ഈ ഭാഗത്തിൽ ഖുതുബ പരിഭാഷക്ക് വേണ്ടി ബിദഇകൾ ഉന്നയിക്കുന്ന യുക്തികളും, ദുർവ്യാഖ്യാനങ്ങളും അതിനുള്ള മറുപടികളുമാണ് നൽകുന്നത്. കർമ്മശാസ്ത്രപരമായ ചോദ്യങ്ങളും മറുപടികളും അടുത്ത ഭാഗത്തു വരും.
ചോദ്യം:01
അമ്പിയാക്കളെ നിയോഗിച്ചത് അവരുടെ ജനതയുടെ ഭാഷയിൽ.?
അമ്പിയാക്കളെ നിയോഗിച്ചത് തന്റെ ജനതക്ക് ദീൻ പറഞ്ഞു കൊടുക്കാൻ അവരുടെ ഭാഷയിലാണെന്ന് ഖുർആൻ പറയുന്നുണ്ട്. (ഇബ്റാഹീം:04) ഇതിൽ നിന്ന് ഖുതുബ പരിഭാഷപ്പെടുത്തണമെന്ന് വാദിക്കുന്നതിൽ അർത്ഥമുണ്ടോ.? ഒരു മൌലവി അങ്ങനെ പറഞ്ഞതു കേട്ടു.
മറുപടി
ബിദ്അതിന്റെ നേതാക്കൾ അനുയായികളെ എത്രമാത്രം ആയത് ഓതി പറ്റിക്കുന്നുണ്ടെന്നതിന് ഏറ്റവും വലിയൊരു തെളിവാണിത്. 1300 വർഷക്കാലം മുസ്‌ലിം ഉമ്മത് ഒരു സ്ഥലത്തും അനറബി ഖുതുബ ഓതിയിട്ടില്ലെന്ന് ബിദ്അതുകാരുടെ നേതാക്കൾ പോലും വ്യക്തമായി സമ്മതിച്ചു പറഞ്ഞിട്ടുണ്ടെന്നിരിക്കെ ഇത് വെറുമൊരു ദുർവ്യാഖ്യാനം മാത്രമാണെന്ന് പറയേണ്ടതില്ല! അത് കൊണ്ട് തന്നെ നൂറു കണക്കിന് തഫ്സീറുകളുള്ള പരിശുദ്ധ ഖുർആനിനു ഈ ആയതിന്റെ തഫ്സീറോ ഏതെങ്കിലും ഒരു വ്യാഖ്യാതാവോ ഈ ഒരു വ്യാഖ്യാനം പറഞ്ഞതായി തെളിയിക്കാനാവില്ല. പരിശുദ്ധ തന്നെ ഖുർആനിനെ കുറിച്ച് ഒരുപാട് ആയത്തുകളിൽ പറയുന്നത് ഖുർആൻ ഇറക്കപ്പെട്ടത് ജനങ്ങൾക്ക് അതിലെ ഉപദേശങ്ങൾ മനസ്സിലാവാൻ വേണ്ടിയാണെന്നാണ്. എന്തുകൊണ്ടിവർ നിസ്കാരത്തിൽ പരിഭാഷ വായിച്ചു മനസ്സിലാക്കിക്കൊടുക്കുന്നില്ല.!?
ഇത് പോലെ നേതാക്കളെ അന്ധമായി വിശ്വസിക്കുന്ന അനുയായികൾക്ക് മുന്നിൽ നാളെ നിസ്കാരത്തിൽ ഖുർആൻ ഓതുന്നതിനു പകരം പരിഭാഷ വായിച്ചാൽ മതിയെന്ന് ഒരു നേതാവ് പറഞ്ഞു, അതിനു തെളിവായി ഖുർആൻ എല്ലാവർക്കും ഉപദേശമാണെന്നും വഴികാട്ടിയാണെന്നുമുള്ള ആയത് ഓതിയാൽ ഇത്തരം സാധുക്കൾ അതിനും ചെവി കൊടുക്കുമെന്നുറപ്പാണ്. കാരണം ഓതിയത് ഖുർആൻ ആണല്ലോ!? പറഞ്ഞത് കാര്യവുമാണല്ലോ!? നാട്ടിൽ 90%വരുന്ന മുസ്ലികൾ/ പത്തറുപത് കൊല്ലം ജുമുഅക്ക് പങ്കെടുത്തിട്ട് അതിൽ ഓതുന്ന ഖുർആനിന്റെ അർത്ഥം അറിയില്ലെങ്കിൽ പിന്നെന്തു ഉപകാരമാണ് ആ ഖുർആൻ ഓത്തു കൊണ്ട് കിട്ടിയതെന്നു ഇതേ ബുദ്ധിയിൽ ചിന്തിച്ചാൽ ഈ യുക്തിക്കനുസരിച്ച് അതൊരിക്കലും തെറ്റാവുകയില്ല! ഈ ചോദ്യത്തിൽ പറഞ്ഞ ആയത് വെച്ച് കൊണ്ട് തന്നെ എന്തുകൊണ്ട് നിസ്കാരത്തിൽ പരിഭാഷ വായിക്കുന്നില്ല!? നമ്മുടെ നബി ﷺ അറബിയായതു കൊണ്ടാണല്ലോ എല്ലാ ഭാഷ സംസാരിക്കുന്നവർക്കും പഠിക്കാനുള്ള ഖുർആൻ ഇറക്കിയത്. അത് കൊണ്ട് മറ്റുള്ള ഭാഷക്കാർക്ക് മനസ്സിലാക്കാൻ ഖുർആൻ അവരുടെ ഭാഷയിലല്ലേ പാരായണം ചെയ്യേണ്ടത്!?
ഇനി, നിസ്കാരത്തിന് അതിന്റേതായ ശർത്തുകളും ഫർളുകളും ഉണ്ട് എന്നാണോ മറുപടി, എങ്കിൽ ഖുതുബക്കും ഒരു പാട് ശർത്തുകളും ഫർളുകളും ഉണ്ട്. അതിൽ ഏറെ പ്രാധാന്യമേറിയതാണ് അറബിയിലായിരിക്കുക എന്ന ശർഥ്. എന്തു യുക്തി ആർക്കു തോന്നിയാലും അത് പാലിച്ചാലേ ഖുതുബ ഖുതുബയായിത്തീരുകയുള്ളൂ…
മറ്റൊന്ന് ഖുതുബയെ കുറിച്ച് ഖുർആനിലും ഹദീസിലും പ്രയോഗിച്ചത് ‘ദിക്ർ’ എന്ന പദപ്രയോഗമാണെന്നും, അത് നിസ്കാരത്തിലെ അത്തഹിയ്യാത് പോലെയുള്ള ദിക്രാണെന്നു നിരവധി ഇമാമീങ്ങൾ വിശദീകരിച്ചതും മുമ്പ് പറഞ്ഞു. ഇനി മറ്റൊരു ആയതിൽ ഖുർആൻ ഖുതുബയെ വിശേഷിപ്പിക്കുന്നത് ‘ഖുർആൻ’ എന്ന പദപ്രയോഗമാണ്. (അഅ്റാഫ് 204) ﴿وَإِذَا قُرِئَ ٱلۡقُرۡءَانُ فَٱسۡتَمِعُوا۟ لَهُۥ എന്ന ഈ ആയത്തിലെ ഖുർആൻ കൊണ്ടുദ്ദേശം ഖുതുബയാണെന്ന് തഫ്സീറുൽ ജലാലൈനി പോലും വിശദീകരിച്ചത് കാണാം. ഖുതുബയോതുമ്പോൾ നിശബ്ദത പാലിക്കണമെന്നാണ് ഈ ആയത് സൂചിപ്പിക്കുന്നത്. ഇതിൽ നിന്നെല്ലാം ഇത്രമാത്രം സൂക്ഷ്മതയിൽ ചെയ്തു തീർക്കേണ്ട പ്രധാനപ്പെട്ട ഒരു ഇബാദത്ത് തന്നെയാണ് ഖുതുബയെന്ന് വീണ്ടും മനസ്സിലാക്കാം.
