ആമുഖം
ശാരീരികമായ ആരാധനകളിൽ വെച്ച് ഏറ്റവും മഹത്വമേറിയ ഇബാദത്താണ് നിസ്കാരം. നിസ്കാരങ്ങളിൽ ഏറ്റവും മഹത്വവും പ്രാധാന്യവും നിറഞ്ഞതാണ് വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്കാരം. നിസ്കാരത്തെ പോലെ പൂർണമായും ദീൻ നിർദ്ദേശിച്ച ശർഥുകളും ഫർളുകളുമുള്ള ഇബാദത്താണ് ജുമുഅയും. ജുമുഅ ജുമുഅയായി സ്വീകരിക്കണമെങ്കിൽ അതിൽ 40 പേർ കേൾക്കും വിധം നിരവധി ശർഥുകളും ഫർളുകളുമുള്ള ഖുതുബ നടന്നിരിക്കണം. നിസ്കാരത്തിന്റെ ശർഥായ ഖിബലയിലേക്ക് മുന്നിടൽ സ്വീകരിക്കാതെ ഒരാൾ നിസ്കരിക്കുന്നത് കൊണ്ട് ഒരു പ്രയോചനവുമില്ലാത്തത് പോലെ, ഖുതുബയുടെ ശർഥായ അറബി ഭാഷ ഒഴിവാക്കി ജമുഅ നടത്തിയാൽ ആ ജുമുഅ കൊണ്ടും യാതൊരു പ്രയോചനവുമില്ല.
ഇത് ഏതൊരാൾക്കും വളരെ പെട്ടൊന്ന് മനസ്സിലാക്കാവുന്ന ആശയമാണ്. കൃത്യമായി ശർഥും ഫർളുകളും പാലിച്ചു ചെയ്യേണ്ട ഇബാദത്ത് അത് പാലിക്കാതെ മറ്റെന്തു ലഭിച്ചിട്ടും കാര്യവുമില്ല.
ഖുതുബ പരിഭാഷയുടെ പേരിൽ ബിദ്അതുകാർ മുൻഗാ മികളായ ഇമാമീങ്ങളുടെ പേരിൽ നിരവധി ഇബാറത്തുകൾ കട്ടുമുറിച്ചു കൊണ്ടും സന്ദർഭങ്ങളിൽ നിന്നടർത്തിക്കൊണ്ടും പ്രചരിപ്പിക്കുന്നത് കാലമേറെയായി കാണാൻ തുടങ്ങിയിട്ട്. സത്യാവസ്ഥ അറിയാത്ത വിശയങ്ങളിൽ ഒന്നും മറുപടി പറയാതെ മാറ്റി വെക്കലാണ് പതിവ്. 1400 വർഷങ്ങളായി ലോക സുന്നികൾ ഒന്നടങ്കം അനുവർത്തിച്ചു വരുന്ന കാര്യത്തിൽ ഒരു നിലക്കും തെറ്റുണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ജുമുഅ ഖുതുബ അറബിയിലേ പാടൂ എന്നത് ഇന്ന് വരെ ഒരാശയം പോലും മാറ്റിപ്പറയേണ്ടി വരാത്ത ഉലമാഇനു പിന്നിൽ ഉറച്ചുനിന്നു പറഞ്ഞത്. ഈയടുത്താണ് ബിദ്അതുകാർ പ്രച രിപ്പിക്കുന്ന ഇത്തരം ഇബാറത്തുകളെ ഒന്ന് നേരിൽ കണ്ടു കൃത്യമായി പഠിക്കണമെന്ന് വെച്ചത്.
ഉറപ്പിച്ചു പറയാനാകും! 1200 വർഷങ്ങൾക്ക് മുമ്പ് ഇമാം ശാഫിഈ(റ) അടക്കം പറഞ്ഞ ആശയം ഒരണുമണിത്തൂക്കം വ്യത്യാസമില്ലാതെയാണ് ഇന്നും സുന്നത്ത് ജമാഅത്തിന്റെ ഉലമാക്കൾ ഈ വിശയത്തിലും എടുത്തിട്ടുള്ള നിലപാടെന്ന് ബോധ്യപ്പെടുകയുണ്ടായി. ഇമാം ശാഫിഈ(റ) വിന്റെ പേരിൽ പോലും എത്ര വിദഗ്ദമായിട്ടാണ് ബിദ്അതുകാർ അവിടുത്തെ ഇബാറത്ത് ദുർവ്യാഖ്യാനം നടത്തുന്നത്.!? അതെല്ലാം ഈ ലേഖനത്തിൽ അക്ഷരം പ്രതിപിടികൂടുന്നുണ്ട്. ശാഫിഈ ഇമാമിന്റെ പേരിൽ ബിദ്അതിന്റെ നേതാക്കൾ പോലും ദുർ വ്യാഖ്യാനം നടത്താൻ മടിയില്ലെങ്കിൽ മറ്റു അഇമ്മത്തുകളുടെ പേരിലുള്ളത് പറയേണ്ടതില്ലല്ലോ!? അത്തരം ഇബാറത്തുകൾ ഇതിൽ ആഴത്തിലറങ്ങി വിശദീകരിക്കുന്നുണ്ട്.
ഖുതുബ പരിഭാഷക്കു വേണ്ടി നേതാക്കൾ അനുയായികളിൽ കുത്തിവെച്ച യുക്തിവാദത്തെ അതേയുക്തികൾ കൊണ്ട് തന്നെ ഇതിൽ പിടികൂടാൻ ശ്രമിക്കുന്നുണ്ട്. തെറ്റുകൾ സൂചി പ്പിക്കാൻ കഴിയുന്നവർ ഉണർത്തിത്തരുമെന്ന പ്രതീക്ഷയോ ടെ. റബ്ബ്സ്വീകരിക്കട്ടെ ആമീൻ!
രണ്ടു കാരണങ്ങൾ
ജുമുഅ ഖുതുബ അറബിയിലായിരിക്കൽ ഖുതുബയുടെ ശർത്വാണെന്ന് പറയാതക്കതായ രണ്ടു കാരണങ്ങൾ ഇമാ മീങ്ങൾ അവരുടെ ഗ്രന്ഥങ്ങളിലെല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോന്നിലേക്കും നമുക്ക് കടന്നുവരാം.
ഒന്ന്: ഖുതുബ ദിക്റും നിസ്കാര സമാനമായ ഇബാ ദത്തും ആണ്.
ഖുർആൻ പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴿سورة الجمعة﴾﴿٩﴾
“ഓ സത്യവിശ്വാസികളേ... വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മന സ്സിലാക്കുന്നുവെങ്കില്‍. (62:9)
ഈ ആയതിൽ “ദിക്‌റുല്ലാഹി” എന്നത് കൊണ്ടുദ്ധേഷിക്കുന്നത് ഖുതുബയാണെന്ന് മുഴുവൻ മുഫസ്സിറുകളും വ്യക്ത മാക്കിയത് കാണാം.
പരിശുദ്ധ ഖുര്‍ആന്‍ ഈ ആയതിലൂടെ ഖുതുബയെ പരിചയപ്പെടുത്തുന്നത് ഖുത്വുബ ഒരു ദിക്‌റാണ് എന്ന ആശയമാണ്.
ഇതേ പദം പരിശുദ്ധമായ ഹദീസിലും ഉണ്ട്. നബി (സ) പറയുന്നു.
فَإِذَا خَرَجَ الإِمَامُ حَضَرَتِ الْمَلاَئِكَةُ يَسْتَمِعُونَ الذِّكْرَ (صحيح البخاري: 3211(
ഖത്വീബ് മിംബറിലേക്ക് പുറപ്പെട്ടാല്‍ ദിക്‌റ് കേള്‍ക്കാന്‍ മലക്കുകള്‍ അവിടെ സന്നിഹിതരാവും. (ബുഖാരി:3211)
ചുരുക്കത്തിൽ ഈ ‘ദിക്ർ’ എന്ന പദപ്രയോഗം തന്നെ അറിയിക്കുന്നത് ഖുതുബ വെറുംപ്രസംഗമല്ല എന്നതിലേക്കാണ്. ഇത് കൃത്യമായി അഹ് ലുസ്സുന്നയുടെ ഇമാമീങ്ങൾ മനസ്സിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇമാം നവവി(റ) എഴുതുന്നു
)أَصَحُّهُمَا) وَبِهِ قَطَعَ الْجُمْهُورُ يُشْتَرَطُ لِأَنَّهُ ذِكْرٌ مَفْرُوضٌ فَشُرِطَ فِيهِ الْعَرَبِيَّةُ كَالتَّشَهُّدِ وَتَكْبِيرَةِ الْإِحْرَامِ مَعَ قَوْلِه ﷺ صَلُّوا كَمَا رَأَيْتُمُونِي أُصَلِّي وَكَانَ يَخْطُبُ بِالْعَرَبِيَّةِ )المجموع شرح مهذب للإمام النووي :4/522(
“ഏറ്റവും പ്രബലമായതും ബഹുഭൂരിപക്ഷം പണ്ഡിരും തീർത്തുപറഞ്ഞതുമായ അഭിപ്രായം ജുമുഅ ഖുത്വുബ അറബിയിലായിരിക്കൽ ശർത്വാണ് എന്നതാണ്. കാരണം: ഖുത്വുബ എന്നത് അത്തഹിയാത്ത് തക്ബീറതുൽ ഇഹ്റാം എന്നിവ പോലെ നിർബന്ധമായ ഒരു ദിക്‌റാണ്. അതോടു കൂടെ നബി(സ) പറഞ്ഞത് ‘ഞാൻ നിസ്കരിക്കുന്നത് പോലെ നിസ്കരിക്കുവീൻ’എന്നുകൂടിയാണ്. അവിടുന്ന്(സ) അറബിയിലായിരുന്നു ഖുത്വുബ നിർവ്വഹിച്ചിരുന്നത്.” (ശറഹുല്‍ മുഹദ്ദബ് :4/522)
ചുരുക്കത്തിൽ ഇമാമീങ്ങളെല്ലാം പ്രമാണങ്ങളിലെ ഈ ദിക്റിന് അർത്ഥം നൽകിയത് അത്തഹിയ്യാത്ത് പോലെ നാം ചൊല്ലുന്ന ദിക്ർ ആണെന്നാണ്. ബിദ്അതുകാർ പറയുന്നത് പോലെ ‘സ്മരണ/ഉപദേശം’എന്നിങ്ങനെയുള്ള അർത്ഥമല്ലെന്ന് ഈ വിശദീകരണത്തിൽ നിന്നും വ്യക്തമാണ്.
ഇത് ഇത്ര ഗൗരവമായി പറയാനുള്ള കാരണം ഇമാം നവവി(റ) വിന്റെ ശറഹു മുസ്ലിമിലെ وَمَقْصُودُ الْخُطْبَةِ الْوَعْظُ 'ഖുതുബയുടെലക്ഷ്യം/ഉദ്ദേശ്യം ഉപദേശമാണ്' ഒരു ഇബാറത് ബിദ്അതുകാർ ദുരുപയോഗം ചെയ്യുന്നത് പൊളിച്ചുകളയാൻ വേണ്ടിയാണ്. ഖുതുബയെ കുറിച്ച് ഇമാം നവവി(റ) പറഞ്ഞ ഈ രണ്ടു വാക്കും ഒരിക്കലും വൈരുധ്യമല്ല. ഒന്ന് ഖുതുബ തന്നെ എന്താണെന്നും മറ്റൊന്ന് ഖുതുബയുടെ ലക്ഷ്യം എന്താണെന്നുമാണ് വിഷയം. നോമ്പ് എന്താണെന്നും നോമ്പി ന്റെ ലക്ഷ്യമെന്തെന്നതും വ്യത്യാസമുണ്ടാകും. നോമ്പിന്റെ ലക്ഷ്യം വിശപ്പറിയലാണെന്ന് പറഞ്ഞാൽ ആ ലക്ഷ്യം നന്നായി നടക്കുവാൻ വേണ്ടി വർഷക്കാലത്തു വരുന്ന റമളാൻ നോ മ്പിനെ വേനൽ കാലത്തേക്കും നോമ്പ് തുറക്കൽ ഇശാഇന്റെ സമയത്തേക്കും മാറ്റാൻ പറ്റുകയില്ല. സകാത്തിന്റെ ലക്ഷ്യം ദരിദ്ര നിർമാർജനം ആണെന്ന് പറഞ്ഞു. എന്തെങ്കിലും ആർ ക്കെങ്കിലും ഏതെങ്കിലും സമയത്ത് കൊടുത്താൽ മതിയാകില്ല. സകാത്ത് സകാത്തായി കൊടുത്താലേ റബ്ബിന്റെ മുന്നിൽ അത് സ്വീകാര്യമാവുകയുള്ളൂ... ഇതു പോലെയാണ് ഖുതുബയും. അതിന്റെ ശർത്തും ഫർളുംലംഘിച്ചു ഒരു ദിവസം മുഴുവനും ലക്ഷ്യത്തിനൊപ്പം പോയി പ്രഭാഷണം നടത്തിയാലും ഖുതുബ ഖുതുബയായി ഗണിക്കുകയില്ല.! ചുരുക്കത്തിൽ ഖുതുബ അതിന്റെ ശർത്തുകളും ഫർളുകളും ഒത്ത ഖുതുബ യാവലോട് കൂടെയുള്ള ലക്ഷ്യമാണ് അത് ഉപദേശമാവുക യെന്നത്. ഇതിനു പുറമെ ഈ ഇബാറത് ഇമാം നവവി(റ) കൊണ്ടുവന്നത് മറ്റൊരു വിഷയം സൂചിപ്പിക്കാനാണ്. വിശദമായി ഈ ചർച്ചപിന്നീട് വരുന്നുണ്ട്.
ഇമാം നവവി(റ)വിന്റെ പേരിൽ ബിദ്അതുകാരുടെ കള്ള പ്രചാരണവും സത്യാവസ്ഥയും
ഇത്ര വ്യക്തമായി ഇമാം നവവി(റ) പറഞ്ഞ കാര്യമാണ് ജുമുഅ ഖുതുബ അറബിയിലായിരിക്കണമെന്നത്.എന്നാൽ ഈ ഭാഗം പൂർണമായും മറച്ചു വെച്ചു ഇതിനു തൊട്ടപ്പുറത്തുള്ള ഇബാറത് മാത്രം കട്ടു മുറിച്ചു കൊണ്ട് ബിദ്അതുകാർ പലയിടത്തും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ബിദ്അതുകാർ പറയുന്നതിന്റെ സത്യാവസ്ഥ
മുകളിലെ ഇമാം നവവി(റ)വിന്റെ ഇബാറത്തിലെ ചുരുക്കം ഷാഫിഈ മദ്ഹബിൽ ഖുതുബയുടെ ഭാഷയുടെ വിഷയത്തിൽ രണ്ട് അഭിപ്രായങ്ങൾ ഉണ്ട്.
ഒന്ന്: وَبِهِ قَطَعَ الْجُمْهُورُ يُشْتَرَطُ അറബിയാവൽ ശർത്താണ് എന്ന ഒരേ വീക്ഷണമേ ഷാഫിഈ മദ്ഹബിൽ ഉള്ളൂ... എന്ന താണ് ഒന്നാം അഭിപ്രായം. (അറബിയാവണം എന്നതല്ല, അറ ബിയാവൽ ശർത്താണ് എന്ന ഒരേയൊരു അഭിപ്രായമേ ശാഫിഈ മദ്ഹബിൽ ഉള്ളൂ എന്നാണ് ഒന്നാം അഭിപ്രായം) ഇതാണ് ഷാഫി ഈ മദ്ഹബിലെ ബഹുഭൂരിപക്ഷം ഇമാമീ ങ്ങളുടെയും അഭിപ്രായം.
രണ്ട്: (وَالثَّانِي) فِيهِ وَجْهَانِ حَكَاهُمَا جَمَاعَةٌ مِنْهُمْ الْمُتَوَلِّي
ഖുതുബയുടെ ഭാഷയിൽ ഷാഫിഈ മദ്ഹബിൽ രണ്ട് അഭിപ്രായം ഉണ്ട് എന്നതാണ് രണ്ടാം അഭിപ്രായം. ഈ അഭി പ്രായംമുതവല്ലി(റ) പോലുള്ളവർ ഉദ്ധരിച്ചിട്ടുണ്ട്.
രണ്ട് അഭിപ്രായം ഉണ്ടെന്ന് പറയുന്നവരുടെ ആ രണ്ടിൽ ഒന്നാമത്തെതും ഏറ്റവും സ്വീകാര്യതയുമുള്ള അഭിപ്രായം (أَحَدُهُمَا) هَذَا മുകളിൽ പറഞ്ഞ അറബി നിബന്ധനയാണ് എന്ന അഭിപ്രായം തന്നെയാണ്. അതായത് രണ്ടഭിപ്രായം ഉണ്ടെന്ന് പറയുന്നവരുടെ അടുക്കലും സ്വീകര്യമായ അഭിപ്രായം ഖുതുബക്ക് അറബി ശർത്വ് ആണെന്നാണ്.
ഇമാം നവവി(റ) പറഞ്ഞ ഇത്രയും ഭാഗം വഹാബികൾ മറച്ചു വെക്കാറാണ് പതിവ്. കാരണം: ഇത് പറഞ്ഞാൽ പിന്നെ മുറിച്ചു വിടുന്നതിന്റെ ദുർബലത ഏതൊരാൾക്കും ബോധ്യപ്പെടുമെന്നത് ഉറപ്പാണ്.
ഇനിയാണ് വഹാബികൾ മുറിച്ചു പ്രചരിപ്പിക്കുന്ന ഭാഗം
(وَالثَّانِي) مُسْتَحَبٌّ وَلَا يُشْتَرَطُ لِأَنَّ الْمَقْصُودَ الْوَعْظُ وَهُوَ حَاصِلٌ بِكُلِّ اللُّغَاتِ
അർത്ഥം: (وَالثَّانِي) ഷാഫിഈ മദ്ഹബിൽ ഈ വിഷയത്തി ൽ രണ്ട് അഭിപ്രായം ഉണ്ടെന്ന ളഈഫായ അഭിപ്രായം പറഞ്ഞ അപൂർവം പണ്ഡിതരുടെ അടുക്കൽ തന്നെ സ്വീകാര്യമ ല്ലാത്ത/ ളഈഫായ രണ്ടാം അഭിപ്രായം.
مُسْتَحَبٌّ وَلَا يُشْتَرَطُ لِأَنَّ الْمَقْصُودَ الْوَعْظُ وَهُوَ حَاصِلٌ بِكُلِّ اللُّغَاتِ
അറബി ഭാഷ ശർത്തില്ല, അറബിയിലായിരിക്കൽ സുന്നത്തേയുള്ളൂ എന്നതാണ്.
അതിന്റെ ന്യായം ഖുതുബയുടെ ലക്ഷ്യം ഉൽബോധന മാണല്ലോ അത് ഏതു ഭാഷയിലും നടക്കും എന്നും.
ഇവിടെ അറബി സുന്നത്തേയുള്ളൂവെന്ന ളഈഫിൽ ളഈഫായ അഭിപ്രായത്തിലും അറബിയല്ലാത്ത ഭാഷയിലെ ഖുതുബ ബിദ്അതിന്റെ ഗണത്തിലേക്ക് നിങ്ങും. കാരണം: ഈ ളഈഫായ അഭിപ്രായക്കാരും യോചിച്ച ഒരു കാരണം ഫിഖ്ഹിന്റെ എല്ലാ കിതാബിലുമുണ്ട്. അത് لإتباع السلف والخلف മുൻഗാമികളെയും പിൻഗാമികളെയും പിൻപറ്റാൻ വേണ്ടി എന്നതാണ്. ഈ വിശയത്തിൽ ഈ കാരണം എല്ലാ ഇമാമീ ങ്ങളും പ്രത്യേകം എടുത്ത് പറഞ്ഞതു തന്നെ ഇതിനെതിരിൽ ചെയ്യൽ ബിദ്അതാണെന്ന് മനസ്സിലാക്കാൻ വേണ്ടിയാണ്.
ചുരുക്കം:അറബിയിലായിരിക്കണമെന്ന ഒരേയൊരു അഭി പ്രായമേ മദ്ഹബിലുള്ളുവെന്നാണ് സ്വീകാര്യയമായതും ഭൂരി പക്ഷം പണ്ഡിതരുടെയും അഭിപ്രായം. മദ്ഹബിൽ ഖുതുബ യുടെ ഭാഷയിൽ രണ്ട് അഭിപ്രായം ഉണ്ടെന്ന് ബലഹീനമായ തുച്ഛം പേര് പറയുന്നു. ആ രണ്ടഭിപ്രയായത്തിൽ പോലും സ്വഹീഹായ അഭിപ്രായം അറബിയെ പാടുള്ളൂവെന്നതാണ്. അതിലെ ബലഹീനമായ അഭിപ്രായം മാത്രമാണ് ഖുതുബ അറബിയാവൽ ശർത്തില്ല, സുന്നത്തേയുള്ളൂ എന്നത്.
100 ഇമാമീങ്ങൾ ഒരുമിച്ചു പറഞ്ഞാലും സ്വീകരിക്കാത്ത ബിദ്അതുകാർ അവരുടെ യുക്തിക്കു വേണ്ടി ളഈഫിൽ നിന്നും ളഈഫായ അഭിപ്രായത്തെയാണ് കൂട്ടുപിടിക്കുന്നത്. അതിലുമുപരി അത് മാത്രം കട്ടുമുറിച്ചാണ് പ്രചരിപ്പിക്കുന്നത്. അത് തന്നെ പറയുന്നത് അറബി സുന്നതാണ് എന്നത്. ആ സുന്നത്തിനെതിരെ ചെയ്യൽ മറ്റു കാരണം കൊണ്ട് ബിദ്അ താവുകയും ചെയ്യും.
ചോദ്യം:
അങ്ങനെയെങ്കിൽ നബാത്തീ ഖുതുബ ഒഴിവാക്കി നബി(സ്വ) യുടെ ഖുതുബ തന്നെ ചൊല്ലേണ്ടെ!?
“ഞാൻ നിസ്കരിക്കുന്നതു പോലെ നിസ്കരിക്കുവീൻ” എന്ന ഹദീസ്പിടിച്ചു കൊണ്ട് നബി ﷺയുടെ ഭാഷ തന്നെയാവണ മെന്ന് തെളിവ് പിടിക്കുന്ന സുന്നികൾ എന്തുകൊണ്ട് ആ ഹദീസനുസരിച്ചു കൊണ്ട് നബി ﷺനിർവ്വഹിച്ച ഖുതുബ നിർവ്വഹി ക്കുന്നില്ല.!? എന്തുകൊണ്ട് പിൽക്കാലത്തു രചിക്കപ്പെട്ട മറ്റു നബാത്തീ ഖുതുബ പോലുള്ള ഖുതുബകൾ നിർവ്വഹിക്കുന്നു.!?
