നമ്മുടെ നാട്ടിൽ പാരമ്പര്യമായി നടന്നുവരുന്ന ഒരു സംവിധാനമാണ് ഖത്തപ്പുര. ഖബറിനു സമീപത്തുവെച്ച് മയ്യിത്തിന്റെ ഗുണത്തിനുവേണ്ടി ഖുർആൻ പാരായണം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇവ നിർമ്മിക്കപ്പെടാറുള്ളത്. ഖുർആൻ പാരായണം ചെയ്യുന്നവർക്ക്
ചൂടും തണുപ്പും ഏൽക്കാതിരിക്കുക എന്നതാണ് ഇവയുടെ നിർമ്മാണ ലക്ഷ്യം. നിരവധി തവണ ഖുർആൻ ഖത്മ് ചെയ്യുന്നയിടം എന്നതാണ് ‘ഖത്മ് പുര’യുടെ പേരിനു പിന്നിൽ. പിന്നീടത് ലോപിച്ച് ഖത്തപ്പുരയായി മാറി.
ഇത്തരം ടെന്റുകൾ ആവശ്യത്തിന് അനുസരിച്ച് നിർമിക്കാവുന്നതാണ്. അനാവശ്യമാകുമ്പോൾ അത് കറാഹതാകും. അല്ലാമ ബസ്വരി(റ)യെ ഉദ്ധരിച്ച് അല്ലാമ ശർവാനി(റ) എഴുതുന്നു: “ഖബറിനു മുകളിൽ ടെന്റ് നിർമിക്കൽ കറാഹത്താണെന്നു പറഞ്ഞത് നിഴൽ ലഭിക്കുന്നതിനായി അവ ആവശ്യമില്ലാത്തപ്പോൾ മാത്രമാണ്. ആവശ്യമുണ്ടെങ്കിൽ കറാഹത്തില്ല. മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യാൻ സംഗമിക്കുന്നവർക്ക് ചൂടിൽ നിന്നും തണുപ്പിൽ നിന്നും സംരക്ഷണം നൽകാൻ കെട്ടുന്ന ഷെഡ് ഉദാഹരണം” (ശർവാനി: 3: 197).
ഖത്തപ്പുരയിലെ ഓത്ത്
പ്രബലമായ ഹദീസിന്റെ അടിസ്ഥാനത്തിൽ ഖബറിനരികിൽ വെച്ച് മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യുന്നത് സുന്നത്താണെന്ന് പണ്ഡിതലോകം വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലം പരേതന് ലഭിക്കുമെന്നതിൽ സംശയമില്ല. നാലു മദ്ഹബിലെ പണ്ഡിതന്മാരും ഇക്കാര്യത്തിൽ ഏകാഭിപ്രായമുള്ളവരാണ്.
ഇമാം ബുഖാരിയും ഇമാം മുസ്ലിമും രേഖപ്പെടുത്തിയ ഹദീസ് ഇപ്രകാരമാണ്. ഇബ്നു അബ്ബാസ്(റ)യിൽ നിന്നു നിവേദനം: ഒരിക്കൽ തിരുനബി ﷺ രണ്ട് ഖബ്റുകൾക്കരികിലൂടെ നടന്നു പോവുകയായിരുന്നു. അപ്പോൾ അവയിലെ ഖബറാളികൾ ശിക്ഷക്ക് വിധേയരാകുന്നുണ്ടെന്നും അവരുടെ ദൃഷ്ടിയിൽ വലിയ കുറ്റങ്ങളുടെ കാരണമല്ല അതെന്നും അവിടുന്ന് പറഞ്ഞു. ആദ്യത്തെയാൾ ശൗചം ചെയ്യാത്തവൻ ആയിരുന്നു. രണ്ടാമൻ പരദൂഷണം പറയുന്നവനും. ശേഷം ഒരു പച്ച ഈത്തപ്പനയോലയെടുത്ത് സമമായി ബാധിച്ച് ഓരോ ഖബ്റിനു മുകളിലും സ്ഥാപിച്ചു. അതു രണ്ടും ഉണങ്ങാതിരിക്കുമ്പോൾ അവർക്ക് ശിക്ഷ ലഘൂകരിക്കപ്പെടും എന്നായിരുന്നു അതേക്കുറിച്ച് അന്വേഷിച്ച അനുചരന്മാർക്ക് ലഭിച്ച മറുപടി (ബുഖാരി: 211, മുസ്ലിം : 439).
