വിശ്വാസി ജീവിതത്തെ ആത്മീയാനുഭൂതി കൊണ്ട് സമ്പുഷ്ടമാക്കാനുള്ള അവസരമാണ് പരിശുദ്ധ റമളാൻ. ഒരു വർഷക്കാലത്തേക്കുള്ള ആത്മീയ ഊർജ്ജം വിശ്വാസികൾ നേടിയെടുക്കുന്നത്, റമളാൻ മാസത്തിൽ ചിട്ടപ്പെടുത്തുന്ന ആരാധനകളിലൂടെയാണ്. റമളാൻ മറ്റു മാസങ്ങളിൽ നിന്ന് വളരെ വ്യത്യസ്‌തമാണ്. ആരാധനകൾ, പ്രതിഫലത്തിന്റെ തോത് തുടങ്ങി പല പ്രത്യേകതകളും അതിൽ കാണാം. അതുകൊണ്ടുതന്നെ ഓരോ വിശ്വാസിയും പരിശുദ്ധ റമളാനിനെ കഴിവിൻ്റെ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു. ഖുർആൻ പാരായണവും രാത്രിയിലെ നിസ്കാരങ്ങളും ഇഅ്‌തികാഫുമായി അതിന്റെ പട്ടിക വിപുലപ്പെടുത്തുന്നു. ഒരു സുന്നത്ത് പ്രവർത്തിച്ചാൽ ഫർളിന്റെ കൂലിയും, ഒരു ഫർള് പ്രവർത്തിച്ചാൽ എഴുപത് ഫർളിന്റെ കൂലിയും ലഭിക്കുമ്പോൾ ആരാണ് അതിനെ നഷ്ടപ്പെടുത്തുക ?
റമളാനിലെ പ്രത്യേക നിസ്‌കാരമാണ് തറാവീഹ്. ഇശാഇന് ശേഷം രണ്ട് റക്അത്തുകളിലായി, ഇരുപത് റക്അത്ത് പൂർത്തിയാക്കുന്ന നിസ്ക്‌കാരമാണിത്. തറാവീഹ് എന്ന പദം ഹദീസുകളിൽ വന്നിട്ടില്ല. ഓരോ നാലു റക്‌അത്തുകൾക്ക് ശേഷവും വിശ്രമമെടുക്കുന്നതിനാലാണ് ഈ പേരിൽ അറിയപ്പെടുന്നത്. നബി തങ്ങൾ പറയുകയുണ്ടായി: അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് പൂർണ്ണ വിശ്വാസത്തോടെ ‘റമളാനിലെ നിസ്കാരം’ നിർവഹിക്കുന്നവർക്ക് കഴിഞ്ഞു പോയ സർവ്വ പാപങ്ങളിൽ നിന്നും മോചനമുണ്ട് (ബുഖാരി:2008).
ഇവിടെ സൂചിപ്പിക്കുന്നത് തറാവീഹ് നിസ്കാരത്തെയാണ്. ഈ രീതിയിൽ ഒരുപാട് പവിത്രതകൾ തറാവീഹ് നിസ്‌കാരത്തെക്കുറിച്ച് വന്നതായി ഹദീസുകളിൽ കാണാം. ഹാഫിള് ഇബ്നു റജബ് ﵀ പറയുന്നു: റമളാൻ മാസത്തിൽ വിശ്വാസിക്ക് സ്വശരീരത്തോട് രണ്ട് ജിഹാദുകൾ ചെയ്യാനുണ്ട്. ഒന്ന് പകലിൽ നോമ്പ് നോറ്റുള്ള ജിഹാദും മറ്റൊന്ന് രാത്രിയിലെ നിസ്കാരത്തിലൂടെയുള്ള ജിഹാദുമാണ്. ഇവ രണ്ടും ഒരുമിച്ചു കൂട്ടുന്നവർക്ക് തുല്യത യില്ലാത്ത പ്രതിഫലം ലഭിക്കുന്നതുമാണ്.