ചോദ്യം:02
ശ്രോതാക്കളുടെ ഭാഷയിലല്ലേ നബി ﷺ ഖുതുബ നിർവ്വഹിച്ചത്.!?
നബി ﷺ ശ്രോതാക്കളായ സ്വഹാബത്തിന് മനസ്സിലാകു ന്ന ഭാഷയിലാണല്ലോ ഖുതുബ നിർവഹിച്ചിരുന്നത്.!?
മറുപടി
തെറ്റാണ്, നബി ﷺ യുടെ ഖുതുബയും നിസ്കാരവുമെ ല്ലാം അറബി അറിയാവുന്ന ശ്രോതാക്കളായ സ്വഹാബാക്കൾക്ക് മാത്രം മനസ്സിലാകുന്ന ഭാഷയിലായിരുന്നു അഅവിടുന്ന് നിർവ്വഹിച്ചിരുന്നത്. അറബി അറിയാത്തവർക്കത് മനസ്സിലാകു മായിരുന്നില്ല. ഇന്ന് സുന്നികളുടെ ഖുതുബയുടെയും അവസ്ഥ ഇത് തന്നെയാണ്. അറബി അറിയാവുന്നവർക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിലാണ് സുന്നികൾ ഖുതുബയോതുന്നത്. അല്ലാതെ സദസ്യരുടെ ഭാഷ എന്നൊരു ഭാഷ ശർഥുകളും ഫർളുകളുമുള്ള ആരാധനയായ ഖുതുബക്കോ നിസ്കാരത്തിനോ ഇല്ല. അവിടുത്തെ ﷺ ജുമുഅ ഖുതുബ ഇന്നും ലഭ്യമാണല്ലോ!? ജനങ്ങൾക്കെല്ലാം മനസ്സിലാകുന്ന ഭാഷയിലാണോ അല്ല, അറബിയിലാണോ എന്ന് ആർക്കും പരിശോധിക്കാം.
നബി ﷺ തങ്ങൾക്ക് എല്ലാ ഭാഷയും അറിയാമായിരു ന്നെന്നു നിരവധി പണ്ഡിതർ പറഞ്ഞിട്ടുണ്ട്. അതിനു പരിശുദ്ധ ഖുർആൻ തന്നെ തെളിവാക്കിയിട്ടുമുണ്ട്. സ്വഹീഹുൽ ബുഖാരിയിൽ മുത്ത് നബി ﷺ ഫാരിസി ഭാഷ സംസാരിച്ചതായി ഒരധ്യായം തന്നെ കാണാൻ കഴിയും. അവിടുത്തെ സ്വഹാബാക്കളിൽ അറബിയല്ലാത്ത മറ്റുഭാഷകൾ സംസാരിക്കുന്നവർ ഉണ്ടായിരുന്നുവെന്നത് ചരിത്രത്തിൽ നിന്ന് വ്യക്തമാണ്. എന്നിട്ടും എന്തു കൊണ്ടവിടുന്നു നിസ്കാരവും ഖുതുബയും അറബി ഭാഷയിൽ നിർവഹിച്ചു!? അവിടുത്തെ സ്വഹാബത്തും താബിഉകളും അറബി ഭാഷ തന്നെ തിരഞ്ഞെടുത്തു!? മറുപടി അത് ശറഅ് നിശ്ചയിച്ച ഭാഷയായത് കൊണ്ടാണ് എന്നത് തന്നെ!
‘നിസ്കാരം അല്ലാഹുവിനോട് ആണല്ലോ ഖുതുബ ജനങ്ങളോടും’ എന്ന് അവസാനമായി ന്യായം പറയുന്നവരുണ്ട്. ചോദിക്കാനുള്ളത് നിസ്കാരത്തിൽ ഇരു വശത്തേക്കും തിരി ഞ്ഞു കൊണ്ട് ചൊല്ലുന്ന സലാമും അല്ലാഹുവിനോടാണോ?! അല്ലാഹുവിനു ആരുടെ രക്ഷയാണ് വേണ്ടത്!? അത് ചുറ്റു മിരിക്കുന്ന മനുഷ്യരിലേക്ക് തിരിഞ്ഞു അവരോട് പറയുന്ന സലാമാണ്. പരിഭാഷപ്പെടുത്തുന്നത് കുഴപ്പമില്ലെന്ന് പറയാൻ സാധിക്കുമോ!? ഇല്ല, കാരണം നിസ്കാരത്തിനു അതിന്റേതായ ശർത്തുകളും ഫർളുകളുമുണ്ട്. ഖുതുബക്കും ശർത്തും ഫർളുമുണ്ട്. രണ്ടിലും അതാത് ശർത്തും ഫർളും പാലിച്ചാലെ രണ്ടും സ്വീകര്യമാവൂ...
നിസ്കാരത്തിനും ഖുതുബക്കും ഒരേ ശർത്തല്ല എന്നു പറയുന്ന ഇബാറതുകൾ ഫിഖ്ഹിന്റെ കിതാബുകളിൽ നിന്നടർത്തിമാറ്റി ബിദ്അതുകാർ പരിഭാഷക്ക് വേണ്ടി പയറ്റാറുണ്ട്. വളരെയധികം ശരിയാണത്. അത് കൊണ്ട് നിസ്കാരത്തെ പോലെ ഖുതുബക്ക് ശർത്തും ഫർളും ഉണ്ടെന്നു സമ്മതിച്ചല്ലോ!? ആ ശർതുകളിൽ ഏതു ചെറിയ കർമശാസ്ത്ര ഗ്രന്ഥമെടുത്തു പരിശോധിച്ചാലും വ്യക്തമായി രേഖപ്പെടുത്തപ്പെട്ട താണ് അറബിയായിരിക്കണമെന്ന നിബന്ധന. വുളൂഎടുത്തു നിസ്കരിക്കുകയെന്ന ശർത് എത്രമാത്രം നിസ്കാരത്തിനു പാലിക്കുന്നുണ്ടോ അത്ര തന്നെ പ്രാധാന്യം ഖുതുബയുടെ ശർത്തായ അറബിക്കും സുന്നികൾ കൽപ്പിക്കുന്നുണ്ട്.
ചുരുക്കത്തിൽ നബി ﷺ നിസ്കരിച്ചതും ഖുതുബയോതി യതും അവിടുത്തെ മാതൃഭാഷയിലല്ല, മറിച്ച് ശറഅ് ഇബാദത്തുകൾക്ക് നിശ്ചയിച്ച ഭാഷയിലാണ് എന്നത് വ്യക്തമാണ്. ഈകാര്യം ഇമാം ഷാഫിഈ ﵀ വിന്റെ വാക്കുകൾ കൊണ്ട് തന്നെ തെളിയിക്കാൻ കഴിയും. ആ ചർച്ച പിന്നീട് വരും.
ഇതുകൊണ്ട് തന്നെയാണ് ലോകത്തിന്റെ എല്ലാ മുക്കു മൂലകളിലേക്കും ദീനുമായി കയറിച്ചെന്ന സ്വഹാബികളും താബിഉകളും അറബി ഭാഷയിൽ മാത്രമാണ് ഖുതുബ നിർവ്വഹിച്ചതെന്ന് കെ.എം മൌലവി പോലും അദ്ദേഹത്തിന്റെ ജുമുഅ ഖുതുബയെന്ന പുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തിയത്.(പേജ്:23)
ചോദ്യം:03
നബി ﷺ ഖുത്തുബ നിർവഹിച്ചതിനെ കുറിച്ച് മുസ്ലിമിലുള്ള ഹദീസിൽ ഇങ്ങനെ കാണാം
عَنْ جَابِرِ بْنِ سَمُرَةَ ، قَالَ : « كَانَتْ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ خُطْبَتَانِ ، يَجْلِسُ بَيْنَهُمَا يَقْرَأُ الْقُرْآنَ ، وَيُذَكِّرُ النَّاسَ» .(مسلم)
ജാബിറുബ്‌നു സമുറയിൽ നിന്ന് നിവേദനം, നബി ﷺക്ക് രണ്ട് ഖുതുബയുണ്ടായിരുന്നു. അവക്കിടയിൽ അവിടുന്ന് ഇരിക്കുകയും ഖുർആൻ ഓതി ജനങ്ങളെ ഉദ്ബോധിപ്പിക്കു കയും ചെയ്യുമായിരുന്നു. (മുസ്‌ലിം, അബൂദാവൂദ്, നസാഇ, ഇബ്‌നുമാജ)
അപ്പോൾ വെള്ളിയാഴ്ച ജുമുഅക്ക് എത്തുന്നവർക്ക് നൽകപ്പെട്ട ഉദ്ബോധനമായിരുന്നു നബിﷺ യുടെ ഖുതുബ എന്നതല്ലേ മനസ്സിലാക്കേണ്ടത്.!?