മറുപടി
ഇത് സുന്നികളോടുള്ള ചോദ്യമല്ല, കാരണം സുന്നികൾ ഈ ഹദീസ് കൊണ്ട് അവരുടെ ഇഷ്ടപ്രകാരം ഒന്നും പറഞ്ഞി ട്ടില്ല. ഇമാം നവവി(റ)വിനെ പോലുള്ള വലിയ ഇമാമുമാരാണ് ഖുതുബ അറബിയായിരിക്കണമെന്നതിന് ഈ ഹദീസ് തെളി വാക്കിയത്. ബുഖാരിയിലെ ഈ ഹദീസ് വച്ചു കൊണ്ട് സ്വന്ത മായി ഗവേഷണം നടത്താനാണ് ബിദ്അതുകാർ ശ്രമിക്കുന്ന തെങ്കിൽ നബി ﷺ യുടെ നിസ്കാരത്തിൽ അവിടുന്ന് ഓതിയതായി സ്ഥിരപ്പെടാത്ത സൂറത്തോ ആയത്തോ ഓതിയാൽ അത് തെറ്റാകില്ലെ!? “ഞാൻ നിസ്കരിക്കുന്നതു പോലെനിസ് കരിക്കുവീൻ” എന്ന് അവിടുന്ന് പറഞ്ഞിട്ടും ഈ ചോദിക്കുന്ന ബിദ്അതുകാർ നബി ﷺ ഇഷാഇന്(ഉദാഹരണമായി) ഓതിയതെന്ന് സ്ഥിരപ്പെട്ട സൂറത്തുകൾ മാത്രമാണോ ഇഷാഅ് നിസ്കാരത്തിന് ഓതുന്നത്.!?
സുന്നികൾ സ്വന്തമായി ആയത്തും ഹദീസും തെളിവാക്കാതെ ഇമാമീങ്ങൾ തെളിവാക്കിയത് അതുപോലെ ഉദ്ധരിക്കുന്നത് കാരണം ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ട ആവശ്യം വരുന്നില്ല.
ഇനി ഇമാംനവവി(റ) തന്നെ പറയുന്നുണ്ട്. ഖുതുബയുടെ റുകനുകളിൽ പെട്ടതഖവ കൊണ്ടുള്ള വസ്വിയ്യത്തിന്റ പദങ്ങൾ നിശ്ചിതമല്ല. (والوصية بالتقوى ولا يتعين لفظها (منهاج: ٢٢) ഇത് തന്നെയാണ് നിസ്കാരത്തിലെ സൂറതുകളെ കുറിച്ചും പറയാനുള്ളത്. അത് നിശ്ചിത സൂറത്ത് മാത്രമേ ഓതാവൂ എന്നില്ല. പുറമെ നബി ﷺ യുടെ ജുമുഅ ഖുതുബകൾ മുഴുവനും അതു പോലെ ക്രോഡീകരിക്കപ്പെട്ടിട്ടില്ല.
നബാത്തീ ഖുതുബ പോലുള്ള ഖുതുബകൾ ഒരു വർഷ ത്തിലുള്ള എല്ലാ ആഴ്ചകളിലേക്കും അതാത് സന്ദർഭത്തോടു യോചിച്ച ഖുതുബകൾ കൃത്യമായി രേഖപ്പെടുത്തിയതു കാരണം അത് ഓതുമ്പോൾ ഖുതുബയുടെ ശർതുകളും റുക്ൻകളും സുന്നത്തുകളും നഷ്ടപ്പെടാതെ സൂക്ഷ്മത പുലർത്താൻ സാധിക്കുന്നത് കൊണ്ടാണ് അതുപോലുള്ള കിതാബുകൾ സുന്നികൾ തിരഞ്ഞെടുത്തത്. ഉപദേശമായി ഗണിക്കാവുന്ന എന്തും ഖുതുബയായി പറയാമെന്ന് കർമ്മശാസ്ത്രത്തിന്റെ സകല ഗ്രന്ഥങ്ങളും പറയുന്നുണ്ടെന്നിരിക്കെ ഹിജ്റ.374 ൽ വഫാത്തായ ഇബ്നു നുബാത്തതിൽ മിസ്രി(റ)യുടെ ഖുതുബ നൂറ്റാണ്ടുകളായി ലോകമുസ്ലിമീങ്ങൾ ഓതിവരുന്നതിൽ എന്താണ് തെറ്റ്!? നബാത്തീ ഖുതുബയെന്ന് പരിഹസിച്ചു കൊണ്ട് വെറും ഫെസലീ/ ബാലുശ്ശേരീ/ ചുഴലീ/ ചേകന്നൂരീ ഖുതുബയെ അംഗീകരിക്കുന്നവരോട് എന്തുപറയാൻ! വെറും യുക്തി പറഞ്ഞു കൊണ്ട് ശർത്തും ഫർളും സ്വീകരിക്കാത്ത ഇത്തരം ബിദ്അതുകാരെ അന്ധമായി പിൻപറ്റാനാണ് ഇത്തരം പാരമ്പര്യ ഖുതുബയെ എതിർത്തു തള്ളുന്നത്
രണ്ട്: മുസ്ലിം ഉമ്മത്ത് ഏകോപിക്കുന്നു
ഖുതുബ അറബിയിലായിരിക്കണമെന്നതിന് ഇമാമീങ്ങൾ പറഞ്ഞ രണ്ട് കാരണങ്ങളിൽ ഒന്ന് നാം വിശദീകരിച്ചു.ഇനി രണ്ടാം കാരണത്തിലേക്ക് കടന്നുവരാം. സകല കർമശാസ്ത്ര ഗ്രന്ഥങ്ങളിലും ഖുതുബയുടെ ശർതുകളിൽ അറബിയായി രിക്കണമെന്നതിന് ഇമാമീങ്ങൾ നൽകിയ പ്രധാന കാരണമാണ് لِاتِّبَاع السَّلَفِ وَالْخَلَف ‘മുൻഗാമികളെയും പിൻഗാമികളെയും പിൻപറ്റാൻവേണ്ടിയെന്നത്’. ഇത് കൊണ്ടുദ്ധേശിക്കുന്നത് എക്കാലത്തെയും മുസ്‌ലിം ഉമ്മതിനെയാണ്. അത് കൊ ണ്ടാണ് ചില ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ ഇതിനു പകരം لما جري عليه الناس ‘ മുസ്‌ലിം സമുദായത്തിന്റെ പതിവ്/ വഴക്കം ഉണ്ടായത്തിന് വേണ്ടി’ യെന്ന് തന്നെ ഇബാറത് നൽകിയത്. ഇത് സൂചിപ്പിക്കുന്നത് അറബിയിലുള്ള ഖുതുബ എക്കാലത്തുമുള്ള മുസ്‌ലിം ഉമ്മത്തിന്റെ പ്രാവർത്തികമായ ഏകോപനത്തെ യാണ് (ഫിഅലിയ്യായ ഇജ്മാഉ).
സ്വഹാബത്തിന്റ കാലം മുതൽ തന്നെ ഇസ്ലാം ലോകത്തിന്റെ എല്ലാ മുക്കുമൂലകളിലും എത്തിപ്പെട്ടിട്ടും ഇന്നെത്തെ ക്കാളുപരി ഖുതുബ പരിഭാഷപ്പെടുത്താനുള്ള എല്ലാ വിധ ആവശ്യകതയും നിലനിന്നിട്ടും ഒരു പണ്ഡിനും ഖുതുബ പരി ഭാഷപ്പെടുത്തിക്കൊണ്ട് ജനങ്ങളെ ദീൻ പഠിപ്പിക്കാൻ ചിന്തിച്ചിട്ടു പോലുമില്ലെന്നെതാണ് സത്യം. നാലു മദ്ഹബുകളുടെ വീക്ഷണത്തിലും ഖുതുബ പരിഭാഷ കടുത്ത ബിദ്അതാണെന്ന് വിധിക്കപ്പെടുന്ന ഏറ്റവും വലിയ കാരണവുമാണിത്.
മാലികി മദ്ഹബ്, ഷാഫിഈ മദ്ഹബ്, ഹമ്പലി മദ്ഹബ് ഇവ മൂന്നിന്റെയും ഏത് ഫിഖ്ഹിന്റെ ഗ്രന്ഥമെടുത്താലും അറബിഭാഷ ശർത്താണെന്ന് വ്യക്താമായി രേഖപ്പെടുത്തിയത് കാണാം. ഷാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങളെ കുറിച്ച് പറയേണ്ട തില്ല! എല്ലാ ചെറുതും വലുതുമായ കർമശാസ്ത്ര ഗ്രന്ഥങ്ങളി ലും അറബി ശർത്താണെന്ന് കൃത്യമായി പറയുന്നുണ്ട്. നൂറു കണക്കിന് പേജുകൾചർച്ച ചെയ്യുന്ന ജുമുഅയെ പറ്റി ‘പത്ത് കിതാബിൽ’ വെറും ഒരു പാരാഗ്രഫിൽ ഒതുക്കിയപ്പോൾ പോ ലും ഖുതുബ അറബിയിലായിരിക്കണമെന്ന ശർഥ് ഉണർത്തിയിട്ടുണ്ട്. മാലികീ മദ്ഹബിൽ ആർക്കും അറബിയിൽ ഖുതുബ ഓതാൻ അറിയില്ലെങ്കിൽ ജുമുഅ തന്നെ നിർബന്ധമില്ലെന്നു തന്നെ കാണാം. ശറഹുൽ കബീർ/ഹാഷിയത്തു ദസൂഖി (1/378) മിനഹുൽ ജലീൽ(1/432).
ഹമ്പലി മദ്ഹബിൽ ഖുതുബയുടെ ഭാഷ നിസ്കാരത്തിലെ ഖിറാഅത് പോലെയാണ് എന്ന് വ്യക്തമായി കാണാൻ കഴിയും. (മുൻതഹൽ ഇദാറാത്:(1/357) പ്രസിദ്ധ ഹമ്പലി പണ്ഡി തൻ ഇബ്നു റജബ്(റ) തന്റെ ഖവാഇദിൽ ഇബാദത്തുകളുടെ ഭാഷ പറയുന്നിടത്ത് വ്യക്തമായി അറബിയിൽ ഖുതുബയോതാൻ അറിയുന്നവരുണ്ടെങ്കിൽ ഖുതുബ പരിഭാഷ പറ്റില്ലെന്ന് പറയുന്നുണ്ട്.(ഖവാഇദ്:1/96)
ഇനി ഹനഫീ മദ്ഹബിൽ ഖുതുബ അറബിയായിരിക്കൽ ശർത്തില്ലെന്നു പറഞ്ഞ ചില പണ്ഡിതന്മാരുണ്ടെന്നത് ശരിയാണ്. അത് മാത്രമല്ല, നിസ്കാരത്തിലെ തക്ബീർ തുടങ്ങിയ മുഴുവൻ ദ്ക്റുകളിൽ വരെ അറബി ശർത്തില്ലെന്ന അഭിപ്രായം ഈ ഹനഫീ പണ്ഡിതർക്കുണ്ട്. ആ അഭിപ്രായത്തിൽ നിന്നാ ണ് ഖുതുബയും അറബി ശർത്തില്ലെന്നു വരുന്നത്. ഇമാം ഹലബിയുടെ റദ്ദുൽ മുഖ്താർ നിസ്കാരത്തിന്റെ ഫർളുകളുടെ ഭാഗം 1/483 നോക്കി യാൽ ഇത് രണ്ടും (അനറബി നിസ് കാരവും ഖുതുബയും) വ്യക്തമായി പറയുന്നുണ്ട്. (നിസ്കാരത്തിലെ ദിക്ർ പോലെയാണെന്ന് ഖുതുബ എന്ന് ഇമാം നവവി(റ) പറഞ്ഞത് ഇതിനോട് ചേർത്തു വായിക്കുക) എന്നാൽ ഇമാം അബൂഹനീഫാ ഇമാമിന്റെ ശിഷ്യർ പറയുന്നത് ഖുതുബയും നിസ്കാരവും എല്ലാം അറബിയിലായിരിക്കൽ ശർത്താണെന്നാണ്. അതും ഇതേ പേജിൽ തന്നെ കാണാം.
ഇതെല്ലാം ഖുതുബ ശരിയാകുമോ ഇല്ലയോ എന്നത് മാത്രം പരിഗണിച്ചുള്ള ചർച്ചയാണ്. അതായത് അങ്ങനെ ആരെങ്കിലും ഓതിയാൽ ആ ഓതിയ ഖുതുബയും നിസ്കാരവും മടക്കേണ്ടതില്ല എന്ന അർത്ഥത്തിലാണ്. ഇതും വ്യക്ത മായിഹനഫീ കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. തഹ്രീമിന്റെ കറാഹതാണെന്നും അങ്ങനെ ജുമുഅ നിസ്കരിച്ചാൽ അത് മടക്കേണ്ടതില്ല എന്ന അർത്ഥത്തിലാണെന്നും വ്യക്തമായി ഹനഫീ പണ്ഡിതന്മാർ തന്നെ പറഞ്ഞത് കാണാനാകും. അവിടെയും അവർ കാരണം പറഞ്ഞത് ഇത് മുൻഗാമികളിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടല്ലെന്നത് തന്നെയാണ്.(ഉംദത്തു രിആയ: 2/324)
ഖുതുബ പരിഭാഷപ്പെടുത്താൻ ഇമാമീങ്ങളുട ഇബാറത്തുകൾ ദുർവ്യാഖ്യാനം ചെയ്തു പുസ്തകമിറക്കിയപ്പോൾ പോലും കെ.എം മൗലവി ഈ സത്യം തുറന്നു പറഞ്ഞിട്ടുണ്ട്.
ولكن هاهنا شيء آخر ينبغي الإلتفاف إليه وهو أنا لم نجد في كتاب من الكتب أن السلف الصالح من الصحابة والتابعين وتابعيهم رضي الله عنهم كانوا في البلاد العجم حين ما يخطبون الخطب المشروعة يذكرون التوابع بلغة أهل البﻻد ويترجمون بها عقب ذكرها بالعربية بل نعلم أن النبي صلى الله عليه وسلم والصالحين من السلف كانوا يخطبون الخطب المشروعة أركانها و توابعها كلها بالعربية وأيضا ان العربية لغة الإسلام الواجبة على جميع المسلمين فيلزمهم نشرها لأن نشر الإسلام ﻻ يحصل إلا به ويلزمهم المحافظة على جميع الوسائل الموجبة لإنتشارها ومن تلك الوسائل كون جميع خطبهم ومحاورتهم بالعربية (الإرشاد جوﻻي 1926(
“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെയുണ്ട്. തീര്‍ച്ചയായും സ്വഹാബികളും താബിഉകളും തബഉത്താബിഉകളും അടങ്ങുന്ന സലഫുസ്സ്വാലിഹുകള്‍ മുഴുവൻ മതപരമായ ഖുത്വുബഃ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബ ന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടു ത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി(സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുത്വുബകളം അതിന്റെ റുകനുകളും തവാബിഉകളും എല്ലാം അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത്. കാരണം മുസ് ലിംകള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്” (അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ)
ലോകത്താദ്യമായി ഖുതുബ പരിഭാഷ
ഇതിനെല്ലാം പുറമെ, ഈ സത്യംവഹാബീ പൂർവ്വീക നേതാവായ റഷീദുരിള തന്നെ ലോകത്തെ ആദ്യഖുതുബ പരിഭാഷയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. തുർക്കി ഖിലാഫത് കൊണ്ട് ഇസ്‌ലാമിന്റെ ശരീഅതിനെ അട്ടിമറിച്ച മുസ്തഫാ കമാൽ പാഷയാണ് ലോകത്ത് ആദ്യമായി ഖുതുബ പരിഭാഷ നിലവിൽ വരുത്തുന്നത്. അന്ന് നടന്ന സംഭവം റഷീദുറിള രേഖപ്പെടുത്തുന്നതിങ്ങനെ:
وَالدَّلِيلُ عَلَى هَذَا أَنَّ جَمِيعَ مُقَلِّدِيهِ مِنَ الْأَعَاجِمِ لَا يَزَالُونَ يَقْرَؤُونَ الْقُرْآنَ وَأَذْكَارَ الصَّلَاةِ وَالْحَجَّ وَغَيْرَهَا بِالْعَرَبِيَّةِ وَكَذَلِكَ خُطْبَةُ صَلَاةِ الْجُمْعَةِ وَالْعِيدَيْنِ إِلَّا مَا شَذَّتْ بِهِ الْحُكُومَةُ الْكَمَالِيَّةُ التُّرْكِيَّةُ فَأَمَرَتِ الْخُطَبَاءَ بِأَنْ يَخْطُبُوا بِالتُّرْكِيَّةِ تَمْهِيدًا لِلصَّلَاةِ بِهَا لِخَلْعِ رِبْقَةِ الْإِسْلَامِ وَقَدْ بَلَغَنَا أَنَّ جَمَاعَةَ الْمُصَلِّينَ مِنَ التُّرْكِ لَمَّا سَمِعُوا خُطْبَةَ الْجُمْعَةِ بِالتُّرْكِيَّةِ نَكِرُوهَا وَنَفَرُوا مِنْهَا وَاتَّخَذُوا خُطَبَاءَهَا سِخْرِيًّا ; لِأَنَّ لِلْعَرَبِيَّةِ سُلْطَانًا عَلَى أَرْوَاحِهِمْ يَخْشَعُونَ لَهَا وَإِنْ لَمْ يَفْهَمُوا كُلَّ عِبَارَاتِهَا (تفسير المنار : 9/266(
തുർക്കിയിലെ കമാൽ പാഷ(1924-38) തുർക്കി ഭാഷയിൽ ഖുതുബ പരിഭാഷപ്പെടുത്താൻ കൽപ്പിക്കുന്നതിന് മുമ്പ് ഇസ്ലാ മിലെ ആരാധനാ കർമങ്ങളായ നിസ്‌കാരവും ഹജ്ജും ഖുർആനും ജുമുഅ ഖുതുബയും എല്ലാം ലോകത്ത് എല്ലായിടത്തും അറബിയിലായിരുന്നു നിർവഹിച്ചിരുന്നുത്. അന്ന് നിസ്കരിക്കാൻ വന്ന തുർക്കിയിലെ ജനങ്ങൾ തുർക്കി ഖുതുബ കേട്ടപ്പോൾ ശക്തമായി എതിർക്കുകയും ഖതീബിനെ പുച്ഛിക്കുകയും പള്ളിയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. കാരണം. അർത്ഥം മനസ്സിലായില്ലെങ്കിൽ പോലും അവരുടെ ഹൃദയങ്ങളിൽ ഭക്തിയുളവാക്കുന്ന ഒരു സ്വാധീനം അറബി ഭാഷക്കുണ്ടായിരുന്നു (തഫ്‌സീറുൽ മനാർ:9/266).
ഈ രണ്ടു കാരണങ്ങളും ഒപ്പം പറഞ്ഞ ചില കിതാബുകൾ :-
ചുരുക്കത്തിൽ രണ്ട് കാരണങ്ങളാണ് എല്ലാ മദ്ഹബിലെ ഉലമാക്കൾക്കും ഖുതുബ പരിഭാഷ പാടില്ലെന്നതിന് കാരണം പറയാനുള്ളത്. ഒന്ന്: ഖുതുബ ദിക്ർ ആണ്. രണ്ട്: മുൻഗാമി കളും പിൻഗാമികളും (ലോക മുസ്‌ലിം ഉമ്മത് മുഴുവൻ) ഇങ്ങനെ ഒരു ചര്യയാണി പഠിപ്പിച്ചനുവർത്തിച്ചു പോന്നത്.
ഈരണ്ടു കാരണങ്ങളും മദ്ഹബുകൾ വ്യത്യാസമില്ലാതെ നരവധി പണ്ഡിതർ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ താൽക്കാലികമായി ചില ഗ്രന്ഥങ്ങളുടെ ഇബാറത്തുകൾ മാത്രം നൽകുന്നു.
• )قَوْلُهُ لِاتِّبَاعِ السَّلَفِ وَالْخَلَفِ)؛ وَلِأَنَّهَا ذِكْرٌ مَفْرُوضٌ فَيُشْتَرَطُ فِيهِ ذَلِكَ كَتَكْبِيرَةِ الْإِحْرَامِ حاشية أسنى المطالب في شرح روض الطالب الرملي الكبير ١/٢٥٧ —
• وكونها بالعربية» وإن كان الكل أعجميين لاتباع السلف والخلف )المنهاج القويم شرح المقدمة الحضرمية ١/١٧٨ — ابن حجر الهيتمي (ت ٩٧٤(
• )وَيُشْتَرَطُ كَوْنُهَا) أَيْ الْخُطْبَةِ أَيْ أَرْكَانِهَا، وَالْمُرَادُ بِهَا الْجِنْسُ الشَّامِلُ لِلْخُطْبَتَيْنِ (عَرَبِيَّةً) لِاتِّبَاعِ السَّلَفِ وَالْخَلَفِ، وَلِأَنَّهَا ذِكْرٌ مَفْرُوضٌ فَيُشْتَرَطُ فِيهِ ذَلِكَ كَتَكْبِيرَةِ الْإِحْرَامِ، مغني المحتاج ١/٥٥٢ — الخطيب الشربيني (ت ٩٧٧(
• )عَرَبِيَّةً) لِاتِّبَاعِ السَّلَفِ وَالْخَلَفِ وَلِأَنَّهَا ذِكْرٌ مَفْرُوضٌ فَاشْتُرِطَ فِيهِ ذَلِكَ كَتَكْبِيرَةِ الْإِحْرَامِ، نهاية المحتاج ٢/٣١٧ — الرملي، شمس الدين (ت ١٠٠٤(
• )ويشترط كونُها) أي أركانها بالعربية أي وإن لم يفهمها القوم وذلك لاتباع السلف والخلف) الفتوحات الربانية ٣/٢٩٤ — ابن علان (ت ١٠٥٧(
• بحر المذهب للروياني ٢/٣٨٦ — الروياني، عبد الواحد (ت ٥٠٢)
• قال: (ويشترط كونها عربية)؛ لأنها ذكر مفروض فاشترط فيها ذلك كتكبيرة الإحرام (النجم الوهاج في شرح المنهاج ٢/٤٧٢ - الدميري (ت ٨٠٨)
• لِأَنَّهَا ذِكْرٌ مَفْرُوضٌ فِي الْقِيَامِ فَكَانَ رُكْنًا كَالْقِرَاءَةِ، وَلِهَذَا شَرَطَ لَهَا مَا شَرَطَ لِسَائِرِ الْأَرْكَانِ مِنْ الطَّهَارَةِ وَسَتْرِ الْعَوْرَةِ وَاسْتِقْبَالِ الْقِبْلَةِ، (البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري ١/٣٠٧ — زين الدين ابن نجيم (ت ٩٧٠)
• إعانة الطالبين على حل ألفاظ فتح المعين ٢/٨٢ - البكري الدمياطي (ت ١٣١٠)
ചോദ്യങ്ങളും മറുപടിയും
ഈ ഭാഗത്തിൽ ഖുതുബ പരിഭാഷക്ക് വേണ്ടി ബിദഇകൾ ഉന്നയിക്കുന്ന യുക്തികളും, ദുർവ്യാഖ്യാനങ്ങളും അതിനുള്ള മറുപടികളുമാണ് നൽകുന്നത്. കർമ്മശാസ്ത്രപരമായ ചോദ്യ ങ്ങളും മറുപടികളും അടുത്ത ഭാഗത്തു വരും.
ചോദ്യം:01
അമ്പിയാക്കളെ നിയോഗിച്ചത് അവരുടെ ജനതയുടെ ഭാഷയിൽ.?
അമ്പിയാക്കളെ നിയോഗിച്ചത് തന്റെ ജനതക്ക് ദീൻ പറഞ്ഞു കൊടുക്കാൻ അവരുടെ ഭാഷയിലാണെന്ന് ഖുർആൻ പറയുന്നുണ്ട്. (ഇബ്റാഹീം:04) ഇതിൽ നിന്ന് ഖുതുബ പരിഭാഷപ്പെടുത്തണമെന്ന് വാദിക്കുന്നതിൽ അർത്ഥമുണ്ടോ.? ഒരു മൌലവി അങ്ങനെ പറഞ്ഞതു കേട്ടു.