തറാവീഹ് നിസ്കാരം നബി തങ്ങൾ തന്നെ നിസ്കരിച്ചു കാണിച്ചു തന്നതാണ്. ഒരിക്കൽ പാതിരാത്രിയിൽ നബി തങ്ങൾ പള്ളിയിലേക്ക് വരികയും അവിടെയുണ്ടായിരുന്ന സ്വഹാബികളെ കൂട്ടി നിസ്കരിക്കുകയും ചെയ്‌തു. പ്രഭാതമായപ്പോൾ സ്വഹാബത്ത് പരസ്‌പരം അതിനെക്കുറിച്ച് സംസാരിച്ചു. അങ്ങനെ ആ രാത്രി തലേ ദിവസത്തേക്കാൾ കൂടുതൽ ആളുകൾ ഒരുമിച്ചുകൂടി. മൂന്നാം ദിവസം വിഷയം കൂടുതൽ ആളുകളിലേക്ക് പരക്കുകയും അന്നേദിവസം അതിലേറെ ആളുകൾ ഒരുമിച്ചു കൂടുകയും ചെയ്തു. മൂന്ന് ദിവസം ഇത് തുടർന്നു. മൂന്നാം ദിനം പള്ളി ജനങ്ങളാൽ തിങ്ങിനിറയുകയും ചെയ്തു. നാലാം ദിവസം സ്വഹാബത്തെല്ലാം നബി ﷺ യെ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. സുബ്ഹി വരെ അവർ കാത്തു നിന്നു. സുബ്ഹി ജമാഅത്തിന് ശേഷം നബി തങ്ങൾ ജനങ്ങളോട് പറഞ്ഞു: നിങ്ങൾ ഒരുമിച്ചു കൂടിയത് ഞാൻ അറിയാത്തതു കൊണ്ടല്ല. പക്ഷേ ഇനിയും ഇത് തുടർന്നാൽ അല്ലാഹു ഇത് നിർബന്ധമാക്കുമെന്ന ഭയത്താലാണ് ഞാൻ വരാതിരുന്നത്. പിന്നീട് അവിടുത്തെ വഫാത്ത് വരെ ഏകീകൃതമായ രീതിയിൽ തറാവീഹിന് ജമാഅത്ത് ഉണ്ടായിട്ടില്ല.
പിന്നീട്, ഉമർ ﵁ ന്റെ കാലഘട്ടത്തിലാണ് ഏകീകൃത ജമാഅത്ത് സംവിധാനം നിലവിൽ വരുന്നത്. ആളുകൾ ഒറ്റയും തെറ്റയുമായി നിസ്ക്‌കരിക്കുന്നത് ഉമർ ﵁ കണ്ടപ്പോൾ അവരെ ഒറ്റ ജമാഅത്തിന് കീഴിൽ സംവിധാനിക്കുകയായിരുന്നു. സംഘടിതമായ ജമാഅത്ത് സംവിധാനിക്കാൻ കൽപ്പിച്ചുകൊണ്ട് ഉമർ ﵁ പറഞ്ഞത് : ഇതൊരു ‘നല്ല ബിദ്അത്താണെന്നാണ്’. ജമാഅത്തായി തറാവീഹ് നിസ്കാരം
നബി തങ്ങൾ പഠിപ്പിച്ചിട്ടുണ്ടങ്കിലും, ഇങ്ങനെ ഏകീകൃതമായ രീതിയിൽ സംഘടിപ്പിച്ച നിസ്കാരം നബിയുടെ കാലത്ത് ഇല്ലായിരുന്നുവെന്നതാണ്
ഇതിനെ നല്ല ബിദ്അത്തെന്ന്
വിശേഷിപ്പിക്കാൻ കാരണം.