മറുപടി
അതെ, ഇന്ന് സുന്നികൾ നടത്തുന്ന ഖുതുബയും നല്ല ഒന്നാംതരം ഉപദേശമാണ്. നാട്ടുവാർത്താനമല്ല അതിൽ പ്രതി പാദിക്കുന്നത്. അതോടുകൂടെ നബിﷺ ആ ഉപദേശം നടത്താൻ വേണ്ടി തിരഞ്ഞെടുത്ത ഭാഷയിലുമാണ് സുന്നികൾ ഖുതുബയിൽ ഉപദേശം നടത്തുന്നത്. കാരണം ഇമാം നവവി ﵀ തന്നെ പറഞ്ഞു ‘ഞാൻ നിസ്കരിക്കുന്നത് പോലെ നിസ്കരിക്കുവീൻ എന്ന ഹദീസ് വെച്ച് കൊണ്ട് അവിടുന്ന് അറബിയിലായിരുന്നു ഖുതുബയോതിയതെന്ന്’. അതായത് നബി ﷺ യുടെയും സുന്നികളുടെയും ഖുതുബയിലുള്ള ഉപദേശം അറബി അറിയാവുന്നവർക്ക് മാത്രം മനസ്സിലാകുമായിരുന്നുള്ളൂ.
ഈ ഉപദേശമുള്ള ജുമുഅ ഖുതുബ എന്നത് വെറും പ്രസംഗമല്ല, അതിന് നിബന്ധനകൾ ഉണ്ട് എന്നതെല്ലാം ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം. ഉദ്ബോദനം മാത്രമാണ് ഉള്ളതെങ്കിൽ പിന്നെ അതിനിടയിൽ നബി ﷺ ഇരുന്നതിന് നാം എന്തിന് ഇരിക്കണം!? ചേകന്നൂർ മൌലവി പറഞ്ഞതു പോലെ “നബി ﷺ ക്ഷീണിച്ചപ്പോൾ ഇരുന്നു. എനിക്ക് ക്ഷീണ മൊന്നുമില്ലല്ലോ”!? എന്ന നിലപാട്, ഇമാമീങ്ങളെ തള്ളി, ഉദ്ബോധന ഭാഷയെ അവഗണിച്ച ബിദ്അതുകാർ എന്തു കൊണ്ട് സ്വീകരിക്കുന്നില്ല.!? ഖുതുബ നടത്തിയ ഭാഷ പരിഗണിക്കാതെ ഇടയിലുള്ള ഇരുത്തത്തെ മാത്രം എന്തിനാണിവർ പരിഗണിക്കുന്നത്!? വെറും ഉപദേശം ആണെങ്കിൽ ആ ഇരി ക്കുന്ന സമയം കൂടെ ഉപദേശമാക്കുകയല്ലേ വേണ്ടത്!? ഉദ്ബോധനം മാത്രമാണ് ലക്ഷ്യമെങ്കിൽ ഖുതുബ സൌകര്യത്തി നനുസരിച്ചു നിസ്കാരത്തിന് ശേഷവുമാക്കാമല്ലോ..!?
നബി ﷺ പരിശുദ്ധ ഖുർആൻ ഓതി ജനങ്ങളെ ഉൽബോധനം നടത്തിയിട്ടുണ്ടല്ലോ.!? എന്തുകൊണ്ട് ബിദ്അതുകാർ നിസ്കാരത്തിൽ പരിഭാഷ വായിച്ചു ഉദ്ബോധനം നടത്താൻ തയ്യാറാവുന്നില്ല.!? ചുരുക്കത്തിൽ ശറഇലെ വിധിവിലക്കുകൾക്ക് മുന്നിൽ ഇത്തരം ന്യായങ്ങൾക്കൊന്നും യാതൊരു വിലയും മുസ്ലിം കൽപ്പിക്കേണ്ടതില്ല.
ചോദ്യം:04
ഖുത്വുബ ഉദ്ബോധനമല്ലേ.?
മുൻ പറഞ്ഞ ഈ ഹദീഥിന്റെ വിശദീകരണത്തിൽ ഇമാം നവവി ﵀ എഴുതുന്നു.
) يَقْرَأُ الْقُرْآنَ وَيُذَكِّرُ النَّاسَ ) فِيهِ دَلِيلٌ لِلشَّافِعَيِّ فِي أَنَّهُ يُشْتَرَطُ فِي الْخُطْبَةِ الْوَعْظُ وَالْقِرَاءَةُ . قَالَ الشَّافِعِيُّ : لَا يَصِحُّ الْخُطْبَتَانِ إِلَّا بِحَمْدِ اللهِ تَعَالَى وَالصَّلَاةِ عَلَى رَسُولِ اللهِ - صَلَّى اللهُ عَلَيْهِ وَسَلَّمَ - فِيهِمَا وَالْوَعْظِ وَهَذِهِ الثَّلَاثَةُ وَاجِبَاتٌ فِي الْخُطْبَتَيْنِ ، ......... وَقَالَ مَالِكٌ وَأَبُو حَنِيفَةَ وَالْجُمْهُورُ : يَكْفِي مِنَ الْخُطْبَةِ مَا يَقَعُ عَلَيْهِ الِاسْمُ .
“ഖുർആൻ ഓതി ജനങ്ങളെ ഉൽബോധിപ്പിക്കും” എന്ന് പറഞ്ഞതിൽ ഖുതുബയിൽ വഅളും ഖുർആൻ പാരായണ വും ശർത്താക്കപ്പെടും എന്നതിന് ശാഫിഈ ഇമാമിന്ന് തെളി വുണ്ട്. ശാഫിഈ ഇമാം പറഞ്ഞിരിക്കുന്നു അല്ലാഹുവിനെ സ്തുതിക്കുകയും റസൂൽ ﷺ യുടെ പേരിൽ സ്വലാത്തും ഉപദേശവും ഇല്ലാതെ രണ്ട് ഖുതുബയും സ്വഹീഹാവില്ല................. എന്നാൽ മാലിക്കീ ഇമാമും അബൂ ഹനീഫയും ഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞത് ഖുതുബ എന്ന പേര് വരുന്ന എന്തും മതിയാകും എന്നാണ്” (ശറഹു മുസ്‌ലിം 3/415).
ഇതനുസരിച്ച് ഖുതുബയിൽ വേണ്ടത് ഖുർആൻ പാരായണവും ജനങ്ങളോടുള്ള ഉപദേശവുമല്ലേ!?