മറുപടി
ബിദ്അതിന്റെ നേതാക്കൾ അനുയായികളെ എത്രമാത്രം ആയത് ഓതി പറ്റിക്കുന്നുണ്ടെന്നതിന് ഏറ്റവും വലിയൊരു തെളിവാണിത്.1300 വർഷക്കാലം മുസ്‌ലിം ഉമ്മത് ഒരു സ്ഥലത്തും അനറബി ഖുതുബ ഓതിയിട്ടില്ലെന്ന് ബിദ്അതുകാരുടെ നേതാക്കൾ പോലും വ്യക്തമായി സമ്മതിച്ചു പറഞ്ഞിട്ടുണ്ടെ ന്നിരിക്കെ ഇത് വെറുമൊരു ദുർവ്യാഖ്യാനം മാത്രമാണെന്ന് പറയേണ്ടതില്ല! അത് കൊണ്ട് തന്നെ നൂറുകണക്കിന് തഫ്സീറുകളുള്ള പരിശുദ്ധ ഖുർആനിനു ഈ ആയതിന്റെ തഫ് സീറോ ഏതെങ്കിലും ഒരു വ്യാഖ്യാതാവോ ഈ ഒരു വ്യാഖ്യാനം പറഞ്ഞതായി തെളിയിക്കാനാവില്ല. പരിശുദ്ധ തന്നെ ഖുർആനിനെ കുറിച്ച് ഒരുപാട് ആയത്തുകളിൽ പറയു ന്നത് ഖുർആൻ ഇറക്കപ്പെട്ടത് ജനങ്ങൾക്ക് അതിലെ ഉപദേശങ്ങൾ മനസ്സിലാവാൻ വേണ്ടിയാണെന്നാണ്. എന്തുകൊണ്ടിവർ നിസ് കാരത്തിൽ പരിഭാഷ വായിച്ചു മനസ്സിലാക്കിക്കൊടുക്കുന്നില്ല.!?
ഇത് പോലെ നേതാക്കളെ അന്ധമായി വിശ്വസിക്കുന്ന അനുയായികൾക്ക് മുന്നിൽ നാളെ നിസ്കാരത്തിൽ ഖുർആൻ ഓതുന്നതിനു പകരം പരിഭാഷ വായിച്ചാൽ മതിയെന്ന് ഒരു നേതാവ് പറഞ്ഞു, അതിനു തെളിവായി ഖുർആൻ എല്ലാവ ർക്കും ഉപദേശമാണെന്നും വഴികാട്ടിയാണെന്നുമുള്ള ആയത് ഓതിയാൽ ഇത്തരം സാധുക്കൾ അതിനും ചെവി കൊടുക്കു മെന്നുറപ്പാണ്. കാരണം ഓതിയത് ഖുർആൻ ആണല്ലോ!? പറഞ്ഞത് കാര്യവുമാണല്ലോ!? നാട്ടിൽ 90%വരുന്ന മുസ്ലികൾ/ പത്തറുപത് കൊല്ലം ജുമുഅക്ക് പങ്കെടുത്തിട്ട് അതിൽ ഓതുന്ന ഖുർആനിന്റെ അർത്ഥം അറിയില്ലെങ്കിൽ പിന്നെന്തു ഉപകാരമാണ് ആ ഖുർആൻ ഓത്തു കൊണ്ട് കിട്ടിയതെന്നു ഇതേ ബുദ്ധിയിൽ ചിന്തിച്ചാൽ ഈ യുക്തിക്കനുസരിച്ച് അതൊരിക്കലും തെറ്റാവുകയില്ല! ഈ ചോദ്യത്തിൽ പറഞ്ഞ ആയത് വെച്ച് കൊണ്ട് തന്നെ എന്തുകൊണ്ട് നിസ്കാരത്തിൽ പരിഭാഷ വായിക്കുന്നില്ല!? നമ്മുടെ നബി(സ്വ) അറബിയായതു കൊണ്ടാണല്ലോ എല്ലാ ഭാഷ സംസാരിക്കുന്നവർക്കും പഠിക്കാനുള്ള ഖുർആൻ ഇറക്കിയത്. അത് കൊണ്ട് മറ്റുള്ള ഭാഷക്കാർക്ക് മനസ്സിലാക്കാൻ ഖുർആൻ അവരുടെ ഭാഷയി ലല്ലേ പാരായണം ചെയ്യേണ്ടത്!?
ഇനി നിസ്കാരത്തിന് അതിന്റേതായ ശർത്തുകളും ഫർളു കളും ഉണ്ട് എന്നാണോ മറുപടി, എങ്കിൽ ഖുതുബക്കും ഒരു പാട് ശർത്തുകളും ഫർളുകളും ഉണ്ട്. അതിൽ ഏറെ പ്രാധാ ന്യമേറിയതാണ് അറബിയിലായിരിക്കുക എന്ന ശർഥ്. എന്തു യുക്തി ആർക്കു തോന്നിയാലും അത് പാലിച്ചാലേ ഖുതുബ ഖുതുബയായിത്തീരുകയുള്ളൂ...
മറ്റൊന്ന് ഖുതുബയെ കുറിച്ച് ഖുർആനിലും ഹദീസിലും പ്രയോഗിച്ചത് ‘ദിക്ർ’ എന്ന പദപ്രയോഗമാണെന്നും, അത് നിസ്കാരത്തിലെ അത്തഹിയ്യാത് പോലെയുള്ള ദിക്രാണെന്നു നിരവധി ഇമാമീങ്ങൾ വിശദീകരിച്ചതും മുമ്പ് പറഞ്ഞു. ഇനി മറ്റൊരു ആയതിൽ ഖുർആൻ ഖുതുബയെ വിശേഷിപ്പിക്കുന്നത് ‘ഖുർആൻ’ എന്ന പദപ്രയോഗമാണ്. (അഅ്റാഫ് 204) ﴿وَإِذَا قُرِئَ ٱلۡقُرۡءَانُ فَٱسۡتَمِعُوا۟ لَهُۥ എന്ന ഈ ആയത്തിലെ ഖുർആൻ കൊണ്ടുദ്ദേശം ഖുതുബയാണെന്ന് തഫ്സീറുൽ ജലാലൈനി പോലും വിശദീകരിച്ചത് കാണാം. ഖുതുബയോതുമ്പോൾ നിശബ്ദത പാലിക്കണമെന്നാണ് ഈ ആയത് സൂചിപ്പിക്കു ന്നത്. ഇതിൽ നിന്നെല്ലാം ഇത്രമാത്രം സൂക്ഷ്മതയിൽ ചെയ്തു തീർക്കേണ്ട പ്രധാനപ്പെട്ട ഒരു ഇബാദത്ത് തന്നെയാണ് ഖുതു ബയെന്ന് വീണ്ടും മനസ്സിലാക്കാം.
ചോദ്യം:02
ശ്രോതാക്കളുടെ ഭാഷയിലല്ലേ നബി(സ) ഖുതുബ നിർവ്വഹിച്ചത്.!?
നബി(സ്വ) ശ്രോതാക്കളായ സ്വഹാബത്തിന് മനസ്സിലാകുന്ന ഭാഷയിലാണല്ലോ ഖുതുബ നിർവഹിച്ചിരുന്നത്.!?
മറുപടി
തെറ്റാണ്, നബി(സ്വ)യുടെ ഖുതുബയും നിസ്കാരവുമെല്ലാം അറബി അറിയാവുന്ന ശ്രോതാക്കളായ സ്വഹാബാക്കൾക്ക് മാത്രം മനസ്സിലാകുന്ന ഭാഷയിലായിരുന്നു അഅവിടുന്ന് നിർവ്വഹിച്ചിരുന്നത്. അറബി അറിയാത്തവർക്കത് മനസ്സിലാകു മായിരുന്നില്ല. ഇന്ന് സുന്നികളുടെ ഖുതുബയുടെയും അവസ്ഥ ഇത് തന്നെയാണ്. അറബി അറിയാവുന്നവർക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിലാണ് സുന്നികൾ ഖുതുബ യോതുന്നത്. അല്ലാതെ സദസ്യരുടെ ഭാഷ എന്നൊരു ഭാഷ ശർഥുകളും ഫർളുകളുമുള്ള ആരാധനയായ ഖുതുബക്കോ നിസ്കാരത്തിനോ ഇല്ല. അവിടുത്തെ ﷺ ജുമുഅ ഖുതുബ ഇന്നും ലഭ്യമാണല്ലോ!? ജനങ്ങൾക്കെല്ലാം മനസ്സിലാകുന്ന ഭാഷയിലാണോ അല്ല, അറബിയിലാണോ എന്ന് ആർക്കും പരിശോധിക്കാം.
നബി(സ്വ) തങ്ങൾക്ക് എല്ലാ ഭാഷയും അറിയാമായിരുന്നെന്നു നിരവധി പണ്ഡിതർ പറഞ്ഞിട്ടുണ്ട്. അതിനു പരിശുദ്ധ ഖുർആൻ തന്നെ തെളിവാക്കിയിട്ടുമുണ്ട്. സ്വഹീഹുൽ ബുഖാരിയിൽ മുത്ത് നബി(സ്വ) ഫാരിസി ഭാഷ സംസാരിച്ചതായി ഒരധ്യായം തന്നെ കാണാൻ കഴിയും. അവിടുത്തെ സ്വഹാബാ ക്കളിൽ അറബിയല്ലാത്ത മറ്റുഭാഷകൾ സംസാരിക്കുന്നവർ ഉണ്ടായിരുന്നുവെന്നത് ചരിത്രത്തിൽ നിന്ന് വ്യക്തമാണ്. എന്നിട്ടും എന്തു കൊണ്ടവിടുന്നു നിസ്കാരവും ഖുതുബയും അറബി ഭാഷയിൽ നിർവഹിച്ചു!? അവിടുത്തെ സ്വഹാബത്തും താബിഉകളും അറബിഭാഷ തന്നെ തിരഞ്ഞെടുത്തു!? മറുപടി അത് ശറഅ് നിശ്ചയിച്ച ഭാഷയായത് കൊണ്ടാണ് എന്നത് തന്നെ!
‘നിസ്കാരം അല്ലാഹുവിനോട് ആണല്ലോ ഖുതുബ ജനങ്ങളോടും’ എന്ന് അവസാനമായി ന്യായം പറയുന്നവരുണ്ട്. ചോദിക്കാനുള്ളത് നിസ്കാരത്തിൽ ഇരു വശത്തേക്കും തിരിഞ്ഞു കൊണ്ട് ചൊല്ലുന്ന സലാമും അല്ലാഹുവിനോടാണോ?! അല്ലാഹുവിനു ആരുടെ രക്ഷയാണ് വേണ്ടത്!? അത് ചുറ്റു മിരിക്കുന്ന മനുഷ്യരിലേക്ക് തിരിഞ്ഞു അവരോട് പറയുന്ന സലാമാണ്. പരിഭാഷപ്പെടുത്തുന്നത് കുഴപ്പമില്ലെന്ന് പറയാൻ സാധിക്കുമോ!? ഇല്ല, കാരണം നിസ്കാരത്തിനു അതിന്റേതായ ശർത്തുകളും ഫർളുകളുമുണ്ട്. ഖുതുബക്കും ശർത്തും ഫർളുമുണ്ട്. രണ്ടിലും അതാത് ശർത്തും ഫർളും പാലിച്ചാലെ രണ്ടും സ്വീകര്യമാവൂ...
നിസ്കാരത്തിനും ഖുതുബക്കും ഒരേ ശർത്തല്ല എന്നു പറയുന്ന ഇബാറതുകൾ ഫിഖ്ഹിന്റെ കിതാബുകളിൽ നിന്നടർത്തിമാറ്റി ബിദ്അതുകാർ പരിഭാഷക്ക് വേണ്ടി പയറ്റാറുണ്ട്. വളരെയധികം ശരിയാണത്. അത് കൊണ്ട് നിസ്കാരത്തെ പോലെ ഖുതുബക്ക് ശർത്തും ഫർളും ഉണ്ടെന്നു സമ്മതിച്ചല്ലോ!? ആ ശർതുകളിൽ ഏതു ചെറിയ കർമശാസ്ത്ര ഗ്രന്ഥമെടുത്തു പരിശോധിച്ചാലും വ്യക്തമായി രേഖപ്പെടുത്തപ്പെട്ടതാണ് അറബിയായിരിക്കണമെന്ന നിബന്ധന. വുളൂഎടുത്തു നിസ്കരിക്കുകയെന്ന ശർത് എത്രമാത്രം നിസ്കാരത്തിനു പാലിക്കുന്നുണ്ടോ അത്ര തന്നെ പ്രാധാന്യം ഖുതുബയുടെ ശർത്തായ അറബിക്കും സുന്നികൾ കൽപ്പിക്കുന്നുണ്ട്.
ചുരുക്കത്തിൽ നബി(സ്വ) നിസ്കരിച്ചതും ഖുതുബയോതിയതും അവിടുത്തെ മാതൃഭാഷയിലല്ല, മറിച്ച് ശറഉ ഇബാദത്തുകൾക്ക് നിശ്ചയിച്ച ഭാഷയിലാണ് എന്നത് വ്യക്തമാണ്. ഈകാര്യം ഇമാം ഷാഫിഈ(റ) വിന്റെ വാക്കുകൾ കൊണ്ട് തന്നെ തെളിയിക്കാൻ കഴിയും. ആ ചർച്ചപിന്നീട് വരും.
ഇതുകൊണ്ട് തന്നെയാണ് ലോകത്തിന്റെ എല്ലാ മുക്കു മൂലകളിലേക്കും ദീനുമായി കയറിച്ചെന്ന സ്വഹാബികളും താബിഉകളും അറബി ഭാഷയിൽ മാത്രമാണ് ഖുതുബ നിർവ്വ ഹിച്ചതെന്ന് കെ.എം മൌലവി പോലും അദ്ദേഹത്തിന്റെ ജുമുഅ ഖുതുബയെന്ന പുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തിയത്.(പേജ്:23)
ചോദ്യം:03
നബി ﷺ ഖുത്തുബ നിർവഹിച്ചതിനെ കുറിച്ച് മുസ്ലിമിലുള്ള ഹദീസിൽ ഇങ്ങനെകാണാം
عَنْ جَابِرِ بْنِ سَمُرَةَ ، قَالَ : « كَانَتْ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ خُطْبَتَانِ ، يَجْلِسُ بَيْنَهُمَا يَقْرَأُ الْقُرْآنَ ، وَيُذَكِّرُ النَّاسَ» .(مسلم)
ജാബിറുബ്‌നു സമുറയിൽനിന്ന് നിവേദനം, നബി ﷺക്ക് രണ്ട് ഖുതുബയുണ്ടായിരുന്നു. അവക്കിടയിൽ അവിടുന്ന് ഇരിക്കുകയും ഖുർആൻ ഓതി ജനങ്ങളെ ഉദ്ബോധിപ്പിക്കുകയും ചെയ്യുമായിരുന്നു. (മുസ്‌ലിം, അബൂദാവൂദ്, നസാഇ, ഇ ബ്‌നുമാജ)
അപ്പോൾവെള്ളിയാഴ്ചജുമുഅക്ക് എത്തുന്നവർക്ക് നൽകപ്പെട്ട ഉദ്ബോധനമായിരുന്നു നബി(സ) യുടെ ഖുതുബ എന്നതല്ലേ മനസ്സിലാക്കേണ്ടത്.!?
മറുപടി
അതെ, ഇന്ന് സുന്നികൾ നടത്തുന്നഖുതുബയും നല്ല ഒന്നാംതരം ഉപദേശമാണ്. നാട്ടുവാർത്താനമല്ല അതിൽ പ്രതിപാദിക്കുന്നത്. അതോടുകൂടെ നബിﷺ ആ ഉപദേശം നടത്താൻ വേണ്ടി തിരഞ്ഞെടുത്ത ഭാഷയിലുമാണ് സുന്നികൾ ഖുതുബയിൽ ഉപദേശം നടത്തുന്നത്. കാരണം ഇമാം നവവി (റ) തന്നെ പറഞ്ഞു ‘ഞാൻ നിസ്കരിക്കുന്നത് പോലെ നിസ്കരിക്കുവീൻ എന്ന ഹദീസ് വെച്ച് കൊണ്ട് അവിടുന്ന് അറബിയിലായിരുന്നു ഖുതുബയോതിയതെന്ന്’. അതായത് നബി(സ്വ) യുടെയും സുന്നികളുടെയും ഖുതുബയിലുള്ള ഉപദേശം അറബി അറിയാവുന്നവർക്ക് മാത്രം മനസ്സിലാകുമായിരുന്നുള്ളൂ.
ഈ ഉപദേശമുള്ള ജുമുഅ ഖുതുബ എന്നത് വെറും പ്രസംഗമല്ല, അതിന് നിബന്ധനകൾ ഉണ്ട് എന്നതെല്ലാം ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം. ഉദ്ബോദനം മാത്രമാണ് ഉള്ളതെങ്കിൽ പിന്നെ അതിനിടയിൽ നബി(സ) ഇരുന്നതിന് നാം എന്തിന് ഇരിക്കണം!? ചേകന്നൂർ മൌലവി പറഞ്ഞതു പോലെ “നബി(സ) ക്ഷീണിച്ചപ്പോൾ ഇരുന്നു. എനിക്ക് ക്ഷീണമൊന്നുമില്ലല്ലോ”!? എന്ന നിലപാട്, ഇമാമീങ്ങളെ തള്ളി, ഉദ്ബോധന ഭാഷയെ അവഗണിച്ച ബിദ്അതുകാർ എന്തു കൊണ്ട് സ്വീകരിക്കുന്നില്ല.!? ഖുതുബ നടത്തിയ ഭാഷ പരിഗണിക്കാതെ ഇടയിലുള്ള ഇരുത്തത്തെ മാത്രം എന്തിനാണിവർ പരിഗണിക്കുന്നത്!? വെറും ഉപദേശം ആണെങ്കിൽ ആ ഇരിക്കുന്ന സമയംകൂടെ ഉപദേശമാക്കുകയല്ലേ വേണ്ടത്!? ഉദ്ബോധനം മാത്രമാണ് ലക്ഷ്യമെങ്കിൽ ഖുതുബ സൌകര്യത്തി നനുസരിച്ചു നിസ്കാരത്തിന് ശേഷവുമാക്കാമല്ലോ..!?
നബി(സ)പരിശുദ്ധ ഖുർആൻ ഓതി ജനങ്ങളെ ഉൽബോധനം നടത്തിയിട്ടുണ്ടല്ലോ.!? എന്തുകൊണ്ട് ബിദ്അതുകാർ നിസ്കാരത്തിൽ പരിഭാഷ വായിച്ചു ഉദ്ബോധനം നടത്താൻ തയ്യാറാവുന്നില്ല.!? ചുരുക്കത്തിൽ ശറഇലെ വിധിവിലക്കുകൾക്ക് മുന്നിൽ ഇത്തരം ന്യായങ്ങൾക്കൊന്നുംയാതൊരു വിലയും മുസ്ലിം കൽപ്പിക്കേണ്ടതില്ല.
ചോദ്യം:04
ഖുത്വുബ ഉദ്ബോധനമല്ലേ.?
മുൻ പറഞ്ഞ ഈ ഹദീഥിന്റെ വിശദീകരണത്തിൽ ഇമാം നവവി(റ) എഴുതുന്നു.
) يَقْرَأُ الْقُرْآنَ وَيُذَكِّرُ النَّاسَ ) فِيهِ دَلِيلٌ لِلشَّافِعَيِّ فِي أَنَّهُ يُشْتَرَطُ فِي الْخُطْبَةِ الْوَعْظُ وَالْقِرَاءَةُ . قَالَ الشَّافِعِيُّ : لَا يَصِحُّ الْخُطْبَتَانِ إِلَّا بِحَمْدِ اللهِ تَعَالَى وَالصَّلَاةِ عَلَى رَسُولِ اللهِ - صَلَّى اللهُ عَلَيْهِ وَسَلَّمَ - فِيهِمَا وَالْوَعْظِ وَهَذِهِ الثَّلَاثَةُ وَاجِبَاتٌ فِي الْخُطْبَتَيْنِ ، ......... وَقَالَ مَالِكٌ وَأَبُو حَنِيفَةَ وَالْجُمْهُورُ : يَكْفِي مِنَ الْخُطْبَةِ مَا يَقَعُ عَلَيْهِ الِاسْمُ .
“ഖുർആൻ ഓതി ജനങ്ങളെ ഉൽബോധിപ്പിക്കും” എന്ന് പറഞ്ഞതിൽ ഖുതുബയിൽ വഅളും ഖുർആൻ പാരായണവും ശർത്താക്കപ്പെടും എന്നതിന് ശാഫിഈ ഇമാമിന്ന് തെളി വുണ്ട്. ശാഫിഈ ഇമാം പറഞ്ഞിരിക്കുന്നു അല്ലാഹുവിനെ സ്തുതിക്കുകയും റസൂൽ(സ) യുടെ പേരിൽ സ്വലാത്തും ഉപദേശവും ഇല്ലാതെ രണ്ട് ഖുതുബയും സ്വഹീഹാവില്ല................. എന്നാൽ മാലിക്കീ ഇമാമും അബൂ ഹനീഫയും ഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞത് ഖുതുബ എന്ന പേര് വരുന്ന എന്തും മതിയാകും എന്നാണ്” (ശറഹു മുസ്‌ലിം 3/415).
ഇതനുസരിച്ച് ഖുതുബയിൽ വേണ്ടത് ഖുർആൻ പാരായണവും ജനങ്ങളോടുള്ള ഉപദേശവുമല്ലേ!?
മറുപടി
ഇതിൽ ഒരക്ഷരം പോലും ഖുതുബപരിഭാഷപ്പെടുത്താനുള്ള തെളിവില്ല! ഇതിലുള്ളത് നബി(സ)യുടെ കാലത്ത് ഖുതുബയിൽ അറബി ഭാഷയിൽ ഉപദേഷം നടന്നിരുന്നുവെന്നാണ്. ഇതനുസരിച്ചു കൊണ്ട് ഇന്നും അറബി ഭാഷയിൽ സുന്നിപള്ളികളിൽ ഖുതുബയിൽ ഉപദേശവും ഖുർആൻ പാരായണവും നടക്കുന്നുണ്ട്.എന്നല്ല, ഷാഫിഈ മദ്ഹബിൽ ഈ ഹദീസു കൊണ്ട്തന്നെയാണ് ഖുത്വുബയുടെ റുകനുകളിൽ തഖവകൊണ്ടുള്ള വസ്വിയ്യത്തും ഖുർആൻ പാരായണവും വേണമെന്ന് പറഞ്ഞത്. എന്നാൽ മറ്റു മദ്ഹബുകളിൽ ആ ഉപദേശവും ഖുർആനും ആവശ്യമില്ലെന്നാണ് ഇമാം നവവി(റ) പറഞ്ഞത്. പ്രസംഗമെന്ന പേര് പറയാൻ പറ്റുന്ന വല്ലതും പറഞ്ഞാൽ മാത്രം മതി. അത് കൊണ്ടാണ് ഈ വിഷയം ഇങ്ങനെ പ്രത്യേകം എടുത്തു പറഞ്ഞത്. അല്ലാതെ ഖുതുബ മനസ്സിലാകണമെന്നോ അനറബിയാവണമെന്നോ പറയാനല്ല! ഉപദേശം നിർബന്ധമില്ലാത്ത മറ്റു മദ്ഹബുകളിൽ പോലും അറഭാഷ നിർബന്ധമാണെന്നത് മുമ്പ് വിശദീകരിക്കുകയുണ്ടായി. ഇമാം നവവി(റ) ഈ പറഞ്ഞതിനോട് ഒരിക്കലും ചോദ്യത്തിലെ ഇബാറതുകൾ എതിരാവുന്നില്ല.