പ്രസ്തുത ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി ﵀ എഴുതുന്നു: ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്യൽ സുന്നത്താണെന്ന് ഈ ഹദീസ് തെളിവായി ഉദ്ധരിച്ച് പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നു. ഈത്തപ്പനയോലയുടെ തസ്ബീഹ് കാരണം ശിക്ഷയിൽ ഇളവുലഭിക്കുമെന്ന് പ്രതീക്ഷിക്കാമെങ്കിൽ ഖുർആൻ പാരായണം അതിനു കൂടുതൽ ബന്ധപ്പെട്ടതാണല്ലോ (ശർഹു മുസ്ലിം. 1/473). അപ്പോൾ ഇസ്ലാമിലെ പ്രമാണങ്ങളിലൊന്നായ ഖിയാസിന്റെ അടിസ്ഥാനത്തിലും ഖബ്റിനുസമീപം ഖുർആനോതുന്നത് സുന്നത്താണെന്ന് സ്ഥിരപ്പെടുന്നു.
മറ്റൊരു ഹദീസിൽ കാണാം. മുത്തബിഉസ്സുന്ന അബ്ദുല്ലാഹിബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം. തിരുനബി ﷺ പറയുന്നു: നിങ്ങളിലൊരാൾ മരണപ്പെട്ടാൽ വേഗത്തിൽ മറവു ചെയ്യണം. ശേഷം അവന്റെ തലഭാഗത്തു നിന്ന് അൽബഖറയുടെ ആദ്യഭാഗവും കാൽഭാഗത്തു നിന്ന് അവസാനഭാഗവും പാരായണം ചെയ്യുക” (ശുഅബുൽ ഈമാൻ, ഇമാം ബൈഹഖി, മിശ്കാത്ത് പേ: 149).
ഇപ്രകാരം അൻസ്വാരികൾ ഖബ്റിനുസമീപം ഒരുമിച്ചുകൂടി ഖുർആൻ പാരായണം ചെയ്തിരുന്നതായി ഇമാം സുയൂത്വി ﵀ ശർഹു സ്വുദൂറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. “ഖല്ലാൽ(റ) ശഅ്ബി(റ)വിനെ ഉദ്ധരിച്ച് ജാമിഇൽ രേഖപ്പെടുത്തുന്നു. മരണപ്പെട്ടവരുടെ ഖബറിനുസമീപം സംഗമിച്ച് ഖുർആൻ പാരായണം ചെയ്യുന്ന പതിവ് അൻസ്വാരികൾക്കുണ്ടായിരുന്നു (ശർഹുസ്വുദൂർ 8: 311). മറ്റൊരു റിപ്പോർട്ടിൽ അൻസ്വാരികൾ മയ്യിത്തിനുസമീപത്തു വെച്ച് അൽബഖറ സൂറത്ത് പാരായണം ചെയ്യാറുണ്ടായിരുന്നു (മുസ്വന്നഫ് 3/121) എന്നും കാണാം.