മറുപടി
ഇതിൽ ഒരക്ഷരം പോലും ഖുതുബ പരിഭാഷപ്പെടുത്താനുള്ള തെളിവില്ല! ഇതിലുള്ളത് നബി ﷺ യുടെ കാലത്ത് ഖുതുബയിൽ അറബി ഭാഷയിൽ ഉപദേഷം നടന്നിരുന്നുവെന്നാണ്. ഇതനുസരിച്ചു കൊണ്ട് ഇന്നും അറബി ഭാഷയിൽ സുന്നി പള്ളികളിൽ ഖുതുബയിൽ ഉപദേശവും ഖുർആൻ പാരായണവും നടക്കുന്നുണ്ട്.എന്നല്ല, ഷാഫിഈ മദ്ഹബിൽ ഈ ഹദീസു കൊണ്ട് തന്നെയാണ് ഖുത്വുബയുടെ റുകനുകളിൽ തഖവ കൊണ്ടുള്ള വസ്വിയ്യത്തും ഖുർആൻ പാരായ ണവും വേണമെന്ന് പറഞ്ഞത്. എന്നാൽ മറ്റു മദ്ഹബുകളിൽ ആ ഉപദേശവും ഖുർആനും ആവശ്യമില്ലെന്നാണ് ഇമാം നവവി ﵀ പറഞ്ഞത്. പ്രസംഗമെന്ന പേര് പറയാൻ പറ്റുന്ന വല്ലതും പറഞ്ഞാൽ മാത്രം മതി. അത് കൊണ്ടാണ് ഈ വിഷയം ഇങ്ങനെ പ്രത്യേകം എടുത്തു പറഞ്ഞത്. അല്ലാതെ ഖുതുബ മനസ്സിലാകണമെന്നോ അനറബിയാവണമെന്നോ പറയാനല്ല! ഉപദേശം നിർബന്ധമില്ലാത്ത മറ്റു മദ്ഹബുകളിൽ പോലും അറബി ഭാഷ നിർബന്ധമാണെന്നത് മുമ്പ് വിശദീക രിക്കുകയുണ്ടായി. ഇമാം നവവി ﵀ ഈ പറഞ്ഞതിനോട് ഒരിക്കലും ചോദ്യത്തിലെ ഇബാറതുകൾ എതിരാവുന്നില്ല.
يشترط لانه ذكر مفروض فشرط فيه العربية كالتشهد وتكبيرة الاحرام مع قوله صلى الله عليه وسلم " صلوا كما رأيتموني اصلي " وكان يخطب بالعربية (شرح مهذب(
“ഖുത്വുബ അറബിയിലായിരിക്കല്‍ ശര്‍ത്വാണ്. കാരണം: ഖുത്വുബ എന്നത് അത്തഹിയാത്ത് തക്ബീറത്തുല്‍ ഇഹ്‌റാം എന്നിവ പോലെ നിര്‍ബന്ധമായ ഒരു ദിക്‌റാണ്. അതോടു കൂടെ നബി ﷺ പറഞ്ഞത് ‘ഞാൻ നിസികരിക്കും പോലെ നിസ്കരിക്കുവീൻ’ എന്നുകൂടിയാണ്. അവിടുന്ന് അറബിയിലായിരുന്നു. ഖുതുബ നിർവ്വഹിച്ചിരുന്നത്.” (ശറഹുല്‍ മുഹദ്ദബ് :4/522)
ചോദ്യം:05
ഉദ്ബോധനം മനസ്സിലാകേണ്ടതില്ലേ.?
ജനങ്ങൾക്ക് മനസ്സിലാകാത്ത ഉപദേശം കൊണ്ട് ഫലമില്ലല്ലോ. അത് കൊണ്ട് തിരിയുന്ന ഭാഷയിലാക്കേണ്ടെ..?
മറുപടി
ജനങ്ങൾക്ക് മനസ്സിലാക്കാത്ത ഭാഷയിൽ ഖുർആൻ ഖത്മ് തീർത്തതു കൊണ്ട് ഫലമുണ്ടോ!? ഉണ്ടെങ്കിൽ ഈ ഖുതുബക്കും ഫലമുണ്ട്. ദീൻ പഠിപ്പിച്ച മുഴുവൻ ശർഥുകളും ഫർളുകളും പാലിച്ചു നിർവ്വഹിക്കുന്ന ഖുതുബയുടെ ഫലം റബ്ബിന്റയടുക്കൽ നിന്നുള്ള സ്വീകാര്യതയാണ്. ഖുർആൻ ലോകർക്ക് ഉപദേശമാണെന്ന് ഖുർആൻ തന്നെ പറയുന്നു ണ്ട്. അതിനർഥം ഖുർആൻ അർത്ഥം അറിയാതെ ഓതരുതെന്നോ പരിഭാഷ മാത്രമേ വായിക്കാവൂ എന്നോ ആണോ.? അല്ല, മറിച്ച് അത് അറിയുന്നവർ മനസ്സിലാക്കി ഓതിയാൽ അതിനുള്ള പ്രതിഫലം അവർക്ക് ലഭിക്കും. ഈ ഉപദേശമായ ഖുർആനിന് പകരം നിസ്കാരത്തിൽ അർത്ഥമറിയാത്തവർക്ക് പരിഭാഷ വായിച്ചാൽ മതിയെന്നത് പറയുന്നത് പോലെയാണ് ഉപദേശമായ ഖുതുബ അതിന്റെ നിബന്ധനകൾ ഒഴിവാക്കി ക്കൊണ്ട് പരിഭാഷപ്പെടുത്തണമെന്ന് പറയുന്നതും.
ഉദാഹരണത്തിന് നോമ്പിന്റെ ലക്ഷ്യം വിശപ്പ് സഹിക്കലാണെന്ന് വെച്ച് വർഷക്കാലത്ത് ആ നോമ്പ് ഇശാഅ് വരെ ദീർഘിപ്പിക്കാൻ പറ്റില്ല. കാരണം നോമ്പിനും ഖുതുബക്കും ഇസ്ലാം നിർദ്ദേശിച്ച നിബന്ധനകൾ ഒവിവാക്കി ലക്ഷ്യത്തിന്റെ പി ന്നിൽ പോകുന്നത് ശുദ്ധമായ അസംബന്ധമാണ്. ഒരുപക്ഷെ, അത് ആ ഇബാദത്തിനെ തന്നെ ബാത്തിലാക്കിക്കളയും.
എന്നാൽ മറ്റൊരർത്ഥത്തിൽ ഖുതുബയും നോമ്പുമെല്ലാം ഇബാദത്താണ്. ഇബാദത്തുകൾ കൊണ്ടുള്ള ഉദ്ധേശം/ ലക്ഷ്യം റബ്ബിനെ അനുസരിക്കൽ ആണ്. ഖുതുബ അറബി ഭാഷയിലാകുമ്പോഴേ റബ്ബിന്റെ നിയമമായ ശരീഅതിനെ അ നുസരിക്കൽ കൊണ്ട് റബ്ബിനെ അനുസരിക്കുകയെന്ന ഇബാദത്തിന്റെ അത്യന്തിക ലക്ഷ്യം നിറവേറുകയുള്ളൂ.. ബാങ്കിന്റെ ഉദ്ദേശം ജനങ്ങളെ നിസ്കാരത്തിലേക്ക് ക്ഷണിക്കലാണല്ലോ!? ബാങ്ക് ദീനിൽ നിലവിൽ വരുന്നത് തന്നെ നിസ്കാരത്തിന് വേണ്ടി ജനങ്ങളെ എങ്ങനെ വിളിക്കും എന്ന ചർച്ചയിൽ നിന്നാണ്. ഇനിമുതൽ ആ ഉദ്ധേശം പൂർത്തീകരിക്കാൻ ബാങ്ക് മലയാളത്തിലാക്കാൻ പറ്റുമോ!? ബാങ്കിന്റെ പകരം ഇനി ജമാഅത് നിസ്കാരത്തിന്റെ മഹത്വങ്ങൾ പറഞ്ഞു കൊണ്ട് ആഴ്ചയിലൊരു ബാങ്കെങ്കിലും പരിഭാഷപ്പെടുത്തിയാൽ എത്രയധികം ജനങ്ങൾക്കത് പ്രയോചന/പ്രചോദനമാകും?! ആയിരക്കണക്കിനു ബാങ്കുകൾ കേട്ടിട്ടു പോലും ഇതു വരെ അതിന്റെ അർത്ഥം അറിയാത്തവരല്ലെ ഭൂരിപക്ഷം!? ഉദ്ധേശം പൂർത്തീ കരിക്കാൻ അറബിയാവണമെന്ന നിബന്ധന മാറ്റിയത് പോലെ ഖുതുബ ജുമുഅ നിസ്കാരത്തിന് ശേഷമുള്ള സമയത്തേക്ക് മാറ്റാൻ സാധിക്കുമോ!?
