ചോദ്യം: ചില സ്ഥലങ്ങളിൽ മയ്യിത്ത് ഖബറടക്കിയതിനുശേഷം തബാറക്ക സൂറത്ത് പാരായണം ചെയ്യുന്നതായി കാണുന്നു ഇതിന് അടിസ്ഥാനമുണ്ടോ? തബാറക
സൂറത്തിന് പ്രത്യേകതയുണ്ടോ?
ഉത്തരം: ഖബറിന് സമീപം ഖുർആൻ പാരായണം ചെയ്യലും പ്രാർത്ഥിക്കലും ഫലമുള്ളതും സുന്നത്തുമാണെന്ന് പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഇമാം നവവി (റ) പറയുന്നു. ഖബറിനരികിൽ ഖുർആൻ പാരായണം ചെയ്യലും ശേഷം മയ്യിത്തിന് വേണ്ടി പ്രാർത്ഥിക്കലും സുന്നത്താണ് (ശറഹുൽ മുഹദ്ദബ്: 5-311)
മയ്യിത്ത് ഖബറടക്കിയതിന് ശേഷം തബാറക സൂറത്ത് ഓതുന്നതും മേൽ പറഞ്ഞ സുന്നത്തിൽ ഉൾപ്പെടുമെന്ന് വ്യക്തമാണല്ലോ. മാത്രമല്ല, തബാറക സൂറത്ത് ഖബർ ശിക്ഷയെ തടയുന്നതും അതിൽ നിന്ന് രക്ഷിക്കുന്നതുമാണെന്ന് റസൂൽ കരീം(സ്വ) പഠിപ്പിച്ചിട്ടുണ്ട് (തുർമുദി). പ്രസ്തുത സൂറത്ത് പതിവായി എല്ലാ ദിവസവും പാരായണം ചെയ്യൽ സുന്നത്താണെന്നും അത് മുഖേന ഖബർ ശിക്ഷയിൽ നിന്ന് രക്ഷയുണ്ടാകുമെന്നും ഇമാമുകൾ വിശദീകരിച്ചിരിക്കുന്നു. ഒരു മയ്യിത്തിന്റെ ഖബറിന് സമീപം പ്രസ്തുത സൂറത്ത് പാരായണം ചെയ്യുന്നത് ആ മയ്യിത്തിന് രക്ഷ ലഭിക്കാൻ കാരണമാകുമെന്നും മേൽ പറഞ്ഞ ഹദീസിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.
പ്രസ്തുത ഹദീസ് വിശദീകരിച്ചു കൊണ്ട് ശാഫിഈ മദ്ഹബിലെ പ്രമുഖ ഇമാമുകളിലൊരാളായ ഇമാം മുനാവി (റ) എഴുതുന്നു: തബാറക സൂറത്ത് പാരായണം ചെയ്യാറുള്ള മുസ്‌ലിം മരിക്കുകയും ഖബറടക്കപ്പെടുകുയും ചെയ്താൽ അവൻ ഖബർ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതാണ്. ഒരു മുസ്‌ലിമിന്റെ ഖബറിന് സമീപം ഈ സൂറത്ത് പാരായണം ചെയ്യപ്പെടുന്നത് അവന്റെ രക്ഷക്ക് കാരണമാണ്. ഖബർ സിയാറത്ത് ചെയ്യുന്നവർ തബാറക സൂറത്ത് പ്രത്യേകം പാരായണം ചെയ്യുന്ന പതിവുണ്ട്. ഇത് സുന്നത്താണെന്ന് ഈ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാവുന്നതാണ് (ഫൈളുൽ ഖദീർ: 4-115). മയ്യിത്ത് മറവ് ചെയ്യപ്പെട്ടതിന് ശേഷം ഖുർആൻ പാരായണം ചെയ്ത് പ്രാർത്ഥിക്കൽ സുന്നത്താണെന്നും അതിൽ തബാറക സൂറത്ത് പരിഗണിക്കാൻ കാരണമുണ്ടെന്നും ഇത്രയും വിശദീകരിച്ചതിൽ നിന്ന് വ്യക്തമാണ്.