വഹാബികളുടെ ആശയ സ്രോതസ്സായ ഇബ്നു തൈമിയ്യ തന്നെ തന്റെ ഇഖ്‌തിളാഉ സ്വിറാത്വിൽ
മുസ്‌തഖീം എന്ന ഗ്രന്ഥത്തിൽ
രേഖപ്പെടുത്തുന്നത് തറാവീഹ്
നിസ്കാരം എന്നത് പുതുതായി
ഉണ്ടായ ഒന്നല്ലെന്നും നബി ﷺ
തങ്ങളുടെ സുന്നത്താണെന്നുമാണ്. ഖേദകരമെന്ന് പറയട്ടെ,
കേരളത്തിലെ ചില പുത്തൻവാദ
പ്രസ്ഥാനക്കാർ പല വേളകളിലും
അങ്ങനെ ഒരു നിസ്‌കാരം തന്നെ
ഇല്ലെന്നും, റമളാൻ മാസത്തിൽ
വിത്റും തഹജ്ജുദും നിസ്‌കരിക്കുന്നതിനെ കുറിച്ചാണ് ഹദീസിൽ പറഞ്ഞതെന്നും പ്രചരിപ്പിച്ചിട്ടുണ്ട്. “തഹജ്ജുദ്, തറാവീഹ്, വിത്റ് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നത് ഒരേ നിസ്കാരം തന്നെയാണ്. ഇതിന് സ്വലാതുല്ലൈൽ, ഖിയാമുല്ലൈൽ എന്നീ പേരുകളുമുണ്ട്” (അൽമനാർ 1997 സെപ്റ്റംബർ). എന്നാൽ തറാവീഹ് നിസ്കാരം ഉണ്ടെന്നു സമ്മതിക്കുന്ന ഭൂരിപക്ഷ വഹാബികളും അതിന്റെ എണ്ണത്തിന്റെ കാര്യത്തിൽ തർക്കത്തിലാണ്.
എണ്ണം ഇരുപത് തന്നെ
ഇസ്‌ലാമിക പ്രമാണങ്ങളുടെയും പണ്ഡിത നിലപാടുകളുടെയും വെളിച്ചത്തിൽ മനസ്സിലാക്കുകയാണെങ്കിൽ തറാവീഹ് നിസ്കാരം ഇരുപത് റക്‌അത്താണെന്നതിൽ മുസ്‌ലിം ലോകത്തിന് ഭിന്നാഭിപ്രായമില്ലെന്ന് വ്യക്തമായി മനസ്സിലാക്കാം. നിസ്കാരത്തെ കുറിച്ച് പറയുന്നിടത്ത് “ഞാൻ നിസ്ക്‌കരിച്ച് കാണിച്ചു തന്നത് പോലെ നിസ്‌കരിക്കണമെന്നാണ്” നബി തങ്ങൾ പഠിപ്പിക്കുന്നത്. ആ നബിയിൽ നിന്ന് കൃത്യമായി അതിനെ മനസ്സിലാക്കുകയും പകർത്തുകയും ചെയ്‌തവരാണ് സ്വഹാബത്ത്. അവർ തറാവീഹ് ഇരുപത് റക്അത്താണെന്നതിൽ ഏകോപിതരാണ്. “ഞങ്ങൾ ഇങ്ങനെ ചെയ്തതിരുന്നു, ഇപ്രകാരം ചെയ്യാറുണ്ടായിരുന്നു” പോലോത്ത പ്രയോഗങ്ങൾ സ്വഹാബത്തിന്റെ ഭാഗത്തുനിന്നുണ്ടായാൽ അത് ഇജ്‌മാഇനെ (ഏകോപനം) കുറിക്കുമെന്നാണ് ഇസ്‌ലാമിക നിദാന ശാസ്ത്രത്തിൻറെ പക്ഷം. തറാവീഹിൻ്റെ വിഷയത്തിൽ റിപ്പോർട്ട് ചെയ്‌ത ഹദീസുകളിൽ നമുക്കത് കാണാൻ സാധിക്കും.
ഇമാം ബൈഹഖി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ പ്രമുഖ സ്വഹാബിവര്യൻ സാഇബ് ബ്‌നു യസീദ് ﵁ പറയുന്നത് കാണാം: ഉമർ ﵁ ൻ്റെ കാലഘട്ടത്തിൽ റമളാനിൽ ഞങ്ങൾ ഇരുപത് റക്അത്ത് ആയിരുന്നു നിസ്‌കരിച്ചിരുന്നത്. ഇതേ സംഭവം മുസന്നഫ് അബ്ദിൽ റസ്സാഖിലും കാണാം. താബിഉകളുടെ നിലപാടും ഇതുതന്നെയായിരുന്നു. ഇമാം മാലിക് ﵀ അവിടുത്തെ മുവത്വയിൽ യസീദ് ബ്‌നു റൂമാനിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇത് കാണാം.
