എസ് ഐ ഒ പ്രവർത്തകർ കാമ്പസിലെ മറ്റു മുസ്ലിം വിദ്യാർഥികളോട് ചോദിക്കുന്ന പ്രധാന ചോദ്യമിതാണത്രെ. ഇൻഡ്യ ഒരു ഇസ്‌ലാമിക രാജ്യമാക്കേണ്ടതില്ലേ..?
എല്ലാ ഇസ്‌ലാമിക സംഘടനകൾക്കും ഈ വിഷയത്തിൽ യോജിപ്പുണ്ട്. പക്ഷേ,
ഈ ലക്ഷ്യത്തിനു വേണ്ടി ഇവിടെ ആരാണ് പ്രവർത്തിക്കുന്നത്? ഞങ്ങൾ (ജമാഅത്തെ ഇസ്‌ലാമി ) മാത്രം. ബാക്കിയുള്ളവർ ഭയന്നു മിണ്ടാതെ നിൽക്കുന്നു. നമ്മളിത് ഭയലേശമന്യേ തുറന്നു പറയുന്നു. സംസാരം ഇവിടെയെത്തുമ്പോൾ എസ്ഐഒക്കാർ വികാര വിജ്രംഭിതരാകുമെത്രെ.
നിസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ കർമങ്ങളുടെ ഉദ്ദേശ്യം തന്നെ
രാഷ്ട്ര നിർമാണം എന്ന ഇസ്‌ലാമിന്റെ പൂർണതയിലേക്കുള്ള പരിശീലനമാണ്.
രാഷ്ട്രം നിർമിക്കുക എന്ന ഇസ്‌ലാമിന്റെ പൂർണത സ്ഥാപിക്കുക എന്ന ലക്ഷ്യത്തെ മുൻനിറുത്തിയല്ല നിങ്ങളീ ആരാധനകൾ നിർവഹിക്കുന്നതെങ്കിൽ അതെല്ലാം നിശ്ഫലമാണെന്ന് മൗദൂദി സാഹിബ് അർഥശങ്കയ്ക്കിടം തരാതെ പഠിപ്പിക്കുന്നുണ്ട്. ഈ ആശയമടങ്ങിയ ഖുത്തുബാത്ത് ജമാഅത്തുകാർ ഇന്നും വില്പന നടത്തുന്നുമുണ്ട്.
“നിങ്ങളിപ്പോൾ പെട്ടുകിടക്കുന്ന ദുരവസ്ഥ വെച്ചുപുലർത്തിയും കൊണ്ട് അഞ്ചുനേരത്തെ നമസ്കാരങ്ങളോടൊപ്പം തഹജ്ജുദും (അർദ്ധരാത്രിയിലെ നമസ്കാരം) ഇശ്റാഖും (സൂര്യോദയത്തിനു ശേഷമുള്ള നമസ്കാരം) ളുഹായും (ഒമ്പതുമണിക്ക് ഉള്ള നമസ്കാരം) കൂടി നമസ്കരിക്കുകയും ദിനംപ്രതി അഞ്ചുമണിക്കൂർ ഖുർആൻ ഓതുകയും റംസാൻ മാസത്തിനു പുറമേ ബാക്കി പതിനൊന്നു മാസങ്ങളിൽ കൂടി നോമ്പനുഷ്ഠിക്കുകയും ചെയ്താൽ പോലും നിങ്ങൾക്ക് യാതൊന്നും ലഭിക്കാൻ പോകുന്നില്ലെന്ന് തുറന്നു പറയുന്നതിൽ എനിക്ക് ഒട്ടും ഭയമില്ല” (ഖുത്തുബാത്ത് . മൗദൂദി , പേജ് 175).
ഇതുപ്രകാരം ജമാഅത്ത് പാഠശാലയിൽ ആദ്യം പഠിപ്പിക്കുന്നത് രാഷ്ട്ര നിർമാണ സിദ്ധാന്തമായിരിക്കണം. ഈ സിദ്ധാന്തം പഠിക്കാതെ ഒരു കുട്ടിയെങ്കിലും ഇബാദത്ത് നിർവഹിച്ചാൽ അതു നിശ്ഫലമാവുമെന്നതിനാൽ ജമാഅത്തെ ഇസ്‌ലാമിക്ക് ജാഗ്രത പുലർത്തേണ്ടതായി വരും. “ഈ വിശദീകരണത്തിൽ നിന്നു ദീൻ എന്നാൽ യഥാർഥത്തിൽ സ്റ്റെയിറ്റ് ആണെന്നും ശരീഅത്ത് ആ സ്റ്റെയിറ്റിന്റെ നിയമ വ്യവസ്ഥയാണെന്നും ആ നിയമ വ്യവസ്ഥയനുസരിച്ച് ജീവിതം നയിക്കുന്നതിനാണ് ഇബാദത്ത് എന്നു പറയുന്നതെന്നുമുള്ള സംഗതി വ്യക്തമാകുന്നതാണ് ” (ഖുത്തുബാത്ത് പേജ് 313 ).
ലോകത്ത് പല ദീനുകൾ ഉണ്ട്. അല്ലാഹുവിന്റെ ദീൻ, പ്രജായത്വദീൻ, രാജത്വദീൻ, സോഷ്യലിസ്റ്റ് ദീൻ എന്നിങ്ങനെ. രാഷ്ട്രം = ദീൻ എന്ന സിദ്ധാന്തം കൊണ്ടു വന്നതിന്റെ താല്പര്യം ബുദ്ധിയുള്ളവർക്ക് ഇവിടെ നിന്ന് ബോധ്യപ്പെടും. “സോഷ്യലിസ്റ്റ് ദീനോ അല്ലാഹുവിന്റെ ദീനോ മറ്റേതെങ്കിലും ദീനോ ആകട്ടേ ഓരോന്നിനും അതതിന്റെ നിലനില്പിനു സ്വന്തമായ ഭരണം ഏതു വിധത്തിലും അത്യന്താപേക്ഷിതമാകുന്നു” (ഖുത്തുബാത്ത് പേജ് 316 ).