ഇനി ഈ ചോദ്യത്തിന് ഖുതുബ അറബിയിലായിരിക്കണമെന്ന നിബന്ധന പഠിപ്പിച്ച ഇമാമീങ്ങൾ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. ഫത്ഹുൽ മുഈനിൽ തന്നെ കാണാം.
وَلَا فَهْمُهُمْ لِمَا يَسْمَعُونَهُ وَشُرِطَ فِيهِمَا عَرَبِيَّةٌ لِاتّبَاعِ السَّلَفِ وَالْخَلَفِ . وَفَائِدَتُهَا بِالعَرَبِيَّةِ مَعَ عَدَمِ مَعْرِفَتِهِمْ لَهَا الْعِلْمُ بِالْوَعْظِ فِي الجُمْلَةِ قاله القاضي (فتح المعين بشرح قرة العين :202)(تحفة المحتاج: 2/451)
“കേൾക്കുന്നവർക്ക് മനസ്സിലാവണമെന്നൊരു ശർത്വ് ജുമുഅ ഖുതുബക്കില്ല. രണ്ട് ഖുതുബയും അറബിയിലായിരിക്കൽ ഖുതുബയുടെ ശർത്വുമാണ്. അത് മുൻഗാമികളെയും പിൻഗാ മികളെയും പിൻപറ്റാൻ വേണ്ടിയാണത്. അറബി ഭാഷ എല്ലാ വർക്കും അറിയില്ലെന്നിരിക്കെ അത് നിർബന്ധമാക്കിയതിന്റെ പ്രയോജനം മൊത്തത്തിൽ ഇതൊരു ഉപദേശ മാണെന്ന് മന സ്സിലായാൽ മതി എന്നത് കൊണ്ടാണ്.” (ഫത്ഹുൽ മുഈൻ :202)(തുഹ്ഫ:2/451)
ചോദ്യം:06
ഖത്വീബിനും മനസ്സിലാകേണ്ടതില്ലേ.?
കേരളത്തിൽ പള്ളിമിമ്പറുകളിൽ വെച്ച് ഇമാം നോക്കി വായിച്ചുകൊണ്ടിരിക്കുന്നതിന്റെ അർത്ഥം അവർക്ക് പോലും അറിയുന്നില്ലെന്ന രൂപത്തിലാണ് നോക്കിവായിച്ചു കൊണ്ടിരി ക്കുന്നത്. എന്തു പ്രയോചനമാണതിനുള്ളത്!?
മറുപടി
ദീൻ പഠിപ്പിച്ച മുഴുവൻ ശർഥുകളും ഫർളുകളും പാലിച്ചു നിർവ്വഹിക്കുന്ന ഖുതുബയുടെ പ്രയോജനം റബ്ബിന്റയടുക്കൽ നിന്നുള്ള സ്വീകാര്യതയാണ്. അതിലും വലിയൊരു പ്രയോ ജനം ഒരു വിശ്വാസിയെ സംബന്ധിച്ചെയുത്തോളം ഇല്ല. ഖുതുബയുടെ ശർത്വുകൾ പാലിക്കാതെ തോന്നിയതു പോലെ മണിക്കൂറുകളോളം പ്രസംഗം കേൾക്കുന്നത് കൊണ്ട് ഒരു വിശ്വാസിക്ക് ഒരു പ്രയോജനവും ലഭിക്കാനില്ല. ദീനിന്റെ നിയമങ്ങൾ അനുസരിക്കാതെ വെറും പ്രസംഗം കേൾക്കാ നാണ് ജുമുഅക്ക് വന്നതെങ്കിൽ ആ ജുമുഅയും അല്ലാത്ത പ്രസംഗ വേദികളും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്.!? പരിശുദ്ധ ദീനിൽ ആ ജുമുഅ സ്വീകരിക്കുമെന്നതിന് എന്തു തെളിവാണുള്ളത്.!? ജുമുഅ സ്വീകരിക്കാതെ ആ ദിവസം മുഴുവൻ പ്രസംഗം കേട്ടത് കൊണ്ട് എന്തുപകാരമാണുള്ളത്?
ഇനി ഈ ചോദ്യത്തിന് ഇമാമീങ്ങൾ നൽകിയ മറുപടിയും കൂടെ കാണുക. ഇമാം ഇബ്നു ഹജറുൽ ഹൈതമി ﵀ എഴുതുന്നു.
وَأَمَّا إيجَابُهُ أَعْنِي الْقَاضِيَ فَهْمَ الْخَطِيبِ لِأَرْكَانِهَا فَمَرْدُودٌ بِأَنَّهُ يَجُوزُ أَنْ يَؤُمَّ، وَإِنْ لَمْ يَعْرِفْ مَعْنَى الْقِرَاءَةِ (تحفة المحتاج: ٢/٤٥١(
“ഖുത്വുബയോതുന്ന ഖത്വീബിന് അതിന്റെ റുക്നുകൾ മനസ്സിലാവൽ നിർബന്ധമാണെന്ന് ഖാളീ ഹുസൈൻ(റ) പറഞ്ഞത് ശരിയല്ല. ഖിറാഅത്തിന്റെ അർത്ഥം അറിയാത്ത ഒരാൾ ഇമാം നിൽക്കുന്നതിന് ഒരു തടസ്സവുമില്ലാത്തത് പോലെയാണിതും. (തുഹ്ഫ:2/451)
ചോദ്യം:
അതായത് ഖുതുബ ആർക്കും മനസ്സിലാക്കേണ്ടതില്ലെ ന്നാണോ പറഞ്ഞു വരുന്നത്!?
മറുപടി
ഖുതുബ എല്ലാവർക്കും മനസ്സിലാകണം എന്നത് തന്നെ യാണ് സുന്നികൾ ആഗ്രഹിക്കുന്നത്. അത് ഖുതുബ മാത്രമല്ല, നിസ്കാരത്തിൽ ഓതുന്ന ഖുർആൻ പോലും എല്ലാവരും മനസ്സിലാക്കലും അതിന്റെ അർത്ഥം ചിന്തിച്ചു ഓതലും സുന്ന താണെന്ന് വരെ ഇമാമീങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. അതിനു വേണ്ടി അറബി പഠിക്കുകയാണോ അല്ല, പരിഭാഷ വായിക്കുകയാ ണോ വേണ്ടതെന്നു കെ.എംമൗലവി പോലും എഴുതുന്നുണ്ട്. അതായത്, ഖുതുബ ഖുതുബയായിത്തീരുന്ന ശർത്ഥുകളും റുക്നുകളും ഒഴിവാക്കിയിട്ട് മനസ്സിലാവണമെന്ന ലക്ഷ്യത്തിന്റെ പിന്നിൽ പോകരുതെന്നാണ് പറഞ്ഞതിന്റെ ചുരുക്കം.
ചോദ്യം:07
സാഹചര്യങ്ങൾക്ക് അനുസരിച്ചാവേണ്ടതില്ലേ.?
സദസ്സിനെയും സാഹചര്യങ്ങളെയും ശ്രോതാവിനെയും പരിഗണിച്ചാണ് നബിﷺ ഖുതുബ നിർവഹിച്ചിരുന്നത്. നബി ﷺ തന്റെ ഖുതുബയിൽ ജനങ്ങൾക്കാവശ്യമുള്ള കാര്യങ്ങൾ പഠിപ്പിക്കലായിരുന്നു പതിവ്.