يشترط لانه ذكر مفروض فشرط فيه العربية كالتشهد وتكبيرة الاحرام مع قوله صلى الله عليه وسلم " صلوا كما رأيتموني اصلي " وكان يخطب بالعربية (شرح مهذب(
“ഖുത്വുബ അറബിയിലായിരിക്കല്‍ ശര്‍ത്വാണ്. കാരണം: ഖുത്വുബ എന്നത് അത്തഹിയാത്ത് തക്ബീറത്തുല്‍ ഇഹ്‌റാം എന്നിവ പോലെ നിര്‍ബന്ധമായ ഒരു ദിക്‌റാണ്. അതോടുകൂടെ നബി(സ) പറഞ്ഞത് ‘ഞാൻ നിസികരിക്കും പോലെ നിസ്കരിക്കുവീൻ’ എന്നുകൂടിയാണ്. അവിടുന്ന് അറബിയിലായിരുന്നു. ഖുതുബ നിർവ്വഹിച്ചിരുന്നത്.” (ശറഹുല്‍ മുഹദ്ദബ് :4/522)
ചോദ്യം:05
ഉദ്ബോധനം മനസ്സിലാകേണ്ടതില്ലേ.?
ജനങ്ങൾക്ക് മനസ്സിലാകാത്ത ഉപദേശം കൊണ്ട് ഫലമില്ലല്ലോ. അത് കൊണ്ട് തിരിയുന്ന ഭാഷയിലാക്കേണ്ടെ..?
മറുപടി
ജനങ്ങൾക്ക് മനസ്സിലാക്കാത്ത ഭാഷയിൽ ഖുർആൻ ഖത്മ് തീർത്തതു കൊണ്ട് ഫലമുണ്ടോ!? ഉണ്ടെങ്കിൽ ഈ ഖുതുബക്കും ഫലമുണ്ട്. ദീൻ പഠിപ്പിച്ച മുഴുവൻ ശർഥുകളും ഫർളുകളും പാലിച്ചു നിർവ്വഹിക്കുന്ന ഖുതുബയുടെ ഫലം റബ്ബിന്റയടുക്കൽ നിന്നുള്ള സ്വീകാര്യതയാണ്. ഖുർആൻ ലോകർക്ക് ഉപദേശമാണെന്ന് ഖുർആൻ തന്നെ പറയുന്നുണ്ട്. അതിനർഥം ഖുർആൻഅർത്ഥം അറിയാതെ ഓതരുതെന്നോ പരിഭാഷ മാത്രമേ വായിക്കാവൂ എന്നോ ആണോ.? അല്ല, മറിച്ച് അത് അറിയുന്നവർ മനസ്സിലാക്കി ഓതിയാൽ അതിനുള്ള പ്രതിഫലം അവർക്ക്ലഭിക്കും. ഈ ഉപദേശമായ ഖുർആനിന് പകരം നിസ്കാരത്തിൽഅർത്ഥമറിയാത്തവർക്ക് പരിഭാഷ വായിച്ചാൽ മതിയെന്നത് പറയുന്നത് പോലെയാണ് ഉപദേശമായ ഖുതുബ അതിന്റെ നിബന്ധനകൾ ഒഴിവാക്കിക്കൊണ്ട് പരിഭാഷപ്പെടുത്തണമെന്ന് പറയുന്നതും.
ഉദാഹരണത്തിന് നോമ്പിന്റെലക്ഷ്യം വിശപ്പ് സഹിക്കലാണെന്ന് വെച്ച് വർഷക്കാലത്ത് ആ നോമ്പ് ഇശാഅ് വരെ ദീർഘിപ്പിക്കാൻ പറ്റില്ല. കാരണം നോമ്പിനും ഖുതുബക്കും ഇസ്ലാം നിർദ്ദേശിച്ച നിബന്ധനകൾ ഒവിവാക്കി ലക്ഷ്യത്തിന്റെ പിന്നിൽ പോകുന്നത് ശുദ്ധമായ അസംബന്ധമാണ്. ഒരുപക്ഷെ, അത് ആ ഇബാദത്തിനെ തന്നെ ബാത്തിലാക്കിക്കളയും.
എന്നാൽ മറ്റൊരർത്ഥത്തിൽ ഖുതുബയും നോമ്പുമെല്ലാം ഇബാദത്താണ്. ഇബാദത്തുകൾ കൊണ്ടുള്ള ഉദ്ധേശം/ ലക്ഷ്യം റബ്ബിനെ അനുസരിക്കൽ ആണ്. ഖുതുബ അറബി ഭാഷയിലാകുമ്പോഴേറബ്ബിന്റെ നിയമമായ ശരീഅതിനെ അനുസരിക്കൽ കൊണ്ട്റബ്ബിനെ അനുസരിക്കുകയെന്ന ഇബാദത്തിന്റെ അത്യന്തിക ലക്ഷ്യം നിറവേറുകയുള്ളൂ.. ബാങ്കിന്റെ ഉദ്ദേശം ജനങ്ങളെ നിസ്കാരത്തിലേക്ക്ക്ഷണിക്കലാണല്ലോ!? ബാങ്ക് ദീനിൽ നിലവിൽ വരുന്നത് തന്നെ നിസ്കാരത്തിന് വേണ്ടി ജനങ്ങളെ എങ്ങനെ വിളിക്കും എന്ന ചർച്ചയിൽ നിന്നാണ്. ഇനിമുതൽ ആ ഉദ്ധേശം പൂർത്തീകരിക്കാൻ ബാങ്ക് മലയാളത്തിലാക്കാൻ പറ്റുമോ!? ബാങ്കിന്റെ പകരം ഇനി ജമാഅത് നിസ്കാരത്തിന്റെ മഹത്വങ്ങൾ പറഞ്ഞു കൊണ്ട് ആഴ്ചയിലൊരു ബാങ്കെങ്കിലും പരിഭാഷപ്പെടുത്തിയാൽ എത്രയധികം ജനങ്ങൾക്കത് പ്രയോചന/പ്രചോദനമാകും?! ആയിരക്കണക്കിനു ബാങ്കുകൾ കേട്ടിട്ടു പോലും ഇതു വരെ അതിന്റെഅർത്ഥം അറിയാത്തവരല്ലെ ഭൂരിപക്ഷം!? ഉദ്ധേശം പൂർത്തീ കരിക്കാൻ അറബിയാവണമെന്ന നിബന്ധന മാറ്റിയത് പോലെ ഖുതുബ ജുമുഅ നിസ്കാരത്തിന് ശേഷമുള്ള സമയത്തേക്ക് മാറ്റാൻ സാധിക്കുമോ!?
ഇനി ഈ ചോദ്യത്തിന് ഖുതുബ അറബിയിലായിരിക്കണമെന്ന നിബന്ധന പഠിപ്പിച്ച ഇമാമീങ്ങൾ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. ഫത്ഹുൽ മുഈനിൽ തന്നെ കാണാം.
وَلَا فَهْمُهُمْ لِمَا يَسْمَعُونَهُ وَشُرِطَ فِيهِمَا عَرَبِيَّةٌ لِاتّبَاعِ السَّلَفِ وَالْخَلَفِ . وَفَائِدَتُهَا بِالعَرَبِيَّةِ مَعَ عَدَمِ مَعْرِفَتِهِمْ لَهَا الْعِلْمُ بِالْوَعْظِ فِي الجُمْلَةِ قاله القاضي (فتح المعين بشرح قرة العين :202)(تحفة المحتاج: 2/451)
“കേൾക്കുന്നവർക്ക് മനസ്സിലാവണമെന്നൊരു ശർത്വ് ജുമുഅ ഖുതുബക്കില്ല. രണ്ട് ഖുതുബയും അറബിയിലായിരിക്കൽ ഖുതുബയുടെ ശർത്വുമാണ്. അത് മുൻഗാമികളെയും പിൻഗാ മികളെയും പിൻപറ്റാൻ വേണ്ടിയാണത്. അറബിഭാഷ എല്ലാ വർക്കും അറിയില്ലെന്നിരിക്കെ അത് നിർബന്ധമാക്കിയതിന്റെ പ്രയോജനം മൊത്തത്തിൽ ഇതൊരു ഉപദേശമാണെന്ന് മനസ്സിലായാൽ മതി എന്നത് കൊണ്ടാണ്.” (ഫത്ഹുൽ മുഈൻ :202)(തുഹ്ഫ:2/451)
ചോദ്യം:06
ഖത്വീബിനും മനസ്സിലാകേണ്ടതില്ലേ.?
കേരളത്തിൽ പള്ളിമിമ്പറുകളിൽ വെച്ച് ഇമാം നോക്കി വായിച്ചുകൊണ്ടിരിക്കുന്നതിന്റെ അർത്ഥം അവർക്ക് പോലും അറിയുന്നില്ലെന്ന രൂപത്തിലാണ് നോക്കിവായിച്ചു കൊണ്ടിരിക്കുന്നത്. എന്തു പ്രയോചനമാണതിനുള്ളത്!?
മറുപടി
ദീൻ പഠിപ്പിച്ച മുഴുവൻ ശർഥുകളും ഫർളുകളും പാലിച്ചു നിർവ്വഹിക്കുന്ന ഖുതുബയുടെ പ്രയോജനം റബ്ബിന്റയടുക്കൽ നിന്നുള്ള സ്വീകാര്യതയാണ്. അതിലും വലിയൊരു പ്രയോ ജനം ഒരു വിശ്വാസിയെ സംബന്ധിച്ചെയുത്തോളം ഇല്ല. ഖുതുബയുടെ ശർത്വുകൾ പാലിക്കാതെ തോന്നിയതു പോലെ മണിക്കൂറുകളോളം പ്രസംഗം കേൾക്കുന്നത് കൊണ്ട് ഒരു വിശ്വാസിക്ക് ഒരു പ്രയോജനവുംലഭിക്കാനില്ല. ദീനിന്റെ നിയമങ്ങൾ അനുസരിക്കാതെ വെറും പ്രസംഗം കേൾക്കാനാണ് ജുമുഅക്ക് വന്നതെങ്കിൽ ആ ജുമുഅയും അല്ലാത്ത പ്രസംഗവേദികളും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്.!? പരിശുദ്ധ ദീനിൽ ആ ജുമുഅ സ്വീകരിക്കുമെന്നതിന് എന്തു തെളിവാണുള്ളത്.!? ജുമുഅ സ്വീകരിക്കാതെ ആ ദിവസംമുഴുവൻ പ്രസംഗം കേട്ടത് കൊണ്ട് എന്തുപകാരമാണുള്ളത്?
ഇനി ഈ ചോദ്യത്തിന് ഇമാമീങ്ങൾ നൽകിയ മറുപടിയും കൂടെ കാണുക. ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) എഴുതുന്നു.
وَأَمَّا إيجَابُهُ أَعْنِي الْقَاضِيَ فَهْمَ الْخَطِيبِ لِأَرْكَانِهَا فَمَرْدُودٌ بِأَنَّهُ يَجُوزُ أَنْ يَؤُمَّ، وَإِنْ لَمْ يَعْرِفْ مَعْنَى الْقِرَاءَةِ (تحفة المحتاج: ٢/٤٥١(
“ഖുത്വുബയോതുന്ന ഖത്വീബിന് അതിന്റെ റുക്നുകൾ മനസ്സിലാവൽ നിർബന്ധമാണെന്ന് ഖാളീ ഹുസൈൻ(റ) പറഞ്ഞത് ശരിയല്ല. ഖിറാഅത്തിന്റെ അർത്ഥം അറിയാത്ത ഒരാൾ ഇമാം നിൽക്കുന്നതിന് ഒരു തടസ്സവുമില്ലാത്തത് പോലെയാണിതും. (തുഹ്ഫ:2/451)
ചോദ്യം:
അതായത് ഖുതുബ ആർക്കും മനസ്സിലാക്കേണ്ടതില്ലെന്നാണോ പറഞ്ഞു വരുന്നത്!?
മറുപടി
ഖുതുബ എല്ലാവർക്കും മനസ്സിലാകണം എന്നത് തന്നെയാണ് സുന്നികൾ ആഗ്രഹിക്കുന്നത്. അത് ഖുതുബ മാത്രമല്ല, നിസ്കാരത്തിൽ ഓതുന്ന ഖുർആൻ പോലും എല്ലാവരും മനസ്സിലാക്കലും അതിന്റെ അർത്ഥം ചിന്തിച്ചു ഓതലും സുന്നതാണെന്ന് വരെ ഇമാമീങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. അതിനു വേണ്ടി അറബി പഠിക്കുകയാണോ അല്ല, പരിഭാഷ വായിക്കുകയാണോ വേണ്ടതെന്നു കെ.എംമൗലവി പോലും എഴുതുന്നുണ്ട്. അതായത്, ഖുതുബ ഖുതുബയായിത്തീരുന്ന ശർത്ഥുകളും റുക്നുകളും ഒഴിവാക്കിയിട്ട് മനസ്സിലാവണമെന്ന ലക്ഷ്യത്തിന്റെ പിന്നിൽ പോകരുതെന്നാണ് പറഞ്ഞതിന്റെ ചുരുക്കം.
ചോദ്യം:07
സാഹചര്യങ്ങൾക്ക് അനുസരിച്ചാവേണ്ടതില്ലേ.?
സദസ്സിനെയും സാഹചര്യങ്ങളെയും ശ്രോതാവിനെയും പരിഗണിച്ചാണ് നബിﷺ ഖുതുബ നിർവഹിച്ചിരുന്നത്. നബി ﷺ തന്റെ ഖുതുബയിൽ ജനങ്ങൾക്കാവശ്യമുള്ള കാര്യങ്ങൾ പഠിപ്പിക്കലായിരുന്നു പതിവ്.
മറുപടി
ഖുത്വുബ സന്ദർഭത്തിനനുസരിച്ചാവൽ ഖുതുബയുടെ സുന്നത്താണ്. അറബിയിലായിരിക്കൽ ഖുത്വുബയുടെ ശർത്വും. ശർത്വ് ഒഴവാക്കി സുന്നത്തെടുത്തവന്റെ ഉപമ പറയേണ്ടതില്ലല്ലോ.! ഉടുതുണിയഴിച്ച് തലയിൽ കെട്ടുക എന്നൊരു ചൊല്ലുണ്ട്. എന്നാൽ ശർത്തോടു കൂടെ സുന്നത്തെടുക്കുന്നതിൽ ഒരു തടസ്സവും ആർക്കുമില്ല. അറബി ഭാഷയിൽ കാലാനുസൃ തമായ ഖുതുബ നടത്തുന്നതിലൂടെ സ്വീകാര്യമായ ജുമുഅ സുന്നത്തോടു കൂടെ നടത്താനാകും. ഈ ലക്ഷ്യത്തിന് വേണ്ടിയിട്ടാണ് പ്രത്യേകം ഖുതുബയുടെ ഏടുകൾ നോക്കി ഖുതുബ നിർവ്വഹിക്കുന്നത് തന്നെ! അത്തരം ഏടുകളിൽ ഒരു വർഷത്തെ 50 ലധികം വരുന്ന ആഴ്ചകൾക്കും ആ സന്ദർഭത്തോടു യോചിച്ച ഉപദേശമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. അത്തരം ഏടുകളിൽ നോക്കി ഓതുന്നത് കാരണം കൊണ്ട് സന്ദർഭത്തിനനുസരിച്ചാവുകയെന്നതിന്റെ പ്രതിഫലമാണോ ആഗ്രഹിക്കുന്നത്.?! അത് ലഭിക്കുമെന്നത് ഉറപ്പാണ്.
കാരണം മുൻകഴിഞ്ഞ ഇമാമീങ്ങളെല്ലാം ഖുതുബയെ നിസ്കാരത്തിലെ അത്തഹിയ്യാത്ത് പോലുള്ള ഒരു ഇബാദത്തായിട്ടാണ് കണ്ടിരുന്നത് ഓർമ്മ വേണം.
ചോദ്യം:08
ഒരിക്കൽ നബി ﷺ വെള്ളിയാഴ്ച ഖുതുബ നിർവ്വഹിക്കുമ്പോൾ കയറിവന്ന സ്വഹാബിയോട് രണ്ട് റകഅത്ത് നമസ്കരിക്കാൻ കൽപിച്ചു. (ബുഖാരി) ഹദീഥിന്റെ വിശദീകരണ ത്തിൽ ഇബ്‌നുഹജറുൽ അസ്ഖലാനി(റ) പറയുന്നു:
وَأَنَّ لِلْخَطِيبِ أَنْ يَأْمُرَ فِي خُطْبَتِهِ وَيَنْهَى وَيُبَيِّنَ الْأَحْكَامَ الْمُحْتَاجَ إِلَيْهَا ، وَلَا يَقْطَعُ ذَلِكَ التَّوَالِي الْمُشْتَرَطَ فِيهَا، بَلْ لِقَائِلٍ أَنْ يَقُولَ : كُلَّ ذَلِكَ يُعَدُّ مِنَ الْخُطْبَةِ .
“ഖതീബിന് തന്റെ ഖുതുബയിൽ ആവശ്യമായ കാര്യങ്ങൾ കൽപിക്കലും വിരോധിക്കലും ആവശ്യമായ വിധി വിലക്കുകൾ വിശദീകരിച്ചു കൊടുക്കലും അനുവദനീയമാണ്. ഇതൊന്നും ഖുതുബയിൽ നിബന്ധനയായ തുടർച്ചക്ക് ഭംഗം വരു ത്തുന്നതല്ല. എന്നു മാത്രമല്ല അതെല്ലാം ഖുതുബയിൽ പെട്ടതാണെന്ന് പറയാവുന്നതുമാണ്.” (ഫത്‌ഹുൽ ബാരി 3:450)
മറുപടി
ഇവിടെയും പരിഭാഷക്ക് തെളിവില്ല എന്നത് വ്യക്തമാണ്. ഖുത്തുബ അറബി ഭാഷയിൽ ആവണമെന്ന് നിബന്ധന ഒഴിവാക്കി ഖുതുബ അറബി അല്ലാത്ത ഭാഷയിൽ നിർവഹിക്കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് തെളിയിക്കേണ്ടത്. ഇത് ഖുതുബയുടെ അറബിയാവണമെന്നടക്കമുള്ള ശർത്വുകൾ പാലിച്ചു നടത്തപ്പെടുന്ന സംസാരത്തെ കുറിച്ചാണെന്നും അത്തരത്തിലുള്ള സംസാരം പോലും ഒഴിവാക്കലാണ് നല്ലെതെന്നും തൊട്ടപ്പുറത്തു വരാനിരിക്കുന്ന ചർച്ചയിൽ നിന്ന് ബോധ്യപ്പെടുന്നതാണ്. ഇതേ വിശയം(ഖുതുബക്കിടയിലുള്ള സംസാരം) ഇമാം നവവി(റ) അടക്കമുള്ള കർമ്മശാസ്ത്ര പണ്ഡിതർ പറയുന്നുമുണ്ട്. അവിടെയെല്ലാം പറഞ്ഞ നിബന്ധന ഇത് ഖുതുബയായി ഗണിക്കണമെങ്കിൽ അറബിയായിരിക്കണമെന്നും, ഖുതുബയായി ഗണിക്കപ്പെട്ടാലേ ഇത് തുടർച്ചക്ക് ഭംഗം വരാതിരിക്കുകയുള്ളൂവെന്നും അതിൽ നിന്ന് വ്യക്ത മാകും.
ഇപ്പറഞ്ഞതിലേക്കുള്ള സൂചന അസ്ഖലാനി ഇമാമിന്റെ ഇബാറത്തിൽ നിന്ന്തന്നെ കിട്ടുന്നുമുണ്ട്. ‘ഇത് ഖുതുബയാണ്’ എന്നല്ല അവിടുന്ന് പറഞ്ഞത്. بَلْ لِقَائِلٍ أَنْ يَقُولَ : كُلَّ ذَلِكَ يُعَدُّ مِنَ الْخُطْبَةِ . ‘ഇത് ഖുതുബയായി ഗണിക്കുമെന്ന് വേണമെങ്കിൽ ഒരാൾക്ക് പറയാനാകും.’ എന്നാണ് പറഞ്ഞത്. അത് അറബി യിലാവണമെന്നടക്കമുള്ള ശർഥുകൾ പാലിക്കുമ്പോഴാണെന്നത് വ്യക്തമാണ്. കാരണം അസ്ഖലാനി ഇമാം(റ) ശാഫിഈ മദ്ഹബിലെ പണ്ഡിതനാണ്. ശാഫിഈ ഫിഖ്ഹിലെ ഏതു ചെറിയ ഗ്രന്ഥമെടുത്താ ലും വ്യക്തമായി രേഖപ്പെടുത്തിയ കാര്യമാണ് ഖുതുബ അറബിയിലായിരിക്കണമെന്നത്. എല്ലാ മദ്ഹബിലും ഇതു തന്നെയാണവസ്ഥ എന്നത് മുമ്പ് വിശദീകരിച്ചു.
ചോദ്യം:09
ഖുതുബ ഉപദേശമല്ലേ.!?
ഖുതുബ ഉപദേശമാണെന്ന് ഇമാം ശാഫിഈ(റ) തന്നെ പറഞ്ഞിട്ടുണ്ടല്ലോ!?
إِنَّمَا كَانَتِ الْخُطْبَةُ تَذْكِيرًا
ഖുതുബ ഒരു ഉൽബോധനം മാത്രമായിരുന്നു. (അൽ ഉമ്മ് 1/203)
ഇമാം നവവി(റ)പറയുന്നു:
وَمَقْصُودُ الْخُطْبَةِ الْوَعْظُ ، وَهَذَا نَصُّهُ فِي الْإِمْلَاء
ഖുതുബയുടെ ഉദ്ദേശം ഉപദേശമാണ്. ഇത് ശാഫിഈ ഇമാം വ്യക്തമായി പറഞ്ഞതാണ്. (ശറഹുൽ മുഹദ്ദബ് :4/521)
മറുപടി
ഖുതുബയിൽ ഉപദേശം പാടില്ലെന്ന് സുന്നികൾക്ക് വാദമുണ്ടെങ്കിലേ ഈ ചോദ്യം ചോദ്യമാകൂ. വെറും ഉപദേശമാണ് ലക്ഷ്യമെങ്കിൽ അത് ജുമുഅക്ക് ശേഷവും ആക്കാം. മറിച്ച് നിബന്ധനകൾ(ശർത്വുകൾ) പാലിച്ച ഉപദേശമാണ് വേണ്ടത്. അല്ലെങ്കിൽ ഉപദേശത്തിനിടയിൽ ഒരു ഇരുത്തത്തിന്റെ ആവശ്യമില്ല. ആ നിബന്ധനകളിൽ പ്രധാനമാണ് ഉപദേശം അറബിയിലായിരിക്കുകയെന്നത്. മുകളിലെ ഇബാറതുകളിലൊന്നും ഖുതുബ ശർത്ഥുകൾ ഒഴിവാക്കി ഉപദേശിക്കണമെന്നതിന് ഒരു സുചന പോലുമില്ല. ഖുതുബയുടെ ഒരുഫർളാണ് ‘തഖുവ കൊണ്ടുള്ള ഉപദേശം’ എന്നത്. അത് പഠിപ്പിച്ച ഇമാമീങ്ങൾ തന്നെ അതിനു വെച്ച ശർത്വാണ് ‘അറബിയിലായിരിക്കണമെന്നത്.’ അതിനു വേണ്ടി എല്ലാ വിധ കാരണങ്ങളും അവർ ഉയർത്തിക്കാണിച്ചിട്ടുമുണ്ട്. അതായത് അറബിയാവണമെന്ന ശർത്വ് പാലിച്ച ഉപദേശമാണ് ഖുതുബയിൽ ഉണ്ടാവേണ്ടത്. ഖുത്വുബയുടെ ലക്ഷ്യം വഅളാണ് എന്ന് പറഞ്ഞതു കൊണ്ട് അത് അനറബിഭാഷയിൽ ആവണമെന്ന് എങ്ങനെ ലഭിക്കും!? നിസ്കാരത്തിന്റെലക്ഷ്യം ഹൃദയ ശുദ്ധീകരണമാണെന്ന ന്യായം പറഞ്ഞു കൊണ്ട് ജമുഅ നിസ്കാരത്തിനു വരെ പോകാതെ വ്യാജ ആത്മീയ ക്ലാസെടുക്കുന്ന കള്ളത്വരീഖതുകാരും അനുയായികളും നമ്മുടെ കേരളത്തിൽ നിരവധിയുണ്ട്. ഈ വാദം കൊണ്ട് അവരുടെ ന്യായങ്ങൾ ശരിയാണെന്ന് പറയേണ്ടി വരില്ലേ?!