പിൽക്കാലത്ത് വന്ന നാലു മദ്ഹബുകളിലെ പണ്ഡിതന്മാരും ഈ വിഷയത്തിലെ ഇജ്‌മാഇനെ രേഖപ്പെടുത്തിയിട്ടുണ്ട്. ഹനഫീ മദ്ഹബിലെ ഇമാം കാസാനി ﵀ യും ഇബ്‌നു ആബിദീനും ﵀ മാലികീ മദ്ഹബിലെ ഇബ്‌നു അബിദും ﵀ ശൈഖ് മുഹമ്മദ് അഹ്മദും ﵀ ഷാഫിഈ മദ്ഹബിലെ ഇബ്നു ഹജറുൽ ഹൈതമിയും ﵀ ഖസ്‌തല്ലാനിയും ﵀ തഖിയ്യുദ്ധീൻ അദ്ദിമശ്ഖിയും ﵀ അവരിൽ പ്രമുഖരാണ്. ഉമർ ﵁ ജമാഅത്ത് സംഘടിപ്പിച്ചതും സ്വഹാബത്ത് നിസ്‌കരിച്ചതും ഇരുപത് റക്അത്ത് തന്നെയായിരുന്നു. അബൂ ദാവൂദ് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഹസൻ ﵁ പറയുന്നു: ഉമർ ﵁ ജനങ്ങളെ ഉബയ്യുബ്‌നു കഅ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചപ്പോൾ നിസ്‌കരിച്ചത് ഇരുപത് റക്അത്തായിരുന്നു (സുനനു അബീ ദാവൂദ് 1/209). മുസന്നഫു ഇബ്‌നു അബീ ശൈബയിലും മുസന്നഫു അബ്ദിൽ റസ്സാഖിലും ഇതേ സംഭവം കാണാം.
എന്നാൽ ഇമാം മാലിക് ﵀ മുവത്വയിൽ പതിനൊന്ന് റക്അത്താണ് റിപ്പോർട്ട് ചെയ്തതെന്ന് പുത്തൻ വാദികൾ പ്രചരിപ്പിക്കാറുണ്ട്. അതിൻ്റെ വ്യാഖ്യാനങ്ങളെയും ഈ വിഷയത്തിൽ വന്ന മറ്റു ഹദീസുകളെയും ചേർത്തു വായിച്ചാൽ സത്യം മനസ്സിലാകും. ഉബയ്യുബ്നു കഅ്ബ്, തമീമുദ്ദാരി എന്നീ രണ്ടു പേരുടെ നേതൃത്വത്തിലാണ് അന്ന് ജമാഅത്ത് നടപ്പിലാക്കിയത്. ഓരോരുത്തരും പത്ത് റക്‌അത്തിന് വീതം നേതൃത്വം നൽകി. ഒരു റക്അത് വിത്റോടുകൂടെയുള്ള എണ്ണമാണ് പതിനൊന്ന്.
എന്നാൽ നബി ﷺ തങ്ങൾ ഇരുപത് റക്അത്ത് നിസ്ക്‌കരിച്ചിട്ടില്ല എന്നതാണ് പുതിയ വാദം. ഇമാം ബൈഹഖിയും ഇബ്നു അബീ ശൈബ ﵀ യും ത്വബ്‌റാനി ﵀ യുമെല്ലാം റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നബി ﷺ തങ്ങൾ ഇരുപത് റക്‌അത് നിസ്കരിച്ചു എന്ന് തന്നെ കാണാം.എന്നാൽ പ്രസ്‌തുത ഹദീസ് ദുർബലമാണെന്നാണ് വഹാബി ന്യായം. ഹദീസ് നിദാന ശാസ്ത്രത്തിൻറെ തീർപ്പ് പ്രകാരം ഒരു ഹദീസിൽ ദുർബലതയുണ്ടെങ്കിലും മുസ്‌ലിം പണ്ഡിതലോകം ഒന്നടങ്കം അതിനെ സ്വീകരിച്ചാൽ ആ ഹദീസ് സ്വഹീഹിൻ്റെ പദവിയിലേക്കുയരും എന്നാണ്. മാത്രവുമല്ല ഉമർ ﵁ കൽപ്പിച്ചത് ഇരുപത് റക്അത്താണെന്ന് വ്യക്തമായിരിക്കെ അന്ന് ഉമർ ﵁ വും സ്വഹാബത്തുമെല്ലാം പ്രവാചക പ്രവർത്തിക്കെതിരെ കാണിച്ചു എന്ന് വിശ്വാസിക്കാനാവില്ലല്ലോ.