മറുപടി
ഖുത്വുബ സന്ദർഭത്തിനനുസരിച്ചാവൽ ഖുതുബയുടെ സുന്നത്താണ്. അറബിയിലായിരിക്കൽ ഖുത്വുബയുടെ ശർത്വും. ശർത്വ് ഒഴവാക്കി സുന്നത്തെടുത്തവന്റെ ഉപമ പറയേണ്ടതില്ലല്ലോ.! ഉടുതുണിയഴിച്ച് തലയിൽ കെട്ടുക എന്നൊരു ചൊല്ലുണ്ട്. എന്നാൽ ശർത്തോടു കൂടെ സുന്നത്തെടുക്കുന്നതിൽ ഒരു തടസ്സവും ആർക്കുമില്ല. അറബി ഭാഷയിൽ കാലാനുസൃ തമായ ഖുതുബ നടത്തുന്നതിലൂടെ സ്വീകാര്യമായ ജുമുഅ സുന്നത്തോടു കൂടെ നടത്താനാകും. ഈ ലക്ഷ്യത്തിന് വേണ്ടിയിട്ടാണ് പ്രത്യേകം ഖുതുബയുടെ ഏടുകൾ നോക്കി ഖുതുബ നിർവ്വഹിക്കുന്നത് തന്നെ! അത്തരം ഏടുകളിൽ ഒരു വർഷത്തെ 50 ലധികം വരുന്ന ആഴ്ചകൾക്കും ആ സന്ദർഭത്തോടു യോചിച്ച ഉപദേശമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. അത്തരം ഏടുകളിൽ നോക്കി ഓതുന്നത് കാരണം കൊണ്ട് സന്ദർഭത്തിനനുസരിച്ചാവുകയെന്നതിന്റെ പ്രതിഫലമാണോ ആഗ്രഹിക്കുന്നത്.?! അത് ലഭിക്കുമെന്നത് ഉറപ്പാണ്. കാരണം മുൻകഴിഞ്ഞ ഇമാമീങ്ങളെല്ലാം ഖുതുബയെ നിസ്കാരത്തിലെ അത്തഹിയ്യാത്ത് പോലുള്ള ഒരു ഇബാദത്തായിട്ടാണ് കണ്ടിരുന്നത് ഓർമ്മ വേണം.
ചോദ്യം:08
ഒരിക്കൽ നബി ﷺ വെള്ളിയാഴ്ച ഖുതുബ നിർവ്വഹിക്കു മ്പോൾ കയറിവന്ന സ്വഹാബിയോട് രണ്ട് റകഅത്ത് നമസ്ക രിക്കാൻ കൽപിച്ചു. (ബുഖാരി) ഹദീഥിന്റെ വിശദീകരണ ത്തിൽ ഇബ്‌നുഹജറുൽ അസ്ക്കലാനി പറയുന്നു:
وَأَنَّ لِلْخَطِيبِ أَنْ يَأْمُرَ فِي خُطْبَتِهِ وَيَنْهَى وَيُبَيِّنَ الْأَحْكَامَ الْمُحْتَاجَ إِلَيْهَا ، وَلَا يَقْطَعُ ذَلِكَ التَّوَالِي الْمُشْتَرَطَ فِيهَا، بَلْ لِقَائِلٍ أَنْ يَقُولَ : كُلَّ ذَلِكَ يُعَدُّ مِنَ الْخُطْبَةِ .
“ഖതീബിന് തന്റെ ഖുതുബയിൽ ആവശ്യമായ കാര്യങ്ങൾ കൽപിക്കലും വിരോധിക്കലും ആവശ്യമായ വിധി വിലക്കു കൾ വിശദീകരിച്ചു കൊടുക്കലും അനുവദനീയമാണ്. ഇതൊ ന്നും ഖുതുബയിൽ നിബന്ധനയായ തുടർച്ചക്ക് ഭംഗം വരു ത്തുന്നതല്ല. എന്നു മാത്രമല്ല അതെല്ലാം ഖുതുബയിൽ പെട്ട താണെന്ന് പറയാവുന്നതുമാണ്.” (ഫത്‌ഹുൽ ബാരി 3:450)
മറുപടി
ഇവിടെയും പരിഭാഷക്ക് തെളിവില്ല എന്നത് വ്യക്തമാണ്. ഖുത്തുബ അറബി ഭാഷയിൽ ആവണമെന്ന് നിബന്ധന ഒഴിവാക്കി ഖുതുബ അറബി അല്ലാത്ത ഭാഷയിൽ നിർവഹിക്കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് തെളിയിക്കേണ്ടത്. ഇത് ഖുതുബയുടെ അറബിയാവണമെന്നടക്കമുള്ള ശർത്വുകൾ പാലിച്ചു നടത്തപ്പെടുന്ന സംസാരത്തെ കുറിച്ചാണെന്നും അത്തരത്തിലുള്ള സംസാരം പോലും ഒഴിവാക്കലാണ് നല്ലെ തെന്നും തൊട്ടപ്പുറത്തു വരാനിരിക്കുന്ന ചർച്ചയിൽ നിന്ന് ബോധ്യപ്പെടുന്നതാണ്. ഇതേ വിശയം(ഖുതുബക്കിടയിലുള്ള സംസാരം) ഇമാം നവവി ﵀ അടക്കമുള്ള കർമ്മശാസ്ത്ര പണ്ഡിതർ പറയുന്നുമുണ്ട്. അവിടെയെല്ലാം പറഞ്ഞ നിബന്ധന ഇത് ഖുതുബയായി ഗണിക്കണമെങ്കിൽ അറബിയായിരിക്കണമെന്നും, ഖുതുബയായി ഗണിക്കപ്പെട്ടാലേ ഇത് തുടർച്ചക്ക് ഭംഗം വരാതിരിക്കുകയുള്ളൂവെന്നും അതിൽ നിന്ന് വ്യക്തമാകും.
ഇപ്പറഞ്ഞതിലേക്കുള്ള സൂചന അസ്ഖലാനി ഇമാമിന്റെ ഇബാറത്തിൽ നിന്ന്തന്നെ കിട്ടുന്നുമുണ്ട്. ‘ഇത് ഖുതുബയാ ണ്’ എന്നല്ല അവിടുന്ന് പറഞ്ഞത്. بَلْ لِقَائِلٍ أَنْ يَقُولَ : كُلَّ ذَلِكَ يُعَدُّ مِنَ الْخُطْبَةِ . ‘ഇത് ഖുതുബയായി ഗണിക്കുമെന്ന് വേണമെങ്കിൽ ഒരാൾക്ക് പറയാനാകും.’ എന്നാണ് പറഞ്ഞത്. അത് അറബിയിലാവണമെന്നടക്കമുള്ള ശർഥുകൾ പാലിക്കുമ്പോഴാണെന്നത് വ്യക്തമാണ്. കാരണം അസ്ഖലാനി ഇമാം ﵀ ശാഫി ഈ മദ്ഹബിലെ പണ്ഡിതനാണ്. ശാഫിഈ ഫിഖ്ഹിലെ ഏതു ചെറിയ ഗ്രന്ഥമെടുത്താലും വ്യക്തമായി രേഖപ്പെടുത്തിയ കാര്യമാണ് ഖുതുബ അറബിയിലായിരിക്കണമെന്നത്. എല്ലാ മദ്ഹബിലും ഇതു തന്നെയാണവസ്ഥ എന്നത് മുമ്പ് വിശദീകരിച്ചു.
ചോദ്യം:10
ഖുതുബ ഉപദേശമല്ലേ.!?
ഖുതുബ ഉപദേശമാണെന്ന് ഇമാം ശാഫിഈ ﵀ തന്നെ പറഞ്ഞിട്ടുണ്ടല്ലോ!?