“ഇസ്‌ലാമിൽ സമരത്തിന് ഇത്രയ്ക്കു പ്രാധാന്യം എന്തു കൊണ്ടാണെന്ന വസ്തുത ഇപ്പോൾ നല്ല പോലെ വ്യക്തമായിക്കഴിഞ്ഞു. ഇതര ദീനുകളെ പോലെ അല്ലാഹുവിന്റെ ദീനും അതിന്റെ ആധിപത്യമാണുദ്ദേശിക്കുന്നത്. അത് സത്യദീൻ ആണെന്ന് നിങ്ങൾ സമ്മതിക്കുകയും ആ സമ്മതത്തിന്റെ അടയാളമെന്നോണം ചില ബാഹ്യ ചടങ്ങുകൾ നിർവഹിക്കുകയും ചെയ്യുന്നത് കൊണ്ട് മാത്രം ഇസ്‌ലാം തൃപ്തിയടയുകയില്ല. മറ്റു വല്ല ദീനുകളുടെയും കീഴിൽ നിന്നുകൊണ്ട് ഇസ്‌ലാമിനെ തികച്ചും അനുസരിക്കുക തീരെ അസാധ്യമത്രെ” (ഖുത്തുബാത്ത് പേജ് 321 ). ജനാധിപത്യ ദീനിന് കീഴിൽ നിന്നുകൊണ്ട് ജസ്‌ലാമിക ജീവിതം തന്നെ തീർത്തും അസാധ്യമെന്നാണ് ഇവിടെ ജമാഅത്തെ ഇസ്‌ലാമി പഠിപ്പിക്കുന്നത്.
ഈ ലക്ഷ്യത്തിൽ പ്രവർത്തകർ അലസഭാവം സ്വീകരിക്കാതിരിക്കാൻ താഗൂത്തി സിദ്ധാന്തം കൂടി പഠിപ്പിക്കപ്പെടും. താഗൂത്തി സിദ്ധാന്ത പ്രകാരം ജനാധിപത്യം താഗൂത്തിയാണ്. അതുപ്രകാരം ജനാധിപത്യം ശിർക്കാണ്. ശിർക്കിൽ നിന്ന് പുറത്തുകടക്കാൻ ഓരോ പ്രവർത്തകനും കഠിന പരിശ്രമം നടത്തണമെന്ന് മൗദൂദി പഠിപ്പിക്കുന്നുണ്ട്. പരിശ്രമം ഇങ്ങനെയായിരിക്കണം. “അതിനാൽ ഈ ദീൻ സത്യമാണെന്ന് യഥാർത്ഥത്തിൽ നിങ്ങൾ കരുതുന്നുണ്ടെങ്കിൽ സർവ്വശക്തിയും പ്രയോഗിച്ച് അതിനെ ഭൂമുഖത്ത് സ്ഥാപിതമാക്കുകയോ അല്ലാത്തപക്ഷം അതേ പരിശ്രമത്തിൽ ജീവൻ ബലിയർപ്പിക്കുകയോ അല്ലാതെ നിങ്ങൾക്ക് ഗത്യന്തരമില്ല (ഖുത്തുബാത്ത് പേജ് 321 ).
ജീവൻ ബലിയർപ്പിച്ചും വിശ്വാസി നടത്തേണ്ട പരിശ്രമമാണ് മതരാഷ്ട്ര നിർമാണം എന്ന് വ്യക്തം. “അല്ലാഹുവിന്റെ ദീൻ ഒഴികെ മറ്റു വല്ല ദീനിലും താമസിച്ചുകൊണ്ട് സന്തോഷം തോന്നുകയും ആ സ്ഥിതിയെ തൃപ്തിപ്പെടുകയും ആണെങ്കിൽ നിങ്ങൾ സത്യവിശ്വാസികളേ അല്ല.” (ഖുത്തുബാത്ത് പേജ് 321 ).
ജനാധിപത്യ രാജ്യത്ത് താമസിച്ചു കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്ന മുസ്‌ലിം സത്യവിശ്വാസിയേ അല്ലെന്നാണ് മൗദൂദി സാഹിബ് പറഞ്ഞു വച്ചത്.
ഈ അസംബന്ധങ്ങളെ ഇന്നും വേദവാക്യമായി കരുതുന്നവരാണ് മുഴുവൻ ജമാഅത്തുകാരും. മൗദൂദിക്ക് പിഴച്ചു എന്നു പറയുമ്പോൾ പോലും എന്തിലെല്ലാമാണ് പിഴച്ചതെന്ന് പറയാനുള്ള സത്യസന്ധത പോലും പ്രകടിപ്പിക്കുന്നില്ലെന്നു മാത്രമല്ല. മൗദൂദി പറഞ്ഞതിനെ മുഴുവനും ന്യായീകരിക്കുകയാണിവർ. ഒരു വിഭാഗം മൗദൂദിയൻ ചിന്തകളെ പുതിയ രീതിയിൽ വ്യാഖ്യാനിക്കാൻ ശ്രമിച്ചു പരിഹാസ്യരാവുകയും ചെയ്യുന്നത് നമുക്ക് കാണാം.