പിൽക്കാല മഹാരഥന്മാരും ഈ ശൈലി ഈ പാത പിന്തുടർന്നു. ഇബ്നു അസാകിർ(റ) രേഖപ്പെടുത്തുന്നു. ഹിജ്റ 490 മുഹറം 9 ചൊവ്വാഴ്ച ശൈഖ് നസ്റുബ്നു ഇബ്റാഹീം അൽ മഖ്ദിസി(റ) മരണപ്പെട്ടു. ഏഴുദിവസം അദ്ദേഹത്തിന്റെ ഖബറിനുസമീപം ഞങ്ങൾ ഖുർആൻ പാരായണം ചെയ്തു. ഓരോ രാത്രിയിലും ഇരുപത് ഖത്മ് വീതമാണ് ഓതിയിരുന്നത്. (അൽഹാവി: 2/194, തബ്യീനുകദിബിൽ മുഫ്തരി: 787, തഹ്ദീബു അസ്മാഇ വല്ലുഗാത്ത് 2: 126)
ഹമ്പലീ പണ്ഡിതനായിരുന്ന അബൂജഅഫർ(റ)വിന്റെ ചരിത്രം വിവരിച്ച് ഇബ്നുകസീർ രേഖപ്പെടുത്തുന്നു. ‘ഇമാം അഹ്മദ്(റ)വിന്റെ ചാരത്താണ് അദ്ദേഹത്തെ മറവുചെയ്തത്. അങ്ങാടിയിലേക്കെന്ന പോലെ പൊതുജനങ്ങൾ അദ്ദേഹത്തിന്റെ ഖബറിടത്തിലേക്ക് പോയിക്കൊണ്ടിരുന്നു. എല്ലാ ബുധനാഴ്ച രാവിലും അവരവിടെ വന്ന് ധാരാളം ഖത്മുകൾ ഖുർആൻ പാരായണം ചെയ്യും. ശൈത്യകാലം വരെ ഈ രീതി തുടർന്നു. മൊത്തം പതിനായിരം ഖത്മുകൾ അദ്ദേഹത്തിന്റെ പേരിൽ പാരായണം ചെയ്തിട്ടുണ്ട് (അൽ ബിദായത്തുവന്നിഹായ: 12: 119).
ഇനി നവീന വാദികൾ തങ്ങളുടെ നായകനായി വാഴ്ത്തുന്ന ഇബ്നു തൈമിയ്യയുടെ ചരിത്രം പരിശോധിക്കാം. ഹാഫിള് ഇബ്നുകസീർ എഴുതുന്നു.
“ഇബ്നുതൈമിയ്യയുടെ പേരിൽ സ്വാലിഹിയ്യയിലും നാട്ടിലും വെച്ച് ധാരാളം ഖത്മുകൾ ഖുർആൻ പാരായണം ചെയ്തു. രാപകൽ വ്യത്യാസമില്ലാതെ ജനങ്ങൾ അദ്ദേഹത്തിന്റെ ഖബറിടത്തിൽ വന്നുപോയിക്കൊണ്ടിരുന്നു. രാത്രി അദ്ദേഹത്തിന്റെ ഖബറിന് സമീപം തങ്ങി പ്രഭാതത്തിലായിരുന്നു അവർ തിരികെ പോയിരുന്നത്.(അൽബിദായത്തു വന്നിഹായ പേ: 14: 157).
ഇവ്വിഷയകമായി അല്ലാമ ശർവാനി(റ)യുടെ പരാമർശം പ്രസക്തമാണ്. “ചുരുക്കത്തിൽ ഒരാൾ ഖുർആൻ പാരായണം ചെയ്തതിന്റെ പ്രതിഫലം മരണപ്പെട്ട വ്യക്തിക്ക് ലഭിക്കണമെന്ന് ഉദ്ദേശിക്കുകയോ അത് പരേതന് ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുകയോ അദ്ദേഹത്തിന്റെ ഖബറിനരികിൽ വെച്ച് പാരായണം ചെയ്യുകയോ ചെയ്താൽ അതിന്റെ തതുല്യ പ്രതിഫലം മരണപ്പെട്ട വ്യക്തിക്ക് ലഭിക്കുന്നതാണ്. പാരായണം ചെയ്തയാൾക്കും പ്രതിഫലം ലഭിക്കും (ശർവാനി: 7/74).
പാരമ്പര്യ മുസ്ലിം സമൂഹം അനുവർത്തിച്ചു വരുന്ന ഖത്തപ്പുര സമ്പ്രദായത്തിന് പ്രാമാണിക പിൻബലമുണ്ടെന്ന് വ്യക്തം. തിരുനബി(സ്വ)യും സ്വഹാബികളും നിർവ്വഹിച്ചതും പൂർവ്വഗാമികൾ പിന്തുടർന്നതുമായ സുകൃതമാണത്. നവീന വാദികളുടെ അതേക്കുറിച്ചുള്ള വിമർശനങ്ങൾ വ്യർത്ഥമാണ്.