ചുരുക്കത്തിൽ പരിശുദ്ധ ദീനിലെ അമലുകളുടെ ഉദ്ധേശ്യങ്ങളും ലക്ഷ്യങ്ങളുമെല്ലാം ആ അമലുകളെ അമലുകളായി സ്വീകരിക്കാനുള്ള നിബന്ധനകൾ ഒഴിവാക്കിക്കൊണ്ടല്ല പരിഗണിക്കേണ്ടത്. ഖുതുബ ഖുതുബയാവണമെങ്കിൽ പാലിക്കേ ണ്ട നിബന്ധനകൾ ഒഴിവാക്കിക്കൊണ്ട് മറ്റു ലക്ഷ്യങ്ങളുടെ പിന്നിൽ പോകുന്നത് റബ്ബ് ദീനിൽ നിയമിച്ച ശരീഅത് നിയമങ്ങളെ അവഗണിക്കലാണ്. അത് ദീനിന്റെ തന്നെ ലക്ഷ്യമായ റബ്ബിന്റെ നിയമങ്ങളെ അനുസരിക്കലെന്ന കാര്യത്തെ തള്ളിക്കളയലാണ്. നിസ്കാരത്തിൽ സംസാരിച്ചാൽ നിസ്കാരം ബാത്വിലാകുമെന്ന് ആർക്കും സംശയമില്ല. ഒരാൾക്ക് തന്റെ നിസ്കാരത്തിനിടയിൽ സംസാരിച്ചു കൊണ്ട് 100 പേരെ മുസ്ലിമാക്കാൻ അവസരം കിട്ടിയാൽ പോലും അവൻ സംസാരിച്ച നിസ്കാരം നിസ്കാരമായിട്ടില്ലെന്നുറപ്പാണ്.
ചോദ്യം: 10
മനസ്സിലാകാത്ത വാക്കുകൾ ഒഴിവാക്കേണ്ടെ..?
ഇമാം നവവി(റ) പറയുന്നു.
قَالَ الْمُتَوَلِّي : وَيُكْرَهُ الْكَلِمَاتُ الْمُشْتَرَكَةُ وَالْبَعِيدَةُ عَنْ الْأَفْهَامِ. وَمَا يَكْرَهُ عُقُولُ الْحَاضِرِينَ ، وَاحْتَجَّ بِقَوْلِ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللهُ عَنْهُ « حَدِّثُوا النَّاسَ بِمَا يَعْرِفُونَ أَتُحِبُّونَ أَنْ يُكَذَّبَ اللهُ وَرَسُولُهُ ؟ (شرح المهذب(
“മുതവല്ലി ഇമാം പറയുന്നു. വിവിധ അർത്ഥമുള്ളതും സദസ്യർക്ക് മനസ്സിലാക്കാൻ വിഷമമുള്ളതും സദസ്യരുടെ ബുദ്ധിക്ക് അപരിചിതമായതുമായ പദപ്രയോഗങ്ങൾ കറാഹത്താണ്. ശ്രോതാക്കൾക്കറിയുന്ന വിധത്തിൽ അവരോട് സംസാരിക്കുക. അല്ലാഹുവിനെയും റസൂലിനെയും കളവാക്കുന്നതിനെ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ എന്ന അലി(റ)വിൽ നിന്ന് ബുഖാരി ഉദ്ധരിച്ച ഹദീഥാണ് അദ്ദേഹം തെളിവാക്കിയത്” (ശറഹുൽ മുഹദ്ദബ് 4/528)
മറുപടി
ഇതിലെവിടെയാണ് ഖുതുബ അനറബി ഭാഷയിൽ ആവണമെന്ന് എഴുതിയത്? ഇമാം നവവി തന്നെ ഖുത്വുബ അറബി ഭാഷയിൽ തന്നെയാവൽ നിബന്ധനയുണ്ട് എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. ഇമാം നവവി(റ) പറയുന്നു:
يشترط لانه ذكر مفروض فشرط فيه العربية كالتشهد وتكبيرة الاحرام مع قوله صلى الله عليه وسلم " صلوا كما رأيتموني اصلي " وكان يخطب بالعربية (شرح مهذب(
“ഖുത്വുബ അറബിയിലായിരിക്കല്‍ ശര്‍ത്വാണ്. കാരണം: ഖുത്വുബ എന്നത് അത്തഹിയാത്ത് തക്ബീറത്തുല്‍ ഇഹ്‌റാം എന്നിവ പോലെ നിര്‍ബന്ധമായ ഒരു ദിക്‌റാണ്. അതോടു കൂടെ നബി(സ) പറഞ്ഞത് ‘ഞാൻ നിസികരിക്കും പോലെ നിസ്കരിക്കുവീൻ’ എന്നുകൂടിയാണ്. അവിടുന്ന് അറബിയിലായിരുന്നു. ഖുതുബ നിർവ്വഹിച്ചിരുന്നത്.” (ശറഹുല്‍ മുഹദ്ദബ് :4/522) ഈ ആശയം ഇമാം നവവി(റ) തന്റെ റൗളയിലും മിൻഹാജിലും വ്യക്തമാക്കി തന്നെ പഠിപ്പിച്ചിട്ടുണ്ട്.
ഇമാം നവവി(റ) തന്നെ ഇത്രയും കണിശമായി അറബിയിലായിരിക്കണമെന്ന് തെളിവുകൾ നിരത്തി പഠിപ്പിച്ച ഈ ഖുതുബ അറബി ഭാഷയിലെ കടുകട്ടിയുള്ള വാക്കുകൾ കൊണ്ടാവരുതെന്നാണ് അവിടുന്ന് പറഞ്ഞത്. അല്ലാതെ ഖുതുബയുടെ ശർത്തുകൾ പോലും ഉപേക്ഷിച്ചു കറാഹത്ത് വരാതിരിക്കാൻ ശ്രമിക്കണമെന്ന് ഒരു ചെറിയ വിവരമുള്ള പണ്ഡിതനെ കുറിച്ച് തന്നെ ചിന്തിക്കാനാകുമോ!?
ശേഷം കൊണ്ടുവന്ന ഹദീസ് ഏതുഭാഷയിലുള്ള ഏതു പ്രസംഗത്തിനും ഏതു ക്ലാസുകൾക്കും സ്വീകിക്കേണ്ട നിബന്ധനകൾ പഠിപ്പിക്കുന്ന ഹദീസാണ്. ‘ജനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നതേ പറയാവൂ.. അല്ലെങ്കിൽ സാധാരണക്കാർ പരിശുദ്ധ ദീനിനെ അവഹേളിക്കുന്ന തരത്തിലേക് വഴിതെറ്റി പ്പോകുമെന്ന’ ആശയമാണതിലുള്ളത്.
ഇതേ ആശയത്തിലുള്ള നിരവധി ഇമാമീങ്ങളുടെ വാക്കുകൾ ബിദ്അത്തുകാർ തെറ്റുദ്ധരിപ്പിക്കാറുണ്ട്. അത്തരം കിതാബിൽ തന്നെ അറബിയായിരിക്കണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടാകും. ഇമാം മഹല്ലി (റ) പറയുന്നു.
يسن أن تَكُون الخُطبَةُ مَفهُومَة أي قَرِيبَة مِنَ الاَفهَامِ لاَ غَرِيبةً وحشِيَةً فَإِنَّهَا لاَ يَنتَفِعُ بِهَا أكثَرُ النَاسِ
ഖുതുബ ജനങ്ങൾക്ക് മനസ്സിലാകുന്നതായിരിക്കൽ സുന്നത്താണ്. അതായത് വേഗത്തിൽ മനസ്സിലാവുന്നതായിരിക്കണം. അപരിചിതമോ പ്രാകൃതമോ ആയിരിക്കരുത്. കാരണം ഭൂരിപക്ഷം ആളുകൾക്കും അത് ഉപകാരപ്പെടുകയില്ല (മഹല്ലി 1/287)
ഇതിലും പരിഭാഷക്ക് തെളിവില്ലെന്നത് വ്യക്തമാണ്. ഖുത്തുബ എല്ലാം അറബി ഭാഷയിൽ ആവൽ നിബന്ധനയാണ് എന്നത് പഠിപ്പിച്ച ഇമാം മഹല്ലി(റ) മറ്റൊരു സ്ഥലത്ത് അനറബി ഭാഷയിൽ ആവൽ സുന്നത്താണെന്ന വൈരുദ്ധ്യം പറയുമെന്ന് ഊഹിക്കാമോ!?
ويشترط كونها كلها عربية كما جرى عليه الناس ( محلي1/278(
“ഖുത്വുബ മുഴുവന്‍ അറബിയിലായിരിക്കല്‍ നിബന്ധന യാണ്. മുന്‍ഗാമികളും (സലഫ്) പിന്‍ഗാമികളും (ഖലഫ്) ഇപ്രകാരമാണ് പ്രവര്‍ത്തിച്ചത്” (മഹല്ലി, 1/278)
ഇവിടെയും സുന്നത്ത് എന്നാണ് പറഞ്ഞത്. ശർഥ് ഒഴിവാക്കി എന്തു സുന്നത്ത്!? വെള്ള വസ്ത്രം ധരിക്കൽ നിസ്കാരത്തിൽ സുന്നത്താണെന്നു കരുതി ശർത്ഥായ ശുദ്ധിയുള്ള വസ്ത്രം ഒഴിവാക്കി സുന്നത്ത് ലഭിക്കാൻ നജസായ വെള്ള ധരിക്കാൻ പറ്റുമോ !?
ചോദ്യം:11
ജനങ്ങൾ അറബികളാണെങ്കിൽ മാത്രം.!?
അൽ ഫിഖ്ഹു അലാ മദാഹിബിൽ അർബഅ എന്ന കിതാബിൽ പറയുന്നു.
الشافعية قالوا:…. هذا إذا كان القوم عربًا، أما إن كانوا عجمًا فإنه لا يشترط أداء أركانهما بالعربية مطلقًا (الفقه علي مذاهب الأربعة: ١/٣٥٥(
“ശാഫിഈ മദ്ഹബിൽ ഖുതുബക്ക് അറബി ഭാഷ ശർത്വാണെന്ന് ശാഫിഈ മദ്ഹബ് പറഞ്ഞത് ജനങ്ങൾ അറബി കളാകുമ്പോൾ മാത്രമാണ്. ജനങ്ങൾ അറബികളല്ലെങ്കിൽ ഖുതുബക്ക് അറബി ശർത്ഥേയല്ല.(അൽ ഫിഖ്ഹു അലാ മദാ ഹിബിൽ അർബഅ:1/355)
മറുപടി
ഖുത്വുബ പരിഭാഷക്ക് ഒരു ഇബാറത്തിന്റെ മുറി പോലും മദ്ഹബിന്റെ ഗ്രന്ഥങ്ങളിൽ ലഭിക്കാത്തതിനാൽ നാലു മദ്ഹബിന്റെ ഫിഖ്ഹിലും ഒരു നിലക്കും അവലംബിക്കാൻ പറ്റാത്ത അടുത്ത കാലത്തായി മരണപ്പെട്ടു പോയ(1941) അബ്ദുറഹ്മാ നുൽ ജസീരിയുടെ കിതാബാണിത്. ഇദ്ദേഹം ഒരു മദ്ഹബി ലും ഫതവ കൊടുക്കാനോ മസ്അല പറയാനോ അർഹനായ പണ്ഡിതനല്ല. ഇതിൽ ശാഫിഈ മദ്ഹബിൽ എന്നല്ല, എല്ലാ മദ്ഹബിലും ഒരു ഇമാം പോലും പറയാത്ത നിരവധി അബദ്ധങ്ങൾ എഴുതിക്കുറിച്ച വെറുമാരു പുസ്തകമാണിത്.
അത്കൊണ്ട് ഈ തട്ടിവിട്ട ഇബാറത്തിൽ തന്നെ വലിയൊരു വൈരുദ്ധ്യവും കാണാനാകും. “അറബി പഠിക്കാൻ കഴിയുമെങ്കിൽ ശാഫിഈ മദ്ഹബിൽ അറബിയിൽ ഖതുബ നിർബന്ധമാണ്. ഇതുതന്നെ ജനങ്ങൾ അറബി ആയാൽ മാത്രമാണ്. അല്ലെങ്കിൽ അറബി നിബന്ധനയില്ല” എത്രമാത്രം വൈരുദ്ധ്യമാണിതെന്ന് ചെറിയ നിലക്ക് ചിന്തിച്ചാൽ തന്നെ മനസ്സിലാകും. ജനങ്ങൾ അറബികളല്ലെങ്കിലല്ലേ അറബി പഠിക്കാൻ കഴിയുമെങ്കിൽ എന്ന് പറയേണണ്ടത്.!?
ഇനി ഇദ്ദേഹത്തിന്റെ സമകാലികർ തന്നെ മദ്ഹബുകളു ടെ പേരിലുള്ള ഈ പുസ്തകത്തെ ശക്തമായി എതിർക്കുന്നത് കാണാം. ഈ കിതാബിൽ നാലു മദ്ഹബിന്റെ ഇമാമീങ്ങളുടെ പേരിലും അവർക്കില്ലാത്ത അഭിപ്രായങ്ങൾ വെച്ചു കെട്ടിയിട്ടു ണ്ടെന്നും അതുകൊണ്ട് ഒരാളും മദ്ഹബുകളുടെ അഭിപ്രായം അറിയാൻ ഇത് അവലംബിക്കരുടെന്നും തുറന്നെഴുതിയി ട്ടുണ്ട്.
ചുരുക്കത്തിൽ ഇദ്ദേഹം ശാഫിഈ മദ്ഹബിന്റെ പേരിൽ എഴുതിയ ഈ വാദം ഒരൊറ്റ മുൻകാല ശാഫിഈ പണ്ഡിതരും പറയാത്തതാണ്. ഖത്വീബിന് വരെ ഖുതുബ മനസ്സിലാവൽ ശർത്ഥില്ലെന്ന് വരെ കിതാബുകളിൽ നിന്ന് മുമ്പ് വിശദീകരിച്ചിട്ടുണ്ട്.
ഫിഖ്ഹിലെ ചർച്ചകൾ
ചോദ്യം:12
അറബി ഭാഷ റുകനുകളിൽ മാത്രമോ.!?
ശാഫിഈ മദ്ഹബിൽ ഖുതുബ അറബിയിലായിരിക്കൽ ശർത്താണെന്ന് പറഞ്ഞത് ഫർളുകളിൽ മാത്രമാണ്. ശാഫിഈ മദ്‌ഹബിലെ പ്രാമാണിക ഗ്രന്ഥങ്ങളിലെല്ലാം അത് പറഞ്ഞിട്ടുണ്ട്.
) وَيُشْتَرَطُ كَوْنُهَا) أَيْ الْأَرْكَانِ دُونَ مَا عَدَاهَا ( عَرَبِيَّةً (
ഖുതുബ അറബിയിലാവൽ ശർത്വാണ് എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം നിർബന്ധ ഘടകങ്ങൾ (റുക്‌നുകൾ) അറബിയിലാവണമെന്നാണ്. മറ്റു ഭാഗങ്ങൾ അല്ല. മഹല്ലിയിൽ ഖുതുബ അറബിയിലായിരിക്കൽ ശർത്താണെന്ന് പറഞ്ഞതിനെ ഖൽയൂബി വിശദീകരിക്കുന്നു.
أي الخطبة أي كل أركانها في الخطبتين ، ولا يضر غير العربية في غير الأركان وإن عرفها .
അതായത് ഖുതുബയുടെ അർകാനുകൾ മുഴുവൻ അ ബിയിലാവണമെന്നതാണ്(ഉദ്ധേശം). അറബി അറിയുമെങ്കിൽ പോലും അർകാനുകൾ അല്ലാത്തത് അറബിയല്ലാത്ത ഭാഷയിൽ നിർവഹിച്ചാൽ പ്രശ്നമില്ല.
മറുപടി
ഇതുവരെ ഇങ്ങോട്ടു ചോദിച്ച ചോദ്യങ്ങളെല്ലാം തിരിച്ചടിക്കുന്ന ചോദ്യമാണിത്. ജനങ്ങൾക്ക് മനസ്സിലാക്കാനുള്ള ഉപദേശമാണ് ഖുതുബയുടെ ആത്യന്തിക ലക്ഷ്യമെങ്കിൽ ആ ഉപദേശം ഉൾക്കൊള്ളുന്ന നിർബന്ധമായ റുക്നുകളല്ലേ യഥാർത്ഥത്തിൽ പരിഭാഷപ്പെടുത്തേണ്ടിയിരുന്നത്!? ബാക്കി ഭാഗങ്ങൾ നിർവ്വഹിച്ചില്ലെങ്കിൽ പോലും ഖുതുബ ശരിയാകും. പിന്നെന്തിനാ പല കർമ്മശാസ്ത്ര ഗ്രന്ഥങ്ങളും റുക്നുകൾ അറബിയിലായിരിക്കണമെന്ന് വേറെ എഴുതിയത്!? അത് ചേദ്യകർത്താവ് പോലും സമ്മതിച്ചല്ലോ...
ഇനി ഇപ്പറഞ്ഞത് അറബി ശർത്വാണെന്നതിൽ മാത്രമുള്ള വിശദീകരണമല്ല. ഈ ഇബാറതുകൾക്ക് തൊട്ടപ്പുറത്തു പറയുന്ന ‘ഖുതുബ 40 പേരെ കേൾപ്പിക്കണമെന്നു’ പറയുന്ന ഖുതുബയുടെ ശർത്തിലും ഇതേ വിശദീകരണം ഈ ഗ്രന്ഥങ്ങൾ തന്നെ നൽകുന്നുണ്ട്. اي الأركان لا جميع الخطبة أربعين) (اسماعه അതായത് ‘40 പേരെ കേൾപ്പിക്കണമെന്ന ശർത്വ് റുകനുകളിൽ മാത്രം മതി.’ റുക്നുകളല്ലാത്ത തവാബിഉകൾ പതുക്കെ ഓതിയാൽ മതിയെന്നാണ് വരിക. അതായത് ഈ ന്യായം പിടിച്ചു പരിഭാഷപ്പെടുത്തുന്ന ഖുതുബയുടെ അർക്കാനുകൾ ഒഴികെയുള്ള ഭാഗം പതുക്കെ ഓതിയാലും ഖുതുബ ശരിയാകുമെന്ന് പറയേണ്ടിവരും.
ഇവിടെയെല്ലാം പിഴച്ചത് പരിഭാഷക്കു വേണ്ടി ആരോ മുറിച്ച ഇബാറത്തുകളിൽ കടിച്ചുതൂങ്ങി, എന്താണ് റുക്നുകളെന്തെന്ന് കൃത്യമായി മനസ്സിലാകാതെ പോയതാണിത്. ഏതൊരു ഇബാദത്തിന്റെയും റുക്ൻകൾ എത്ര നിബന്ധനകൾ പാലിച്ചു നീട്ടിയാലും അതെല്ലാം റുക്നായിട്ട് തന്നെയാണ് കണക്കാക്കുക. അതിൽ ഏറ്റവും ചുരുങ്ങിയത് ഇത്രയായൽ മതി എന്ന് ഇമാമീങ്ങൾ പറഞ്ഞതിനെ ആ ചുരുങ്ങിയ ഭാഗം മാത്രമേ റുകനായി കണക്കാക്കുകയുള്ളൂ എന്ന തെറ്റു ദ്ധാരണയിൽ നിന്നാണ് ഈ ചോദ്യം തന്നെ ഉടലെടുക്കുന്നത്.
ഉദാഹരണത്തിന് നിസ്കാരത്തിലെ സുജൂദിൽ കിടക്കൽ നിർബന്ധമായത് ‘സുബ്ഹാനല്ലാഹ്’ എന്നതിന്റെ ഖദ്റ്മാത്രമാണ്. അത്ര കുറഞ്ഞ സെക്കന്റ് നേരം സുജൂദ് ശരിയായ വിധം ചെയ്തു ഉയർന്നാൽ നിസ്കാരം ശരിയാകും എന്നർത്ഥം. അപ്പോൾ നിസകാരത്തിന്റെ ഫർള് പറയുമ്പോൾ ‘സുബ്ഹാ നല്ലാഹ്’യുടെ സമയം സുജൂദിൽ കിടക്കണമെന്ന് പറഞ്ഞാൽ ഇത്ര സമയമേ സുജൂദിന്റെ ശർഥുകൾ (ഉദാ: നെറ്റി നിലത്തു വെക്കുക) ഉള്ളൂ എന്നല്ല. ഈ കുറഞ്ഞ സമയം സുജൂദിൽ കിടന്നാൽ അവന്റെ സുജൂദ് എന്ന ഫർള് വീടും എന്നാണർത്ഥമാക്കുന്നത്. എന്നാൽ അതിലേറെ സമയം മറ്റുദിക്റുകൾ ചൊല്ലി, സുജൂദിനെ ദീർഘിപ്പിച്ചാൽ ആ ബാക്കിയുള്ള സമയം മുഴുവനും സുജൂദിലെ നിയമങ്ങൾ പാലിക്കൽ ബാധകമാണ്. ശർത്വ് ഒഴിവാക്കിക്കൊണ്ട് സുജൂദ് ദീർഘിപ്പിച്ചാൽ അത് സുജൂദാവുകയില്ല. ഒരു പക്ഷെ നിസ്കാരം തന്നെ ബാത്തിലാകാനത് കാരണമായേക്കും.