എട്ടും പതിനൊന്നും ഇരുപതാകുന്നത്
വളരെ വ്യാപകമായി വഹാബികൾ തെറ്റിദ്ധാരണ പരത്താനായി ഉപയോഗപ്പെടുത്തുന്ന മറ്റൊരു ഹദീസാണ് ആയിശ ബീവി ﵂ യോട് നബി ﷺ യുടെ റമളാനിലെ നിസ്‌കാരത്തെ കുറിച്ച് ചോദിക്കുമ്പോൾ റമളാനിലോ മറ്റോ നബി ﷺ തങ്ങൾ പതിനൊന്ന് റക്അത്തിനേക്കാൾ അധികരിപ്പി ച്ചിട്ടില്ല എന്നത്. (ബുഖാരി/3569) എന്നാൽ ഇമാം ഖസ്ത്വല്ലാനി ﵀ ഇർശാദുസ്സാരിയിലും ഇമാം റംലി ﵀ ഗായതുൽ ബയാനിലും ശാഫിഈ മദ്ഹബിലെ മറ്റു പ്രമുഖരും ഈ ഹദീസ് വിത്റിനെ കുറിച്ചാണ് എന്ന് വ്യക്തമായി പറഞ്ഞതാണ്. റമളാനിലും മറ്റും പതിനൊന്ന് റക്അത്ത് തന്നെയാണ് നിസ്‌കരിക്കൽ എന്നതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഇത് റമളാനിലെ പ്രത്യേക നിസ്‌കാരത്തെ കുറിച്ചല്ലെന്ന്. തറാവീഹ് എട്ടാണെന്ന വാദം സ്ഥിരപ്പെടുത്താൻ പുത്തൻ വാദികൾ മെനഞ്ഞുണ്ടാക്കുന്ന മറ്റൊന്നാണ് ജാബിർ ﵁ നെ തൊട്ട് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നബി ﷺ തങ്ങൾ എട്ട് റക്അത് നിസ്‌കരിച്ചു എന്നത്. എന്നാൽ പ്രസ്‌തുത ഹദീസിൽ ഈസ ബിനു ജാരിയ എന്ന ദുർബല റാവി ഉള്ളതിനാൽ സ്വീകാര്യയോഗ്യമല്ലെന്നതാണ് പണ്ഡിതപക്ഷം. ഹദീസ് പണ്ഡിതരായ ഇബ്നു മുഈനും നസാഇയുമെല്ലാം അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ ഹദീസ് ദുർബലവും മുസ്‌ലിം പണ്ഡിത ഏകോപിത അഭിപ്രായത്തിന് എതിരുമാകുമ്പോൾ ഒരു നിലക്കും അത് സ്വീകാര്യയോഗ്യമല്ല. ഇമാം സുയൂത്വിഴ﵀ യുടെ അൽ ഹാവീ ലിൽ ഫതാവയിൽ എട്ട് റക്അത്തിൻ്റെ ഹദീസിനെ പ്രബലമാക്കുന്ന രീതിയിൽ സംസാരിക്കുന്നു എന്നതാണ് മറ്റൊരാരോപണം. എന്നാൽ അൽഹാവി ലിൽ ഫതാവ എന്ന ഗ്രന്ഥത്തിൽ ധാരാളം കടത്തിക്കൂട്ടലുകൾ ഉണ്ടായിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഇമാം സുയൂത്വി ﵀ യുടെയും പിൽക്കാലക്കാരായ ചില പണ്ഡിതരുടെയും ഉദ്ധരണികൾ അതിൽ കാണുന്നു എന്നത് കടത്തി കൂട്ടലുകൾ നടന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. മാത്രവുമല്ല ഇമാം സുയൂത്വി ﵀ അവിടുത്തെ ശറഹു ത്തമ്പീഹിൽ തറാവീഹ് ഇരുപത് റക്അത്താണെന്ന് കൃത്യമായി പറയുന്നുമുണ്ട്. അതോടെ ആ ആരോപണവും നിഷ്‌ഫലമായി.