إِنَّمَا كَانَتِ الْخُطْبَةُ تَذْكِيرًا
ഖുതുബ ഒരു ഉൽബോധനം മാത്രമായിരുന്നു. (അൽ ഉമ്മ് 1/203)
ഇമാം നവവി ﵀ പറയുന്നു:
وَمَقْصُودُ الْخُطْبَةِ الْوَعْظُ ، وَهَذَا نَصُّهُ فِي الْإِمْلَاء
ഖുതുബയുടെ ഉദ്ദേശം ഉപദേശമാണ്. ഇത് ശാഫിഈ ഇമാം വ്യക്തമായി പറഞ്ഞതാണ്. (ശറഹുൽ മുഹദ്ദബ് :4/521)
മറുപടി
ഖുതുബയിൽ ഉപദേശം പാടില്ലെന്ന് സുന്നികൾക്ക് വാദമുണ്ടെങ്കിലേ ഈ ചോദ്യം ചോദ്യമാകൂ. വെറും ഉപദേശമാണ് ലക്ഷ്യമെങ്കിൽ അത് ജുമുഅക്ക് ശേഷവും ആക്കാം. മറിച്ച് നിബന്ധനകൾ(ശർത്വുകൾ) പാലിച്ച ഉപദേശമാണ് വേണ്ടത്. അല്ലെങ്കിൽ ഉപദേശത്തിനിടയിൽ ഒരു ഇരുത്തത്തിന്റെ ആവശ്യമില്ല. ആ നിബന്ധനകളിൽ പ്രധാനമാണ് ഉപദേശം അറബിയിലായിരിക്കുകയെന്നത്. മുകളിലെ ഇബാറതുകളിലൊന്നും ഖുതുബ ശർത്ഥുകൾ ഒഴിവാക്കി ഉപദേശിക്കണമെന്നതിന് ഒരു സുചന പോലുമില്ല. ഖുതുബയുടെ ഒരുഫർളാണ് ‘തഖുവ കൊണ്ടുള്ള ഉപദേശം’ എന്നത്. അത് പഠിപ്പിച്ച ഇമാമീങ്ങൾ തന്നെ അതിനു വെച്ച ശർത്വാണ് ‘അറബിയിലായിരിക്കണമെന്നത്.’ അതിനു വേണ്ടി എല്ലാ വിധ കാരണങ്ങളും അവർ ഉയർത്തിക്കാണിച്ചിട്ടുമുണ്ട്. അതായത് അറബിയാവണമെന്ന ശർത്വ് പാലിച്ച ഉപദേശമാണ് ഖുതുബയിൽ ഉണ്ടാവേണ്ടത്. ഖുത്വുബയുടെ ലക്ഷ്യം വഅളാണ് എന്ന് പറഞ്ഞതു കൊണ്ട് അത് അനറബിഭാഷയിൽ ആവണമെന്ന് എങ്ങനെ ലഭിക്കും!? നിസ്കാരത്തിന്റെലക്ഷ്യം ഹൃദയ ശുദ്ധീകരണമാണെന്ന ന്യായം പറഞ്ഞു കൊണ്ട് ജമുഅ നിസ്കാരത്തിനു വരെ പോകാതെ വ്യാജ ആത്മീയ ക്ലാസെടുക്കുന്ന കള്ളത്വരീഖതുകാരും അനുയായികളും നമ്മുടെ കേരളത്തിൽ നിരവധിയുണ്ട്. ഈ വാദം കൊണ്ട് അവരുടെ ന്യായങ്ങൾ ശരിയാണെന്ന് പറയേണ്ടി വരില്ലേ?!
ചുരുക്കത്തിൽ പരിശുദ്ധ ദീനിലെ അമലുകളുടെ ഉദ്ധേശ്യങ്ങളും ലക്ഷ്യങ്ങളുമെല്ലാം ആ അമലുകളെ അമലുകളായി സ്വീകരിക്കാനുള്ള നിബന്ധനകൾ ഒഴിവാക്കിക്കൊണ്ടല്ല പരിഗ ണിക്കേണ്ടത്. ഖുതുബ ഖുതുബയാവണമെങ്കിൽ പാലിക്കേണ്ട നിബന്ധനകൾ ഒഴിവാക്കിക്കൊണ്ട് മറ്റു ലക്ഷ്യങ്ങളുടെ പിന്നിൽ പോകുന്നത് റബ്ബ് ദീനിൽ നിയമിച്ച ശരീഅത് നിയമങ്ങളെ അവഗണിക്കലാണ്. അത് ദീനിന്റെ തന്നെ ലക്ഷ്യമായ റബ്ബിന്റെ നിയമങ്ങളെ അനുസരിക്കലെന്ന കാര്യത്തെ തള്ളി ക്കളയലാണ്. നിസ്കാരത്തിൽ സംസാരിച്ചാൽ നിസ്കാരം ബാത്വിലാകുമെന്ന് ആർക്കും സംശയമില്ല. ഒരാൾക്ക് തന്റെ നിസ്കാരത്തിനിടയിൽ സംസാരിച്ചു കൊണ്ട് 100 പേരെ മുസ്ലിമാക്കാൻ അവസരം കിട്ടിയാൽ പോലും അവൻ സംസാരിച്ച നിസ്കാരം നിസ്കാരമായിട്ടില്ലെന്നുറപ്പാണ്.
ചോദ്യം: 12
മനസ്സിലാകാത്ത വാക്കുകൾ ഒഴിവാക്കേണ്ടെ..?
ഇമാം നവവി ﵀ പറയുന്നു.
قَالَ الْمُتَوَلِّي : وَيُكْرَهُ الْكَلِمَاتُ الْمُشْتَرَكَةُ وَالْبَعِيدَةُ عَنْ الْأَفْهَامِ. وَمَا يَكْرَهُ عُقُولُ الْحَاضِرِينَ ، وَاحْتَجَّ بِقَوْلِ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللهُ عَنْهُ « حَدِّثُوا النَّاسَ بِمَا يَعْرِفُونَ أَتُحِبُّونَ أَنْ يُكَذَّبَ اللهُ وَرَسُولُهُ ؟ (شرح المهذب(
“മുതവല്ലി ഇമാം പറയുന്നു. വിവിധ അർത്ഥമുള്ളതും സദസ്യർക്ക് മനസ്സിലാക്കാൻ വിഷമമുള്ളതും സദസ്യരുടെ ബുദ്ധിക്ക് അപരിചിതമായതുമായ പദപ്രയോഗങ്ങൾ കറാഹത്താണ്. ശ്രോതാക്കൾക്കറിയുന്ന വിധത്തിൽ അവരോട് സംസാരിക്കുക. അല്ലാഹുവിനെയും റസൂലിനെയും കളവാക്കുന്നതിനെ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ എന്ന അലി ﵁ വിൽ നിന്ന് ബുഖാരി ഉദ്ധരിച്ച ഹദീഥാണ് അദ്ദേഹം തെളിവാക്കിയത്” (ശറഹുൽ മുഹദ്ദബ് 4/528)
മറുപടി
ഇതിലെവിടെയാണ് ഖുതുബ അനറബി ഭാഷയിൽ ആവണമെന്ന് എഴുതിയത്? ഇമാം നവവി ﵀ തന്നെ ഖുത്വുബ അറബി ഭാഷയിൽ തന്നെയാവൽ നിബന്ധനയുണ്ട് എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. ഇമാം നവവി ﵀ പറയുന്നു:
يشترط لانه ذكر مفروض فشرط فيه العربية كالتشهد وتكبيرة الاحرام مع قوله صلى الله عليه وسلم " صلوا كما رأيتموني اصلي " وكان يخطب بالعربية (شرح مهذب(
“ഖുത്വുബ അറബിയിലായിരിക്കല്‍ ശര്‍ത്വാണ്. കാരണം: ഖുത്വുബ എന്നത് അത്തഹിയാത്ത് തക്ബീറത്തുല്‍ ഇഹ്‌റാം എന്നിവ പോലെ നിര്‍ബന്ധമായ ഒരു ദിക്‌റാണ്. അതോടു കൂടെ നബി ﷺ പറഞ്ഞത് ‘ഞാൻ നിസികരിക്കും പോലെ നിസ്കരിക്കുവീൻ’ എന്നുകൂടിയാണ്. അവിടുന്ന് അറബിയിലായിരുന്നു. ഖുതുബ നിർവ്വഹിച്ചിരുന്നത്.” (ശറഹുല്‍ മുഹദ്ദബ് :4/522) ഈ ആശയം ഇമാം നവവി ﵀ തന്റെ റൗളയിലും മിൻഹാജിലും വ്യക്തമാക്കി തന്നെ പഠിപ്പിച്ചിട്ടുണ്ട്.
ഇമാം നവവി ﵀ തന്നെ ഇത്രയും കണിശമായി അറബിയിലായിരിക്കണമെന്ന് തെളിവുകൾ നിരത്തി പഠിപ്പിച്ച ഈ ഖുതുബ അറബി ഭാഷയിലെ കടുകട്ടിയുള്ള വാക്കുകൾ കൊണ്ടാവ രുതെന്നാണ് അവിടുന്ന് പറഞ്ഞത്. അല്ലാതെ ഖുതുബയുടെ ശർത്തുകൾ പോലും ഉപേക്ഷിച്ചു കറാഹത്ത് വരാതിരിക്കാൻ ശ്രമിക്കണമെന്ന് ഒരു ചെറിയ വിവരമുള്ള പണ്ഡിതനെ കുറിച്ച് തന്നെ ചിന്തിക്കാനാകുമോ!?