ഇതുപോലെയാണ് ജുമുഅ ഖുതുബയും. ഖുതുബയുടെ നിരവധി റുക്ൻകളിൽ പ്രധാനപ്പെട്ട ഒരു റുക്നാണ് തഖുവ കൊണ്ടുള്ള വസ്വിയ്യത്ത്. അതിൽ ഏറ്റവും ചുരുങ്ങിയ രൂപം ‘ഇത്തഖുള്ളാഹ്’ എന്ന് പറയലാണ്. അത് അറബിയിൽ പറഞ്ഞാൽ തന്നെ ഖുതുബ ഖുതുബയായി പരിഗണിക്കും. ഇനി ഈ ചുരുങ്ങിയ രുപത്തെ ദീർഘിപ്പിക്കാനായി ശേഷം എന്തെല്ലാം ഉപദേശിക്കുന്നുണ്ടോ അതെല്ലാം ഈ റുക്നിൽ പെട്ടതാവണമെങ്കിൽ അതിലെല്ലാം ഈ റുക്നിൽ പാലിക്കേണ്ട ശർ ത്വുകൾ പാലിക്കണം. പക്ഷെ, ഖുതുബ ഖുതുബയാവണ മെങ്കിലുള്ള നിബന്ധന പറയുന്നിടത്ത് അതിലെ അർക്കാനുകൾ അറബിയിലാവണമെന്ന് മാത്രമേ പറയൂ.. സുജൂദ് സുജൂദാ വണമെങ്കിൽ ‘സുബ്ഹാനല്ലാഹ്’യുടെ സമയം ശർത്വുകൾ പാലിച്ചാൽ മതിയെന്ന് തെറ്റില്ലാത്തതു പോലെ.
ചുരുക്കത്തിൽ ഉപദേശമെന്ന റുക്ൻ എത്ര ദീർഘിപ്പിക്കുന്നുവോ അതെല്ലാം ഖുതുബയുടെ റുക്നായി പരിഗണിക്കണമെങ്കിൽ അതിൽ മുഴുവൻ റുക്നുകളുടെ ശർത്വായ അറബി യായിരിക്കണമെന്ന നിബന്ധനയും 40 പേരെ കേൾപ്പിക്കണമെന്ന നിബന്ധനയും പാലിക്കേണ്ടതുണ്ട്. ശർഥ് പാലിച്ചില്ലെങ്കിൽ അത് ഖുതുബയുടെ റുകനാവുകയില്ല. വെറും പാഴ്സം സാരമായിട്ടു മാത്രമേ പരിഗണിക്കൂ.. അത് തന്നെ അൽപ്പം നീണ്ടാൽ ഖുതുബ ബാത്വിലാകും.
ഇതുകാരണമാണ് ഇമാമീങ്ങൾ നീണ്ടതായാലും ചുരുങ്ങി യതായാലും ഖുതുബയിലെ റുക്ൻ റുക്നായി തന്നെയാണ് പരിഗണിക്കുകയെന്ന് പറഞ്ഞിട്ടുള്ളത്. ഇമാം ഖതീബു ശിർബീനി(റ) എഴുതുന്നു.
فيكفي ما دل علي الموعظة طويلا كان أو قصيرا .(مغني1/550(
ചുരുങ്ങിയതായാലും കൂടിയതായാലും ഉപദേശത്തിന്റെ മേൽ അറിയിക്കുന്നതായിരിക്കണം.(മുഗ്നി:1/550) വിശദമായി പറയാം…
ചോദ്യം:13
തവാബിഉകൾ പരിഭാഷപ്പെടുത്താമോ.?
ഖുതുബയുടെ തവാബിഉകൾ എന്നാൽ എന്താണ്.? റുക് നുകൾ? അറബിയിലായിരിക്കണമെന്ന് പറഞ്ഞതിൽ തവാബിഉകൾ അറബി ശർതില്ലെന്ന് തന്നെ ചില കിതാബുകളിൽ കാണാം. മുകളിൽ പറഞ്ഞ വിശദീകരണത്തിന് അത് എതി രാവില്ലേ.?
മറുപടി
ഖുതുബയുടെ ഏറ്റവും ചുരുങ്ങിയ രൂപം പരിചയപ്പെടു ത്തുകയാണ് ഇത്തരം ഇബാറത്തുകളുടെ ഉദ്ധേശം. തവാബിഅ് ഇല്ലെങ്കിൽ പോലും അർക്കാനുകൾ മാത്രം അറബിയിൽ കൊണ്ടു വന്നാൽ ഖുതുബ ഖുതുബയായി പരിഗണിക്കും. അത് കൊണ്ട് ഖുതുബ ഖുതുബയാവാൻ ആ അർക്കാനുകൾ മുഴുവൻ അറബിയിലായിരിക്കലേ നിബന്ധനയുള്ളൂ എന്നാണ് ഇത്തരം ഇബാറത്തുകൾ പഠിപ്പിക്കുന്നത്.
അർക്കാനുകളുടെ അനിവാര്യമായ/ചുരുങ്ങിയ ഭാഗം മാത്രം ഒഴിവാക്കി ബാക്കിയുള്ളതിനെയല്ലാം തവാബിഅ് എന്നു വിളിക്കാം. ഖുതുബ ഖുതുബയായി പരിഗണിക്കണമെങ്കിൽ അതിലെ അർക്കാനുകൾ അറബിയിലായിരിക്കണം. അറബിയിലല്ലാതെ അർക്കാനുകൾ കൊണ്ടുവന്നാൽ അത് നിസ്ക്കാരത്തിന്റെ ശർതായ വുളൂഇല്ലാതെ നിസ്കരിക്കുന്നത് പോലെയാണ്. ആ അർക്കാനുകളോടു കൂടെ അതിന്റെ ഗണത്തിൽ പെട്ട എന്ത് അറബി ഭാഷിൽ കൊണ്ടു വരുന്നുണ്ടെങ്കിലും അതെല്ലാം ഖുതുബയുടെ അർക്കാൻ തന്നെയായി പരിഗണിക്കു മെന്നാണ് തൊട്ട് മുമ്പ് വ്യക്തമാക്കിയതും. പക്ഷെ അതിന്റെ ചുരുങ്ങിയ രൂപം അറബിയായില്ലെങ്കിൽ ഖുതുബ തന്നെ ശരിയാവില്ല. ആ ചുരുങ്ങിയതൊഴിച്ച് ബാക്കി ഭാഗം(തവാബിഅ്) അറബിയായാലേ ആ തവാബിഅ് ഖുതുബയായി ഗണിക്കുക യുള്ളുവെന്നത് മറ്റൊരു വിശയമാണ്. ഇവിടെ ഖുതുബ ഖുതുബയായി പരിഗണിക്കാനുള്ള ഏറ്റവും ചുരുങ്ങിയ രൂപമാണ് പരിചയപ്പെടുത്തുന്നത്. അത് പറയുന്ന സ്ഥലവുമാണിത്.
ഒന്നുകൂടി പറഞ്ഞാൽ, അർക്കാനുകൾ മാത്രം അറബിയിലായി കൊണ്ടുവന്നു, ശേഷം അറബിയല്ലാത്തത് പറഞ്ഞാൽ അറബി നിബന്ധനയുള്ള ഭാഗത്തിൽ ആ നിബന്ധയനുസരിച്ചത് കൊണ്ട് ഖുതുബ ബാത്തിലാവുകയില്ല. പഷെ, സുജൂദ് അതിന്റെ നിബന്ധനകൾ ഒഴിവാക്കി ചെയ്താൽ ആ ചെയ്തത് സുജൂദായി പരിഗണിക്കാത്തതു പോലെ ഖുതുബയിൽ പരിഭാഷപ്പെടുത്തിയ ഭാഗം ഖുതുബയുടെ റുകനായി ഗണികികുകയില്ല. അത് കൊണ്ടത് ഖുതുബക്കിടയിലെ പാഴ്സംസാരമായി മാത്രമേ പരിഗണിക്കുകയുള്ളൂ. അത് ദീർഘിച്ചാൽ ഖുതുബയുടെ മുവാലാത്തിനെ(തുടർച്ചയെ) ബാധിക്കുകയും ഖുതുബ ബാത്വിലാവുകയും ചെയ്യും.
ചുരുക്കത്തിൽ അർക്കാനുകളിൽ പോലും ശർത്ത് പാലിക്കാതെ അനറബിയിൽ ആരെങ്കിലും ഖുതുബയോതിയാൽ ആ ഖുതുബ സ്വീകരിക്കുക തന്നെയില്ല. ഇനി അർക്കാനുകൾ മാത്രം അറബിയിലും റുകനുകൾ ഒഴിച്ചുളള ഭാഗങ്ങൾ പരിഭാഷപ്പെടുത്തുകയും ചെയ്താൽ പരിഭാഷപ്പെടുത്തിയ ഭാഗം റുക്നായി പരിഗണിക്കുകയില്ല. റുകനായി പരിഗണിച്ചില്ലെങ്കിൽ അത് ഖുതുബക്കിടയിലുള്ള വെറും പാഴ് സംസാരമായിട്ടേ ഗണിക്കുകയുള്ളൂ... കാരണം അവ അറബിയായാലേ ഖുതുബയുടെ റുകനിന്റെ തവാബിആയി പരിഗണിക്കുകയുള്ളൂ.. പിന്നെന്തിനാ തവാബിഉകളിൽ അറബിശർഥില്ലെന്ന് പറഞ്ഞത്. അർക്കാനുകൾ മാത്രം അറബിയിലാക്കി/ 40 പേർ കേൾക്കും വിധത്തിലാക്കി തവാബിഉകൾ തീരെ പറഞ്ഞില്ലെങ്കിലും/ ആരെ കേൾപ്പിച്ചില്ലെങ്കിലും ശർഥ് പാലിച്ചു എന്നത് കൊണ്ട് ഖുതുബ ശരിയാകുമെന്ന് പഠിപ്പിക്കാനാണ്.
ഉദാഹരണം പറയാം. സുജൂദ് വെറും ‘സുബ്ഹാനല്ലാഹ്’ എന്നതിന്റെ സമയം മാത്രമേ നിർബന്ധമുള്ളൂ. എന്നാലും അത് ദീർഘിപ്പിക്കാം. പക്ഷെ,സുജൂദിന്റെ ശർത്വുകൾ പാലിച്ചുകൊണ്ട് ദീർഘിപ്പിച്ചാലേ ആ ദീർഘിപ്പിച്ച ഭാഗം സുജൂദായി ഗണിക്കുകയുള്ളു. ഒരാൾ ഈ ചുരുങ്ങിയ സുജൂദ് പൂർണമായി ചെയ്തതിനു ശേഷം കൈനിലത്തു വെക്കാതെ സുജൂദ് ദീർഘിപ്പിച്ചാൽ അത് സുജൂദായി പരിഗണിക്കുകയില്ല. പക്ഷെ, നിസ്കാരത്തിൻന്റെ റുകനായ സുജൂദ് അതിന്റെ ചുരുങ്ങിയ ഭാഗത്തിൽ നിബന്ധനകളെല്ലാം പാലിച്ചിട്ടുണ്ടെന്ന കാരണത്താൽ ആ നിസ്കാരം ശരിയെന്ന് പറയാനാകും. കാരണം അവൻ, റുക്ൻ റുകനിന്റെ നിബന്ധനകൾ പാലിച്ചുകൊണ്ട് ചുരുങ്ങിയ രൂപം പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കി നേരം സുജൂദിൽ കിടക്കുന്നത് സുജൂദിന്റെ ശർഥ് പാലിച്ചില്ലെങ്കിൽ പോലും അവന്റെ നിസ്കാരം ശരിതന്നെയാണെന്നതിൽ സംശയമില്ല. നിർബ്ബന്ധമൊഴിച്ച് ബാക്കി ചെയ്തത് സുജൂദായി പരിഗണിക്കില്ലെന്നുമാത്രം. ഖുതുബയുടെ തവാബിഇൽ അറബി ശർതി ല്ലെന്ന് പറഞ്ഞതും ഇതേ അർത്ഥത്തിലാണ് (ദീർഘിപ്പിക്കുന്ന സുജൂദിൽ ശർഥായ കൈ വെക്കൽ ശർഥില്ല. വെച്ചില്ലെങ്കിലും നിസ്കാരത്തിന്റെ റുകന് അതിന്റെ ചുരുങ്ങിയ ഭാഗം പൂർണ്ണ നിലക്ക് ചെയ്തത് കാരണം അത് നിസ്കാരത്തെ ബാധിക്കില്ല എന്നത് പോലെ)
ഇനി പാഴ് ഈ സംസാരം കൊണ്ട് ഖുതുബയുടെ മറ്റൊരു പ്രധാന ശർത്വ് ലംഘിക്കപ്പെടാൻ കാരണമാകുന്നുണ്ട്. ഖുതുബയുടെ അർക്കാനുകൾകിടയിൽ തുടർച്ച(മുവാലാത്ത്) വേണമെന്നത് മറ്റൊരു ശർത്വാണ്. എല്ലാ കർമശാസ്ത്ര ഗ്രന്ഥങ്ങളിലും അത് കാണാം. ഫത്ഹുൽ മുഈനിൽ നിന്ന് തന്നെ വായിക്കാം.
وولاء بينهما وبين أركانهما وبينهما وبين الصلاة بأن لا يفصل طويلا عرفا.(فتح المعين)
രണ്ട് ഖുതുബക്കിടയിലും ഖുതുബയുടെ അർക്കാനുകൾക്കിടയിലും ഖുതുബക്കും നിസ്കാരത്തിനിടയിലും തുടർച്ച ശർശർത്വാണ്. അതായത് അവകൾക്കിടയിൽ സാധാരണയായ നിലക്ക് ദീർഘമായൊരു വേർത്തിരിയൽ പാടില്ല. (ഫത്ഹുൽ മുഈൻ.203)
അതായത് ഖുതുബയുടെ അർക്കാനുകൾക്കിടയിൽ മറ്റു ഭാഷകൾ വരുന്നത് ഖുതുബയുടെ റുകനായി പരിഗണിക്കാത്തതു കാരണം അത് ഖുതുബയെ സംബന്ധിച്ചെടുത്തോളം പാഴ് സംസാരമാണെന്ന് വ്യക്തമായിരിക്കെ ആ പരിഭാഷയാകുന്ന പാഴ് സംസാരം ഖുതുബയുടെ തുടർച്ചയെ ബാധിക്കുന്നതാണ്. അത് ദീർഘിച്ചാൽ ഖുതുബ ബാത്തിലായിപ്പോവുകയും ചെയ്യും. ഇതു പോലെത്തന്നെയാണ് 40 പേരെ കേൾപ്പിക്കുകയെന്ന, റുക്നിൽ മാത്രമുള്ള ശർത്വ്. റുകിന് മാത്രം 40 പേരെ കേൾപ്പിച്ചു, അതിന്റെ തവാബിഅ് പതുക്കെയും ഓതിയാൽ ആ പതുക്കെ ഓതിയ തവാബിഅ് ഖുതുബയായി ഗണിക്കില്ല. പാഴ് സംസാരമേ ആകൂ. ദീർഘിച്ചാൽ അതും ഖുതുബയുടെ മുവാലാത്തിനെ(തുടർച്ചയെ) ബാധിക്കും. ഇത് രണ്ടും വ്യക്തമായി ഇമീമീങ്ങൾ പഠിപ്പിച്ചിട്ടുണ്ട്.
എളുപ്പത്തിൽ മനസ്സിലാക്കാൻ ചില പോയിന്റുകൾ:
• അനറബിയിൽ പറയുന്നത് റുകനാണോ അല്ലയോ!? രണ്ട് സാധ്യതകളേ ഉള്ളൂ..
• ഒന്ന്: റുക്നാണ്. എങ്കിൽ അതിൽ അറബി ശർത്വാണെന്ന് വ്യക്തമായി ഈ ഇബാറതുകളിൽ നിന്ന് സമ്മതിച്ചല്ലോ..
• രണ്ട്: റുകനല്ലാതെയാണ് അനറബിയെ പരിഗണിക്കുന്നതെങ്കിൽ എല്ലാ റുകനുകൾക്കിടയിലും തുടർച്ച വേണമെന്ന (മുവാലാത്) ഖുതുബയുടെ മറ്റൊരു ശർഥ് റുകനല്ലാത്തത് റുകനുകൾക്കിടയിൽ കയറി വരുന്നതു മൂലം ലംഘിക്കപ്പെടും. അപ്പോൾ അത് കാരണമായും ഖുതുബ ബാത്വിലാകും. അതായത് അനറബിയെ ഒരു നിലക്കും ഖുതുബയായി പരിഗണിക്കുന്നതല്ല.
ഈ ആശയങ്ങളെല്ലാം ഇമാം ശാഫി(റ) വിന്റെ ഉമ്മിൽ നിന്ന് തന്നെ കൃത്യമായി വായിച്ചെടുക്കാവുന്നതാണ്. ഇനി അതിലേക്ക് നമുക്ക് കടക്കാം.
ചോദ്യം:15
നബി(സ) നിസ്കരിക്കാൻ കൽപ്പിച്ചില്ലേ.?
ഖുതുബക്കിടയിൽ കയറിവന്ന സ്വഹാബിയോട് നബി(സ) തഹിയ്യത് നിസ്കകരിക്കാൻ കൽപ്പിച്ചിട്ടില്ലേ.!?
أَخْبَرَنَا إبْرَاهِيمُ بْنُ سَعْدٍ عَنْ ابْنِ شِهَابٍ (قَالَ الشَّافِعِيُّ): وَحَدِيثُ جَابِرٍ وَأَبِي سَعِيدٍ «أَنَّ رَسُولَ اللَّهِ ﷺ قَالَ: لِرَجُلٍ دَخَلَ الْمَسْجِدَ وَهُوَ عَلَى الْمِنْبَرِ فَقَالَ أَصَلَّيْت؟ فَقَالَ: لَا فَقَالَ فَصَلِّ رَكْعَتَيْنِ»
നബി(സ) ഖുതുബ നിർവ്വഹിച്ചിരിക്കെ ഒരു സ്വഹാബി പള്ളിയിലേക്ക് കയറിവന്നു. നബി(സ) മിമ്പറിൽ നിന്ന് ചോദിച്ചു. നീ രണ്ട് റക്അത് നിസ്കരിച്ചോ? ഇല്ലെന്ന് പറഞ്ഞപ്പോൾ അവിടുന്ന് രണ്ട് റക്അത് നിസ്കരിക്കാൻ കൽപ്പിച്ചു.
ഇതിൽ നിന്ന് ഖുതുബ സദസ്യർക്ക് വേണ്ടത് അപ്പപ്പോൾ പറഞ്ഞു കൊടുക്കുന്ന രീതിയല്ലെ വേണ്ടത്!?
മറുപടി
അതെ ഇതറിയിക്കുന്നത് സദസ്യരോട് അത്യാവശ്യമായി ഉണർത്തേണ്ട കാര്യങ്ങൾ അപ്പപ്പോൾ ഉണർത്തുന്നതിൽ പ്രശ്നമില്ല എന്നു തന്നെയാണ്. അത് പാടില്ലെന്ന് ഇതുവരെ ആരും വാദിച്ചിട്ടുമില്ല. പക്ഷെ ആ ഉണർത്തുന്നത് ഖുതുബയായി പരിഗണിക്കുമോ ഇല്ലയോ എന്നാണ് ഇതുവരെ നടന്ന ചർച്ച. ഇമാം ശാഫിഈ(റ) തന്നെ നമ്മെ പഠിപ്പിക്കുന്നത് അത് ഖുതു ബയല്ല, ഖുതുബക്കിടയിലുള്ള സംസാരം മാത്രമാണെന്നാണ്. അതുകൊണ്ടാണ് അവിടുന്ന് ഈ ഹദീസ് വിശദീകരിക്കാൻ വേണ്ടി “ഖുതുബക്കിടയിലുള്ള ഇമാമിന്റെ സംസാരം” എന്ന തലവാചകം തന്നെ നൽകിയത്. അതിലേക്ക് കടന്നു വരാം.
ചോദ്യം:16
ഇമാം ശാഫിഈ(റ) വ്യക്തമായി പറയുന്നു .?
ഇമാം ശാഫിഈ(റ) പറയുന്നു.
قَالَ الشَّافِعِيُّ: وَلَا بَأْسَ أَنْ يَتَكَلَّمَ الرَّجُلُ فِي خُطْبَةِ الْجُمُعَةِ وَكُلِّ خُطْبَةٍ فِيمَا يَعْنِيهِ وَيَعْنِي غَيْرَهُ بِكَلَامِ النَّاسِ وَلَا أُحِبُّ أَنْ يَتَكَلَّمَ فِيمَا لَا يَعْنِيه وَلَا يَعْنِي النَّاسَ وَلَا بِمَا يُقَبَّحُ مِنْ الْكَلَامِ وَكُلُّ مَا أَجَزْت لَهُ أَنْ يَتَكَلَّمَ بِهِ، أَوْ كَرِهْته فَلَا يُفْسِدُ خُطْبَتَهُ وَلَا صَلَاتَهُ
‘ജനങ്ങൾക്ക് അത്യാവശ്യമായ വല്ലതും ജുമുഅ ഖുതുബക്കോ മറ്റു ഖുതുബകൾക്കോ ഇടയിൽ ജനങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ല. ഖത്തീ ബിനോ ജനങ്ങൾക്കോ ആവശ്യമില്ലാത്തതും മോശമായതും ഖുതുബക്കിടയിൽ സംസാരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. സംസാരിക്കൽ അനുവദിനീയമായതോ അല്ലാത്തതോ ആയ ഒന്നുകൊണ്ടും ഖുതുബയോ നിസ്കാരമോ ബാത്തിലാവുകയില്ല.’ (അൽ ഉമ്മ്:1/231)
ഇമാം ശാഫിഈ(റ) ഈ വാക്കുകൾ ഖുതുബ പരിഭാഷ പ്പെടുത്താമെന്നല്ലെ അറിയിക്കുന്നത്.?
മറുപടി
ഇമാം ശാഫിഈ(റ) വിന്റെ ഈ വരികൾ ഖുതുബ പരി ഭാഷ പാടില്ലെന്നതിന്ന് വ്യക്തമായ തെളിവാണ്. ഇമാം ശാഫി ഈ(റ) ഇതിന് നൽകിയ ഹെഡ്ഡിങ്ങിൽ പോലും ഈകാര്യം വ്യക്തമാണ്. ഉമ്മിലെ ഇതിന്റെ തലവാചകം كَلَامُ الْإِمَامِ فِي الْخُطْبَةِ “ഖുതുബക്കിടയിലുള്ള ഇമാമിന്റെ സംസാരം’എന്നതാണ്. ഖുതുബക്കിടയിലുള്ള സംസാരം എന്ന് പറയണമെങ്കിൽ അതിനർത്ഥം ആ സംസാരം ഖുതുബയിൽ പെട്ടതല്ല എന്നത് വ്യക്തമാണ്. ബാങ്കിനിടയിലുള്ള സംസാരമെന്ന് പറഞ്ഞാൽ ആ സംസാരം ബാങ്കിൽ പെട്ടതാണോ.? ഒരിക്കലുമല്ല.
ബാങ്കിന്റെ ചർച്ചയിൽ ഇതേ തലവാചകത്തിലുള്ള ഒരു അദ്ധ്യായം ഇമാം ശാഫിഈ(റ) ഈ കിതാബിൽ തന്നെ കൊ ണ്ടുവരുന്നുണ്ട്. بَابُ الْكَلَامِ فِي الْأَذَانِ ‘ബാങ്കിനിടയിലെ സംസാരം’ എന്നാണ് ഉമ്മിലെ അതിന്റയും ഹെഡ്ഡിങ്. ഈ സംസാരം ബാങ്കിൽ പെട്ടതാണോ!? അല്ല എന്നത് ഉറപ്പാണ്. ചുരുക്ക ത്തിൽ ഖുതുബക്കിടയിലും ബാങ്കിനിടയിലും ഉള്ള സംസാരം എന്ന തല വാചകങ്ങൾ തന്നെ കൃത്യമായി പറയുന്നത്. ആ സംസാരം ബാങ്കിലോ ഖുതുബയിലോ പെട്ടതല്ല എന്ന യാഥാ ർത്ഥ്യമാണ്.
