞാനി

ആത്മീയ മേഖലയിലെ വ്യക്തി പ്രഭാവമാണല്ലോ സുലൈമാൻ മുസ്‌ലിയാരെ കൂടുതൽ ജനകീയനാക്കിയത്. പഠനാനന്തരം മുദാക്കര പള്ളിയിൽ മുദരിസായി സേവനം അനുഷ്ഠിച്ചിരുന്നെങ്കിലും
അതേ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. തുടർന്ന്, പരിത്യാഗ ജീവിതം നയിച്ച ഉസ്താദ് വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങൾക്ക് ഉപദേശ നിർദേശങ്ങൾ നൽകാറുണ്ടായിരുന്നു. അത്തരത്തിലുള്ള പല സംഭവങ്ങളും പൂർവ്വികരിൽ നിന്ന് ഉദ്ധരിക്കപ്പട്ടിട്ടുണ്ട്.

ഒരിക്കൽ മാനാഞ്ചിറ മൈതാനിയിൽ കളിക്കുന്ന കുട്ടികളെ നോക്കി പാടിയ പാട്ടിലെ വരികൾ ഏറെ പ്രസക്തമാണ്.
“കുട്ടീ കുട്ടീ ശ്രദ്ധിച്ചോ
കുട്ടീ കുട്ടീ ഗൗനിച്ചോ
ഇക്കളിയൊന്നും കളിയല്ലാ
മരണം എന്നൊരു കളിയുണ്ട്
ഖബ്റെന്നുള്ളൊരു കളിയുണ്ട്
മഹ്ശറയെന്നൊരു കളിയുണ്ട്
ഇങ്ങനെ കളികൾ പലതുണ്ട്”.
ഐഹിക ജീവിതം നശ്വരമാണെന്നും പാരത്രിക വിജയമാണ് പ്രധാനമെന്നും സമൂഹത്തെ ഓർമപ്പെടുത്തുകയായിരുന്നു ഈ വരികളിലൂടെ ഉസ്താദ്. മറ്റൊന്ന് സുലൈമാൻ മുസ്‌ലിയാരുടെ സോപ്പിൻ്റെ വിശേഷമാണ്. അത് വാങ്ങിയവനും വാങ്ങാത്തവനും ഖേദിക്കും എന്നതാണ് പഴമൊഴി. വാങ്ങിയവന്‍ എനിക്ക് കൂടുതല്‍ വാങ്ങാന്‍ കഴിഞ്ഞില്ലല്ലോ എന്നും വാങ്ങാത്തവന്‍ എനിക്ക് അത് കിട്ടിയില്ലല്ലോ എന്നും ചിന്തിച്ചുമായിരിക്കും ദു:ഖിക്കുകയത്രെ.

അദൃശ്യ ജ്ഞാനം സിദ്ധിച്ച മഹാരഥൻ കൂടിയായിരുന്നു സുലൈമാൻ മുസ്‌ലിയാർ. ബഹ്റുൽ ഉലും ഒ കെ ഉസ്താദിൻ്റെ ശിഷ്യനായിരുന്നു മൂന്നിയൂർ കുഞ്ഞീൻ മുസ്‌ലിയാർ.
തലക്കടത്തൂർ ദർസിൽ നിന്ന് ഉപരിപഠനത്തിന് വെല്ലൂർ ബാഖിയാത്തിൽ ചേരാൻ ആഗ്രഹിച്ച
കുഞ്ഞീൻ മുസ്‌ലിയാർക്ക് താഴെ ക്ലാസിലാണ് അഡ്മിഷൻ ലഭിച്ചത്. സഹപാഠികൾക്കെല്ലാം മുതവ്വലിൽ പ്രവേശനം ലഭിക്കുകയും ചെയ്തു.
അവരിൽ പലർക്കും അദ്ദേഹം കിതാബുകൾ ഓതിക്കൊടുത്തിട്ടുമുണ്ട്. ദുഖിതനായ കുഞ്ഞീൻ മുസ്‌ലിയാർ പിതാവിന് കത്തെഴുതി. പിതാവ് പുതിയറ സുലൈമാൻ മുസ്‌ലിയാരെ സമീപിച്ചു. ‘ഹറാമായ മൊതല് കൊണ്ട് പോയാൽ അങ്ങനെയല്ലേ വരൂ’ എന്നായിരുന്നു പ്രതികരണം.

എന്താണ് പറഞ്ഞതെന്ന് മനസിലായില്ലെങ്കിലും തൻ്റെ ആത്മീയ വഴികാട്ടിയുടെ പ്രതികരണം പിതാവ് മകനെ കത്തുമുഖേന അറിയിച്ചു. അപ്പോഴാണ് കുഞ്ഞീൻ മുസ്‌ലിയാർ ആ സംഭവം ഓർത്തെടുക്കുന്നത്.
ആത്മമിത്രമായ ഒരാളാണ് റെയിൽവേ സ്റ്റേഷനിൽ ബാഖിയാത്തിലേക്ക് യാത്രയാക്കാൻ വന്നിരുന്നത്. അയാൾക്ക് സാമ്പത്തിക ശുദ്ധി കുറവായിരുന്നു. ട്രൈൻ കയറുന്നതിന് മുമ്പ് അയാൾ കുറച്ച് പണവും ബീഡിയും ഏല്പിച്ചിരുന്നു. നിഷിദ്ധമായ ആ മുതൽ സ്വീകരിച്ചതാണ് ഇങ്ങനെയൊരു വിപത്ത് സംഭവിക്കാൻ കാരണം. അക്കാര്യം കൃത്യമായി തിരിച്ചറിയാൻ സാധിച്ചുവെന്നത് സുലൈമാൻ മുസ്‌ലിയാരുടെ മാഹാത്മ്യത്തിൻ്റെ തെളിവാണ്.