ശേഷം കൊണ്ടുവന്ന ഹദീസ് ഏതുഭാഷയിലുള്ള ഏതു പ്രസംഗത്തിനും ഏതു ക്ലാസുകൾക്കും സ്വീകിക്കേണ്ട നിബ ന്ധനകൾ പഠിപ്പിക്കുന്ന ഹദീസാണ്. ‘ജനങ്ങൾ ഉൾക്കൊ ള്ളാൻ കഴിയുന്നതേ പറയാവൂ.. അല്ലെങ്കിൽ സാധാരണക്കാർ പരിശുദ്ധ ദീനിനെ അവഹേളിക്കുന്ന തരത്തിലേക് വഴിതെറ്റി പ്പോകുമെന്ന’ ആശയമാണതിലുള്ളത്.
ഇതേ ആശയത്തിലുള്ള നിരവധി ഇമാമീങ്ങളുടെ വാക്കു കൾ ബിദ്അത്തുകാർ തെറ്റു ദ്ധരിപ്പിക്കാറുണ്ട്. അത്തരം കിതാബിൽ തന്നെ അറബിയായിരിക്കണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടാകും. ഇമാം മഹല്ലി ﵀ പറയുന്നു.
يسن أن تَكُون الخُطبَةُ مَفهُومَة أي قَرِيبَة مِنَ الاَفهَامِ لاَ غَرِيبةً وحشِيَةً فَإِنَّهَا لاَ يَنتَفِعُ بِهَا أكثَرُ النَاسِ
ഖുതുബ ജനങ്ങൾക്ക് മനസ്സിലാകുന്നതായിരിക്കൽ സുന്ന ത്താണ്. അതായത് വേഗത്തിൽ മനസ്സിലാവുന്നതായി രിക്കണം. അപരിചിതമോ പ്രാകൃതമോ ആയിരിക്കരുത്. കാര ണം ഭൂരിപക്ഷം ആളുകൾക്കും അത് ഉപകാരപ്പെടുകയില്ല (മഹല്ലി 1/287)
ഇതിലും പരിഭാഷക്ക് തെളിവില്ലെന്നത് വ്യക്തമാണ്. ഖുത്തുബ എല്ലാം അറബി ഭാഷയിൽ ആവൽ നിബന്ധനയാണ് എന്നത് പഠിപ്പിച്ച ഇമാം മഹല്ലി ﵀ മറ്റൊരു സ്ഥലത്ത് അനറബി ഭാഷയിൽ ആവൽ സുന്നത്താണെന്ന വൈരുദ്ധ്യം പറയുമെന്ന് ഊഹിക്കാമോ!?
ويشترط كونها كلها عربية كما جرى عليه الناس ( محلي1/278(
“ഖുത്വുബ മുഴുവന്‍ അറബിയിലായിരിക്കല്‍ നിബന്ധന യാണ്. മുന്‍ഗാമികളും (സലഫ്) പിന്‍ഗാമികളും (ഖലഫ്) ഇപ്രകാരമാണ് പ്രവര്‍ത്തിച്ചത്” (മഹല്ലി, 1/278)
ചോദ്യം:13
ജനങ്ങൾ അറബികളാണെങ്കിൽ മാത്രം.!?
അൽ ഫിഖ്ഹു അലാ മദാഹിബിൽ അർബഅ എന്ന കിതാബിൽ പറയുന്നു.
الشافعية قالوا:…. هذا إذا كان القوم عربًا، أما إن كانوا عجمًا فإنه لا يشترط أداء أركانهما بالعربية مطلقًا (الفقه علي مذاهب الأربعة: ١/٣٥٥(
“ശാഫിഈ മദ്ഹബിൽ ഖുതുബക്ക് അറബി ഭാഷ ശർ ത്വാണെന്ന് ശാഫിഈ മദ്ഹബ് പറഞ്ഞത് ജനങ്ങൾ അറബി കളാകുമ്പോൾ മാത്രമാണ്. ജനങ്ങൾ അറബികളല്ലെങ്കിൽ ഖുതുബക്ക് അറബി ശർത്ഥേയല്ല.(അൽ ഫിഖ്ഹു അലാ മദാ ഹിബിൽ അർബഅ:1/355)
മറുപടി
ഖുത്വുബ പരിഭാഷക്ക് ഒരു ഇബാറത്തിന്റെ മുറി പോലും മദ്ഹബിന്റെ ഗ്രന്ഥങ്ങളിൽ ലഭിക്കാത്തതിനാൽ നാലു മദ്ഹബിന്റെ ഫിഖ്ഹിലും ഒരു നിലക്കും അവലംബിക്കാൻ പറ്റാത്ത അടുത്ത കാലത്തായി മരണപ്പെട്ടു പോയ(1941) അബ്ദുറഹ്മാനുൽ ജസീരിയുടെ കിതാബാണിത്. ഇദ്ദേഹം ഒരു മദ്ഹബിലും ഫതവ കൊടുക്കാനോ മസ്അല പറയാനോ അർഹനായ പണ്ഡിതനല്ല. ഇതിൽ ശാഫിഈ മദ്ഹബിൽ എന്നല്ല, എല്ലാ മദ്ഹബിലും ഒരു ഇമാം പോലും പറയാത്ത നിരവധി അബദ്ധ ങ്ങൾ എഴുതിക്കുറിച്ച വെറുമാരു പുസ്തകമാണിത്.
അത്കൊണ്ട് ഈ തട്ടിവിട്ട ഇബാറത്തിൽ തന്നെ വലി യൊരു വൈരുദ്ധ്യം കാണാനാകും. “അറബി പഠിക്കാൻ കഴിയുമെങ്കിൽ ശാഫിഈ മദ്ഹബിൽ അറബിയിൽ ഖതുബ നിർബന്ധമാണ്. ഇതുതന്നെ ജനങ്ങൾ അറബി ആയാൽ മാത്രമാണ്. അല്ലെങ്കിൽ അറബി നിബന്ധനയില്ല” എത്രമാത്രം വൈരുദ്ധ്യമാണിതെന്ന് ചെറിയ നിലക്ക് ചിന്തിച്ചാൽ തന്നെ മനസ്സിലാകും. ജനങ്ങൾ അറബികളല്ലെങ്കിലല്ലേ അറബി പഠിക്കാൻ കഴിയുമെങ്കിൽ എന്ന് പറയേണണ്ടത്.!?
ഇനി ഇദ്ദേഹത്തിന്റെ സമകാലികർ തന്നെ മദ്ഹബുകളു ടെ പേരിലുള്ള ഈ പുസ്തകത്തെ ശക്തമായി എതിർക്കുന്നത് കാണാം. ഈ കിതാബിൽ നാലു മദ്ഹബിന്റെ ഇമാമീങ്ങളുടെ പേരിലും അവർക്കില്ലാത്ത അഭിപ്രായങ്ങൾ വെച്ചു കെട്ടിയിട്ടുണ്ടെന്നും അതുകൊണ്ട് ഒരാളും മദ്ഹബുകളുടെ അഭിപ്രായം അറിയാൻ ഇത് അവലംബിക്കരുടെന്നും തുറന്നെഴുതിയിട്ടുണ്ട്.
ചുരുക്കത്തിൽ ഇദ്ദേഹം ശാഫിഈ മദ്ഹബിന്റെ പേരിൽ എഴുതിയ ഈ വാദം ഒരൊറ്റ മുൻകാല ശാഫിഈ പണ്ഡിതരും പറയാത്തതാണ്. ഖത്വീബിന് വരെ ഖുതുബ മനസ്സിലാവൽ ശർത്ഥില്ലെന്ന് വരെ കിതാബുകളിൽ നിന്ന് മുമ്പ് വിശദീകരിച്ചിട്ടുണ്ട്.