ഇനി ഈ രണ്ട് അധ്യായത്തിലും പറയുന്ന കാര്യവും ഒന്ന് തന്നെയാണ്. ഖുതുബക്കും ബാങ്കിനുമെല്ലാം ഇടയിൽ അത്യാ വശ്യ കാര്യങ്ങൾ സംസാരിച്ചാൽ അത് കാരണം ഖുതുബയോ ബാങ്കോ ബാത്വിലാവുകയില്ല. പക്ഷെ രണ്ടിനുമുള്ള മറ്റൊരു ശർത്വായ മുവാലാത്ത് മുറിഞ്ഞു പോകാൻ പാടില്ല എന്നാണ് രണ്ട് അദ്ധ്യായത്തിലും പറയുന്നത്.
ഇനി ഈ അധ്യായത്തിലെ ഇബാറത് വളരെ കൃത്യമായി തന്നെ ഖുതുബ പരിഭാഷ പാടില്ലെന്നാണ് പഠിപ്പിക്കുന്നത്. ജനങ്ങളുടെ ഭാഷയല്ല ഖുതുബയുടെ ഭാഷ എന്ന് ഇത്ര മാത്രം വ്യക്തമാക്കുന്ന ഇബാറത് വേറെയുണ്ടാകില്ല. വിശദമായി ഇമാം ശാഫിഈ(റ) വിന്റെ ഓരോ വാക്കുകളും ചർച്ച ചെയ്യാം..
وَلَا بَأْسَ أَنْ يَتَكَلَّمَ الرَّجُلُ بِكَلَامِ النَّاسِ.... فِي خُطْبَةِ الْجُمُعَةِ
“ഖത്വീബ് അത്യാവശ്യമായ കാര്യങ്ങൾ ഖുതുബക്കിടയിൽ ജനങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നത് പ്രശ്നമുള്ളതല്ല.”
ഇതിൽ നിന്ന് ഖുതുബയുടെ ഭാഷയും ജനങ്ങളുടെ ഭാഷയും രണ്ടും വേറെയാണെന്നത് വളരെ വ്യക്തമാണ്. ബാങ്കിനിടയിലുള്ള ജനങ്ങളുടെ ഭാഷയിലെ സംസാരം എന്ന് പറഞ്ഞാൽ ബാങ്ക് ജനങ്ങളുടെ ഭാഷയിലല്ല എന്നത് എത്രമാത്രം വ്യക്തമാണ്.!? പിന്നെ ഖുതുബയുടെ ഭാഷ എന്താണെന്ന ചോദ്യത്തിനുള്ള മറുപടി ശറഅ് നിശ്ചയിച്ച ഭാഷ എന്നതാണ്. അത് തന്നെയാണ് നിസ്കാരത്തിന്റെയും ഭാഷ. അത് അറബിയാണെന്നതിൽ സംശയവുമില്ല.
ഈ സത്യമാണ് പഴയ കാലത്ത് ഒരു വാദപ്രതിവാദത്തിൽ സുന്നികളുടെ പണ്ഡിതൻ. (ഇ.കെ ഹസൻ മുസ്ലിയാർ ആയി രിക്കാം) “നബി(സ്വ) ഖുതുബയോതിയത് മാതൃഭാഷയിലല്ലേ.?” എന്ന ചോദ്യത്തിന് ഉടനെ “അല്ല, അറബിയിലാണ്” എന്ന മറുപടി നൽകിയാണ് വിജയിച്ചതെന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. കാരണം അറബി സംസാരിക്കുന്ന ഇമാം ശാഫിഈ(റ) വാണ് ഖുതുബയുടെ ഭാഷയും ജനങ്ങളുടെ ഭാഷയും രണ്ടാക്കി വേർത്തിരിച്ചത്.
ഇമാം ശാഫിഈ(റ) വിന്റെ ബാക്കി ഇബാറത്ത് കൂടെ ശ്രദ്ധിച്ചാൽ ഇത്രയും പറഞ്ഞത് വളരെ ശരിയാണെന്നത് വീണ്ടും മനസ്സിലാകും:
وَكُلُّ مَا أَجَزْت لَهُ أَنْ يَتَكَلَّمَ بِهِ، أَوْ كَرِهْته فَلَا يُفْسِدُ خُطْبَتَهُ وَلَا صَلَاتَهُ
സംസാരിക്കൽ അനുവദിനീയമായതോ അല്ലാത്തതോ ആയ ഒന്നുകൊണ്ടും ഖുതുബയോ നിസ്കാരമോ ബാത്തിലാവുകയില്ല.’ (അൽ ഉമ്മ്.1/231)
ഇമാം ശാഫിഈ(റ) അനുവദിക്കപ്പെട്ടതാണെന്ന് പറഞ്ഞ സംസാരവും ഖുതുബയും ഒന്നാണെങ്കിൽ ഈ സംസാരം കൊണ്ട് ഖുത്വുബ ബാത്വിലാകില്ലെന്ന് പറയേണ്ടതുണ്ടോ.!? ഖുതുബ കൊണ്ട് ഖുതുബ ബാത്വിലാകില്ലെന്ന നിരർത്ഥകമായ ആശയം ഇമാംശാഫിഈ(റ) പറയുമോ!? ചുരുക്കത്തിൽ ഈ തലവാചകം മുതൽ അവസാനം വരെ ഇമാം ശാഫി(റ) പറഞ്ഞു വെക്കുന്നത്. ഖുതുബയിൽ പെടാത്ത മറ്റു സംസാരത്തെ കുറിച്ചാണ്. ഇതേ രൂപത്തിൽ തന്നയാണ് ബാങ്കിനിടയിൽ പറയുന്ന സംസാരംകൊണ്ട് ബാങ്ക് മുറിഞ്ഞു പോകില്ലെന്ന ആശയവും അവിടുന്ന് പറഞ്ഞത്.
പരിഭാഷയെ ഖുതുബയായിട്ടാണ് ഇമാം ശാഫിഈ(റ) കണക്കാക്കുന്നതെങ്കിൽ അവിടുന്ന് തന്റെ കിതാബിൽ ‘അ ത്യാവശ്യമായത് ഖുതുബക്കിടയിൽ ജനങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നത് പ്രശ്നമല്ല’ എന്ന വാക്കല്ല പ്രയോഗിക്കേണ്ടി യിരുന്നത്. ‘ഖുതുബ ജനങ്ങളുടെ ഭാഷയിലാവൽ പ്രശ്നമില്ലെന്നാണ് പറയേണ്ടിയിരുന്നത്. രണ്ടു പ്രയോഗവും ഖുതുബയിൽ ആ സംസാരം പെട്ടതാണോ അല്ലയോ എന്ന നിലയിൽ വലിയ വ്യത്യാസമുണ്ട്.’ ബാങ്കിനിടയിൽ ജനങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നത് പ്രശ്നമില്ലെന്നതും ബാങ്ക് ജനങ്ങളുടെ ഭാഷയിലാവൽ പ്രശ്നമില്ലെന്നതും എത്രമാത്രം അന്തരമുണ്ട്.!? ഈ അന്തരം ഏതൊരാൾക്കും തിരിച്ചറിയാൻ കഴിയുന്ന കാര്യവുമാണ്. അതറിഞ്ഞതു കൊണ്ടാണ് ശാഫിഈ മദ്ഹബിലെ മുഴുവൻ ഇമാമീങ്ങളും നിസ്സംശയം ഖുതുബ അറബി യിലായിരിക്കൽ ശർഥാണെന്ന് രേഖപ്പെടുത്തിയത്.
ഇനി ഇമാം ശാഫിഈ(റ) ഇങ്ങനെയൊരു ചർച്ച കൊണ്ടു വന്നതിന്റെ ആവശ്യം ഖുതുബക്കും ബാങ്കിനും നിസ്കാരത്തെ പോലെ അതിൽ പെടാത്ത വാക്കുകൾ സംസാരിച്ചാൽ ബാത്വിലാകുമെന്ന നിയമം ഇല്ല എന്നത് അറിയിക്കാനാണ്. നിസ്കാരത്തിൽ പെടാത്ത അർത്ഥമുള്ള രണ്ടക്ഷരം പറഞ്ഞാൽ പോലും നിസ്കാരം ബാത്വിലാകും. ഖുതുബയിലും ബാങ്കിലും അങ്ങനെയൊരു കാര്യം ഇല്ല എന്നതാണ്. ഇതും അറിയിക്കുന്നത് പരിഭാഷപ്പെടുത്തുന്നത് ഖുതുബയിൽ പെട്ടതല്ല എന്നത് തന്നെയാണ്.
ഇനി ഈ അനുവദിക്കപ്പെട്ട അത്യാവശ്യ സംസാരം എന്താണെന്ന് ഇമാം നവവി(റ) പോലുള്ളവർ വിശദീകരിക്കുന്നുണ്ട്. തേള്, പാമ്പ് പോലുള്ള ജീവികൾ ഖുതുബക്കിടയിൽ കയറിവന്നാൽ അത് അറിയാത്തവരെ ഉണർത്തിയാൽ ഖുതുബ ബാത്വിലാവില്ലെന്നാണ് ഇമാം ശാഫിഈ(റ) പറഞ്ഞത്. അത് നിസ്കാരത്തിലായാൽ ബാത്വിലാകുമെന്ന വ്യത്യാസം മനസ്സിലാക്കിത്തരാനാണ് ഈ ചർച്ച തന്നെ. (വിശദമായി ഇബാറത്ത് സഹിതം ശേഷം വരുന്നുണ്ട്)
ചുരുക്കത്തിൽ ഇമാം ശാഫിഈ(റ) വിന്റെ ഇബാറത്തിൽ നിന്ന് വ്യക്തമായി ലഭിക്കുന്ന ആശയങ്ങൾ താഴെ ചേർക്കുന്നു
• ബാങ്ക് പോലെതന്നെ ഖുതുബക്കിടയിലും ജനങ്ങളുടെ ഭാഷയിൽ അത്യാവശ്യമുള്ള കാര്യങ്ങൾ ഉണർത്താം.
• ഇതിൽ നിന്ന് തന്നെ ഖുതുബയും ആ സംസാരവും രണ്ടും രണ്ടാണ്, ഖുതുബയിലോ ബാങ്കിലോ ഉൾപ്പെട്ടതല്ല ആ സംസാരം എന്നത് വ്യക്തം.
• നിസ്കാരം ബാത്വിലാകുന്നത് പോലെ ഇത്തരം സംസാരം ഖുതുബയെ ബാത്വിലാക്കുകയില്ല. പക്ഷെ, ഈ അത്യാവശ്യമുള്ള സംസാരം ഖുതുബയുടെയും ബാങ്കിന്റെയും മറ്റൊരു ശർത്വായ മുവാലാത്തിനെ (തുടർച്ചയെ) ബാധിക്കാത്ത വിധമായിരിക്കണം. ബാധിച്ചാൽ രണ്ടും ബാത്വിലായിപ്പോകും. തുടക്കം മുതൽ തന്നെ ഓതേണ്ടി /വിളിക്കേണ്ടി വരും.
ഇതാണ് ഇമാം ശാഫിഈ(റ) പറഞ്ഞതെന്ന് സകല ഇമാമീങ്ങൾക്കും ബോധ്യപ്പെട്ടതാണ്. അവരെല്ലാവരും ഈ വാക്കിനെ ഈ അർത്ഥത്തിലാണ് വ്യാഖ്യാനിച്ചതും. ആ ചർച്ചയിലേക്ക് വരാം.
ചോദ്യം:17
ഖുതുബക്കിടയിലെ സംസാരം പിന്നെന്താണ്.?
‘ഖുതുബക്കിടയിലെ അത്യാവശ്യ സംസാരം’ എന്ന വാക്കിൽ നിന്ന് ആ സംസാരം ഖുതുബയല്ലെന്ന് വ്യക്തമായി. പിന്നെന്തിനെ കുറിച്ചാണ് സംസാരിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് പറഞ്ഞത്.!?
മറുപടി
ചോദ്യത്തിൽ നിന്ന് തന്നെ മറുപടി വ്യക്തമാണ്. ‘അത്യാവശ്യ സംസാരത്തെ പറ്റി തന്നെയാണ് ഇവിടെ കുഴപ്പമില്ലെന്ന് പറഞ്ഞത്.’ അതിനുള്ള ഉദാഹരണം മുകളിലുദ്ധരിച്ച ഹദീസിൽ നിന്നും വ്യക്തമാണ്.
ഇതിനെല്ലാം പുറമെ ഖുതുബ എന്ന പദവും കലാം എന്ന പദവും അറബിയിൽ രണ്ടർത്ഥം നൽകുന്ന പദങ്ങളാണ്. മലയാളത്തിൽ ഇതിൽ എത്രത്തോളം വ്യത്യാസമുണ്ടെന്നറിയില്ല. എങ്കിലും “ഞാൻ അവനോട്” സംസാരിച്ചു എന്നേ പറയുകയുള്ളൂ.. ‘പ്രസംഗിച്ചു’ വെന്ന് പറയാറില്ല. ഖുതുബക്കിടയിലെ സംസാരമെന്ന പ്രയോഗവും ഇതേ നിലക്ക് തന്നെ കാണണം. ഖതീബ് മിമ്പറിൽ കയറി പ്രസംഗിക്കുന്നതും സംസാരിക്കുന്നതും ശറഇന്റെ അടിസ്ഥാനത്തിൽ നല്ല വ്യത്യാസമുണ്ട്. ഇതു കൊണ്ടാണ് നമ്മുടെ മദ്ഹബിൽ തന്നെ ഖത്തീബിന് സംസാരം ഒഴിവാക്കൽ നിർബ്ബന്ധമാണെന്ന് വരെ അഭിപ്രായമുണ്ട്. അത് പ്രബലമല്ല. സംസാരം ഒഴിവാക്കൽ സുന്നത്തേയുള്ളൂ. ഇമാം നവവി(റ) തന്നെ ഇത് പറയുന്നുണ്ട്.
وَفِي تَحْرِيمِ الْكَلَامِ عَلَى الْخَطِيبِ طَرِيقَانِ (أَحَدُهُمَا) عَلَى الْقَوْلَيْنِ (وَالثَّانِي) وَهُوَ الصَّحِيحُ وَبِهِ قَطَعَ الْجُمْهُورُ يُسْتَحَبُّ وَلَا يَحْرُمُ (المجموع شرح المهذب 4/523)
‘ഖത്തീബിന് കലാം പാടുണ്ടോ ഇല്ലയോ എന്ന വിശയത്തിൽ ശാഫിഈ മദ്ഹബിൽ രണ്ട് ത്വരീഖുണ്ട്.ഒന്ന്: മുകളിൽ സൂചിപ്പിച്ച രണ്ടഭിപ്രായമാണ് (ഖുതുബ കേൾക്കുന്നവർ ഖുതുബക്കിടയിൽ സംസാരം ഒഴിവാക്കൽ നിർബ്ബന്ധമാണ്, അല്ല, സുന്നത്തേയുള്ളൂ എന്ന രണ്ടഭിപ്രായം) രണ്ട്: സംസാരിക്കാതിരിക്കൽ സുന്നത്തേയുള്ളൂ സംസാരക്കൽ ഹറാമില്ല. ഈ അഭി പ്രായമാണ് സ്വഹീഹായത്. ഭൂരിപക്ഷം പണ്ഡിതരും ഇത് തീർത്തു പറഞ്ഞിട്ടുണ്ട്.’ (മജ്മൂഅ്:4/523)
ഇതിൽ നിന്ന് സംസാരവും ഖുതുബയും രണ്ടും രണ്ടായി തന്നെയാണ് ഇമാമീങ്ങൾ കണ്ടിട്ടുള്ളതെന്ന് വീണ്ടും വ്യക്തമായി. കാരണം: ഖത്തീബ് സംസാരം ഒഴിവാക്കൽ നിർബ്ബന്ധമാണോ അല്ലയോ എന്നതാണ് ഈ ചർച്ച. സംസാരിക്കൽ ഹറാമാണെന്ന് പറഞ്ഞ പണ്ഡിതന്മാരും ഉണ്ട്. സംസാരവും ഖുതുബയും ഒന്നായിരുന്നുവെങ്കിൽ ഈയൊരു ചർച്ചക്ക് തന്നെ വല്ല പ്രാധാന്യവുമുണ്ടാകുമോ!?
ശേഷം ഖുതുബക്കിടയിൽ കലാം ഹറാമില്ലെന്നതിന് തെളിവായി ഇമാം നവവി(റ) പറയുന്ന ഹദീസ് കാണുക:
لِلْأَحَادِيثِ الصَّحِيحَةُ أَنَّ رَسُولَ اللَّهِ ﷺ «تَكَلَّمَ فِي الْخُطْبَةِ» وَالْأَوْلَى أَنْ يُجِيبَ عَنْ ذَلِكَ بِأَنَّ كَلَامَهُ ﷺ كَانَ لِحَاجَةٍ (المجموع شرح المهذب 4/523)
സംസാരിക്കാതിരിക്കൽ സുന്നത്തേയുള്ളൂ എന്നതിന് “നബി ﷺ ഖുതുബയിൽ സംസാരിച്ചു” എന്ന സ്വഹീഹായ ഹദീസുണ്ടായതിന് വേണ്ടിയാണ്. ഈ ഹദീസിന് മറുപടി പറയാൻ ഏറ്റവും നല്ലത് ‘നബി ﷺയുടെ ഖുതുബക്കിടയിലെ സംസാരം ആവശ്യത്തിന് വേണ്ടിയായിരുന്നു’ എന്ന് പറയലാണ്. (മജ്മൂഅ്:4/523)
ഈ ഹദീസ് തന്നെ കാര്യമായി അറിയിക്കുന്നത്. ‘ഖുതുബക്കിടയിൽ നബി(സ) സംസാരിച്ചുവെന്ന’ സംസാരവും ഖുതുബയും ഒരു നിലക്കും ഒന്നല്ല, എന്ന വ്യക്തമായ ആശയമാണ്. ഖുതുബ കേൾക്കുന്നവർ സംസാരം ഒഴിവാക്കൽ ശാഫിഈ മദ്ഹബിൽ സുന്നത്താണ്. നിർബ്ബന്ധമാണെന്നും അഭിപ്രായമുണ്ട്. ഖത്തീബിന്റെ സംസാരത്തിലും ഇതേ ഹുക്മ് തന്നെയാണ്. ഖത്തീബിനാകുമ്പോൾ സംസാരം ഊപേക്ഷിക്കൽ സുന്നത്തേയുള്ളൂ എന്ന അഭിപ്രായമേയുള്ളൂ (ഖത്ഇ ന്റെ ത്വരീഖ്) എന്ന് ഒരു വിഭാഗം പണ്ഡിതർ പറഞ്ഞിട്ടുണ്ടെന്ന വ്യത്യാസം മാത്രം.
ഇനി ഈ സംസാരം ഖുതുബയായി പരിഗണിക്കണമെങ്കിൽ അതിൽ ഖുതുബയുടെ ശർത്വും ഫർളും പാലിച്ചിട്ടുണ്ടായിരിക്കണം. സുജൂദ് ദീർഘിപ്പിക്കുമ്പോൾ അതിന്റെ ശർത്വ് പാലിച്ചാലേ ദീർഘിപ്പിച്ചത് സുജൂദായി പരിഗണിക്കുയുള്ളൂ എന്നത് പോലെ. പുറമെ, ഈ ചർച്ച മുഴുവൻ ഖുതുബയുടെ ശർത്വും ഫർളും പറഞ്ഞു തീരുമാനമാക്കിയതിനു ശേഷമാണ്. ഖുതുബ ഖുതുബയായി പരിഗണിക്കണമെങ്കിൽ അത് മുഴുവൻ അറബിയിലായിരിക്കണമെന്ന് അടച്ചു തൂർത്തു പറഞ്ഞ നവവി ഇമാമാണ്(റ) അതേ കിതാബിൽ ഈ കാര്യവും പറയുന്നത്. വിശദമായി ഇത് മുമ്പ് വിശദീകരിക്കുകയും ചെയ്തു. അതായത് ഈ ശർത്തുകൾ പാലിച്ച ഖുതുബയിൽ ആവശ്യത്തിന് അറബിയടക്കമുള്ള ശർത്തോടു കൂടെയുള്ള സംസാരം കുഴപ്പമില്ലെന്നാണ് അവിടുന്ന് പറയുന്നത്. അതോടുകൂടെ സംസാരം ഒഴിവാക്കലാണ് സുന്നത്തെന്നും വ്യക്തമാക്കി. ഇതാണ് ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി(റ) തന്റെ ഫത്ഹുൽ ബാരിയിൽ സംസാരം കൊണ്ട് തുർച്ച മുറിയില്ലെന്ന് പറഞ്ഞതിനർത്ഥം. അതായത് ഖുതുബയായി പരിഗണിക്കാൻ പറ്റുന്ന (ശർഥ് പാലിച്ച) സംസാരത്തെ കുറിച്ചാണെന്ന് സാരം.
ചുരുക്കത്തിൽ ഈ ചർച്ചക്ക് ഇവിടെ കാര്യമായി പ്രസക്തിയൊന്നുമില്ല. അത്രമാത്രം ഇതും പരിഭാഷ ഖുതുബയും ഒരു ബന്ധവുമില്ല. പക്ഷെ, ഈ ഇബാറത്തുകൾ മാത്രം മുറിച്ചെടുത്ത് ഖുതുബ പരിഭാഷയെയാണ് ഇമാം നവവി(റ) പഠിപ്പിക്കുന്നതെന്ന് കളളം പറയുന്നതിൽ വഞ്ചിതരാവരുതെന്ന് ഉണർത്താനാണ് ഇത്രയും ഇബാറത്തുകളുടെ കെട്ടഴിച്ചു തന്നത്.
ഇനി ഇമാം നവവി(റ) പറഞ്ഞത് നമുക്ക് പരിശോധിക്കാം. അവിടുത്തെ ഇബാറത്തിൽ നിന്ന് ഇമാം ശാഫിഈ(റ) വിന്റെ ഉമ്മിൽ നിന്ന് നേരത്തെ ചർച്ച ചെയ്ത കാര്യവും വ്യക്തമായി വായിക്കാം.