ചുരുക്കത്തിൽ മുസ്‌ലിം പണ്ഡിതലോകത്ത് തറാവീഹ് ഇരുപത് റക്അത്താണെന്നതിൽ തർക്കമേ ഇല്ല. പക്ഷേ മാലികീ മദ്ഹബ് അടി സ്ഥാനപ്പെടുത്തി മദീനയിൽ ഇരുപതിലേറെ റക്‌അത്തുകൾ നിസ്‌കരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഓരോ നാല് റക്അത്തുകൾക്ക് ശേഷവും മക്കക്കാർ ത്വവാഫ് ചെയ്യുമ്പോൾ അതിനുപകരം മദീനക്കാർ നാല് റകഅത്ത് വേറെയും നിസ്‌കരിക്കുമായിരുന്നു. അതൊരിക്കലും തറാവീഹായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മാലികീ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഹാഫിള് വലിയുദ്ദീൻ അൽ ഇറാഖി ﵀ അത് വ്യക്തമാക്കുന്നുണ്ട്.
തറാവീഹ് നിസ്കാരം ഇരുപത് റക്അത് തന്നെയാണ് നബി ﷺ യും സ്വഹാബത്തും പൂർവീകരും നിസ്‌കരിച്ചതെന്നും, മറ്റുള്ളവയെല്ലാം പ്രാമാണിക വിരുദ്ധമാണെന്നും കൃത്യമായി നമുക്ക് മനസ്സിലാക്കാം. ഇന്ന് ലോകത്തെവിടെയും പ്രത്യേകിച്ച് മക്കയിലും മദീനയിലുമെല്ലാം ഇരുപത് റക്അത് തന്നെയാണ് നിസ്കരിക്കുന്നതും.
എന്നാൽ കേരളത്തിലെ വഹാബി പ്രസ്ഥാനം ചില സമയത്ത് തറാവീഹ് എന്ന പ്രത്യേക നിസ്കാരം ഉണ്ടെന്നും ഇല്ലെന്നും അതുതന്നെ എട്ടും പതിനൊന്നുമാണെന്നും അല്ലെന്നും പലപ്പോഴായി മാറ്റിപ്പറയുന്ന പ്രവണതയാണുണ്ടായത്.
മുപ്പത് വർഷക്കാലം കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് തറാവീഹിന്റെ എണ്ണം പഠിപ്പിച്ച സകരിയ്യ സ്വലാഹി മരിക്കും മുമ്പ് ആ സത്യം തിരിച്ചറിയുകയും 2018 ജൂൺ മാസത്തിലെ അൽ ഇസ്‌ലാഹ് മാസികയിൽ മുജാഹിദുകളോട് സ്നേഹപൂർവ്വം എന്ന തലക്കെട്ടോടെ തിരുത്തി പറയുകയും ഇരുപത് റക്അത്താണെന്ന് പ്രസ്താവിക്കുകയും ചെയ്‌തു. ചുരുക്കിപ്പറഞ്ഞാൽ മതത്തെക്കുറിച്ചും മതത്തിന്റെ പ്രമാണങ്ങളെ കുറിച്ചും ബോധമില്ലാത്ത ഒരു സമൂഹത്തിൻറെ ഇസ്‌ലാമിക ശിഥിലീകരണത്തിന്റെ ഭാഗമാണ് തറാവീഹുമായി സംബന്ധിച്ച തർക്കങ്ങളും ആരോപണ ങ്ങളുമെല്ലാം.