കോഴിക്കോടായിരുന്നല്ലോ മഹാനവർകളുടെ പ്രധാന കർമഭൂമിക. നിരവധി വർഷങ്ങൾ നഗരത്തിൽ അദ്ദേഹം സ്വൂഫി ജീവിതം നയിച്ചു. ഇക്കാലയളവിൽ നിരവധി പ്രഗത്ഭർ ശിഷ്യത്വം സ്വീകരിച്ചിരുന്നു. അവരിൽ പ്രമുഖനാന്ന് ശൈഖ് പുലി മുഹ്‌യിദ്ദീൻ സാഹിബ് ബട്കൽ. നഖ്ശബന്ദി ത്വരീഖതിൻ്റെ ഖലീഫയായിരുന്ന സാഹിബാണ് മടവൂർ സി എം വലിയ്യുല്ലാഹിയുടെ പ്രധാന ആത്മീയ വഴികാട്ടി.

കൊരൂർ ത്വരീഖതിനെതിരെ

ആത്മീയതയെ ചൂഷണോപാധിയാക്കി സമൂഹത്തെ കബളിപ്പിക്കാനിറങ്ങിയ കപട ത്വരീഖതുകാരെ തുറന്നു കാണിക്കുന്നതിൽ പുതിയറ സുലൈമാൻ ഉസ്താദ് വഹിച്ച പങ്ക് വലുതാണ്. സമസ്തയുടെ രൂപീകരണ കാലം.
പുത്തൻ വീട്ടിൽ അമ്മദ് കുട്ടി എന്നയാൾ പുതിയൊരു ത്വരീഖതുമായി രംഗപ്രവേശം ചെയ്തു. വികല വാദങ്ങൾ നിറഞ്ഞതായിരുന്നു അയാളുടെ വ്യാജ ത്വരീഖത്. ഇസ്‌ലാമിലെ പഞ്ചകർമങ്ങളെ പോലും ദുർവ്യാഖ്യാനിച്ച ഈ വിഭാഗത്തിനെതിരെ 1912ൽ മൗലിനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ഫത്‌വ പുറപ്പെടുവിച്ചു. ഗുരുവിൻ്റെ ഈ ആഹ്വാനം ഏറ്റെടുത്ത് ശിഷ്യനും കൊരൂർ ത്വരീഖതിനെ പ്രസംഗങ്ങളിലൂടെയും സംവാദങ്ങളിലൂടെയും തുറന്നുകാട്ടി.

ഒരിക്കൽ, സുലൈമാന്‍ മുസ്‌ലിയാര്‍ കൊരൂർ ശൈഖിനെ സന്ദര്‍ശിച്ച് ശിഷ്യത്വം നൽകണമെന്നാവശ്യപ്പെട്ടു. ജാലവിദ്യ ഉപയോഗിച്ച് അനുയായികളെ വശീകരിക്കലായിരുന്നു ശൈഖിൻ്റെ തന്ത്രം. അനുയായികളെ അക്കാര്യം ബോധ്യപ്പെടുത്തുകയായിരുന്നു സന്ദർശന ലക്ഷ്യം. ശിഷ്യനാകാൻ അനുവാദം ലഭിച്ചതോടെ ഒരു ഉപാധി വെച്ചു. കുളിക്കാൻ വെള്ളം വേണം. നന്നായി വെട്ടിതിളച്ച വെള്ളം തന്നെ വേണം. ഞാനാദ്യം കുളിക്കും. ശേഷം ശൈഖും കുളിക്കണം. ഗത്യന്തരമില്ലാതെ അയാൾ വഴങ്ങി.
പക്ഷെ, തിളച്ച വെള്ളം സുലൈമാൻ മുസ്‌ലിയാർ സ്വശരീരത്തിലൂടെ ഒഴിച്ചു തുടങ്ങിയപ്പോഴേക്കും ശൈഖ് സാഹചര്യം അനുകൂലമല്ലെന്ന് തിരിച്ചറിഞ്ഞ് പിൻമാറി. ഇതുകണ്ട മുസ്‌ലിയാർ നീ കള്ളനാണെന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങി. കൊരൂർ ത്വരീഖതിൻ്റെ സ്വാധീനം നിഷ്പ്രഭമാക്കിയ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു ധീരമായ ഈ ഇടപെടൽ.

വിയോഗം

ഹി. 1364/1945ലായിരുന്നു
മഹാനവർകളുടെ വിയോഗമെന്നാണ് ചരിത്ര കുറിപ്പുകൾ സൂചിപ്പിക്കുന്ന്. കൂടുതൽ വിവരങ്ങൾ
ലഭ്യമല്ല. കോഴിക്കോട് പുതിയറ ജുമാ മസ്ജിദിനോട് ചേർന്നുള്ള മഖ്ബറയിലാണ് അന്ത്യവിശ്രമം. ദിനേന നിരവധി സന്ദർശകർ എത്തുന്ന ചരിത്ര സ്മാരകമാണ് ഇന്നവിടം. ജീവിത കാലത്തെന്ന പോലെ മരണാനന്തരവും ആശ്രിതർക്ക് അഭയമായി അവിടെ ആ മഹാമനീഷി അന്ത്യ വിശ്രമം കൊള്ളുന്നു.

-ഉമൈർ ബുഖാരി ചെറുമുറ്റം

Related Posts