قَالَ أَصْحَابُنَا وَهَذَا الْخِلَافُ فِي حَقِّ الْقَوْمِ وَالْإِمَامِ فِي كَلَامٍ لَا يَتَعَلَّقُ بِهِ غَرَضٌ مُهِمٌّ نَاجِزٌ فَلَوْ رَأَى أَعَمًى يَقَعُ فِي بِئْرٍ أَوْ عَقْرَبًا وَنَحْوَهَا تَدِبُّ إلَى إنْسَانٍ غَافِلٍ وَنَحْوِهِ فَأَنْذَرَهُ أَوْ عَلَّمَ إنْسَانًا خَيْرًا أَوْ نَهَاهُ عَنْ مُنْكَرٍ فَهَذَا لَيْسَ بِحَرَامٍ بِلَا خِلَافٍ نَصَّ عَلَيْهِ الشافِعِيُّ وَاتَّفَقَ عَلَيْهِ الْأَصْحَابُ عَلَى التَّصْرِيحِ بِهِ لَكِنْ قَالُوا يُسْتَحَبُّ أَنْ يَقْتَصِرَ عَلَى الْإِشَارَةِ إنْ حَصَلَ بِهَا الْمَقْصُودُ (المجموع شرح المهذب 4/523)
അന്ധന്‍ കിണറിലേക്ക് വീഴാന്‍ പോകുന്നതോ അശ്രദ്ധനായ ഒരാള്‍ക്ക് നേരെ തേളോ മറ്റോ ഇഴഞ്ഞ് വരുന്നതോ കണ്ട ഖത്വീബോ മറ്റു ജനങ്ങളോ (ഖുത്വുബക്കിടയില്‍) അവനു മുന്നറിയിപ്പ് നല്‍കുക, അല്ലെങ്കില്‍ ഒരാള്‍ക്ക് നല്ലത് പഠിപ്പിക്കുകയോ തിന്മ വിരോധിക്കുകയോ തുടങ്ങിയ അത്യാവശ്യമായ കാര്യങ്ങൾ ഖുതുബക്കിടയിൽ പറഞ്ഞാൽ അത് ഹറാമല്ല എന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. ഇത് ശാഫിഈ (റ) വ്യക്തമാക്കുകയും അവിടുത്തെ അസ്‌ഹാബുകള്‍ ഏകോപിച്ച് പറഞ്ഞതുമാണ്. എങ്കിലും വെറും ആംഗ്യം കാണിക്കൽ (الْإِشَارَةِ) കൊണ്ട് തന്നെ ഉദ്ധിഷ്‌ട ലക്ഷ്യം സാധിക്കുമെങ്കില്‍ അതില്‍ പരിമിതപ്പെടുത്തലാണ് സുന്നത്ത്. (ശറഹുല്‍ മുഹദ്ദബ് 4/523)
വളരെ കൃത്യമായിട്ട് ഉദാഹരണമടക്കം പറഞ്ഞു കൊണ്ടാണ് ഇമാം നവവി(റ) ഇത് വിശദീകരിക്കുന്നത്. ഇമാം ശാഫി ഈ(റ) തന്റെ ഉമ്മിൽ പറഞ്ഞ, ബിദ്അതുകാർ തെറ്റുദ്ധരിപ്പിക്കുന്ന ഇബാറത്തിന്റെ അത്ഥവും ഉദ്ധേശ്യവും ജുമുഅക്കിടയിൽ അത്യാവശ്യമായി വല്ല പാമ്പ് തേള് പോലുള്ള ജിവികൾ കയറി വന്നാൽ അത് ജനങ്ങളുടെ ഭാഷയിൽ ഉണർത്തിയാൽ ഖുതുബ മുറിയുകയില്ലെന്നാണ് ഈ ഇബാറത്തിലൂടെ ഇമാം നവവി(റ) പോലും വിശദീകരിക്കുന്നത്. അതായത് അത്തരം ഉണർത്തൽ ഖുതുബയിൽ പെടില്ലെന്നത് മുമ്പ്സമർത്ഥിച്ചത് വളരെ കൃത്യമാണെന്ന് ഇതിൽ നിന്ന് വീണ്ടും മനസ്സിലാക്കാം.
ഇനി ‘ഖുതുബക്കിടയിൽ ഒരാളെ നല്ലത് പഠിപ്പിക്കുക, ചീത്തത് തടയുക’ എന്ന് പറഞ്ഞതിന്റെ അർത്ഥവും ഇതേ ഗണത്തിൽ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയും. കാരണം അതിന്റെ ഉദാഹരണം ഇമാം ശാഫിഈ(റ) ഉമ്മിൽ കൊടുത്തിരിക്കുന്നത് ഖുതുബക്കിടയിൽ കയറി വന്ന സ്വഹാബിയോട് തഹിയ്യത് നിസ്കരിക്കാൻ വേണ്ടി പറഞ്ഞ സംഭവമാണ്. ശേഷം ഇമാം ശാഫിഈ(റ) ഇത്തരം സംസാരം ഖുതുബയിൽ പെട്ടതല്ലെന്ന വ്യക്തമാക്കും വിധമാണ് ഇതു കൊണ്ട് ഖുതുബ ബാത്തിലായിപ്പോവുകയൊന്നുമില്ലെന്ന് പറഞ്ഞത് വിശദമായി മുമ്പ് വിശദീകരിച്ചിട്ടുണ്ട്.
ചോദ്യം:18
സംസാരം കൊണ്ട് ബാത്വിലാവില്ല.?
ഇനി ബിദ്അതുകാർ അതിവ്യാപകമായി കട്ടുമുറിച്ചു പ്രചരിപ്പിക്കുന്ന ശറഹു മുഹദ്ദബിലെ ഒരു ഇബാറത് കൂടി കാണാം
وَأَمَّا الْقِيَاسُ عَلَى الصَّلَاةِ فَلَا يَصِحُّ لِأَنَّهَا تَفْسُدُ بِالْكَلَامِ بِخِلَافِ الْخُطْبَةِ(شرح المهذب :٤/٢٥٢(
“ഖുതുബയെ നിസ്കാരവുമായി ഖിയാസാക്കുന്നത് (താര തമ്യപ്പെടുത്തുന്നത്) ശരിയല്ല. കാരണം നിസ്കാരം സംസാരം കൊണ്ട് ബാത്തിലാവും. ഖുതുബ ബാത്വിലാവില്ല.”
മറുപടി
ഈ വാക്കിന്റെ പ്രയോഗത്തിൽ നിന്ന് തന്നെ ഖുതുബയും സംസാരവും ഒന്നല്ലെന്ന ആശയം കൃത്യമാണ്. ‘സംസാരം കൊണ്ട് ബാങ്ക് ബാത്വിലാവില്ലെന്ന്’ ഇമാം ശാഫിഈ(റ) ഉമ്മിൽ പറഞ്ഞത് ആ സംസാരം ബാങ്കിൽ പെട്ടതല്ല എന്നതറിയിക്കുന്നത് പോലെ ഈ സംസാരം ഖുതുബയിൽ പെട്ടതുമല്ലെന്ന് ‘ബാത്വിലാവില്ല’ എന്ന പദത്തിൽ നിന്ന് തന്നെ വ്യക്തമാകും. ഈ സംസാരം ഖുതുബ തന്നെയാണെങ്കിൽ പിന്നെ അത് ഖുതുബക്കിടയിൽ സംഭവിച്ചാൽ ബാത്തിലാവില്ലെന്ന് പറയേണ്ടതില്ലല്ലോ!? പിന്നെ, നിസ്കാരത്തെ ഇവിടെ പറഞ്ഞത് രണ്ടിന്റെയും ശർത്ത് വ്യത്യാസമുണ്ടെന്ന് പറയാനാണ്.
പുറമെ ഇവിടെ സംസാരം കൊണ്ടുദ്ധേശിക്കുന്നത് ഇമാം ശാഫിഈ(റ) ഉമ്മിൽ പറഞ്ഞ അത്യാവശ്യ സംസാരമാണ്. അതിന് ഉദാഹരണം ഇമാം നവവി(റ) ഇതേ കിതാബിൽ തന്നെ പറയുന്നത്(ശറഹുൽ മുഹദ്ദബ്:4/523) തേള് പാമ്പ് പോലുള്ള ജീവികൾ ഖുതുബക്കിടയിൽ കയറിവന്നാൽ ഉണർത്താമെന്നു ള്ളതാണ്. നിസ്കാരത്തിനിടയിൽ ഇതുണർത്തിയാൽ നിസ്കാരം ബാത്വിലാകുമെന്നതിൽ സംശയമില്ല. എന്നാൽ ഈ ഉണർത്തൽ ഖതുബക്കിടയിലായാൽ ഖുതുബ ബാത്വിലാവില്ല. ഇതിനെ കുറിച്ചാണ് നിസ്കാരവും ഖുതുബയും തുല്യമല്ലെന്ന്’ പറഞ്ഞത്. കാരണം ഖുതുബക്ക് നിസ്കാരത്തെ പോലെ ഒരക്ഷരം പോലും സംസാരിക്കരുതെന്ന ശർത്വില്ല. പക്ഷെ മറ്റു സംസാരങ്ങൾ കൊണ്ട് ഖുതുബയുടെ തുടർച്ച മുറിഞ്ഞു പോവരു തെന്ന ശർഥ് ഖുതുബക്കുണ്ടെന്ന് വ്യക്തമായി മുമ്പ് പറഞ്ഞു. അത് പാലിക്കേണ്ടി വരും. അതായത് ആ സംസാരം ദീർഘിച്ചാൽ ഖുതുബയും ബാത്വിലാകുമെന്ന് സാരം.
ഇതിനെല്ലാം പുറമെ, ഖുതുബക്കിടയിലെ ഈ അത്യാവശ്യമായ ഉണർത്തൽ വെറും ആംഗ്യം കാണിക്കൽ (الْإِشَارَةِ) കൊണ്ട് തന്നെ സാധിക്കുമെങ്കില്‍ അതില്‍ ചുരുക്കലാണ് സുന്നത്തെന്ന് പോലും നവവി ഇമാം(റ) ഉടനെ പറയുകയുണ്ടായി.
لَكِنْ قَالُوا يُسْتَحَبُّ أَنْ يَقْتَصِرَ عَلَى الْإِشَارَةِ إنْ حَصَلَ بِهَا الْمَقْصُودُ (المجموع شرح المهذب 4/523)
അതായത് ഈ സംസാരം ഖുതുബയിൽ പെട്ടതാണെങ്കിൽ ശബ്ദം കൊണ്ട് 40 പേരെ കേൾപ്പിക്കേണ്ട ഖുതുബ ആംഗ്യം കാണിച്ചാൽമതിയെന്ന് പറയുമെന്ന് ആർക്കെങ്കിലും ചിന്തിക്കാനാകുമോ!? ഈ വാക്കിൽ നിന്ന് വീണ്ടും ഈ പറഞ്ഞ സംസാരം മുഴുവനും വെറും ‘ഉണർത്തുക’ എന്ന അർത്ഥത്തിൽ മാത്രമാണെന്ന് മനസ്സിലാക്കാൻ വളരെ എളുപ്പമായി.
ചുരുക്കത്തിൽ ബിദ്അതുകാർ തെറ്റുദ്ധരിപ്പിക്കുന്ന ഇത്തരം ഇബാറതുകൾക്ക് കൃത്യമായി അർത്ഥം നൽകുമ്പേൾ ഖുതുബ പരിഭാഷ പാടില്ലെന്ന അഹ്ലുസ്സുന്നത്തിന്റെ ആശയമാണ് അതിലൂടെയെല്ലാം ഇമാമീങ്ങൾ സമർത്ഥിച്ചതെന്ന് ബോധ്യപ്പെടുന്നതാണ്.
ചോദ്യം:18
അനറബി മുവാലാത്തിനെ ബാധിക്കുമോ.!?
‘ഖുതുബക്കിടയിൽ അനറബിയിലെ സംസാരം ഒരിക്കലും ഖുതുബയായി ഗണിക്കുകില്ലെന്ന് വ്യക്തമായി. പക്ഷെ, അത് ഖുതുബയുടെ മുവാലാത്തിനെ(തുടർച്ചയെ) ബാധിക്കുമെന്ന് പറയുന്നതിന് എന്തടിസ്ഥാനമാണുള്ളത്.!? അതുകൊണ്ടത് നിശിദ്ധമാണെന്ന് വാദിക്കുന്നതിൽ എന്തർത്ഥമാണുള്ളത്.!? ഇമാമീങ്ങൾ അങ്ങനെ വ്യക്തമായി പറഞ്ഞിട്ടുണ്ടോ.?
മറുപടി
മുവാലാത്ത് എന്ന ശർഥ് ഖുതുബക്കുണ്ടെന്നതിൽ തർക്കമില്ല. അറബി ശർഥാണെന്ന പോലെ എല്ലാ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളും പറഞ്ഞതാണത്. ഫത്ഹുൽ മുഈനിൽ നിന്ന് തന്നെ നമുക്ക് വായിക്കാം.
وولاء بينهما وبين أركانهما وبينهما وبين الصلاة بأن لا يفصل طويلا عرفا.(فتح المعين)
രണ്ട് ഖുതുബക്കിടയിലും ഖുതുബയുടെ അർക്കാനുകൾക്കിടയിലും ഖുതുബക്കും നിസ്കാരത്തിനിടയിലും തുടർച്ച ശർത്വാണ്. അതായത് അവകൾക്കിടയിൽ സാധാരണയായ നിലക്ക് ദീർഘമായൊരു വേർത്തിരിയൽ പാടില്ല. (ഫത്ഹുൽ മുഈൻ.203)
ഈ തുടർച്ച ഏകദേശം എത്ര സമയം കൊണ്ട് മുറിഞ്ഞു പോകുമെന്നും ഫുഖഹാക്കൾ വിശദീകരണം നൽകിയിട്ടുണ്ട്.
(قَوْلُهُ: وَوَلَاءٌ بَيْنَهُمَا) وَحَدُّ الْمُوَالَاةِ مَا حُدَّ فِي جَمْعِ التَّقْدِيمِ اهـ. ش م ر أَيْ بِأَنْ لَا يَكُونَ قَدْرَ رَكْعَتَيْنِ بِأَخَفَّ مُمْكِنٍ
1[حاشية الشبراملسي علي النهاية ٣/٣٢٣ 2حاشية الجمل على شرح المنهج ٢/٢٨ — الجمل (ت ١٢٠٤)3. حاشية البجيرمي على شرح المنهج.١/٣٩٠ — البجيرمي (ت ١٢٢١)
മുന്തിച്ചു ജംആക്കുന്ന സമയത്ത് രണ്ട് നിസ്കാരങ്ങൾക്കിടയിൽ അനുവധിച്ച പരമാവധി ദൈർഘ്യമാണ് ഇവിടെ ഖുതുബയുടെ അർക്കാനുകൾക്കിടയിലും പരമാവധി പാടുള്ളൂ.. അത് ഏറ്റവും ചുരുങ്ങിയ രൂപത്തിൽ (സുന്നത്തുകളൊന്നും എടുക്കാതെ) രണ്ടു റക്അത് നിസ്കരിക്കാൻ ആവശ്യമാകുന്ന സമയമാണ്. (ജമൽ:2/28) (ഹാശിയതുന്നിഹായ:3/323) (ബുജൈരിമി:1/390) ഈ നിസ്കാരത്തിന് നമ്മുടെ കണക്കിൽ ഒന്നര മിനുട്ടിൽ ഒരിക്കലും കൂടുതൽ സമയമെടുക്കില്ലെന്ന കാര്യം ഉറപ്പാണ്.
ഖുതുബക്കിടയിൽ അത്യാവശ്യമായോ അല്ലാതെയോ അനറബിയിൽ വല്ലതും പറഞ്ഞാൽ അത് ഖുതുബയല്ലെന്നിരിക്കെ, അത് ദീർഘിച്ചു പോവൽ കൊണ്ട് ഖുതുബ ബാത്വിലാകുമെന്നത് പറയേണ്ടതില്ല. കാരണം ഖുതുബക്ക് അറബിയായിയിരിക്കുകയെന്ന ശർത്ഥിനു പുറമെ റുകനുകൾ തമ്മിൽ തുടർച്ച വേണമെന്ന ശർത്ഥുമുണ്ട്. അനറബിയിൽ പറയുന്നത് റുകനിൽ പെടില്ലെങ്കിൽ അത് റുകനുകൾക്കിടയിലെ തുടർച്ചയെന്ന ശർഥിനെ ബാധിക്കുമെന്നത് വ്യക്തമാണ്. ഇത് ഇമാ മീങ്ങങ്ങൾ പറഞ്ഞാലും ഇല്ലെങ്കിലും കാര്യം കൃത്യമാണ്. ഇനി ഇമാമീങ്ങൾ ഇത് ഇങ്ങനെത്തന്നെ പഠിപ്പിച്ചിട്ടുമുണ്ട്.
ഇമാം മുഹമ്മദ് റംലി(റ) പറയുന്നു:
قَالَ: م ر مَحَلُّهُ مَا إذَا لَمْ يُطِلْ الْفَصْلَ بِغَيْرِ الْعَرَبِيَّةِ وَإِلَّا ضَرَّ لِإِخْلَالِهِ بِالْمُوَالَاةِ كَالسُّكُوتِ بَيْنَ الْأَرْكَانِ إذَا طَالَ بِجَامِعِ أَنَّ غَيْرَ الْعَرَبِيَّةِ لَغْوٌ لَا يُحْسَبُ لِأَنَّ غَيْرَ الْعَرَبِيِّ لَا يُجْزِئُ مَعَ الْقُدْرَةِ عَلَى الْعَرَبِيِّ فَهُوَ لَغْوٌ سم )حاشية البجيرمي على شرح المنهج ١/٣٨٩ — البجيرمي (ت ١٢٢١(
അനുബന്ധങ്ങൾ അനറബിയിലായാൽ പ്രശ്നമില്ലെന്ന് പറയുന്നത് അനറബിഭാഷയിലുള്ളത് നീണ്ടുപോവാതിരിക്കുമ്പോൾ മാത്രമാണ്. അത് ദീഘിക്കുന്ന പക്ഷം മുവാലാത്തിനെ ബാധിക്കുന്നതിനാൽ തുടർച്ചക്കത് പ്രശ്നം സൃഷ്ടിക്കുക തന്നെ ചെയ്യും. ഇത് അർക്കാനുകൾക്കിടയിൽ ദീർഘമായ മൗനം ദീക്ഷിക്കുന്നത് നീണ്ടു പോകുന്നത് പ്രശ്‌നം സൃഷ്ട്ടിക്കുന്നതു പോലെയാണ്. കാരണം, അനറബി ഭാഷയിൽ ഇടയിൽ പറഞ്ഞത് വെറും 'ല്ഗവ്' (നിഷ്ഫലം) ആണ്. (ബുജൈരിമി: 1/389)
ഇതേ വിശയം 40 പേരെ കേൾപ്പിക്കുന്നിടത്തും ഇമാമീങ്ങൾ വ്യക്തമാക്കി പറയുന്നുണ്ട്. റുകനുകൾ മാത്രം 40 പേരെ കേൾപ്പിക്കലേ ഖുതുബക്ക് ശർത്ഥുള്ളൂവെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നു. തവാബിഉകൾ 40 പേരെ കേൾപ്പിച്ചില്ലെങ്കിലും ഖുതുബ ഖുതുബയായി ഗണിക്കും. പക്ഷെ, പരിഭാഷ പോലെ തന്നെ 40 പേർ കേൾകേൾക്കാത്ത വിധത്തിൽ ഓതിയ ഭാഗം ഖുതുബയായി ഗണിക്കുകയില്ല. അത് ദീർഘിച്ചാലും ഖുതുബയുടെ മറ്റൊരു ശർത്തായ മുവാലാത്തിനെ(തുടർച്ചയെ) ബാധിക്കും. ശർവാനിയിൽ നിന്ന് ഇത് വ്യക്തമായി വായിക്കാം.
(وَإِسْمَاعُ أَرْبَعِينَ) أَيْ بِأَنْ يَرْفَعَ الْخَطِيبُ صَوْتَهُ بِأَرْكَانِهِمَا حَتَّى يَسْمَعَهَا عَدَدُ مَنْ تَنْعَقِدُ بِهِمْ الْجُمُعَةُ؛
قَوْلُهُ: م ر بِأَرْكَانِهِمَا مَفْهُومُهُ أَنَّهُ لَا يَضُرُّ الْإِسْرَارُ بِغَيْرِ الْأَرْكَانِ وَيَنْبَغِي أَنَّ مَحَلَّهُ إذَا لَمْ يَطُلْ بِهِ الْفَصْلُ وَإِلَّا ضَرَّ لِقَطْعِهِ الْمُوَالَاةَ كَالسُّكُوتِ) تحفة المحتاج مع الشرواني: ٢/٤٥٢(
‘റുകനുകൾ 40പേരെ കേൾപ്പിക്കുക’ എന്ന വാക്ക്; ഇതി നർത്ഥം റുകനുകളല്ലാത്ത ഭാഗങ്ങൾ പതുക്കെ ഓതുന്നത് കൊണ്ട് പ്രശ്നമില്ല. പക്ഷെ, ഈ പറയുന്നത് ആ പതുക്കെയാക്കുന്ന ഭാഗം ദീർഘിച്ചു പോകാതിരിക്കുമ്പോഴാണ്. ദീർഘിച്ചാൽ ഖുതുബ ബാത്തിലാകും. കാരണം: തുടർച്ച നഷ്ടപ്പെട്ടു പോകും. ഖുതുബക്കിടയിൽ ദീർഘനേരം നിശബ്ദമായിരിക്കുന്നതിന് തുല്യമാണ്.
അതായത് ഒന്നര മിനിട്ടിൽ കൂടുതൽ ഖുതുബയായി പരിഗണിക്കാത്ത അനറബിയായോ 40പേർ കേൾക്കാത്ത രൂപത്തിലോ വല്ലതും ഓതിയാൽ അത് കൊണ്ട് തുടർച്ച മുറിയുമെന്നത് ഉറപ്പായി.
ചുരുക്കത്തിൽ ഖുതുബക്കിടയിൽ റുകനല്ലാത്തത് പരിഭാഷപ്പെടുത്തിയാലും അവ 40പേരെ കേൾപ്പിക്കാതെ പതുക്കെ ചൊല്ലിയാലും അത് ഖുതുബയായി ഗണിക്കുകയില്ല. അത് കാരണം അത് വെറും നിശബ്ദമായിരിക്കുന്നതിനു തുല്യമാണ്. അത് രണ്ടു കൊണ്ടും ഖുതുബയുടെ മുവാലാത്തിനെ ബാധിച്ചാൽ ഖുതുബ ബാത്തിലായിപ്പോകും.
ഇതോടെ ഖുതുബ ഖുതുബയായി പരിഗണിക്കണമെങ്കി ൽ അതിന്റെ ശർത്വും ഫർളുകളും പാലിക്കണമെന്നും അത് പാലിക്കുന്ന ഖുതുബക്ക് ഒരു നിലക്കും പരിഭാഷയിലായി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും വ്യക്തമാണ്. അഥവാ അത്യാവശ്യമായി അനറബിയിൽ പറയൽ നിർബ്ബന്ധമായി വന്നാൽ അതൊരിക്കലും ഖുതുബയിൽ പെടില്ലെന്നും അത് ദീർഘിച്ചു പോയാൽ ഖുതുബയുടെ ശർത്വായ മുവാലാത്തിനെ ബാധിക്കുന്ന കാരണം ഖുതുബ ബാത്വിലായിപ്പോകുമെന്നും കൃത്യമായി ബോധ്യപ്പെട്ടു.
ഇതെല്ലാം ഖുതുബയുടെ സ്വീകാര്യ/അസ്വീകര്യത മാത്രം പരിഗണിച്ചുള്ള ചർച്ചകൾ മാത്രമാണ്. അതിൽ തന്നെ പാടില്ലെന്നാണ് കൃത്യമായി ഇമാമീങ്ങൾ പഠിപ്പിച്ചതെന്ന് വ്യക്തമായി. ഇനി ഏതെങ്കിലും ളഈഫിൽ ളഈഫായ വാക്കുകൾ എടുത്ത് പരിഭാഷപ്പെടുത്തിയാൽ തന്നെ അതെല്ലാം ‘ഇത്തി ബാഉസ്സലഫി വൽ ഖലഫ്’ എന്നതിന് എതിരാകുമെന്നകാരണം കൊണ്ട് അത് ബിദ്അതാകുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് എല്ലാ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്നും വായിച്ചെടുക്കാനാകും. അത് തുടക്കത്തിൽ കൃത്യമായി സൂചിപ്പിക്കുകയുമുണ്ടായി. റബ്ബ് എല്ലാ വിധ ബിദ്അതുകളിൽ നിന്നും അവരുടെ കള്ളത്തരങ്ങളിൽ നിന്നും നമ്മെ കാത്തുരക്ഷിക്കട്ടെ..! ആമീൻ.